by liji HP News | Feb 28, 2024 | Latest News, കായികം
ഡല്‍ഹി: ഇന്ത്യന്‍ ടീമിലേക്കുള്ള ഋഷഭ് പന്തിന്റെ തിരിച്ചുവരവില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് ബാറ്റിങ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. അധികം താമസിയാതെ പന്ത് ഇന്ത്യന്‍ ടീമില്‍ സ്ഥാനം വീണ്ടെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പന്ത് ഫിറ്റാണെങ്കില്‍ സെലക്ടര്‍മാര്‍ ഇന്ത്യന്‍ ടീമിലെ ‘ഗെയിം ചേഞ്ചറെ’ തെരഞ്ഞെടുക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പുതിയ സീസണിനായി തയാറെടുക്കുന്ന പന്ത് വാഹനാപകടത്തിന് ശേഷം വിശ്രമത്തിലായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു വാഹനാപകടത്തില്‍ പന്തിന് പരിക്കേറ്റിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മാര്‍ക്വീ താരം ഐപിഎലിന്റെ വരാനിരിക്കുന്ന സീസണില്‍ തിരിച്ചുവരവ് നടത്തുമെന്ന് സൂചനയുണ്ട്. ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ട മത്സരങ്ങളില്‍ താരം ഇംപാക്റ്റ് പ്ലെയര്‍ നിയമം ഉപയോഗിച്ച് ബാറ്ററായി മാത്രം കളിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പന്തിന്റെ തിരിച്ചുവരവില്‍ പ്രതീക്ഷ പ്രകടിപ്പിച്ച ഗാവസ്‌കര്‍, താന്‍ സ്ഫോടനാത്മക ബാറ്ററിന്റെ വലിയ ആരാധകനാണെന്ന് പറഞ്ഞു. ‘ഞാനും അദ്ദേഹത്തിന്റ ഒരു വലിയ ആരാധകനാണ്, എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം, പന്ത് പഴയതുപോലെ ആരോഗ്യവാനായിരിക്കണം എന്നാണ്. അദ്ദേഹത്തിന് ഇത് വളരെ ബുദ്ധിമുട്ടായിരിക്കും, ആ ബാറ്റിങ് മികവ് വീണ്ടെടുക്കാന്‍ ചിലപ്പോള്‍ കുറച്ച് സമയമെടുക്കും. പക്ഷേ അദ്ദേഹം പരിശീലനം ആരംഭിച്ചത് നന്നായി,’ ഗാവസ്‌കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.
by Midhun HP News | Feb 25, 2024 | Latest News, കായികം
റാഞ്ചി: ഇംഗ്ലണ്ടിനെതിരെ അഞ്ച് ക്രിക്കറ്റ് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു മത്സരം അവശേഷിക്കേ ടീം ഇന്ത്യ സീരീസ് ജയത്തിനരികെ. നാലാം ടെസ്റ്റില്‍ 192 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ടീം ഇന്ത്യ 8 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 എന്ന സ്കോറില്‍ മൂന്നാം ദിനം അവസാനിപ്പിച്ചു. മികച്ച തുടക്കവുമായി രോഹിത് ശര്‍മ്മയും (27 പന്തില്‍ 24*), യശസ്വി ജയ്സ്വാളും (21 പന്തില്‍ 16*) ആണ് ക്രീസില്‍. രണ്ട് ദിവസവും10 വിക്കറ്റും ശേഷിക്കെ ഇന്ത്യക്ക് നാലാം ടെസ്റ്റ് ജയിക്കാന്‍ 152 റണ്‍സ് കൂടി മതി. റാഞ്ചിയില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും.
രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ മൂന്നാം ദിനം ധ്രുവ് ജുറെലിന്‍റെ ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ടിന്‍റെ ലീഡ് കുറച്ചുകൊണ്ടുവന്ന ഇന്ത്യ, രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ സ്‌പിന്‍ കെണിയില്‍ കുരുക്കി മത്സരത്തിലേക്ക് തിരികെയെത്തുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 145 റണ്‍സിന് ഓള്‍ഔട്ടാക്കി. അശ്വിന്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ ഒരുവിക്കറ്റും വീഴ്ത്തി.
നേരത്തെ 219-7 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് 90 റണ്‍സടിച്ച ധ്രുവ് ജുറെലിന്‍റെ പോരാട്ടമാണ് കരുത്തായത്. വാലറ്റത്തെ കൂട്ടുപിടിച്ച് ജുറാൽ 307 റൺസാണ് ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സിൽ നേടിത്തന്നത്.
by liji HP News | Feb 23, 2024 | Latest News, കായികം
റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂട്ടത്തകര്‍ച്ച ഒഴിവാക്കി പൊരുതുന്നു. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 112 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ട് ഉച്ച ഭക്ഷണ ശേഷം വിക്കറ്റ് കളയാതെ പൊരുതുന്നു. അവര്‍ നിലവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെന്ന നിലയില്‍.
മുന്‍ നായകന്‍ ജോ റൂട്ട് അര്‍ധ സെഞ്ച്വറിയുമായി ഒരറ്റം കാത്തപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സും പ്രതിരോധം തീര്‍ത്തു. നിലവില്‍ റൂട്ട് 67 റണ്‍സുമായും ഫോക്‌സ് 28 റണ്‍സുമായും ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഒന്നാം ഇന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ടിനു സ്‌കോര്‍ 47ല്‍ നില്‍ക്കെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നാലെ അതേ സ്‌കോറില്‍ രണ്ടാം വിക്കറ്റും നഷ്ടം. പിന്നീട് കൃത്യമായ ഇടവേളകളില്‍ മൂന്ന് വിക്കറ്റുകള്‍ കൂടി ബലി കഴിക്കേണ്ടി വന്നു.
അരങ്ങേറ്റം അവിസ്മരണീയമാക്കി അകാശ് ദീപ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കരുത്തു കാണിച്ചു. പിന്നാലെ പന്തെടുത്ത സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലീഷ് മുറിവില്‍ കൂടുതല്‍ ഉപ്പ് തേച്ചു.
ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ പേസര്‍ അകാശ് ദീപ് ഇംഗ്ലണ്ടിന്റെ നിര്‍ണായക മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി അവരുടെ തുടക്കം തകര്‍ത്തു. കഴിഞ്ഞ കളികളില്‍ നിര്‍ണായക ബാറ്റിങുമായി കളം നിറഞ്ഞ ബെന്‍ ഡുക്കറ്റ്, ഓലി പോപ്പ് എന്നിവരെ ഒറ്റ ഓവറില്‍ മടക്കി ഇംഗ്ലണ്ടിനെ ഞെട്ടിച്ച അകാശ് ദീപ് തൊട്ടുപിന്നാലെ സാക് ക്രൗളിയേയും മടക്കി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.
ബാസ്ബോള്‍ ശൈലിയില്‍ അടിച്ചു തകര്‍ത്ത സാക് ക്രൗളി 42 പന്തില്‍ ആറ് ഫോറും ഒരു സിക്സും സഹിതം 42 റണ്‍സെടുത്തു മടങ്ങി. ബെന്‍ ഡുക്കറ്റ് 11 റണ്‍സിലും പുറത്ത്. ഒലി പോപ്പ് പൂജ്യത്തിലും കൂടാരം കയറി.
പിന്നീട് ഇന്നിങ്സ് നേരെയാക്കാന്‍ ജോണി ബെയര്‍സ്റ്റോ- ജോ റൂട്ട് സഖ്യത്തിന്റെ ശ്രമം. ബെയര്‍സ്റ്റോ ഫോമിലേക്കെന്ന സൂചന നല്‍കി മുന്നേറവേയാണ് അശ്വിന്‍ പന്തെടുത്തത്. ബെയര്‍സ്റ്റോ 35 പന്തില്‍ 38 റണ്‍സുമായി മടങ്ങി. താരം നാല് ഫോറും ഒരു സിക്സും തൂക്കി. പിന്നാലെ വന്ന ബെന്‍ സ്റ്റോക്സിനെ മൂന്ന് റണ്‍സില്‍ ജഡേജയും മടക്കി.
by Midhun HP News | Feb 18, 2024 | Latest News, കായികം
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ 434 റൺസിൻ്റെ വമ്പൻ ജയവുമായി ടീം ഇന്ത്യ. രണ്ടാം ഇന്നിംഗ്സിൽ 557 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് രവീന്ദ്ര ജഡേജയുടെ സ്പിന്നിനു മുന്നിൽ കറങ്ങി വീണു. 122 റൺസിന് ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ എല്ലാവരും കൂടാരം കയറിയപ്പോൾ ജഡേജ 5 വിക്കറ്റ് നേടി. കുൽദീപ് യാദവ് രണ്ടും അശ്വിനും ബുംറയും ഓരോ വിക്കറ്റും നേടി.
നേരത്തെ യശസ്വി ജയ്സ്വാളിൻ്റെ ഇരട്ട സെഞ്ചുറി (214 നോട്ടൗട്ട്) യുടെ കരുത്തിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 430 ന് 4 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.
സ്ക്കോർ:
ഇന്ത്യ- 445, 430/4 (ഡിക്ലയേർഡ്)
ഇംഗ്ലണ്ട്- 319, 122
by Midhun HP News | Feb 17, 2024 | Latest News, കായികം
രാജ്കോട്ട്: കരിയറിലെ 500-ാം ടെസ്റ്റ് വിക്കറ്റ് തികച്ചതിന് പിന്നാലെ ഇന്ത്യന്‍ സ്പിന്നർ രവിചന്ദ്രന്‍ അശ്വിന്‍ ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ നിന്ന് പിന്‍മാറി. മാതാവ് അസുഖബാധിതയായതിനെ തുടർന്നാണ് പിന്മാറ്റമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. അശ്വിൻ പിന്‍മാറിയതോടെ രാജ്കോട്ട് ടെസ്റ്റില്‍ ടീം ഇന്ത്യ പത്ത് താരങ്ങളായി ചുരുങ്ങി. ഏതെങ്കിലും താരത്തിന് പരിക്കോ കൊവിഡ് ബാധയോ സംഭവിച്ചാല്‍ മാത്രമേ സബ്സ്റ്റിറ്റ്യൂട്ട് താരത്തെ അനുവദിക്കൂ എന്നാണ് ഐസിസി ചട്ടം. ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ കൂടിയും അശ്വിന് നഷ്ടമാകുന്ന സാഹചര്യമുണ്ടായാല്‍ താരത്തിന് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിക്കും.
by Midhun HP News | Feb 16, 2024 | Latest News, കായികം
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 445 റണ്‍സിന്റെ മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ച്വറികളും അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്റെ അര്‍ധ സെഞ്ച്വറിയും ഇന്ത്യക്ക് കരുത്തായി. വാലറ്റത്ത് ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുംറ എന്നിവരുടെ സംഭാവനകളും നിര്‍ണായകമായി.
മറുപടി തുടങ്ങിയ ഇംഗ്ലണ്ട് അതിവേഗത്തില്‍ സ്‌കോര്‍ ചെയ്യുന്നു. ഒന്നാം ഇന്നിങ്സ് തുടങ്ങിയ അവര്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന നിലയില്‍.
ഓപ്പണര്‍ ബെന്‍ ഡുക്കറ്റ് തകര്‍ത്തടിച്ചു അര്‍ധ സെഞ്ച്വറി നേടി. താരം 14 ഫോറുകള്‍ സഹിതം 57 പന്തില്‍ 69 റണ്‍സെന്ന നിലയില്‍ മുന്നേറുന്നു.
15 റണ്‍സെടുത്ത സഹ ഓപ്പണര്‍ സാക് ക്രൗളിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. താരത്തെ ആര്‍ അശ്വിന്‍ മടക്കി. ഓപ്പണിങില്‍ ഇരുവരും ചേര്‍ന്നു 89 റണ്‍സ് ചേര്‍ത്തു. ഒലി പോപ്പാണ് ഡുക്കറ്റിനൊപ്പം ക്രീസില്‍. രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112), സര്‍ഫറാസ് ഖാന്‍ (62), ധ്രുവ് ജുറേല്‍ (46), അശ്വിന്‍ (37), ബുംറ (26) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍.
ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. റെഹാന്‍ അഹമദ് രണ്ട് വിക്കറ്റെടുത്തു. ജെയിംസ് ആന്‍ഡേഴ്‌സന്‍, ടോം ഹാര്‍ട്‌ലി, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Recent Comments