by Midhun HP News | Jan 5, 2026 | Latest News, കായികം
സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 364 റണ്‍സിന് പുറത്തായി. പരമ്പരയിലെ രണ്ടാമത്തെ സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെ പ്രകടനമാണ് എടുത്തുപറയേണ്ടത്.
ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ചായയ്ക്ക് മുന്‍പാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചത്. 242 പന്തില്‍ നിന്ന് 160 റണ്‍സ് നേടിയ റൂട്ടിന്റെ 41-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.മൈക്കിള്‍ നെസറിന്റെ പന്തിലാണ് റൂട്ട് ഔട്ടായത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നെസര്‍ 60 റണ്‍സ് വഴങ്ങി നാലുവിക്കറ്റുകള്‍ നേടി മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ന് വില്‍ ജാക്സ്, റൂട്ട്, ജോഷ് ടോങ് എന്നിവരുടെ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് വേഗത്തില്‍ അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണ് നെസര്‍ വഹിച്ചത്.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 എന്ന നിലയിലായിരുന്നു. തുടര്‍ന്ന് കളത്തില്‍ ഇറങ്ങിയപ്പോള്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ട് വാലറ്റത്തെ വരിഞ്ഞുമുറുക്കുകയായിരുന്നു. റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും 169 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിന്റെ ഹൈലൈറ്റ്. ഈ കൂട്ടുകെട്ടിന്റെ ബലത്തില്‍ ശക്തമായ നിലയിലേക്ക് നീങ്ങിയിരുന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത് സ്‌കോട്ട് ബോളണ്ട് ആയിരുന്നു. ഈ കൂട്ടുകെട്ട് തകര്‍ത്തത് ബോളണ്ട് ആണ്. ഹാരി ബ്രൂക്കിനെയാണ് ബോളണ്ട് പുറത്താക്കിയത്. പിന്നീട് വന്ന ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പൂജ്യത്തിന് പുറത്തായി.
രണ്ടാം ടെസ്റ്റിലാണ് ജോ റൂട്ട് ഈ പരമ്പരയിലെ ആദ്യ സെഞ്ച്വറി നേടിയത്. അന്ന് 138 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ടെസ്റ്റ് സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ ഇംഗ്ലണ്ട് താരം ഇപ്പോള്‍ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന് ഒപ്പമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (51) ജാക്വസ് കാലിസ് (45) എന്നിവരാണ് തൊട്ടുമുന്നില്‍.



by Midhun HP News | Jan 1, 2026 | Latest News, കായികം
സിഡ്നി: ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇന്ത്യയിലും ശ്രീലങ്കയിലുമായി ഫെബ്രുവരിയിൽ നടക്കുന്ന പോരാട്ടത്തിൽ സ്പിന്നർമാർക്ക് വലിയ പ്രാധാന്യം നൽകിയാണ് ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചത്. ടി20യിൽ നിന്നു വിരമിച്ച സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിന്റെ പകരക്കാരനായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല.
പരിക്കിനെ തുടർന്നു ടീമിൽ നിന്നു പുറത്തായ ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, പേസർ ജോഷ് ഹെയ്സൽവുഡ് എന്നിവർ ലോകകപ്പ് ടീമിലുണ്ട്. ആഷസ് പരമ്പരയിലെ ഒരു മത്സരം മാത്രമാണ് പാറ്റ് കമ്മിൻസ് കളിച്ചത്. ജനുവരി അവസാനം നടക്കുന്ന അന്തിമ പരിശോധനകൾക്കു ശേഷമാകും കമ്മിൻസ് ലോകകപ്പിൽ കളിക്കുന്ന കാര്യത്തിൽ വ്യക്തത വരുക. ആഷസ് പരമ്പര പൂർണമായും നഷ്ടപ്പെട്ട ജോഷ് ഹെയ്‍സൽവുഡിനെയും ഫിറ്റ്നസ് ടെസ്റ്റുകൾക്ക് വിധേയനാക്കും. പരിക്കേറ്റ് പുറത്തായ ഹാർഡ് ഹിറ്റർ ടിം ഡേവിഡും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. താരവും ലോകകപ്പ് ആകുമ്പോഴേക്കും ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ്, ടിം ഡേവിഡ് എന്നിവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ലോകകപ്പിന് അവർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെലക്ടർ ജോർജ് ബെയ്‌ലി പറഞ്ഞു. ഇപ്പോൾ പ്രഖ്യാപിച്ചത് പ്രാഥമിക ടീം മാത്രമാണെന്നും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടം കൈ സ്പിന്നർമാരായ മാറ്റ് കുനെമാൻ, കൂപ്പർ കോണോളി എന്നിവരെ 15 അംഗ ടീമിലേക്ക് ഉൾപ്പെടുത്തി. ആദം സാംപ, പാർട്ട് ടൈം സ്പിന്നർ ഗ്ലെൻ മാക്സ്‌വെൽ എന്നിവരും ടീമിലുണ്ട്. ഓസ്ട്രേലിയയുടെ ഗ്രൂപ്പ് ഘട്ട മത്സങ്ങൾ മുഴുവൻ ശ്രീലങ്കയിലാണ് നടക്കുന്നത്. കമ്മിൻസിനും ഹെയ്‌സൽവുഡിനും പുറമേ നതാൻ എല്ലിസ്, സേവ്യർ ബാർട്‌ലെറ്റ്, ഓൾറൗണ്ടർമാരായ കാമറൂൺ ഗ്രീൻ, മാർക്കസ് സ്റ്റോയിനിസ് എന്നിവരാണ് ടീമിലെ പേസർമാർ. എല്ലാവരും വലം കൈയൻ ബൗളർമാരാണ്.
2026ലെ ഐപിഎലിന് മുന്നോടിയായി പഞ്ചാബ് കിങ്സ് നിലനിർത്തിയ ഓൾറൗണ്ടർ മിച്ചൽ ഓവനെ ടീമിലേക്ക് പരിഗണിച്ചില്ല. ഫെബ്രുവരി ഏഴ് മുതലാണ് ലോകകപ്പ് പോരാട്ടങ്ങൾ തുടങ്ങുന്നത്. ഫെബ്രുവരി 11ന് കൊളംബോയിൽ അയർലൻഡിനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ ലോകകപ്പ് മത്സരം. ടൂർണമെന്റിനു മുന്നോടിയായി പാകിസ്ഥാനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
ഓസ്‌ട്രേലിയ ടി20 ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, കൂപ്പര്‍ കോണോലി, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, നതാന്‍ എല്ലിസ്, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്‌റ്റോയിനിസ്, ആദം സാംപ.
by Midhun HP News | Jan 1, 2026 | Latest News, കായികം
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനെ വീഴ്ത്തി കേരളത്തിന് തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ റണ്‍മലയെ അതേ നാണയത്തില്‍ തിരിച്ചടിച്ച കേരളം 50 ഓവറില്‍ 343 റണ്‍സ് എന്ന ലക്ഷ്യം രണ്ടു വിക്കറ്റ് ശേഷിക്കെ അടിച്ചെടുത്തു.
ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ കരണ്‍ ലംബയുടെയും (119), ദീപക് ഹൂഡയുടെയും (86) ബാറ്റിങ് മികവില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ കേരളം ആദ്യ പന്തിലെ വിക്കറ്റ് നഷ്ടത്തിലും പതറാതെ പൊരുതി.
നേരിട്ട ആദ്യ പന്തില്‍ നായകന്‍ രോഹന്‍ കുന്നുമ്മല്‍ (0) ക്ലീന്‍ ബൗള്‍ഡായി മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ കൃഷ്ണ പ്രസാദും (53), ബാബ അപരാജിതും (116 പന്തില്‍ 126 റണ്‍സ്) ചേര്‍ന്ന് കേരളത്തിന്റെ മറുപടി ബാറ്റിങ്ങിന് അടിത്തറ പാകി. സ്‌കോര്‍ 155ലെത്തി നില്‍ക്കെയാണ് രണ്ടാം വിക്കറ്റ് നഷ്ടമായത്. പിന്നീട് വിഷ്ണു വിനോദ് (28), മുഹമ്മദ് അസ്ഹറുദ്ദീന്‍ (28), അങ്കിത് ശര്‍മ (27) എന്നിവരിലൂടെ പതിയ റണ്‍ചേസ് തുടര്‍ന്നു. നാലാമനായി ബാബ അപരാജിത് മടങ്ങിയതോടെ പ്രതിസന്ധിയിലായ കേരള ബാറ്റിങ്ങിനെ മധ്യനിര പതിയെ പിടിച്ചു നിര്‍ത്തുകയായിരുന്നു.
അവസാന ഓവറുകളില്‍ കളികൈവിട്ടുവെന്ന് ഉറപ്പിച്ചിരിക്കെ ഏഡന്‍ ആപ്പില്‍ ടോമിന്റെ ബാറ്റിന് തീപ്പിടിച്ചു. 18 പന്തില്‍ അഞ്ച് സിക്‌സും ഒരു ബൗണ്ടറിയുമായി 40 റണ്‍സ് നേടിയ ആപ്പിള്‍ ടോമിന്റെ മാസ്മരിക ഇന്നിങ്‌സ് കേരള വിജയം ഉറപ്പിച്ച ശേഷമേ അവസാനിപ്പിച്ചുള്ളൂ. ഒമ്പതാം വിക്കറ്റില്‍ ആപ്പിള്‍ ടോമും എം.ഡി നിധീഷും (2) പുറത്താകാതെ ക്രീസില്‍ നിന്നു.
രാജസ്ഥാന്റെ അങ്കിത് ചൗധരി നാലും, കേരളത്തിനായി ഷറഫുദ്ദീന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ ജയവും, ശേഷം രണ്ട് മത്സരങ്ങളില്‍ തോല്‍വിയും വഴങ്ങിയ ശേഷമാണ് കേരളം വിജയവഴിയില്‍ തിരിച്ചെത്തുന്നത്.



by Midhun HP News | Dec 29, 2025 | Latest News, കായികം
ദോഹ: ഫിഡെ ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സന് കിരീടം. കരിയറില്‍ ആറാം തവണയാണ് കാള്‍സന്‍ കിരീടം സ്വന്തമാക്കുന്നത്. ഇന്ത്യയുടെ അര്‍ജുന്‍ എരിഗൈസിയ്ക്കാണ് പുരുഷ വിഭാഗത്തില്‍ വെങ്കലം. താരത്തിനു 9.5 പോയിന്റ്. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ കൊനേരു ഹംപിയും വെങ്കലം നേടി.
10.5 പോയിന്റുകള്‍ നേടിയാണ് കാള്‍സന്‍ കിരീടം ഉറപ്പിച്ചത്. നേരത്തെ 2014, 15, 19, 22, 23 വര്‍ഷങ്ങളിലാണ് കാള്‍സന്റെ കിരീട നേട്ടം. മൂന്ന് തുടര്‍ ജയങ്ങളുമായാണ് താരം അവസാന പോരാട്ടത്തിനിറങ്ങിയത്. അവസാന റൗണ്ടില്‍ അനിഷ് ഗിരിയുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെ കിരീടമുറപ്പിച്ചു.
നേരിയ വ്യത്യാസത്തിലാണ് വനിതാ വിഭാഗത്തില്‍ ഹംപിയ്ക്കു മൂന്നാം കിരീടം നഷ്ടമായത്. അലക്‌സാന്ദ്ര ഗൊര്യാച്കിന, സു ജിനര്‍ എന്നിവരാണ് സ്വര്‍ണം, വെള്ളി കിരീടങ്ങള്‍ നേടിയത്. മൂന്ന് പേര്‍ക്കും 8.5 പോയിന്റായിരുന്നു. ടൈ ബ്രേക്കറില്‍ ഇരുവര്‍ക്കും ഹംപിയേക്കാള്‍ പോയിന്റ് വന്നതോടെയാണ് ഇന്ത്യന്‍ താരം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
ടൂര്‍ണമെന്റില്‍ കളിച്ച മലയാളി താരം നിഹാല്‍ സരിന്‍ 19ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. താരം 8.5 പോയിന്റുകള്‍ നേടി. ക്ലാസിക്ക് ലോക ചാംപ്യന്‍ ഡി ഗുകേഷ് ഇതേ പോയിന്റുമായി 20ാം സ്ഥാനത്തും ആര്‍ പ്രഗ്നാനന്ദ 27ാം സ്ഥാനത്തും ഫിനിഷ് ചെയ്തു.



by Midhun HP News | Dec 29, 2025 | Latest News, കായികം
അലെക്‌സാന്ദ്ര: വനിതാ ടി20യിലെ അതിവേഗ അര്‍ധ സെഞ്ച്വറി റെക്കോര്‍ഡിനു പുതിയൊരു അവകാശി കൂടി. മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഓസ്‌ട്രേലിയയുടെ ലോറ ഹാരിസാണ് റെക്കോര്‍ഡിനൊപ്പമെത്തിയത്. 15 പന്തുകളില്‍ 50 അടിച്ചാണ് താരത്തിന്റെ താരത്തിന്റെ നേട്ടം. 2022ല്‍ വാര്‍വിക്‌ഷെയര്‍ താരം മേരി കെല്ലി 15 പന്തില്‍ 50 തികച്ചിരുന്നു.
ന്യൂസിലന്‍ഡിലെ ആഭ്യന്തര പോരാട്ടമായ വനിതാ സൂപ്പര്‍ സ്മാഷ് മത്സരത്തിലാണ് ഓസീസ് താരത്തിന്റെ റെക്കോര്‍ഡ് ബാറ്റിങ്. ഒട്ടാഗോ സ്പാർക്സ് വനിതാ ടീം താരമായ ലോറ കാൻഡർബെറി മജീഷ്യൻസ് വനിതകള്‍ക്കെതിരെയാണ് മിന്നും ബാറ്റിങ് പുറത്തെടുത്തത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാന്‍ഡര്‍ബെറി നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് കണ്ടെത്തിയത്. ഒട്ടാഗോ ലോറയുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ വെറും 14.5 ഓവറില്‍ 146 അടിച്ച് ജയം സ്വന്തമാക്കി.
നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാനെത്തിയ ലോറ 6 ഫോറും 4 സിക്‌സും സഹിതമാണ് അതിവേഗം അര്‍ധ ശതകത്തിലെത്തിയത്. താരം 17 പന്തില്‍ 52 റണ്‍സുമായി പുറത്തായി. മാന്‍ ഓഫ് ദി മാച്ചും ലോറയാണ്. നേരത്തെ വനിതാ പ്രീമിയര്‍ ലീഗില്‍ രണ്ട് സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച താരമാണ് ലോറ ഹാരിസ്.



by Midhun HP News | Dec 27, 2025 | Latest News, കായികം
ലോക ക്രിക്കറ്റിൽ ബൗളിങ് ആക്ഷന്റെ പേരിൽ ശ്രദ്ധേയരായ ഒട്ടനവധി താരങ്ങളുണ്ട്. ചിലരുടെ ആക്ഷൻ കൗതുക കാഴ്ച കൂടിയാണ്. എന്നാൽ ഇതുവരെ ആരും ലോക ക്രിക്കറ്റിൽ കണ്ടിട്ടില്ലാത്തൊരു ബൗളിങ് ആക്ഷനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഒരു സ്പിന്നറുടെ ആക്ഷനാണ് ആരാധകരെ ഞെട്ടിച്ചത്. പോൾ ആഡംസ് അടക്കമുള്ള പഴയകാല സ്പിന്നർമാർ ഒരു നിമിഷം ചില ആരാധകരുടെ മനസിലേക്ക് എത്തുമെങ്കിലും അതുക്കും മേലെയുള്ള ആക്ഷനാണ് ഈ സ്പിന്നറുടേത്.
ഒരു ഡാൻസറെ പോലെ ആക്ഷൻ കാണിച്ച് ബൗളിങിനെത്തുന്ന താരം ബാറ്ററെ അടിമുടി ആശയക്കുഴപ്പത്തിലാക്കിയാണ് പന്തെറിയുന്നത്. ഇടം കൈയൻ സ്പിന്നറെ പോലെ റൺ അപ്പ് ചെയ്തു വന്നു ആക്ഷനു തൊട്ടുമുൻപ് പന്ത് വലതു കൈയിലേക്ക് മാറ്റിയാണ് ബൗളർ പന്ത് തൊടുത്തത്. ഇതോടെ ആശയക്കുഴപ്പത്തിലായ ബാറ്റർ ക്രീസിൽ നിന്നു ഇറങ്ങി ഷോട്ട് അടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്ത് താരം ഔട്ടായി.
വിഡിയോ അതിവേഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പിന്നാലെ രസകരമായ കമന്റുകളും വന്നു. എക്കാലത്തേയും മികച്ച ബൗളിങ് ആക്ഷൻ എന്നായിരുന്നു ഒരു കമന്റ്.
അച്ഛൻ അവനെ ഒരു ക്രിക്കറ്റ് താരമായി വളർത്തണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ അമ്മയ്ക്ക് അവൻ നർത്തകനാകണം എന്നായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഇത്തരത്തിൽ പന്തെറിയാൻ ആരംഭിച്ചത് എന്നായിരുന്നു മറ്റൊരു രസികന്റെ കമന്റ് വന്നത്. എവിടെ നടക്കുന്ന പോരാട്ടത്തിലാണ് ഈ ബൗളിങെന്നും ആരാണ് താരമെന്നും എന്നതു സംബന്ധിച്ചു നിലവിൽ വിവരങ്ങളൊന്നും വന്നിട്ടില്ല.



Recent Comments