by Midhun HP News | Feb 6, 2026 | Latest News, കായികം
ഹരാരെ: 14 വയസില്‍ അമ്പരപ്പിക്കുന്ന ബാറ്റിങുമായി കളം വാഴുന്ന ഇന്ത്യയുടെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി അണ്ടര്‍ 19 ലോകകപ്പില്‍ പുതിയ ചരിത്രം എഴുതി. റെക്കോര്‍ഡുകളുടെ പെരുമഴയാണ് ഒറ്റ ഇന്നിങ്‌സിലൂടെ താരം ഹരാരെ ഗ്രൗണ്ടില്‍ തീര്‍ത്തത്. 32 പന്തില്‍ 50ല്‍ എത്തിയ സൂര്യവംശി 55 പന്തില്‍ സെഞ്ച്വറി പിന്നിട്ടു. 71 പന്തില്‍ സ്‌കോര്‍ 150ലും എത്തിച്ചു. ഒടുവില്‍ 80 പന്തില്‍ 15 വീതം സിക്‌സും ഫോറും സഹിതം 175 റണ്‍സ് വാരിയാണ് താരം കളം വിട്ടത്.
അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ അതിവേഗം സെഞ്ച്വറി നേടുന്ന താരമായി വൈഭവ് മാറി. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ താരം 55 പന്തില്‍ 100 റണ്‍സ് അടിച്ചെടുത്താണ് പുതിയ റെക്കോര്‍ഡ് തീര്‍ത്തത്.
അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ 150 റണ്‍സിനു മുകളില്‍ വ്യക്തിഗത സ്‌കോര്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും 14കാരന്‍ സ്വന്തമാക്കി.
അണ്ടര്‍ 19 ലോകകപ്പ് പോരില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ തൂക്കുന്ന താരമെന്ന റെക്കോര്‍ഡും വൈഭവിനു തന്നെ. ഈ ടൂര്‍ണമെന്റില്‍ എല്ല മത്സരങ്ങളില്‍ നിന്നുമായി താരം അടിച്ചുകൂട്ടിയത് 26 സിക്‌സുകള്‍.
അണ്ടര്‍ 19 ലോകകപ്പില്‍ അതിവേഗം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും വൈഭവിനു. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും വൈഭവ് തന്നെ.
യൂത്ത് ഏകദിനത്തിന്റെ ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ തൂക്കുന്ന താരമെന്ന തന്റെ തന്നെ റെക്കോര്‍ഡും താരം പുതുക്കി. ഒരിന്നിങ്‌സില്‍ 14 സിക്‌സുകള്‍ എന്നത് ഒരിന്നിങ്‌സില്‍ 15 സിക്‌സുകള്‍ അടിച്ചാണ് താരം സ്വന്തം റെക്കോര്‍ഡ് തിരുത്തിയത്.
യൂത്ത് ഏകദിനത്തില്‍ ബൗണ്ടറികളിലൂടെ മാത്രം ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമായും വൈഭവ് മാറി. താരം അടിച്ചെടുത്ത 175 റണ്‍സില്‍ 150 റണ്‍സും വന്നത് സിക്‌സും ഫോറും വഴിയാണ്.
by Midhun HP News | Feb 6, 2026 | Latest News, കായികം, ജില്ലാ വാർത്ത
ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വെടിക്കെട്ട് ബാറ്റിങുമായി സെഞ്ച്വറി തീര്‍ത്ത് 14കാരന്‍ വിസ്മയ ബാറ്റര്‍ വൈഭവ് സൂര്യവംശി. 55 പന്തുകള്‍ നേരിട്ട് 8 വീതം ഫോറും സിക്‌സും സഹിതം താരം 100 റണ്‍സിലെത്തി. വെറും 32 പന്തില്‍ വൈഭവ് അര്‍ധ സെഞ്ച്വറിയിലെത്തി. 23 പന്തില്‍ താരം അടുത്ത 50 അടിച്ചു.
നിലവില്‍ താരം 62 പന്തില്‍ 10 സിക്‌സും 9 ഫോറും സഹിതം 121 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 2 റണ്‍സുമായി വേദാന്ത് ത്രിവേദിയാണ് കൂട്ട്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെന്ന നിലയില്‍ മികച്ച സ്‌കോറിലേക്ക് നീങ്ങുന്നു. 21 ഓവറാണ് മത്സരം നിലവില്‍ പിന്നിട്ടിരിക്കുന്നത്.
ഫൈനലില്‍ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെമിയില്‍ സെഞ്ച്വറിയടിച്ച മലയാളി താരം ആരോണ്‍ ജോര്‍ജിനു ഫൈനലില്‍ തിളങ്ങാനായില്ല. താരം 11 പന്തില്‍ 9 റണ്‍സുമായി മടങ്ങി. പിന്നീട് ക്യാപ്റ്റന്‍ ആയുഷ് മാത്രെ ക്രീസിലെത്തി വൈഭവിനു പിന്തുണ നല്‍കിയതോടെ താരം ടോപ് ഗിയറില്‍ ബാറ്റ് വീശുകയായിരുന്നു.
അര്‍ധ സെഞ്ച്വറി തികച്ചാണ് ആയുഷ് മാത്രെ മടങ്ങിയത്. താരം 51 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 53 റണ്‍സ് കണ്ടെത്തി.


by Midhun HP News | Feb 5, 2026 | Latest News, കായികം
കൊളംബോ: ഇന്ത്യക്കെതിരെ ടി20 ലോകകപ്പ് കളിക്കില്ല എന്നത് സര്‍ക്കാര്‍ തീരുമാനമാണെന്നു ആവര്‍ത്തിച്ച് പാകിസ്ഥാന്‍ ടീം നായകന്‍ സല്‍മാന്‍ അലി ആഘ. കൊളംബോയില്‍ ക്യാപ്റ്റന്‍സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയുമായി കളിക്കുക എന്നത് ഞങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അത് സര്‍ക്കാര്‍ തീരുമാനമാണ്. അവര്‍ എന്താണോ ഞങ്ങളോട് നിര്‍ദ്ദേശിക്കുന്നത് അതു ചെയ്യും. ഞങ്ങള്‍ക്ക് ഇന്ത്യയെ കൂടാതെ മൂന്ന് മറ്റ് എതിരളികള്‍ ഉണ്ടല്ലോ. ആ മത്സരങ്ങളെ കുറിച്ചാണ് ഞങ്ങളുടെ ആകാംക്ഷ’- പാക് നായകൻ വ്യക്തമാക്കി.
ഇന്ത്യയുമായി കളിക്കില്ലെന്ന നിലപാട് അതിനിടെ പാക് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് വീണ്ടും ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 15 ന് ശ്രീലങ്കയില്‍ നടക്കുന്ന മത്സരം സംബന്ധിച്ച് പാക് സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ കളിക്കേണ്ട എന്നതാണ് ആ നിലപാട്. ഇസ്ലാമാബാദില്‍ ഫെഡറല്‍ മന്ത്രിസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പാക് പ്രധാനമന്ത്രി പറഞ്ഞു.
‘വളരെ ശ്രദ്ധാപൂര്‍വമായ വിലയിരുത്തലിനു ശേഷമാണ് ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ തീരുമാനമെടുത്തത്. വളരെ അവധാനതയോടെ എടുത്ത തീരുമാനമാണ്. ഉചിതമായ തീരുമാനമായാണ് കണക്കാക്കുന്നത്. കായികരംഗത്ത് രാഷ്ട്രീയം പാടില്ല. ഞങ്ങള്‍ ബംഗ്ലാദേശിനൊപ്പമാണ്’- പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞു.
ഫെബ്രുവരി 15 ഞായറാഴ്ചയാണ് ലോകകപ്പിലെ സൂപ്പര്‍ പോരാട്ടമായ ഇന്ത്യ- പാക് മത്സരം നടത്താന്‍ നിശ്ചയിച്ചിരുന്നത്. കൊളംബോ പ്രേമദാസെ സ്റ്റേഡിയമായിരുന്നു വേദി. ഇന്ത്യയ്ക്കെതിരായ മത്സരം കളിക്കില്ലെന്ന പാകിസ്ഥാന്റെ പ്രസ്താവനയെ ഐസിസി വിമര്‍ശിച്ചിട്ടുണ്ട്. ‘സെലക്ടീവായ പങ്കാളിത്തം’ ഒരു ആഗോള കായിക മത്സരത്തിന്റെ അടിസ്ഥാന തത്വത്തിന് നിരക്കുന്നതല്ല. എല്ലാവരുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന പരസ്പര സ്വീകാര്യമായ ഒരു നിലപാട് പാക് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസിസി പ്രസ്താവനയില്‍ സൂചിപ്പിച്ചു.


by Midhun HP News | Feb 5, 2026 | Latest News, കായികം
സിലാപത്തർ: സന്തോഷ് ട്രോഫി ഫുട്‍ബോളിൽ പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ. എതിരില്ലാത്ത നാല് ഗോളിനാണ് കേരളത്തിന്റെ വിജയം. പതിനാറാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സർവീസസാണ് കേരളത്തിന്റെ എതിരാളി.
കരുത്തരായ പഞ്ചാബിനെതിരെ കരുതലോടെയാണ് കേരളം കളിച്ച് തുടങ്ങിയത്. മത്സരത്തിന്റെ പതിനാറാം മിനിറ്റിൽ മുഹമ്മദ് അജ്സലിലൂടെ കേരളം ആദ്യഗോൾ സ്വന്തമാക്കി. 34ാം മിനിറ്റിൽ മുഹമ്മദ് റിയാസ് പഞ്ചാബിന്റെ വല കുലുക്കി കേരളത്തിന്റെ ആധിപത്യം വ്യക്തമാക്കി. ആദ്യ പകുതി അവസാനിക്കാനിരിക്കെ 45ാം മിനിറ്റിൽ എം വിഘ്‌നേഷ് കേരളത്തിനായി മൂന്നാം ഗോളും സ്വന്തമാക്കി.
രണ്ടാം പകുതിയിലും ഗോളിനായി കേരളം പരിശ്രമം തുടർന്ന് കൊണ്ടേയിരുന്നു. മറുപടി ഗോൾ നേടാൻ പഞ്ചാബ് കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധ നിരയിൽ തട്ടി ശ്രമങ്ങൾ പലതും ലക്ഷ്യം കണ്ടില്ല. ഒടുവിൽ 83ാം മിനിറ്റിൽ റിയാസിന്റെ വക മറ്റൊരു ഗോൾ. ഇതോടെ പഞ്ചാബിന്റെ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു.
മറ്റൊരു സെമി ഫൈനൽ മത്സരത്തിൽ, റെയിൽവേസിനെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് സർവീസസ് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ എത്തിയത്. ഇരട്ട ഗോളുമായി തിളങ്ങിയ അഭിഷേക് പവാറാണ് സർവീസസിനെ ഫൈനലിൽ എത്തിച്ചത്.


by Midhun HP News | Feb 3, 2026 | Latest News, കായികം
ലാഹോര്‍: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പാകിസ്ഥാന്‍ പ്രഖ്യാപിച്ചെങ്കില്‍ വനിതാ പോരാട്ടത്തില്‍ ആ വിലക്ക് ഇല്ല. റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ എ- പാകിസ്ഥാന്‍ എ പോരാട്ടം അരങ്ങേറും. നിലവില്‍ ഈ പോരാട്ടത്തിന് പാക് സര്‍ക്കാര്‍ ബഹിഷ്‌കരണ നിര്‍ദ്ദേശം നല്‍കിയിട്ടില്ല.
ഈ മാസം 13 മുതലാണ് റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് പോരാട്ടം അരങ്ങേറുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യ- പാക് പോരാട്ടം നിശ്ചയിച്ച അതേ ദിവസമാണ് വനിതാ പോരാട്ടവും അരങ്ങേറുന്നത്. ഈ മാസം 15നാണ് ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം. അതേ ദിവസമാണ് റൈസിങ് സ്റ്റാര്‍സിലെ വനിതാ മത്സരവും.
വനിതാ പോരാട്ടത്തിനുള്ള പാകിസ്ഥാന്‍ ടീമിനെ കഴിഞ്ഞ ദിവസം പിസിബി പ്രഖ്യാപിച്ചിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച് കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ റൈസിങ് സ്റ്റാര്‍സിനുള്ള വനിതാ എ ടീമിനെ പിസിബി പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനൊപ്പം ഗ്രൂപ്പ് എയിലാണ് പാകിസ്ഥാന്‍ എ ടീം. യുഎഇ, നേപ്പാള്‍ ടീമുകളാണ് ശേഷിക്കുന്നവ.
ടൂര്‍ണമെന്റില്‍ ഇന്ത്യയെ രാധ യാദവാണ് നയിക്കുന്നത്. മലയാളി താരം മിന്നു മണിയും ടീമിലുണ്ട്. ഉമ്മെ ഹാനിയാണ് പാക് ടീം ക്യാപ്റ്റന്‍.


by Midhun HP News | Feb 2, 2026 | Latest News, കായികം
ലാഹോര്‍: ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് മത്സരം കളിക്കില്ലെന്നു പ്രഖ്യാപിച്ച് പാകിസ്ഥാന്‍ നില്‍ക്കുന്നതിനിടെ അവരുടെ മുന്‍ നായകന്‍ ബാബര്‍ അസം അന്താരാഷ്ട്ര ടി20യില്‍ ശ്രദ്ധേയമായൊരു റെക്കോര്‍ഡ് സ്ഥാപിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ മുന്‍ പാക് നായകന്‍ മറികടന്നു. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി ബാബര്‍ അസമിനു സ്വന്തം. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ 50 റണ്‍സെടുത്താണ് ബാബര്‍ കോഹ്‌ലിയെ പിന്തള്ളി റെക്കോര്‍ഡിട്ടത്.
അന്താരാഷ്ട്ര ടി20യില്‍ ബാബറിന്റെ 39ാം അര്‍ധ സെഞ്ച്വറിയാണ് ലാഹോറില്‍ ഓസ്‌ട്രേലിയക്കെതിരെ പിറന്നത്. ഇതോടെ 38 അര്‍ധ സെഞ്ച്വറികളുള്ള കോഹ്‌ലിയെ ബാബര്‍ പിന്തള്ളി. മത്സരത്തില്‍ 36 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം ബാബര്‍ 50 റണ്‍സടിച്ച് പുറത്താകാതെ നിന്നു.
അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍
ബാബര്‍ അസം 39 എണ്ണം
വിരാട് കോഹ്‌ലി 38 എണ്ണം
രോഹിത് ശര്‍മ 32 എണ്ണം
മുഹമ്മദ് റിസ്വാന്‍ 30 എണ്ണം
ഡേവിഡ് വാര്‍ണര്‍, ജോസ് ബട്‌ലര്‍ 28 എണ്ണം
മത്സരത്തിലേക്ക് വന്നാല്‍ മൂന്നാം ടി20യും ജയിച്ച് പാകിസ്ഥാന്‍ പരമ്പര 3-0ത്തിനു തൂത്തുവാരി. 111 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് മൂന്നാം പോരാട്ടത്തില്‍ പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയയുടെ പോരാട്ടം 16.5 ഓവറില്‍ വെറും 96 റണ്‍സില്‍ അവസാനിച്ചു.
ബാബറിനു പുറമെ ഓപ്പണര്‍ സയം ആയൂബ് 56 റണ്‍സെടുത്തു അര്‍ധ സെഞ്ച്വറി പിന്നിട്ടു. ഷദബ് ഖാനും (46) തിളങ്ങി. 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത മുഹമ്മദ് നവാസിന്റെ മികച്ച ബൗളിങാണ് പാക് ജയം അനായാസമാക്കിയത്.


Recent Comments