by Midhun HP News | Jul 10, 2026 | Latest News, കായികം
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് പോരാട്ടങ്ങൾ ക്വാർട്ടർ ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. ടൂർണമെന്റിൽ വിവാദങ്ങൾക്കും പഞ്ഞമില്ല. തുടക്കം മുതൽ ടിക്കറ്റ് നിരക്കിലെ ഭീമൻ വർധന മുതൽക്ക് പല മത്സരങ്ങളും ഫിഫയുടെ തിരക്കഥയ്ക്ക് അനുസരിച്ചാണ് നടക്കുന്നതെന്ന വാദങ്ങൾ വരെ ഉയർന്നു. അതിനിടെയാണ് കിരീട പ്രതീക്ഷയുമായി എത്തിയ പോർച്ചുഗലിന്റെ പുറത്താകൽ. പ്രീ ക്വാർട്ടറിൽ സ്പെയിനിനോടു പരാജയപ്പെട്ട് പോർച്ചുഗൽ മടങ്ങിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഐതിഹാസിക ലോകകപ്പ് യാത്രയ്ക്കും വിരമാമായിരുന്നു. പിന്നാലെയിതാ ലോകകപ്പിലെ ടിക്കറ്റ് വിൽപ്പനയിലും വൻ ഇടിവ് വന്നതായി റിപ്പോർട്ടുകൾ വരുന്നു. ഇതോടെ ഫിഫ പല മത്സരങ്ങളുടേയും ടിക്കറ്റ് നിരക്കിൽ വലിയ കറവു വരുത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
പോർച്ചുഗലിനൊപ്പം ആതിഥേയരായ യുഎസ്എയും ടൂർണമെന്റിൽ നിന്ന് പുറത്തായതാണ് വലിയ തിരിച്ചടിയെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. ഏറ്റവും വലിയ നോക്കൗട്ട് മത്സരങ്ങളിലൊന്നിന്റെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഇടിഞ്ഞു. ടിക്കറ്റ് വിൽപനക്കാരായ ‘ടിക്പിക്ക്’ നൽകുന്ന വിവരങ്ങൾ പ്രകാരം വെള്ളിയാഴ്ച നടക്കുന്ന സ്പെയിൻ- ബെൽജിയം ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ചൊവ്വാഴ്ച ഉച്ചയോടെ 2,950 ഡോളറിൽ (ഏകദേശം 2.45 ലക്ഷം രൂപ) നിന്ന് 1,200 ഡോളറായി (ഏകദേശം 1 ലക്ഷം രൂപ) കുറഞ്ഞുവെന്നാണ് വിവരം.
പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബെൽജിയത്തിനോട് 4-1 ന് പരാജയപ്പെട്ട് ആതിഥേയരായ യുഎസ് പുറത്തായതാണ് ടിക്കറ്റ് നിരക്കുകൾ പെട്ടെന്ന് കുറയാൻ പ്രധാന കാരണം. ആതിഥേയ രാജ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിൽ ടിക്കറ്റുകൾക്കായി ആരാധകർക്കിടയിൽ ഇതിലും വലിയ ഡിമാൻഡ് ഉണ്ടാകുമായിരുന്നു.
പോർച്ചുഗലിന്റെ പുറത്താകലും ടിക്കറ്റ് നിരക്കുകൾ താഴേക്ക് വരാൻ കാരണമായി. കഴിഞ്ഞ മത്സരത്തിൽ പോർച്ചുഗലിനെ 1-0 ന് സ്പെയിൻ പരാജയപ്പെടുത്തിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കരിയറിന് അവസാനമാവുകയും ടൂർണമെന്റിലെ ഏറ്റവും വലിയ ആഗോള ആകർഷണം നോക്കൗട്ട് ഘട്ടത്തിൽ നിന്ന് നഷ്ടമാവുകയും ചെയ്തു.
യുഎസ്എയും പോർച്ചുഗലും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. റൊണാൾഡോയുടെ സാന്നിധ്യവും ആതിഥേയ രാജ്യത്തിന്റെ പിന്തുണയും ടിക്കറ്റ് ആവശ്യകത ഇനിയും ഉയർത്തുമെന്നായിരുന്നു ഫിഫ വിലയിരുത്തൽ. എന്നാൽ രണ്ട് കണക്കുകൂട്ടലുകളും അസ്ഥാനത്തായി.
കഴിഞ്ഞ ദിവസം നടന്ന ഫ്രാൻസ്- മൊറോക്കോ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിനാണ് നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ വിറ്റുപോയത്. ടിക്പിക്ക് പ്രകാരം 989 ഡോളർ മുതൽ (ഏതാണ്ട് 82,000 ഇന്ത്യൻ രൂപയ്ക്ക് മുകളിൽ) ഈ മത്സരത്തിന്റെ ടിക്കറ്റുകൾ ലഭ്യമായിരുന്നു.
ക്വാർട്ടറിലെ ഇനിയുള്ള മത്സരങ്ങൾ
സ്പെയിൻ vs ബെൽജിയം
അമേരിക്കയെ 4-1 ന് തകർത്താണ് ബെൽജിയം എത്തുന്നത്. മറുഭാഗത്ത് ഈ ലോകകപ്പിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത ഏക ടീമെന്ന കരുത്തുമായാണ് സ്പെയിൻ ഇറങ്ങുന്നത്.
നോർവേ vs ഇംഗ്ലണ്ട്
ഏർലിങ് ഹാളണ്ടിന്റെ നോർവേയും ഹാരി കെയ്ൻ നയിക്കുന്ന ഇംഗ്ലണ്ടും തമ്മിലാണ് പോരാട്ടം.
അർജന്റീന vs സ്വിറ്റ്സർലൻഡ്
നിലവിലെ ലോക ചാംപ്യന്മാരായ അർജന്റീന അവസാന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ നേരിടും.
by Midhun HP News | Jul 8, 2026 | Latest News, കായികം
അറ്റ്‌ലാന്റ : ലോകകപ്പില്‍ ഈജിപ്തിനെ പരാജയപ്പെടുത്തി അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍, റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന സ്വന്തം പേരിലുള്ള റെക്കോര്‍ഡാണ് മെസി പുതുക്കിയത്. ഈജിപ്തിനെതിരെ നേടിയ ഗോളോടെ ലോകകപ്പില്‍ മെസിയുടെ ഗോള്‍ നേട്ടം 21 ആയി. ലോകകപ്പില്‍ 21 ഗോളുകള്‍ തികയ്ക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമായും മെസി മാറി.
തുടര്‍ച്ചയായ ഒന്‍പതാം ലോകകപ്പ് മത്സരത്തിലാണ് മെസ്സി ഗോള്‍ നേടുന്നത്, ഇതും റെക്കോര്‍ഡാണ്. കൂടാതെ, ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോര്‍ഡും (8 എണ്ണം ) മെസി മറികടന്നു. മത്സരത്തില്‍ ക്രിസ്റ്റ്യന്‍ റൊമേറോ അര്‍ജന്റീനയ്ക്കായി നേടിയ ആദ്യ ഗോളിന് പാസ് നല്‍കിയത് മെസിയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ മെസ്സിയുടെ ഒന്‍പതാമത്തെ അസിസ്റ്റാണിത്.
അതേസമയം മത്സരത്തില്‍ നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡും മെസി കരസ്ഥമാക്കി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയ താരമായും മെസി മാറി. ഈജിപ്തിനെതിരായ മത്സരത്തില്‍ 15-ാ ം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് മെസി പാഴാക്കിയത്. ലോകകപ്പില്‍ മെസി പാഴാക്കിയ നാലാമത്തെ പെനാല്‍റ്റിയാണിത്. ഒരു ലോകകപ്പില്‍ രണ്ട് പെനാല്‍റ്റികള്‍ പാഴാക്കുന്ന ആദ്യ താരവും മെസിയാണ്.
2018 ലോകകപ്പില്‍ ഐസ്ലന്‍ഡിനെതിരെയും, 2022 ലോകകപ്പില്‍ പോളണ്ടിനെതിരെയും ഈ ലോകകപ്പില്‍ ഓസ്ട്രിയക്കെതിരെയും മെസി പെനാല്‍റ്റി പാഴാക്കിയിട്ടുണ്ട്. ഓസ്ട്രിയക്കെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതോടെ, തുടര്‍ച്ചയായ മൂന്നു ലോകകപ്പുകളില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുന്ന താരമെന്ന റെക്കോര്‍ഡും മെസിക്കായി. കരിയറില്‍ ഇത് 34-ാം തവണയാണ് മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നത്. അര്‍ജന്റീനയ്ക്കായി എട്ടാം തവണയും. നിലവില്‍ ഏഴ് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ടിനുള്ള പോരാട്ടത്തില്‍ മെസിയും ഫ്രാന്‍സിന്റെ എംബാപെയും തമ്മിലും ശക്തമായ മത്സരമാണ്.

by Midhun HP News | Jul 7, 2026 | Latest News, കായികം
സിയാറ്റില്‍: വിവാദങ്ങള്‍ക്കും നാടകീയതകള്‍ക്കുമൊടുവില്‍ ഫൊളാരിന്‍ ബലോഗന്‍ കളത്തിലിറങ്ങിയിട്ടും യുഎസ്എയ്ക്ക് രക്ഷയായില്ല. ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സിയാറ്റില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരട്ട ഗോളുകളോടെ തിളങ്ങിയ ചാള്‍സ് ഡി കെറ്റെലെയറാണ് ബെല്‍ജിയത്തിന്റെ വിജയശില്‍പി.
മത്സരത്തിന് തൊട്ടുമുമ്പ് വരെ അമേരിക്കന്‍ ക്യാമ്പില്‍ ഉയര്‍ന്നുകേട്ടത് ബലോഗന്റെ സസ്‌പെന്‍ഷന്‍ വാര്‍ത്തകളായിരുന്നു. മുന്‍ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് ഫിഫ ഇളവ് നല്‍കിയതിനെതിരെ ബെല്‍ജിയം നല്‍കിയ അപ്പീല്‍ തള്ളിയതോടെ താരം ആദ്യ ഇലവനില്‍ തന്നെ സ്ഥാനം പിടിച്ചു. എന്നാല്‍ തിബോ കോര്‍ട്ടോ നയിച്ച ബെല്‍ജിയം പ്രതിരോധത്തെ ഭേദിക്കാന്‍ അമേരിക്കന്‍ മുന്നേറ്റനിരയ്ക്ക് സാധിച്ചില്ല.
മത്സരം തുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ അമേരിക്കന്‍ പ്രതിരോധത്തെ പിളര്‍ത്തി കെറ്റിലെയര്‍ ബെല്‍ജിയത്തിന് ആദ്യ ഗോള്‍ സമ്മാനിച്ചു. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച അമേരിക്കന്‍ നിര 31-ാം മിനിറ്റില്‍ മാലിക് ടില്‍മാനിലൂടെ സമനില പിടിച്ചു. എന്നാല്‍ അമേരിക്കയുടെ ആഹ്ലാദം അധികം നീണ്ടുനിന്നില്ല; രണ്ടു മിനിറ്റിനുള്ളില്‍ (33ാം മിനിറ്റ്) കെറ്റിലെയര്‍ തന്റെ രണ്ടാം ഗോളും നേടി ബെല്‍ജിയത്തെ വീണ്ടും മുന്നിലെത്തിച്ചു (2-1).
രണ്ടാം പകുതിയിലും ആധിപത്യം ബെല്‍ജിയത്തിനായിരുന്നു. ബെഞ്ചില്‍ നിന്നിറങ്ങിയ സൂപ്പര്‍ താരങ്ങളായ കെവിന്‍ ഡി ബ്രൂയ്‌നെ, റൊമേലു ലുക്കാക്കു, ജെറമി ഡോക്കു എന്നിവര്‍ ബെല്‍ജിയത്തിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. 57-ാം മിനിറ്റില്‍ ഹാന്‍സ് വനാകെന്‍ നേടിയ ഗോളിലൂടെ ബെല്‍ജിയം സ്‌കോര്‍ 3-1 ആക്കി ഉയര്‍ത്തി. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ അമേരിക്ക തിരിച്ചുവരവിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ബെല്‍ജിയം ഡിഫന്‍സിനെയോ ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടോയെയോ മറികടക്കാന്‍ ബലോഗനോ പുലിസിക്കിനോ സാധിച്ചില്ല. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ (90+3 മിനിറ്റില്‍) സൂപ്പര്‍ താരം റൊമേലു ലുക്കാക്കു കൂടി ലക്ഷ്യം കണ്ടതോടെ അമേരിക്കയുടെ പതനം പൂര്‍ത്തിയായി.
കഴിഞ്ഞ മത്സരങ്ങളിലെ ആദ്യ ഇലവനില്‍ നിന്ന് കെവിന്‍ ഡിബ്രൂയ്ന്‍, റൊമേലു ലുക്കാക്കു എന്നിവരെയടക്കം ബെഞ്ചിലിരുത്തിയാണ് ബെല്‍ജിയം കളി തുടങ്ങിയതെങ്കിലും, അവരുടെ ആക്രമണ മൂര്‍ച്ചയ്ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. ജയത്തോടെ 2014 ലോകകപ്പ് പ്രീ-ക്വാര്‍ട്ടറിലെ ചരിത്രം ബെല്‍ജിയം വീണ്ടും ആവര്‍ത്തിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ സ്‌പെയിനാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.

by Midhun HP News | Jul 6, 2026 | Latest News, കായികം
ഫിഫ ലോകകപ്പില്‍ നോര്‍വേയോട് തോറ്റ് ബ്രസീല്‍ പുറത്തായതിന് പിന്നാലെ സൂപ്പര്‍ താരം നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 129 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകള്‍ നേടി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായാണ് 34-കാരനായ താരം പടിയിറങ്ങുന്നത്.
ന്യൂജേഴ്‌സി: ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലത്തിന് അന്ത്യം കുറിച്ചുകൊണ്ട് സൂപ്പര്‍ താരം നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് ബ്രസീല്‍ തോറ്റു പുറത്തായതിന് തൊട്ടുപിന്നാലെയാണ് 34-കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബ്രസീലിയന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് നെയ്മര്‍ പടിയിറങ്ങുന്നത്.
129 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകളാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ പെലെ അടക്കമുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം തന്റേതായ സ്ഥാനം ഉറപ്പിച്ചാണ് നെയ്മര്‍ കളം വിടുന്നത്. 2010-ല്‍ തന്റെ പതിനെട്ടാം വയസ്സില്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച നെയ്മര്‍, പിന്നീട് ഒന്നര പതിറ്റാണ്ടുകാലം ബ്രസീല്‍ ആക്രമണ നിരയുടെ കുന്തമുനയായിരുന്നു. നാല് ലോകകപ്പുകളില്‍ ബ്രസീലിന്റെ കുപ്പായമണിഞ്ഞ താരം, ടീമിന് വേണ്ടി നിര്‍ണ്ണായകമായ പല നിമിഷങ്ങളിലും കരുത്തായി നിന്നു.
രാജ്യത്തിനായി വലിയൊരു സ്വപ്നം സാക്ഷാത്കരിക്കാന്‍ നെയ്മറിനായി. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ടീമിലുണ്ടായിരുന്ന താരം, 2016-ല്‍ സ്വന്തം നാട്ടില്‍ വെച്ച് നടന്ന റിയോ ഒളിമ്പിക്‌സില്‍ ബ്രസീലിനെ സ്വര്‍ണ മെഡല്‍ ജേതാക്കളാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
അവസാന ലോകകപ്പിലെ നിമിഷങ്ങള്‍
2026 ഫിഫ ലോകകപ്പില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ക്ക് ബൂട്ടണിയാന്‍ സാധിച്ചത്. പരിക്കിന്റെയും മറ്റും അലട്ടലുകള്‍ക്കിടയിലും ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ പകരക്കാരനായി കളത്തിലിറങ്ങിയ നെയ്മര്‍, പ്രീക്വാര്‍ട്ടറില്‍ നോര്‍വേയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ കൂടി നേടിയിരുന്നു. ഇതാണ് ബ്രസീലിന് വേണ്ടിയുള്ള താരത്തിന്റെ അവസാന ഗോളായി മാറിയത്. ഒരു യുഗത്തിന്റെ അവസാനമാണ് ഈ വിരമിക്കലിലൂടെ സംഭവിക്കുന്നത്. കാനറി കുപ്പായത്തില്‍ നെയ്മര്‍ തീര്‍ത്ത മാന്ത്രികത ആരാധകര്‍ക്ക് എന്നും ഒരു ഓര്‍മ്മയായിരിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.
നോര്‍വേ ക്വാര്‍ട്ടറിലേക്ക്
അതേസമയം, ബ്രസീലിനെ അട്ടിമറിച്ച നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ജൂലൈ 11-ന് മയാമി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മെക്‌സിക്കോയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാകും നോര്‍വേ നേരിടുക
by Midhun HP News | Jul 5, 2026 | Latest News, കായികം
ഫിഫ ലോകകപ്പിലെ ഇന്ന് നടന്ന പ്രീക്വാർട്ടർ ഫൈനലിൽ പരാഗ്വേയെ പരാജയപ്പെടുത്തി ഫ്രാൻസ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ഫിലാഡൽഫിയയിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസ് തടിതപ്പിയത്. ടൂർണമെന്റിലൂടനീളം എതിരാളികളെ തങ്ങളുടെ അക്രമണ ശൈലി കൊണ്ട് തകർത്ത് ഫ്രാൻസ് പക്ഷെ ഇന്ന് പരാഗ്വേയുടെ പോരാട്ടവീര്യത്തിനു മുന്നിൽ നന്നായി വിയർത്തു. പലപ്പോഴും മാന്യതയുടെ അതിരുകൾ ലംഘിച്ച കളിയിൽ രണ്ടാം പകുതിയിൽ കിലിയൻ എംബപ്പേ നേടിയ പെനാൽറ്റി ഗോളോടെയാണ് ഫ്രാൻസ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്വാർട്ടർഫൈനലിൽ മോറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ.
കളിയുടെ തുടക്കം മുതൽ ഫ്രാൻസ് ആക്രമിച്ചു മുന്നേറാൻ ശ്രമിച്ചെങ്കിലും പരാഗ്വേയുടെ കരുത്തുറ്റ പ്രതിരോധനിരയ്ക്ക് മുന്നിൽ നന്നായി വിയർത്തു. കഴിഞ്ഞ മത്സരത്തിൽ ജർമനിയെ തകർത്ത ആത്മവിശ്വാസത്തിൽ വന്ന അവർ ആദ്യ പകുതിയിൽ ഫ്രഞ്ച് മുന്നേറ്റനിരയെ പിടിച്ചു കെട്ടി.
എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് കൂടുതൽ ആക്രമണോത്സുകത കാട്ടിയതോടെ പരാഗ്വേ സമ്മർദ്ധത്തിലായി. കളിയുടെ 69ആം മിനുട്ടിൽ ഫ്രഞ്ച് താരം ഡിസയർ ഡൗവിനെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിനെ തുടർന്ന് വി എ ആർ പെനാൽറ്റി വിധിച്ചു. പെനാൽറ്റി എടുത്ത നായകൻ എംബാപ്പേയ്ക്ക് പിഴച്ചില്ല. ടൂർണമെന്റിലെ തന്റെ ഏഴാം ഗോൾ അടിച്ച എംബപ്പേ ഇതോടെ ഇത്തവണത്തെ ഗോൾവേട്ടക്കാരിൽ ഏഴു ഗോളുമായി മെസ്സിക്ക് ഒപ്പമെത്തി.

by Midhun HP News | Jul 2, 2026 | Latest News, കായികം
ടൊറന്റോ: ഫിഫ ലോകകപ്പിൽ ഇന്ന് തീപാറും പോരാട്ടം. രാത്രി 12.30 അരങ്ങേറുന്ന മത്സരത്തിൽ പർച്ചുഗൽ കരുത്തരായ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും. ഫുട്ബോൾ ചരിത്രത്തിലെ സമാനതകളില്ലാത്ത 2 ഇതിഹാസ താരങ്ങളിൽ ഒരാൾ ലോക കിരീടമില്ലാതെ കരിയർ അവസാനിപ്പിക്കേണ്ടി വരും. പോർച്ചുഗൽ നായകനും സൂുപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്രൊയേഷ്യൻ എൻജിനും നായകനുമായ ലൂക്ക മോഡ്രിച്ചും. ഇരുവരിൽ ഒരാൾക്ക് ഇന്ന് തോൽവിയോടെ മടങ്ങാം.
റയൽ മാഡ്രിഡിന്‍റെ സുവർണകാലത്ത് ഒരേ കുപ്പായത്തിൽ ഒന്നിച്ച് പൊരുതിയ ഉറ്റ സുഹൃത്തുക്കളാണ് ഇരുവരും. പ്രായം നാൽപ്പതുകളിലെത്തി നിൽക്കുമ്പോഴും ലോകവേദിയിൽ തങ്ങളുടെ രാജ്യത്തിനായി നെഞ്ചുറപ്പോടെ പൊരുതുന്ന രണ്ട് പടനായകർ. ഇരുവരിൽ ഒരാളുടെ അവസാന ലോകകപ്പ് പോരാട്ടം കൂടിയായിരിക്കും ഇത്. ക്രിസ്റ്റ്യാനോയ്ക്ക് ഇത് ആറാം ലോകകപ്പാണ്. മോഡ്രിച്ചിന് അഞ്ചാമത്തേതും.
കിരീടമാഗ്രഹിച്ചാണ് 41ാം വയസിലും ക്രിസ്റ്റ്യാനോ റൊണാൽഡോ ആറാം ലോകകപ്പ് കളിക്കാനെത്തിയത്. പക്ഷേ ഈ ലോകകപ്പിൽ കാര്യങ്ങൾ അത്ര പന്തിയല്ല. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളിയിലും മുഴുവൻ സമയവും കളിച്ചിട്ടും കാര്യമായ സ്വാധീനമുണ്ടാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഉസ്ബെക്കിസ്ഥാനെതിരെ നേടിയ രണ്ട് ഗോളുകൾ മാറ്റിനിർത്തിയാൽ ഒരു അസിസ്റ്റ് പോലും 41കാരനായ റൊണാള്‍ഡോയുടെ പേരിലില്ല.
മത്സരങ്ങൾക്ക് മുൻപ് ആരാധകർ ആവേശത്തോടെ ഏറ്റുവിളിച്ച അയാം ബാക്ക് എന്ന വാചകം പോലും ഇപ്പോൾ വിമർശകരുടെ പരിഹാസച്ചുവയുള്ള ട്രോളുകളായി മാറിക്കഴിഞ്ഞു. അതിനൊക്കെയപ്പുറം കരിയറിൽ ഇന്നേവരെ ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ പോലും ഗോൾ നേടാൻ റൊണാൾഡോയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന കുറവും അദ്ദേഹത്തിനുണ്ട്. ഇന്ന് ആ ചരിത്രങ്ങളൊക്കെ തിരുത്താനുള്ള അവസരമാണ്.
കുറച്ചു കാലമായി ക്രൊയേഷ്യൻ ടീമിന്റ ഉലകും ഉയിരും ലൂക്ക മോഡ്രിച്ചാണ്. 2018ൽ ലോകകപ്പിന്‍റെ ഫൈനൽ വരെ അവരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഐതിഹാസിക നായകൻ. 2022ൽ സെമി ഫൈനൽ വരെ ടീമിനെ എത്തിച്ച മാന്ത്രികൻ. പ്രായം 40തിലേക്ക് എത്തുമ്പോൾ സ്വാഭാവികമായും കളിയുടെ വേഗതയ്ക്ക് മൂർച്ച കുറയുന്നുണ്ടെങ്കിലും കളിയുടെ കടിഞ്ഞാൺ ഇപ്പോഴും ലൂക്കയിൽ തന്നെ.
ഇതിഹാസ താരങ്ങളിൽ ഒരാളുടെ അവസാന ലോകകപ്പ് പോരാട്ടം. വൺ ലാസ്റ്റ് ഡാൻസിൽ ആര് തിളങ്ങും ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലൂക്ക മോഡ്രിച്ചോ കാത്തിരുന്നു കാണാം.

Recent Comments