ലീഡ്‌സില്‍ ഇംഗ്ലണ്ട് പൊരുതുന്നു; ഒലി പോപ്പിന് സെഞ്ച്വറി, മൂന്ന് വിക്കറ്റുകള്‍ പിഴുത് ബുംറ

ലീഡ്‌സില്‍ ഇംഗ്ലണ്ട് പൊരുതുന്നു; ഒലി പോപ്പിന് സെഞ്ച്വറി, മൂന്ന് വിക്കറ്റുകള്‍ പിഴുത് ബുംറ

ലണ്ടന്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തിരിച്ചടി. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. സെഞ്ച്വറി തികച്ച ഒലി പോപ്പിന്റെ ബാറ്റിങ് മികവാണ് ഇംഗ്ലണ്ടിനെ കരകയറ്റുന്നത്. 131 പന്തില്‍ 100 റണ്‍സെടുത്തു പോപ്പും ഹാരി ബ്രൂക്കു(0)മാണ് ക്രീസില്‍.

നാല് റണ്‍സെടുത്ത സാക് ക്രോളിയുടെയും 62 റണ്‍സടിച്ച ബെന്‍ ഡക്കറ്റിന്റെയും 28 റണ്‍സെടുത്ത ജോ റൂട്ടിന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പേസര്‍ ജസ്പ്രിത് ബുംറയാണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്. സ്‌കോര്‍ 4 റണ്‍സിലെത്തിയപ്പോള്‍ ഓപ്പണര്‍ സാക് ക്രൗളിയെ പുറത്താക്കി ബുംറ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.

ഓപ്പണര്‍ സാക് ക്രൗളിയെ ജസ്പ്രിത് ബുംറ കരുണ്‍ നായരുടെ കൈകളിലെത്തിച്ചു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സഹ ഓപ്പണര്‍ ബെന്‍ ഡക്കറ്റും വണ്‍ ഡൗണായി എത്തിയ ഒലി പോപ്പും മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ ഇംഗ്ലണ്ട് ട്രാക്കിലായി. ഇരുവരും അര്‍ധ സെഞ്ച്വറി നേടി മുന്നോട്ടു പോകുന്നതിനിടെയാണ് ബുംറ വീണ്ടും കൊടുങ്കാറ്റായത്. 62 റണ്‍സെടുത്ത ഡക്കറ്റിനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ 126 ന് രണ്ട് എന്ന നിലയിലായി ഇംഗ്ലണ്ട്.

സ്റ്റംപെടുക്കാന്‍ ഇരിക്കെ സ്‌കോര്‍ 206 ല്‍ നില്‍ക്കെ ജോ റൂട്ടിനെയും ബുംറ മടക്കി. 58 പന്തില്‍ 28 റണ്‍സാണ് റൂട്ട് നേടിയത്. ഹാരി ബ്രൂക്കിന്റെയും വിക്കറ്റ് കൂടി ബുംറ നേടിയെങ്കിലും നോ ബോളായത് ഇംഗ്ലണ്ടിന് രക്ഷയായി. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 262 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 471 റണ്‍സിന് ഓള്‍ഔട്ടായി. രണ്ടാം ദിവസത്തെ രണ്ടാം സെഷനിലാണ് ഇന്ത്യയുടെ ഇന്നിംങ്‌സ് അവസാനിച്ചത്. വെറും 41 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് അവസാനത്തെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്.

പാരീസ് ഡയമണ്ട് ലീഗ്; ജൂലിയൻ വെബ്ബറിനെ കടത്തിവെട്ടി ഒന്നാമനായി നീരജ് ചോപ്ര

പാരീസ് ഡയമണ്ട് ലീഗ്; ജൂലിയൻ വെബ്ബറിനെ കടത്തിവെട്ടി ഒന്നാമനായി നീരജ് ചോപ്ര

പാരീസ്: പാരീസ് ഡയമണ്ട് ലീഗിൽ ത്രോയിൽ ഒന്നാമതെത്തി ഇന്ത്യയുടെ നീരജ് ചോപ്ര. 88.16 മീറ്ററാണ് എറിഞ്ഞത്. ആദ്യ ത്രോയിൽ 87.88 മീറ്റർ താണ്ടിയ ജർമനിയുടെ ജൂലിയൻ വെബ്ബറിനാണ് രണ്ടാം സ്ഥാനം. ബ്രസീൽ താരം ലൂയി മൗറീസ്യോ ദ സിൽവ (86.62 മീറ്റർ)യാണ് മൂന്നാം സ്ഥാനത്ത്. സീസണിൽ രണ്ടാമത്തെ ഡയമണ്ട് ലീഗ് മീറ്റാണിത്.

ആദ്യ ത്രോയിൽ പിന്നിട്ട 88.16 മീറ്റർ ദൂരമാണ് നീരജിന്റെ നേട്ടത്തിൽ നിർണായകമായത്. രണ്ടാം ത്രോയിൽ 85.10 മീറ്റർ എറിഞ്ഞ നീരജിന്റെ തുടർന്നുള്ള മൂന്നു ത്രോകളും ഫൗളായി. അവസാന ശ്രമത്തിൽ 82.89 മീറ്റർ ദൂരം മാത്രമാണ് നീരജിന് കൈവരിക്കാനായത്.

മേയിൽ നടന്ന ദോഹ മീറ്റിൽ 90 മീറ്ററെന്ന കടമ്പ പിന്നിട്ടെങ്കിലും നീരജ് രണ്ടാസ്ഥാനത്തായിരുന്നു. ജർമനിയുടെ ജൂലിയൻ വെബ്ബറിനായിരുന്നു ഒന്നാം സ്ഥാനം. എട്ടുവർഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗിൽ നീരജ് മത്സരിക്കുന്നത്. 2017-ൽ 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.

വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ ഒക്ടോബര്‍ 5ന് കൊളംബോയില്‍

വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ ഒക്ടോബര്‍ 5ന് കൊളംബോയില്‍

മുംബൈ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വനിതാ ഏകദിന ലോകകപ്പ് പോരാട്ടം കൊളംബോയില്‍ അരങ്ങേറുമെന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യ വേദിയാകുന്ന ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇന്ത്യയില്‍ വരില്ലെന്നു പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഹൈബ്രിഡ് പോരാട്ടത്തിനു വഴിയൊരുങ്ങിയത്.

ഒക്ടോബര്‍ അഞ്ചിനാണ് ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് പോരാട്ടം.

സെപ്റ്റംബര്‍ 30 മുതലാണ് ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. ആതിഥേയരായ ഇന്ത്യ ശ്രീലങ്കയുമായി ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി.

ടൂര്‍ണമെന്റില്‍ പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം കൊളംബോയില്‍ നടത്താനാണ് തീരുമാനമായിരിക്കുന്നത് എന്നാണ് വിവരം. പാകിസ്ഥാന്‍ ആതിഥേയരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് അരങ്ങേറിയത്. സമാനമായാണ് കൊളംബോ വനിതാ പോരാട്ടത്തിനു വേദിയാകുന്നത്.

ഒക്ടോബര്‍ രണ്ടിന് ബംഗ്ലാദേശുമായും ഒക്ടോബര്‍ അഞ്ചിന് ഇന്ത്യയുമായും പാകിസ്ഥാന്‍ കൊളംബോയില്‍ ഏറ്റുമുട്ടും. ഇംഗ്ലണ്ട് (ഒക്ടോബര്‍ 15), ന്യൂസിലന്‍ഡ് (ഒക്ടോബര്‍ 18), ദക്ഷിണാഫ്രിക്ക (ഒക്ടോബര്‍ 21), ശ്രീലങ്ക (ഒക്ടോബര്‍ 24) എന്നിവയാണ് പാകിസ്ഥാന്റെ മറ്റ് മത്സരങ്ങള്‍. എല്ലാ പോരാട്ടങ്ങളും കൊളംബോയില്‍ അരങ്ങേറും. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഒക്ടോബര്‍ ഒന്നിന് അവരുടെ ആദ്യ പോരില്‍ ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും. ഇന്‍ഡോറിലാണ് മത്സരം.

എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. റൗണ്ട് റോബിന്‍ പോരാട്ടമായിരിക്കും. ലീഗ് ഘട്ടത്തില്‍ 28 മത്സരങ്ങളും നോക്കൗട്ടില്‍ മൂന്ന് മത്സരങ്ങളുമായിരിക്കും. ബംഗളൂരു, ഇന്‍ഡോര്‍, ഗുവാഹത്തി, വിശാഖപട്ടണം, കൊളംബോ എന്നിവയാണ് വേദികള്‍. ഒന്നാം സെമി പോരാട്ടം ഒക്ടോബര്‍ 29നാണ്. ഗുവാഹത്തിയാണ് വേദി. പാകിസ്ഥാന്‍ യോഗ്യത നേടിയാല്‍ പോരാട്ടം കൊളംബോയിലേക്ക് മാറും. രണ്ടാം സെമി ഒക്ടോബര്‍ 30ന് ബംഗളൂരുവില്‍ അരങ്ങേറും. ഫൈനല്‍ പോരാട്ടം നവംബര്‍ രണ്ടിന് ബംഗളൂരുവിലോ കൊളംബോയിലോ അരങ്ങേറും.

ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സര ക്രമം

ഇന്ത്യ- ശ്രീലങ്ക: സെപ്റ്റംബര്‍ 30, ബംഗളൂരു

ഇന്ത്യ- പാകിസ്ഥാന്‍: ഒക്ടോബര്‍ 5, കൊളംബോ

ഇന്ത്യ- ദക്ഷിണാഫ്രിക്ക: ഒക്ടോബര്‍ 9, വിശാഖപട്ടണം

ഇന്ത്യ- ഓസ്‌ട്രേലിയ: ഒക്ടോബര്‍ 12, വിശാഖപട്ടണം

ഇന്ത്യ- ഇംഗ്ലണ്ട്: ഒക്ടോബര്‍ 19, ഇന്‍ഡോര്‍

ഇന്ത്യ- ന്യൂസിലന്‍ഡ്: ഒക്ടോബര്‍ 23, ഗുവാഹത്തി

ഇന്ത്യ- ബംഗ്ലാദേശ്: ഒക്ടോബര്‍ 26, ബംഗളൂരു

വരുന്നു… തിരുവനന്തപുരത്ത് ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പോരാട്ടം

വരുന്നു… തിരുവനന്തപുരത്ത് ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പോരാട്ടം

മുംബൈ: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടത്തിന്റെ ആരവം. ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ന്യൂസിലന്‍ഡ് ടീം തിരുവനന്തപുരത്ത് ടി20 മത്സരം കളിക്കും. പരിമിത ഓവര്‍ പോരാട്ടങ്ങള്‍ക്കായാണ് കിവി സംഘം വരുന്നത്.

അടുത്ത വര്‍ഷം ജനുവരി മാസത്തിലാണ് ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. ഇതില്‍ അവസാന ടി20 മത്സരമാണ് തിരുവനന്തപുരത്ത് അരങ്ങേറുക.

ജനുവരി 11നു ഏകദിന പോരാട്ടത്തോടെയാണ് പര്യടനത്തിനു തുടക്കമാകുന്നത്. ജനുവരി 21 മുതലാണ് ടി20 പരമ്പര തുടങ്ങുന്നത്. ഇതില്‍ അവസാന പോരാട്ടമായ ജനുവരി 31ലെ മത്സരത്തിനാണ് തിരുവനന്തപുരം വേദിയാകുന്നത്.

ഇന്ത്യ- ന്യൂസിലന്‍ഡ് വൈറ്റ് ബോള്‍ പരമ്പര വേദികള്‍

ജനുവരി 11- ഒന്നാം ഏകദിനം, ബറോഡ

ജനുവരി 14- രണ്ടാം ഏകദിനം, രാജ്‌കോട്ട്

ജനുവരി 18- മൂന്നാം ഏകദിനം, ഇന്‍ഡോര്‍

ജനുവരി 21- ഒന്നാം ടി20, നാഗ്പുര്‍

ജനുവരി 23- രണ്ടാം ടി20, രാജ്പുര്‍

ജനുവരി 25- മൂന്നാം ടി20, ഗുവാഹത്തി

ജനുവരി 28- നാലാം ടി20, വിശാഖപട്ടണം

ജനുവരി 31- അഞ്ചാം ടി20, തിരുവനന്തപുരം

ലോക ടെസ്റ്റ് ചാംച്യന്‍ഷിപ്പ് കിരീടം: കലാശപ്പോരില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നിറങ്ങും

ലോക ടെസ്റ്റ് ചാംച്യന്‍ഷിപ്പ് കിരീടം: കലാശപ്പോരില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നിറങ്ങും

ലോര്‍ഡ്‌സ്: ലോകടെസ്റ്റ് ചാംച്യന്‍ഷിപ്പ് കിരീടത്തിനായുള്ള കലാശപ്പോരില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്ന് നേക്ക് നേര്‍. ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ ഇന്ത്യന്‍ സമയം പകല്‍ മൂന്നിനാണ് കളി. ടെസ്റ്റിലെ നിലവിലെ ചാംപ്യന്‍മാരാണ്ഓസ്‌ട്രേലിയ. ബൗളിങ്നിരയുടെ കരുത്തിലാണ് ഇക്കുറി ഓസീസ് എത്തുന്നത്.

ഇന്ത്യയുമായുള്ള കഴിഞ്ഞ ടെസ്റ്റ് ഫൈനലില്‍ കളിച്ച പതിനൊന്നില്‍ പത്തുപേരും ടീമിലുണ്ട്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് വിരമിച്ചത്. ബാറ്റര്‍മാരില്‍ സ്റ്റീവന്‍ സ്മിത്താണ് ശ്രദ്ധേയതാരം. സ്മിത്ത് അവസാന അഞ്ച് ടെസ്റ്റില്‍ നാലിലും സെഞ്ച്വറി നേടിയിരുന്നു. ബൗളര്‍മാരില്‍ ഹാസെല്‍വുഡിന്റെ തിരിച്ചുവരവ് ഓസീസിന്റെ കരുത്തുകൂട്ടും. ഉസ്മാന്‍ ഖവാജ, ലാംബുഷെയ്ന്‍, കാമറൂണ്‍ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ്ഹെഡ്, ബ്യൂവെബ്സറ്റര്‍, അലെക്സ്‌ കാരി, പാറ്റ്കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്, നതാന്‍ ല്യോണ്‍, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ടീമിലുള്ളത്.

ടെംബ ബവുമ നയിക്കുന്ന ദക്ഷിണാഫ്രിക്ക പരിചയസമ്പത്തില്‍ ഏറെ പിന്നിലാണ്. ആദ്യ ഫൈനലിന് ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച യുവനിരയുണ്ട്. പേസ് ബൗളിങ്ങാണ് ശക്തി. കഗീസോ റബാദ ബൗളിങ് നിരയെ നയിക്കുന്നു. ബാറ്റിലും മിന്നുന്ന മാര്‍കോ ജാന്‍സെനാണ് പേസ് നിരയില്‍ റബാദയ്-ക്ക് കൂട്ട്. ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റയാന്‍ റിക്കെല്‍ട്ടണാണ് ബാറ്റിംഗ് ഓര്‍ഡറില്‍ ഒന്നാം സ്ഥാനത്ത്. എയ്ഡന്‍ മാര്‍ക്രം അദ്ദേഹത്തിന് പിന്തുണ നല്‍കും. വിയാന്‍ മള്‍ഡര്‍ മൂന്നാമതായി ഇറങ്ങുമ്പോള്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ടെംബ ബാവുമ എന്നിവര്‍ പിന്നാലെയെത്തും. ഡേവിഡ് ബെഡിങ്ഹാം ആറാം സ്ഥാനത്ത് ഇറങ്ങും.

ദക്ഷിണാഫ്രിക്കന്‍ ടീം: എയ്ഡന്‍ മാര്‍ക്രം,റ്യാന്റിക്കില്‍ട്ടണ്‍, വിയാന്‍മുല്‍ദര്‍, ടെംബബവുമ, ട്രിസ്റ്റണ്‍ സ്റ്റബ്സ്, ഡേവിഡ് ബെഡിങ്ഹാം, കൈല്‍വെരിയെന്ന, മാര്‍കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ലുന്‍ഗി എഗിഡി.

ഫ്രഞ്ച് ഓപ്പണ്‍: പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി കാര്‍ലോസ് അല്‍കാരസ്

ഫ്രഞ്ച് ഓപ്പണ്‍: പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി കാര്‍ലോസ് അല്‍കാരസ്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസ്. രണ്ടാംസീഡായ അല്‍ക്കരാസ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഒന്നാംസീഡായ ഇറ്റലിയുടെ യാനിക് സിന്നറിനെ കീഴടക്കി.

അഞ്ചുസെറ്റ് ഫൈനലില്‍ ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായ ശേഷമാണ് അല്‍കാരസ് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. സ്‌കോര്‍: 4-6, 6-7, 6-4, 7-6, 7-6.

അല്‍കാരസിന്റെ അഞ്ചാ ഗ്രാന്‍സ്ലാം കിരീട നേട്ടമാണിത്. 2022-ല്‍ യുഎസ് ഓപ്പണും 2023,24 വര്‍ഷങ്ങളില്‍ വിംബിള്‍ഡണും കഴിഞ്ഞവര്‍ഷം ആദ്യമായി ഫ്രഞ്ച് ഓപ്പണും നേടി. തുടര്‍ച്ചയായ അഞ്ചാംമത്സരത്തിലാണ് അല്‍ക്കരാസ് സിന്നറിനെതിരേ വിജയം നേടുന്നത്. ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ തുടരെ 20 വിജയങ്ങളുമായാണ് സിന്നര്‍ ഫൈനലില്‍ കടന്നത്. ഓപ്പണ്‍ കാലഘട്ടത്തില്‍ റൊളാങ് ഗാരോസ് കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനല്‍ അഞ്ചുമണിക്കൂറും 29 മിനിറ്റും നീണ്ടു.