‘സഞ്ജു ഫ്രോഡ് താരം, പിആർ വർക്കിൽ ടീമിലെത്തുന്നു, വിരമിക്കാൻ സമയമായി’; മലയാളി താരത്തിനെതിരെ കടുത്ത രോഷം

‘സഞ്ജു ഫ്രോഡ് താരം, പിആർ വർക്കിൽ ടീമിലെത്തുന്നു, വിരമിക്കാൻ സമയമായി’; മലയാളി താരത്തിനെതിരെ കടുത്ത രോഷം

റായ്പുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലും തുടരെ പരാജയപ്പെട്ട മലയാളി താരം സഞ്ജു സാംസണെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം. ആദ്യ മത്സരത്തിൽ 10 റൺസിലും രണ്ടാം പോരാട്ടത്തിൽ 6 റൺസിലും പുറത്തായാണ് സഞ്ജു നിരാശപ്പെടുത്തിയത്. രണ്ടാം പോരിൽ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ സഞ്ജുവിന് ലൈഫ് കിട്ടിയിരുന്നു. എന്നിട്ടും അവസരം മുതലെടുത്തില്ല. ഇന്നിങ്സിന്റെ രണ്ടാം പന്തിൽ സഞ്ജു നൽകിയ അനായാസ ക്യാച്ച് ന്യൂസിലൻഡ് ഫീൽഡർ ഡെവോൺ കോൺവെ വിട്ടുകളഞ്ഞു. കോൺവെയുടെ കൈയിൽ തട്ടി പന്ത് സിക്സാവുകയും ചെയ്തു. അത് ക്യാച്ചായി മാറിയിരുന്നെങ്കിൽ സഞ്ജു പൂജ്യത്തിൽ പുറത്താകുമായിരുന്നു.

കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ അതിവേ​ഗം നഷ്ടമായിരുന്നു. സഞ്ജു ആറ് റൺസിലും അഭിഷേക് ​ഗോൾഡൻ ഡക്കായും മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. എന്നാൽ ഏറെ കാലത്തിനു ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ ഇഷാൻ കിഷൻ മിന്നും ഇന്നിങ്സ് കളിച്ച് ഇന്ത്യയെ അതിവേ​ഗം കളിയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. താരത്തിന്റെ തകർപ്പൻ ബാറ്റിങിൽ ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ത്യയെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഒപ്പം ചേർന്നു രക്ഷിച്ചെടുക്കുകയായിരുന്നു. ഇതോടെ സഞ്ജുവിനെ മാറ്റി ഇഷാനെ ഓപ്പണറാക്കണമെന്ന മുറവിളിയും ഇപ്പോൾ ഉയരുന്നുണ്ട്.

സഞ്ജുവിന്റെ ബാക് അപ് ഓപ്പണറായാണ് ഇഷാനെ ലോകകപ്പ് ടീമിലേക്ക് പരി​ഗണിച്ചത്. തിലക് വർമയ്ക്ക് പരിക്കേറ്റതോടെ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മൂന്നാം നമ്പറിൽ അവസരം ലഭിച്ചു. കിട്ടിയ അവസരം ആദ്യ കളിയിൽ വിനിയോ​ഗിക്കാനായില്ലെങ്കിലും രണ്ടാം പോരിൽ താരത്തിനു തിളങ്ങാനായി. അതും ടീമിനു അനിവാര്യമായ ഘട്ടത്തിൽ ഉജ്ജ്വലമായ ഇന്നിങ്സ് കളിച്ച് ഇംപാക്ടുണ്ടാക്കാൻ താരത്തിനായി. അത്തരത്തിലുള്ള പ്രകടനം സഞ്ജുവിൽ നിന്നു കാണാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.

സഞ്ജു ഫ്രോഡാണെന്നും പിആറിന്റെ ബലത്തിലാണ് ടീമിലെത്തുന്നതു എന്നതടക്കമുള്ള അതിരൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. വിരമിക്കാൻ സമയമായെന്നും ചിലർ കുറിച്ചു.

സഞ്ജുവിനെ ടീമിലെടുക്കുന്നു. പ്രകടനം നടത്താത്തതിനാൽ പുറത്താക്കുന്നു. പിആർ ടീമിനെ സജ്ജമാക്കുന്നു. വീണ്ടും ടീമിലെത്തുന്നു. അങ്ങേയറ്റം ഫ്രോഡായ കളിക്കാരൻ. സേവനങ്ങൾക്ക് നന്ദി. വിരമിക്കാൻ സമയമായി. തുടങ്ങിയ ആക്ഷേപങ്ങളാണ് താരത്തിനെതിരെ ഉയർന്നത്.

ഞായറാഴ്ച ​ഗുവാഹത്തിയിൽ നടക്കുന്ന മൂന്നാം ടി20 സഞ്ജുവിന് നിർണായകമാണ്. ഈ മത്സരത്തിലും പരാജയപ്പെട്ടാൽ പ്ലെയിങ് ഇലവനിലെ മലയാളി താരത്തിന്റെ സാന്നിധ്യം പോലും തുലാസിലാകും. നാലാം പോരാട്ടത്തിൽ തിലക് തിരിച്ചെത്തിയാൽ വിക്കറ്റ് കീപ്പറായി ഇഷാനായിരിക്കും നറുക്ക് വീഴുക.

‘കോഹ്‍ലിയെ പോലെ ചിന്തിച്ച് ബാറ്റ് ചെയ്യു’; ഇന്ത്യന്‍ താരങ്ങളോട് ഗാവസ്കർ

‘കോഹ്‍ലിയെ പോലെ ചിന്തിച്ച് ബാറ്റ് ചെയ്യു’; ഇന്ത്യന്‍ താരങ്ങളോട് ഗാവസ്കർ

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര കൈവിട്ടതിനു പിന്നാലെ ഇന്ത്യന്‍ ടീമിലെ ബാറ്റര്‍മാരെ വിമര്‍ശിച്ചും വിരാട് കോഹ്‌ലിക്ക് കൈയടിച്ചും ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. മികച്ച രീതിയില്‍ ബാറ്റിങ് തുടങ്ങുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. വേഗമുള്ള പിച്ചില്‍ എങ്ങനെ നിലയുറപ്പിച്ച് ബാറ്റ് ചെയ്യണമെന്നു ടീമിലെ മറ്റു താരങ്ങള്‍ വിരാട് കോഹ്‌ലിയെ കണ്ട് പഠിക്കണമെന്നും ഗാവസ്‌കര്‍.

അവസാന ഏകദിനത്തില്‍ ഇന്ത്യ 41 റണ്‍സ് തോല്‍വി വഴങ്ങി മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1നു കൈവിട്ടിരുന്നു. ചരിത്രത്തിലാദ്യമായാണ് ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ഫൈനല്‍ ഏകദിനത്തില്‍ വിരാട് കോഹ്‌ലി സെഞ്ച്വറിയുമായി ഒരറ്റത്ത് പൊരുതി നിന്നു. ഹര്‍ഷിത് റാണയും നിതീഷ് കുമാര്‍ റെഡ്ഡിയും അര്‍ധ സെഞ്ച്വറികളുമായി കോഹ്‌ലിയെ മികച്ച രീതിയില്‍ പിന്തുണച്ചു. എന്നാല്‍ മറ്റെല്ലാ ബാറ്റര്‍മാരും പരജായപ്പെട്ടത് ഇന്ത്യക്കു തിരിച്ചടിയായി. കോഹ്‌ലി 108 പന്തില്‍ 124 റണ്‍സെടുത്തു.

‘വിരാട് കോഹ്‌ലിക്ക് കാര്യമായൊരു പിന്തുണയും കിട്ടിയില്ല. പരമ്പരയിലുടനീളം ഇന്ത്യക്ക് മികച്ച തുടക്കവും കിട്ടിയില്ല. മികച്ച തുടക്കം കിട്ടിയാല്‍ തന്നെ കാര്യങ്ങള്‍ പകുതി ശരിയാകും. ഇന്ത്യ ഒരിക്കല്‍ പോലും മികച്ച തുടക്കമിടാത്തതാണ് ഇത്തരത്തിലുള്ള വലിയ സ്‌കോര്‍ പിന്തുടരുമ്പോള്‍ കാലിടറി വീഴുന്നതിന്റെ പ്രധാന കാരണം. 159 റണ്‍സ് എത്തുമ്പോഴേക്കും മുന്‍നിരയിലെ അഞ്ച് പേര്‍ പുറത്തായിക്കഴിഞ്ഞിരുന്നു.’

അവസാനം വരെ ജയത്തിനായി പൊരുതിയ കോഹ്‌ലിയുടെ ഇച്ഛാശക്തിയെ ഗാവസ്‌കര്‍ പ്രശംസിച്ചു. അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണ് ടീമിലെ മറ്റ് താരങ്ങളും അനുകരിക്കേണ്ടതെന്നും ഗാവസ്‌കര്‍ എടുത്തു പറയുന്നു.

‘കോഹ്‌ലിയെക്കുറിച്ച് എന്താണ് പറയേണ്ടത്. വിശേഷങ്ങള്‍ക്കുള്ളിലൊന്നും ഒതുങ്ങാത്ത പ്രതിഭയാണ് അദ്ദേഹം. മറ്റ് പല സൂപ്പര്‍ താരങ്ങളും ഇമേജുകളില്‍ കുടുങ്ങിക്കിടക്കുന്നവരാണ്. എന്നാല്‍ കോഹ്‌ലി അങ്ങനെയല്ല. അദ്ദേഹം തന്റെ ബാറ്റിങ് റോളുമായി അഗാധമായി ബന്ധിക്കപ്പെട്ട താരമാണ്. റണ്‍സ് നേടുക എന്നതാണ് അദ്ദേഹത്തിന്റെ എല്ലായ്‌പ്പോഴുമുള്ള ലക്ഷ്യം. ചിലപ്പോള്‍ ജാഗ്രതയോടെ കളിച്ച് പിന്നീട് ആക്രമിച്ചു കളിക്കേണ്ടി വരും. ചിലപ്പോള്‍ തുടക്കം മുതല്‍ ആക്രമിച്ചും പിന്നീട് ഒന്നും രണ്ടും റണ്‍സ് ഓടിയെടുത്തും കളിക്കേണ്ടി വരും.’

‘വലിയ പ്രതീക്ഷകളല്ല ക്രീസില്‍ നില്‍ക്കുമ്പോള്‍ കോഹ്‌ലിയെ നിയന്ത്രിക്കുന്നത്. അതാണ് പ്രധാനം. ഉടന്‍ ഒരു സിക്‌സടിക്കണമെന്നല്ല ക്രീസില്‍ എത്തിയാല്‍ അദ്ദേഹം ചിന്തിക്കുന്നത്. മറിച്ച് സാഹചര്യം നോക്കിയാണ്. ആ ഏകാഗ്രത അദ്ദേഹം അവസാനം വരെ നിലനിര്‍ത്തുന്നു. അവസാന നിമിഷം വരെ ശ്രമം തുടരുന്നു. യുവ താരങ്ങള്‍ക്ക് അതൊരു വലിയ പാഠമാണ്. ഇമേജുകള്‍ക്ക് ചുറ്റും കറങ്ങാതെ സഹചര്യത്തിനനുസരിച്ച് കളിയെ വികസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പതിയെ സ്ഥിരതയുള്ളവരായി മാറാനുള്ള ആര്‍ജവം അവര്‍ക്ക് കിട്ടും.’

അവസരത്തിനൊത്തുയര്‍ന്ന ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെ ഗാവസ്‌കര്‍ അഭിനന്ദിച്ചു. കെഎല്‍ രാഹുലിനെ പോലെ മിന്നും ഫോമില്‍ നില്‍ക്കുന്ന താരം പെട്ടെന്നു പുറത്തായപ്പോള്‍ ഇരുവരും അവസരത്തിനൊത്തുയര്‍ന്നു. ഇതുവരെ ബാറ്റിങില്‍ കാര്യമായ മികവ് പുറത്തെടുക്കാത്ത ഇരുവരും തിളങ്ങിയത് ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്നതായി മാറിയെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.

‘മുന്‍ പരാജയങ്ങള്‍ ബാധിക്കാതെ മാനസിക കരുത്തോടെ ബാറ്റ് ചെയ്യാനുള്ള ഹര്‍ഷിതിന്റെ കഴിവ് എന്നെ ആകര്‍ഷിച്ചു. മികച്ച ഇന്നിങ്‌സാണ് ഹര്‍ഷിത് കളിച്ചത്. ഒരു ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍ എന്താണ് ചെയ്യേണ്ടത് എന്നത് ഹര്‍ഷിത് ഇതാദ്യമായി കാണിച്ചു തന്നു. മറുവശത്ത് കോഹ്‌ലിയെപ്പോലെ ഒരു താരമുള്ളതിനാല്‍ ഹര്‍ഷിതിന് ആശങ്കയില്ലാതെ കളിക്കാനും സാധിച്ചു’- ഗാവസ്‌കര്‍ വ്യക്തമാക്കി.

‘ഒന്നാം നിലയിൽ നിന്ന് താഴെ വീണു, ‍ഞാൻ മരിച്ചെന്ന് അവരെല്ലാം കരുതി’; വെളിപ്പെടുത്തി ഇന്ത്യൻ താരം

‘ഒന്നാം നിലയിൽ നിന്ന് താഴെ വീണു, ‍ഞാൻ മരിച്ചെന്ന് അവരെല്ലാം കരുതി’; വെളിപ്പെടുത്തി ഇന്ത്യൻ താരം

മുംബൈ: പത്താം വയസിൽ താൻ മരണത്തെ മുഖാമുഖം കണ്ടെന്നു വെളിപ്പെടുത്തി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജെമിമ റോ‍ഡ്രി​​ഗ്സ്. ഒരു ഓഡിറ്റോറിയത്തിന്റെ ഒന്നാം നിലയിൽ നിന്നു താൻ താഴേക്കു വിണിട്ടുണ്ടെന്നാണ് താരം വ്യക്തമാക്കിയത്. പത്ത് വയസുള്ളപ്പോൾ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വീട്ടുകരെല്ലാം ഭയന്നു പോയി. ഭാ​ഗ്യത്തിനു അപകടത്തിൽ ​ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചില്ലെന്നും ജെമിമ വെളിപ്പെടുത്തി. ഒരഭിമുഖത്തിനിടെയാണ് താരം കുട്ടിക്കാല അനുഭവം പറഞ്ഞത്.

;എനിക്ക് അന്ന് എട്ടോ, പത്തോ വയസാണ്. പള്ളിയിലെ ഒരു പരിപാടിയുടെ ഭാഗമായി ബന്ധുക്കളെല്ലാം ഓഡിറ്റോറിയത്തിലായിരുന്നു. ഞങ്ങൾ കുട്ടികൾ കളിക്കുകയായിരുന്നു. കളിക്കുന്നതിനിടെ ഒരു പെട്ടിയിൽ ചവിട്ടിയതും ഞാന്‍ ഒന്നാം നിലയിൽ നിന്നു താളേക്ക് പതിച്ചു. താഴെ ഇരുന്ന് ഒരാൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അവരുടെ തലയിലേക്കാണു ഞാൻ വീണത്. എനിക്കൊപ്പമുണ്ടായിരുന്ന കുട്ടികൾ ഞാൻ മരിച്ചു പോയെന്നാണ് കരുതിയത്. ആ വീഴ്ച അത്തരത്തിലായിരുന്നു. എന്നാൽ എനിക്ക് കാര്യമായൊന്നും സംഭവിച്ചില്ല’- ജെമിമ വ്യക്തമാക്കി.

നിലവിൽ വനിതാ പ്രീമിയർ ലീ​ഗ് കളിക്കുകയാണ് താരം. ഇത്തവണ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ ജെമിമയാണ്.

ഇക്കഴിഞ്ഞ വനിതാ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ സെമിയിൽ താരം ഐതിഹാസിക ഇന്നിങ്സ് കളിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. താരം നേടിയ 127 റൺസിന്റെ ബലത്തിലാണ് ഇന്ത്യ ഫൈനലുറപ്പിച്ചതും ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കന്നി ഏകദിന ലോകകപ്പ് ഉയർത്തിയതും. 25 വകാരിയായ താരം. ഇന്ത്യയ്ക്കായി 115 ടി20യും 59 ഏകദിന മത്സരങ്ങളും മൂന്ന് ടെസ്റ്റുകളും കളിച്ചിട്ടുണ്ട്.

മലേഷ്യ ഓപ്പണ്‍; പിവി സിന്ധുവിന്റെ സ്വപ്‌നക്കുതിപ്പിന് സെമിയില്‍ വിരാമം

മലേഷ്യ ഓപ്പണ്‍; പിവി സിന്ധുവിന്റെ സ്വപ്‌നക്കുതിപ്പിന് സെമിയില്‍ വിരാമം

ക്വലാലംപുര്‍: പരിക്ക് മാറി കളത്തിലേക്ക് തിരിച്ചെത്തി മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ മികച്ച മുന്നേറ്റം നടത്തിയ ഒളിംപ്യന്‍ പിവി സിന്ധുവിന്റെ കുതിപ്പിന് സെമി ഫൈനലില്‍ വിരാമം. ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ വാങ് സി യിയാണ് സിന്ധുവിനെ അവസാന നാലില്‍ വീഴ്ത്തിയത്.

സെമിയില്‍ സിന്ധു പൊരുതി വീഴുകയായിരുന്നു. സ്‌കോര്‍ 16-21, 15-21.

നേരത്തെ ക്വാര്‍ട്ടറില്‍ ജപ്പാന്റെ അകനെ യാമഗുചിയുമായുള്ള പോരാട്ടത്തില്‍ ആദ്യ സെറ്റ് നേടിയ ശേഷമാണ് സിന്ധു സെമി ഉറപ്പിച്ചത്. ആദ്യ സെറ്റില്‍ മികച്ച ആധിപത്യം പുലര്‍ത്തി സിന്ധു 21-11 എന്ന നിലയില്‍ സെറ്റ് സ്വന്തമാക്കി. പിന്നാലെ ജപ്പാന്‍ താരം പരിക്കേറ്റ് പിന്‍മാറി. ഇതോടെയാണ് സിന്ധു സെമിയിലേക്ക് മുന്നേറിയത്.

സിഡ്‌നി ഗ്രൗണ്ടിലെ 79 വര്‍ഷത്തെ റെക്കോര്‍ഡ് പഴങ്കഥ!; ആഷസില്‍ അവസാന മത്സരവും ജയിച്ച് ഓസട്രേലിയ

സിഡ്‌നി ഗ്രൗണ്ടിലെ 79 വര്‍ഷത്തെ റെക്കോര്‍ഡ് പഴങ്കഥ!; ആഷസില്‍ അവസാന മത്സരവും ജയിച്ച് ഓസട്രേലിയ

സിഡ്‌നി: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ അവസാന ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് ജയം. അഞ്ച് വിക്കറ്റിനാണ് ഓസീസ് സന്ദര്‍ശകരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 160 റണ്‍സിന്റെ ലീഡ് ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ അഞ്ച് മത്സര പരമ്പര ഓസീസ് 4- 1ന് സ്വന്തമാക്കി. സ്‌കോര്‍: ഇംഗ്ലണ്ട് 384, 342, ഓസ്ട്രേലിയ 567, 161/5.

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് അവസാനിച്ച ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ആഷസ് ടെസ്റ്റ്, കാണികളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ചരിത്രം കുറിച്ചു. 1946-47 ലെ ആഷസ് ടെസ്റ്റില്‍ സിഡ്‌നി ഗ്രൗണ്ടില്‍ എത്തിയ കാണികളുടെ റെക്കോര്‍ഡ് ആണ് പഴംങ്കഥയായത്. അന്ന് കളി കാണാന്‍ എത്തിയത് 195,253 പേരായിരുന്നെങ്കില്‍ ഇത്തവണ സിഡ്‌നി ഗ്രൗണ്ടില്‍ ആഷസിലെ അവസാനമത്സരം കാണാന്‍ എത്തിയത് 211,032 പേരാണ്.

183 റണ്‍ പിറകിലായിട്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ക്ഷമയോടെ ബാറ്റ്ചെയ്ത സെഞ്ചുറി ജേക്കബ് ബേതലിന്റെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 265 പന്തുകള്‍ നേരിട്ട താരം 154 റണ്‍സെടുത്തു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 302 എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 26 റണ്‍സ് കൂട്ടിചേര്‍ക്കും മുമ്പ് ജേക്കബ് ബേതലിനെ നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കാണ് താരത്തെ പുറത്താക്കിയത്. ഇതോടെ ഇംഗ്ലണ്ട് പ്രതിരോധം അവസാനിച്ചു. 342ന് ടീം ഓള്‍ഔട്ടായി.

ബെന്‍ ഡക്കറ്റും ഹാരി ബ്രൂക്കും മാത്രമാണ് ജേക്കബ് ബെതെലിസ് പിന്തുണ നല്‍കിയത്. ജോ റൂട്ട്(6), സാക് ക്രോളി(1), ബെന്‍ സ്റ്റോക്സ്(1), വില്‍ ജാക്സ്(0) എന്നിവര്‍ക്കൊന്നും പിടച്ചുനില്‍ക്കാനായില്ല. 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയ റണ്‍ കരസ്ഥമാക്കി. 50.4 ഓവര്‍ ബാക്കി നില്‍ക്കെയാണ് ഓസീസ് അനായാസ ജയം കരസ്ഥമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിനും സ്റ്റീവ് സ്മിത്തിനും രണ്ടാം ഇന്ന്ങിസില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഹെഡ് 29 റണ്‍സിനും സ്മിത്ത് 12 റണ്‍സിനും പുറത്തായി. മര്‍നസ് ലാബുഷെയ്ന്‍ 37 ജാക്ക് വെതറാള്‍ഡ് 34 റണ്‍സിനും ഉസ്മാന്‍ ഖവാജ ആറ് റണ്‍സിനും പുറത്തായി.

10 സിക്‌സ്, ഓടിയെടുത്തത് 4 റണ്‍സ്! 24 പന്തില്‍ 68 അടിച്ച് വൈഭവ് സൂര്യവംശി

10 സിക്‌സ്, ഓടിയെടുത്തത് 4 റണ്‍സ്! 24 പന്തില്‍ 68 അടിച്ച് വൈഭവ് സൂര്യവംശി

ബെനോനി: 14കാരന്‍ വിസ്മയ ബാറ്റര്‍ വൈഭവ് സൂര്യവംശിയുടെ തീപ്പൊരി ബാറ്റിങ് തുടരുന്നു. ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ഏകദിന പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ടീമിന്റെ ജയം വളരെ പെട്ടെന്നാക്കിയാണ് താരം ക്രീസ് വിട്ടത്. തുടരെ രണ്ടാം മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര ഉറപ്പിക്കുകയും ചെയ്തു.

ആകെ 24 പന്തുകള്‍ മാത്രമാണ് മത്സരത്തില്‍ താരം നേരിട്ടത്. അടിച്ചെടുത്തത് 68 റണ്‍സ്! 10 സിക്‌സും ഒരു ഫോറും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ഓടിയെടുത്തത് 4 റണ്‍സ് മാത്രം!

നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയ വൈഭവ് സൂര്യവംശി 19 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തി. പിന്നാലെ രണ്ട് സിക്‌സും ഒരു ഫോറും ഒരു സിംഗിളും കണ്ടെത്തിയ താരം 24 പന്തില്‍ 68 റണ്‍സുമായി മടങ്ങി.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് കൗമാരപ്പട 49.3 ഓവറില്‍ 245 റണ്‍സിന് എല്ലാവരും പുറത്തായി. എന്നാല്‍ പിന്നീട് കനത്ത മഴ പെയ്തതോടെ കളി മുടങ്ങി. മഴ മാറി മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യയുടെ ജയം 27 ഓവറില്‍ 174 റണ്‍സായി പുനര്‍നിര്‍ണയിച്ചു.

ക്യാപ്റ്റന്റെ സ്‌ഫോടനാത്മക ബാറ്റിങ് കരുത്തില്‍ ഇന്ത്യ 23.3 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 176 റണ്‍സെടുത്ത് ജയം സ്വന്തമാക്കി. വൈഭവിനു പുറമെ വേദാന്ത് ത്രിവേദി (പുറത്താകാതെ 31), അഭിഗ്യാന്‍ കുണ്ടു (പുറത്താകാതെ 48) എന്നിവര്‍ ജയിക്കുമ്പോള്‍ ക്രീസില്‍ നിന്നു. മലയാളി താരം ആരോണ്‍ ജോര്‍ജ് 20 റണ്‍സുമായി മടങ്ങി.