‘മരണത്തിനു മുൻപ് മറഡോണ കടുത്ത യാതനകൾ അനുഭവിച്ചു’

‘മരണത്തിനു മുൻപ് മറഡോണ കടുത്ത യാതനകൾ അനുഭവിച്ചു’

ബ്യൂണസ് അയേഴ്സ്: മരിക്കുന്നതിനു 12 മണിക്കൂർ മുൻപ് തന്നെ ‍അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീ​ഗോ മറഡോണ കടുത്ത ശാരീരിക യാതനകൾ അനുഭവിച്ചിരുന്നതായി കോടതിയിൽ ഫൊറൻസിക് വിദ​ഗ്ധന്റെ മൊഴി. ഫുട്ബോൾ ഇതിഹാസത്തിന്റെ മരണത്തിൽ ഡോക്ടർമാരടക്കമുള്ള ഏഴം​ഗ മെഡിക്കൽ സംഘത്തിനു വീഴ്ചയുണ്ടായെന്ന കേസിലെ വിചാരണയിലാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് ഡോക്ടർ കാർലോസ് കാസിനെല്ലി ഇക്കാര്യം വ്യക്തമാക്കിയത്.

മറ‍ഡോണയുടെ ഹൃദയം പൂർണമായി കൊഴുപ്പുകൊണ്ടു പൊതിയപ്പെട്ട നിലയിലായിരുന്നു. രക്തവും കട്ടപിടിച്ചു. ഏതൊരു ഡോക്ടർക്കും ദിവസങ്ങൾക്കു മുൻപു തന്നെ മറഡോണയുടെ രോ​ഗ ലക്ഷണങ്ങൾ തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനും കഴിയുമായിരുന്നു. കാസിനെല്ലി പറഞ്ഞു.

2020 നവംബർ 25നാണ് മറോഡണ മരിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയയ്ക്കു ശേഷം സ്വന്തം വീട്ടിൽ തന്നെയാണ് അദ്ദേഹത്തിന്റെ തുടർ ചികിത്സയും പരിചരണവും നടന്നത്. ഹൃദയാഘാതവും ശ്വാസകോശത്തിലെ നീർക്കെട്ടുമാണ് മരണ കാരണമായി കണ്ടെത്തിയത്.

എല്‍ ക്ലാസിക്കോയില്‍ ഗോളടിമേളം, മെസിയില്ലാതെ കരുത്ത് കാട്ടി അര്‍ജന്റീന

എല്‍ ക്ലാസിക്കോയില്‍ ഗോളടിമേളം, മെസിയില്ലാതെ കരുത്ത് കാട്ടി അര്‍ജന്റീന

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ അര്‍ജന്റീനക്കെതിരെ ബ്രസീലിന് നാണംകെട്ട തോല്‍വി. ലോക ചാംപ്യന്മാരായ അര്‍ജന്റീന ബദ്ധവൈരികളും മുന്‍ ചാംപ്യന്മാരുമായ ബ്രസീലിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് തകര്‍ത്തത്. സൂപ്പര്‍ താരം മെസി ഇയ്യാതെയിറങ്ങിയാണ് അര്‍ജന്റീനന്‍ പട കരുത്ത് കാട്ടിയത്. 1964 ന് ശേഷം, അര്‍ജന്റീനയോട് 61 വര്‍ഷത്തിന് ശേഷമാണ് ബ്രസീല്‍ ഇത്ര വലിയ തോല്‍വി ഏറ്റുവാങ്ങുന്നത്.

ബ്രസീലിനെതിരായ മത്സരത്തിനു തൊട്ടുമുമ്പു തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ അര്‍ജന്റീന, ബദ്ധവൈരികള്‍ക്കെതിരായ തകര്‍പ്പന്‍ വിജയത്തോടെ ലോകകപ്പ് യോഗ്യതാനേട്ടം രാജകീയമാക്കി. ഗോളടിയും ഇടയ്ക്ക് തമ്മിലടിയും നിറഞ്ഞതായിരുന്നു എല്‍ക്ലാസിക്കോയിലെ ആവേശപ്പോരാട്ടം. ബ്രസീല്‍ നിരയില്‍ സൂപ്പര്‍ താരം നെയ്മറും കളിക്കാനുണ്ടായിരുന്നില്ല.

അർജന്റീനയ്ക്കായി യൂലിയൻ അൽവാരസ് (4–ാം മിനിറ്റ്), എൻസോ ഫെർണാണ്ടസ് (12–ാം മിനിറ്റ്), അലക്സിസ് അക്അലിസ്റ്റർ (37–ാം മിനിറ്റ്), ജൂലിയാനോ സിമിയോണി (71–ാം മിനിറ്റ്) എന്നിവർ ലക്ഷ്യം നേടി. ആദ്യ നാല് മിനിറ്റിനുള്ളില്‍ തന്നെ ലീഡ് നേടിയ അര്‍ജന്റീന മത്സരം വരുതിയിലാക്കി. നാലാം ​ഗോൾ നേടിയ സിമിയോണി, അര്‍ജന്റീനയ്ക്കായുള്ള തന്റെ ആദ്യ ഗോള്‍കൂടിയാണ് നേടിയത്. ബ്രസീലിന്റെ ഏക ആശ്വാസ ഗോൾ 26–ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞയുടെ വകയാണ്.

തെക്കേ അമേരിക്കൻ യോ​ഗ്യതാ റൗണ്ടിൽ നിന്നും ഒന്നാം സ്ഥാനക്കാരായാണ് അർജന്റീന ലോകകപ്പ് യോ​ഗ്യത നേടിയിട്ടുള്ളത്. ബ്രസീലിനെതിരായ വിജയത്തോടെ, 14 കളികളിൽ‍നിന്ന് 10–ാം ജയം കുറിച്ച അർജന്റീനയ്ക്ക് 31 പോയിന്റാണുള്ളത്. ലാറ്റിനമേരിക്കയിൽ നിന്നും ലോകകപ്പിന് ആദ്യം യോ​ഗ്യത നേടുന്ന ടീമാണ് ലയണൽ സ്കലേനി പരിശീലിപ്പിക്കുന്ന നീലപ്പട.

14 കളികളിൽ നിന്ന് അഞ്ചാം തോൽവി വഴങ്ങിയ ബ്രസീൽ 21 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 14 കളികളിൽനിന്ന് ഏഴു ജയവും അഞ്ച് സമനിലയും സഹിതം 23 പോയിന്റുമായി ഇക്വഡോറാണ് രണ്ടാമത്. 14 കളികളിൽനിന്ന് അഞ്ച് ജയം, ആറു സമനില സഹിതം 21 പോയിന്റുമായി യുറഗ്വായ് മൂന്നാം സ്ഥാനത്തുണ്ട്.

അവസരങ്ങള്‍ തുലച്ച് ഇന്ത്യ; ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനോട് സമനില

അവസരങ്ങള്‍ തുലച്ച് ഇന്ത്യ; ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനോട് സമനില

ഷില്ലോങ്ങ്: ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ബംഗ്ലാദേശാണ് ഇന്ത്യയെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയത്. ഷില്ലോങ് ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിരവധി ഗോളവസരങ്ങള്‍ തുലച്ചാണ് ഇന്ത്യ സമനില വഴങ്ങിയത്.

ദുര്‍ബലരായ ബംഗ്ലാദേശ് തുടക്കത്തിലേ ഇന്ത്യന്‍ ഗോള്‍മുഖത്ത് ആശങ്ക പരത്തി. ഇന്ത്യന്‍ ഗോളി അബദ്ധത്തില്‍ നല്‍കിയ പാസില്‍ നിന്നും ബംഗ്ലാദേശ് താരം ഉതിര്‍ത്ത ഷോട്ട് തലനാരിഴയ്ക്കാണ് പുറത്തുപോയത്. മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇന്ത്യയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി.

വിരമിക്കല്‍ പിന്‍വലിച്ച് ടീമിലെത്തിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി അടക്കം നിരവധി അവസരങ്ങള്‍ പാഴാക്കി. ബംഗ്ലാദേശും ചില തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും, വലിയ അപകടമില്ലാതെ പ്രതിരോധ നിരയും ഗോളിയും കാത്തു. 85-ാം മിനിറ്റില്‍ ഛേത്രിയെ മാറ്റി മലയാളി താരം ആഷിഖ് കരുണിയനെ ഇറക്കിയെങ്കിലും ഇന്ത്യയ്ക്ക് ഗോള്‍ കണ്ടെത്താനായില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലെസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ ഹംസ ചൗധരി ബംഗ്ലാദേശിനായി അരങ്ങേറ്റം കുറിച്ചു. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണിത്. 1999ന് ശേഷം ഇന്ത്യയും ബംഗ്ലദേശും ഗോള്‍ രഹിത സമനിലയില്‍ പിരിയുന്നതും ആദ്യമായിട്ടാണ്. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 126 ലും ബംഗ്ലാദേശ് 185 ലുമാണ്. ഹോങ്കോങ്, സിംഗപ്പൂര്‍ ടീമുകള്‍ കൂടി അടങ്ങിയ ഗ്രൂപ്പ് സിയിലാണ് ഇന്ത്യ.

യുവരാജിനെ വിളിച്ചുണര്‍ത്തി ചായത്തില്‍ മുക്കി സച്ചിനും സംഘവും; വൈറല്‍ ഹോളി ആഘോഷം

യുവരാജിനെ വിളിച്ചുണര്‍ത്തി ചായത്തില്‍ മുക്കി സച്ചിനും സംഘവും; വൈറല്‍ ഹോളി ആഘോഷം

റായ്പുര്‍: ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിലെ സഹതാരങ്ങള്‍ക്കൊപ്പം ഹോളി ആഘോഷിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യന്‍ മാസ്റ്റേഴ്‌സ് ടീം താമസിക്കുന്ന ഹോട്ടലില്‍ സച്ചിന്റെ നേൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. ടീംഗങ്ങളെ മുറിയില്‍ നിന്ന് വിളിച്ചിറക്കി സച്ചിന്‍ ചായങ്ങള്‍ പൂശുന്ന വിഡിയോ ആരാധകരും ഏറ്റെടുത്തു.

ഇന്ത്യയുടെ മുന്‍ താരം യുവരാജ് സിങ്, അമ്പാട്ടി റായുഡു തുടങ്ങിയവരെ മുറിയില്‍ അപ്രതിക്ഷിതമായി എത്തിയ സച്ചിന്‍ വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് ചായം കലര്‍ത്തിയ വെള്ളം ഒഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഹോളി ആഘോഷത്തിന്റെ വിഡിയോ സച്ചിന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കായി കളിക്കുന്ന യൂസഫ് പഠാന്‍, രാഹുല്‍ ശര്‍മ തുടങ്ങിയവരെയും സച്ചിനൊപ്പം ദൃശ്യങ്ങളില്‍ കാണാം.

ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിന്റെ സെമിയില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് യുവരാജായിരുന്നു. ടീമിനു വിജയം സമ്മാനിച്ച യുവരാജ് ഉറക്കത്തിലാണെന്ന് വിശദീകരിച്ച ശേഷമാണ് സച്ചിന്‍ വാതിലില്‍ മുട്ടുന്നത്. പുറത്തിറങ്ങിയ യുവരാജിനെ ചായത്തില്‍ കുളിപ്പിച്ചാണ് സച്ചിന്‍ സംഘവും മടങ്ങുന്നത്. പിന്നീട് ടീമംഗമായ അമ്പാട്ടി റായുഡുവിന്റെ മുറിയില്‍ ചെന്നും സംഘം ആഘോഷം തുടര്‍ന്നു.

ഐപിഎല്ലിൽ ആരാധകർക്ക് വമ്പൻ ഓഫറുകൾ

ഐപിഎല്ലിൽ ആരാധകർക്ക് വമ്പൻ ഓഫറുകൾ

ചെന്നൈ: ഐപിഎല്ലിന്റെ പുതിയ സീസണ്‍ ഈ മാസം 22 മുതല്‍ തുടങ്ങാനിരിക്കെ ടിക്കറ്റുകള്‍ വില്‍പ്പന തകൃതിയാക്കി ടീമുകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും മാത്രമാണ് നിലവില്‍ ഔദ്യോഗികമായി ടിക്കറ്റ് വില്‍പ്പന ആരംഭിക്കാത്ത ടീമുകള്‍. ബാക്കി ടീമുകളെല്ലാം ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. 499 രൂപ മുതല്‍ 30,000 രൂപ വരെയാണ് ടിക്കറ്റുകളുടെ വില. ഏത് വിഭാഗത്തിലുള്ള ടിക്കറ്റാണോ എടുക്കുന്നത് അതിനനുസരിച്ചുള്ള സൗകര്യങ്ങളും ആരാധകര്‍ക്കു കിട്ടും.

അഞ്ചക്കം വരെ നീളുന്ന ടിക്കറ്റെടുക്കുന്നവര്‍ക്ക് ബിയര്‍, മദ്യം, എസി ഹോസ്പിറ്റാലിറ്റി, സൗജന്യ ജേഴ്‌സി അടക്കമുള്ളവ ടീമുകള്‍ ഇത്തവണ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കുറഞ്ഞ ടിക്കറ്റ് (499 രൂപ) ലഖ്‌നൗ, അഹമ്മദാബാദ് വേദികളിലാണ്. വിലയേറിയ ടിക്കറ്റ് ആകട്ടെ ചെന്നൈ- രാജസ്ഥാന്‍ പോരാട്ടത്തിനായിരിക്കും. മാര്‍ച്ച് 30നു ഗുവാഹത്തിയില്‍ അരങ്ങേറുന്ന ഈ പോരാട്ടത്തിനു 35,000 രൂപ വരെ ചെലവായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണ്‍ എയര്‍ ഇരിപ്പിടങ്ങള്‍, എസി ഡൈനിങോടു കൂടിയ ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റാലിറ്റി എന്നിവയാണ് ഈ വിലയേറിയ ടിക്കെറ്റെടുക്കുന്ന ആരാധകനു ലഭിക്കുക.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സ്റ്റൈല്‍

ടിക്കറ്റ് വില നിര്‍ണയത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരുടെ വില നിര്‍ണയ തന്ത്രങ്ങളാണ് പയറ്റിയത്. ജയ്പുരിനെ കൂടാതെ അവര്‍ക്ക് ഗുവാഹത്തിയും ഹോം ഗ്രൗണ്ടാണ്. രണ്ട് മത്സരങ്ങള്‍ അവര്‍ ഗുവാഹത്തിയില്‍ കളിക്കുന്നുണ്ട്. സന്ദര്‍ശകര്‍ പ്രീമിയം ടീമായതിനാല്‍ ഹോം ക്ലബുകള്‍ക്ക് ടിക്കറ്റ് വില നിശ്ചയിക്കാം. ഗുവാഹത്തിയില്‍ ചെന്നൈ- രാജസ്ഥാന്‍ കളി കാണാന്‍ വരുന്ന ചെന്നൈ ആരാധകര്‍ 30,000ത്തിനു മുകളില്‍ പൈസ മുടക്കേണ്ടി വരും ടിക്കറ്റിന്. ഈ മാസം 26നു കൊല്‍ക്കത്തയും രാജസ്ഥാനും ഗുവാഹത്തി വേദിയില്‍ കളിക്കുന്നുണ്ട്. കൊല്‍ക്കത്ത ആരാധകര്‍ക്ക് 20,000 രൂപയ്ക്ക് ടിക്കറ്റ് സ്വന്തമാക്കാനാകും. ചെന്നൈ- രാജസ്ഥാന്‍ ടീമിന്റെ കളിയില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 4,300 ആണ്. കൊല്‍ക്കത്ത- രാജസ്ഥാന്‍ പോരില്‍ 2,200 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

ഒരു ജോഡി ജേഴ്‌സി

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ തുടങ്ങിയവരുടെ വെടിക്കെട്ട് ബാറ്റിങ് ആരാധകര്‍ക്ക് ആസ്വദിക്കാനുള്ള അവസരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരുക്കുന്നത്. 30,000 മുടക്കിയാല്‍ ആരാധകര്‍ക്ക് ബിയര്‍ കുടിച്ച് പ്രീമിയം ഹോസ്പിറ്റാലിറ്റി സീറ്റുകളില്‍ ഇരുന്ന് ബാറ്റിങ് വിരുന്ന് ആഘോഷിക്കാം. ഒപ്പം ഭക്ഷണവും മദ്യവും വേറെയും കിട്ടും. തീര്‍ന്നില്ല 30,000ത്തിന്റെ രണ്ട് ടിക്കറ്റെടുത്താല്‍ ഒരു ജോഡി ജേഴ്‌സിയും ആരാധകരെ കാത്തിരിക്കുന്നു. 22,000ത്തിന്റെ ടിക്കറ്റുമുണ്ട്. ഇതില്‍ മദ്യം ഒഴിച്ച് ബാക്കിയുള്ള ഓഫറുകളാണ് ലഭിക്കുക.

വിലയേറിയ ടിക്കറ്റുകള്‍ക്ക് സൗജന്യ ജേഴ്‌സി നല്‍കുന്ന മറ്റൊരു ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സാണ്. പക്ഷേ ചില നിബന്ധനകളുണ്ട്. വാംഖഡെ സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍ സ്റ്റാന്റുകളിലെ ആരാധകര്‍ക്കാണ് ഈ ഓഫര്‍. എക്‌സ്‌ക്ലൂസീവ് ഫാന്‍ സോണുകളുടെ ഭാഗമായി മാത്രമേ ജേഴ്‌സി കിട്ടു. നിലവില്‍ ചെന്നൈ- മുംബൈ പോരാട്ടത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റു തീര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ടീമുകളും ടിക്കറ്റ് നിരക്കുകളും ഓഫറുകളും

ലഖ്‌നൗ- 499 രൂപ മുതല്‍ 20,000 രൂപ വരെ ടിക്കറ്റ് വില. ബിയര്‍, മദ്യം, ഫുള്‍ ഹോസ്പിറ്റാലിറ്റി ഓഫറുകള്‍.

മുംബൈ- 999 മുതല്‍ 21,000 വരെ. എസി ഹോസ്പിറ്റാലിറ്റി, (ഫ്രീ ടി ഷര്‍ട്ടുകള്‍ ഫാന്‍സോണ്‍ ടിക്കറ്റുകള്‍ക്ക്).

രാജസ്ഥാന്‍- 2,200 രൂപ മുതല്‍ 20,000 രൂപ വരെ. ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റാലിറ്റി, എസി ഡൈനിങ്.

കൊല്‍ക്കത്ത- 900 രൂപ മുതല്‍ 15,000 രൂപ വരെ. ബിയര്‍ ഇല്ല. ഹോസ്പിറ്റാലിറ്റി മാത്രം.

ഹൈദരാബാദ്- 750 രൂപ മുതല്‍ 30,000 രൂപ വരെ. ബിയര്‍, മദ്യം, ഭക്ഷണം. (ഒരു ജോഡി ടിക്കറ്റുകള്‍ വാങ്ങിയാല്‍ ജേഴ്‌സി)

ഗുജറാത്ത്- 499 രൂപ മുതല്‍ 20,000 രൂപ വരെ. അണ്‍ലിമിറ്റഡ് പ്രീമിയം ഹോസ്പിറ്റാലിറ്റി.

പഞ്ചാബ്- 1,500 രൂപ മുതല്‍ 12,000 രൂപ വരെ. ഭക്ഷണം, മദ്യം, സോഫ്റ്റ് ഡ്രിങ്ക്‌സ്.

ഓസ്ട്രേലിയയോട് പ്രതികാരം വീട്ടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍;ഐതിഹാസിക നേട്ടത്തില്‍ രണ്ടാമനായി കോഹ്‌ലി

ഓസ്ട്രേലിയയോട് പ്രതികാരം വീട്ടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍;ഐതിഹാസിക നേട്ടത്തില്‍ രണ്ടാമനായി കോഹ്‌ലി

ദുബായ്: വിരാട് കോലി ഒരിക്കല്‍ കൂടി കിംഗ് കോലിയായി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യൻ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.

2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുള്ള ഇന്ത്യയുടെ മധുരപ്രതികാരം കൂടിയായി ഈ വിജയം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. സ്കോര്‍ ഓസ്ട്രേലിയ 49.3 ഓവറില്‍ 264ന് ഓള്‍ ഔട്ട്, ഇന്ത്യ 48.1 ഓവറില്‍ 267-6.