അമേരിക്കൻ മണ്ണിൽ ‘തോൽക്കാതെ’ ഇറാൻ; ട്രംപ് ഇതെങ്ങനെ സഹിക്കും!

അമേരിക്കൻ മണ്ണിൽ ‘തോൽക്കാതെ’ ഇറാൻ; ട്രംപ് ഇതെങ്ങനെ സഹിക്കും!

ലൊസാഞ്ചലസ്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലും അമേരിക്കയുമായുള്ള രാഷ്ട്രീയപ്പോരിനിടെയിലുമാണ് ഇറാൻ ഫിഫ ലോകകപ്പ് കളിക്കാനെത്തിയത്. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള കടുത്ത ഭൗമ രാഷ്ട്രീയ തർക്കങ്ങൾ കാരണം ഇറാൻ ഫുട്ബോൾ ടീം നേരിട്ടത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ്.

ആതിഥേയ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ക്യാംപ് ചെയ്യാൻ അനുമതിയില്ലാത്തതിനാൽ, തൊട്ടടുത്തുള്ള മെക്സിക്കോയിലാണ് ഇറാൻ ടീം താവളമടിച്ചിരിക്കുന്നത്. അവിടെ നിന്ന് കടുത്ത സുരക്ഷാ പരിശോധനകളും ദീർഘദൂര യാത്രകളും സഹിച്ചാണ് അവർ മത്സരങ്ങൾക്കായി ഓരോ തവണയും അമേരിക്കയിലെ സ്റ്റേഡിയങ്ങളിലേക്ക് എത്തുന്നത്. മത്സര ശേഷം ഉടൻ തന്നെ അവർക്ക് തിരികെ മെക്സിക്കോയിലെ ക്യാംപിലേക്ക് മടങ്ങുകയും വേണം. മത്സരം കഴിഞ്ഞാൽ ടീമിനു അമേരിക്കയിൽ നിൽക്കാൻ അനുവാദമില്ല. എന്നാൽ ഈ പ്രതിബന്ധങ്ങൾക്കിടയിലും അമേരിക്കൻ മണ്ണിൽ തലയുയർത്തിത്തന്നെ നിൽക്കുകയാണ് ഇറാൻ.

ലോകകപ്പിലെ തങ്ങളുടെ രണ്ട് മത്സരങ്ങളിലും സമനില പിടിച്ചെടുത്താണ് ഇറാൻ അമേരിക്കൻ മണ്ണിൽ കളിച്ചത്. രണ്ട് കളിയിലും ടീം തോറ്റില്ല. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 2-2 എന്ന നിലയിലും രണ്ടാം പോരാട്ടത്തിൽ കരുത്തരായ ബെൽജിയത്തെ ​ഗോളടിക്കാൻ സമ്മതിക്കാതെ 0-0ത്തിലും അവർ കുരുക്കി.

ഓഫ് ദി പിച്ചിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും ഇറാൻ അമേരിക്കൻ മണ്ണിൽ തോൽവി അറിയാതെ മുന്നേറുന്നതിനെ സോഷ്യൽ മീഡിയയിൽ ഫുട്ബോൾ ആരാധകർ ട്രോളുകളിലൂടെയും മീമുകളിലൂടെയും ആഘോഷമാക്കുന്നുമുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ മുൻനിർത്തിയുള്ള രസകരമായ മീമുകളാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്.

ഇറാൻ അമേരിക്കൻ മണ്ണിലിറങ്ങി ആവിടുത്തെ സ്റ്റേഡിയങ്ങൾ സ്വന്തം കളിക്കളം പോലെ ആക്കിയാണ് ഇപ്പോൾ ലോകകപ്പ് കളിക്കുന്നത് എന്നായിരുന്നു ആരാധകരുടെ കമന്റ്. ഇറാൻ ഇങ്ങനെ തോൽക്കാതെ നിൽക്കുന്നത് ട്രംപിന് എങ്ങനെ സഹിക്കാൻ കഴിയും എന്ന ചോദ്യങ്ങളും ആരാധകർ ഉയർത്തുന്നുണ്ട്.

ഞായറാഴ്ച ലൊസാഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജി യിലെ രണ്ടാം മത്സരത്തിൽ ശക്തരായ ബെൽജിയത്തെ 0- 0ത്തിന് സമനിലയിൽ തളച്ചതിന് പിന്നാലെ, ടീമിന്റെ ഈ കുതിപ്പ് ഒരു വലിയ നേട്ടമെന്നാണ് ഇറാൻ മുഖ്യ പരിശീലകൻ അമീർ ഗാലെനോയി വിശേഷിപ്പിച്ചത്. യുദ്ധ സമാനമായ സാഹചര്യങ്ങൾ കാരണം കഴിഞ്ഞ ആറ് മാസമായി ഇറാന്റെ ആഭ്യന്തര ലീഗ് മത്സരങ്ങൾ മുടങ്ങിക്കിടക്കുകയായിരുന്നുവെന്നും പല രാജ്യങ്ങളും തങ്ങളുമായുള്ള സൗഹൃദ മത്സരങ്ങൾ റദ്ദാക്കിയതായും മത്സര ശേഷമുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം വെളിപ്പെടുത്തി:

സാധ്യമായതിൽ വച്ച് ഏറ്റവും മോശം സാഹചര്യങ്ങളിലാണ് ഞങ്ങൾ ലോകകപ്പിന് എത്തിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങാതിരിക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമാണ്. ഇത് ഞങ്ങളുടെ ഫുട്ബോൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. ലോകത്തിലെ മറ്റൊരു ടീമിനും ഇത്രയും കഠിനമായ സാഹചര്യങ്ങളെ അതിജീവിച്ച് ഇത്തരമൊരു കളി പുറത്തെടുക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. കളിക്കാരെ ഓർത്ത് അഭിമാനിക്കുന്നു. വരും തലമുറകൾ ഈ കളിക്കാരെയും അവരുടെ പോരാട്ട വീര്യത്തെയും ഓർക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.

‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തന്നെ പാസ് നൽകണമെന്ന് യാതൊരു നിർബന്ധവുമില്ല’

‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തന്നെ പാസ് നൽകണമെന്ന് യാതൊരു നിർബന്ധവുമില്ല’

​ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കോംഗോയോട് 1-1 ന് സമനില വഴങ്ങിയതിന് പിന്നാലെ പോർച്ചുഗൽ ടീമിനും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും എതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. 41 കാരനായ റൊണാൾഡോയുടെ മൈതാനത്തെ ചലനവേഗ കുറവ് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടോ എന്ന് വിമർശകർ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. കൂടാതെ കളിക്കാർ റൊണാൾഡോയ്ക്ക് മാത്രം പന്ത് എത്തിച്ചു നൽകാൻ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന തരത്തിലുള്ള ചർച്ചകളും സജീവമായിരുന്നു.

ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി വിങ്ങർ ഫ്രാൻസിസ്കോ കോൺസിസാവോ രംഗത്തെത്തി. ഞായറാഴ്ച നടന്ന പത്രസമ്മേളനത്തിൽ കോൺസിസാവോ ടീമിനെതിരേയും നായകനെതിരേയും ഉയർന്ന ആരോപണങ്ങളെല്ലാം നിഷേധിച്ചു.

‘അദ്ദേഹത്തിന് തന്നെ പാസ് നൽകണമെന്ന് ഞങ്ങൾക്ക് യാതൊരു നിർബന്ധവുമില്ല. മാർക്ക് ചെയ്യപ്പെടാതെ, ഏറ്റവും മികച്ച പൊസിഷനിൽ ആരാണോ ഉള്ളത് അവർക്കാണ് ഞാൻ പന്ത് കൈമാറുന്നത്. ടീമിന്റെ കൂട്ടായ വിജയത്തിന് ഓരോ കളിക്കാരനും പ്രധാനമാണ്. റൊണാൾഡോയും ഈ സ്ക്വാഡിലെ മറ്റൊരു അംഗം മാത്രമാണ്.’

‘തന്റെ കരിയർ കൊണ്ടും 41ാം വയസിലും അദ്ദേഹം പ്രകടിപ്പിക്കുന്ന വിജയ ദാഹം കൊണ്ടും ക്രിസ്റ്റ്യാനോ എല്ലാവർക്കും ഒരു മാതൃകയാണ്. നേതൃപാടവത്തിലും ഗോൾ നേടുന്നതിലും അദ്ദേഹം ഒരു ഉദാഹരണമാണ്. ഗോൾ അടിക്കുന്ന കാര്യത്തിൽ അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല. മറ്റേതൊരു കളിക്കാരനെയും പോലെ ടീമിനെ സഹായിക്കാനാണ് അദ്ദേഹവും ഇവിടെയുള്ളത്.’

‘വിമർശനങ്ങളെ പോസിറ്റീവായി തന്നെ കാണുന്നു. അടുത്ത മത്സരത്തിൽ മികച്ച ക്വാളിറ്റി പുറത്തെടുത്ത് വിജയിക്കാനാണ് ടീം ആഗ്രഹിക്കുന്നത്’- കോൺസിസാവോ കൂട്ടിച്ചേർത്തു.

ആദ്യ മത്സരത്തിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം വലിയ തിരിച്ചു വരവിനൊരുങ്ങുകയാണ് പോർച്ചുഗൽ. ചൊവ്വാഴ്ച ഹൂസ്റ്റണിൽ നടക്കുന്ന ഗ്രൂപ്പ് കെ യിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ പോർച്ചുഗൽ ഉസ്ബെകിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് പോരാട്ടം. ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചെത്താൻ ഈ മത്സരം ജയിച്ച് 3 പോയിന്റുകൾ നേടുക പോർച്ചുഗലിന് അനിവാര്യമാണ്. ജയത്തിലൂടെ നോക്കൗട്ടിലെത്താനുള്ള ദൂരം അതിവേ​ഗം കുറയ്ക്കുകയാണ് അവർ ലക്ഷ്യമിടുന്നത്.

‘വിമർശനങ്ങളെ പോസിറ്റീവായി തന്നെ കാണുന്നു. അടുത്ത മത്സരത്തിൽ മികച്ച ക്വാളിറ്റി പുറത്തെടുത്ത് വിജയിക്കാനാണ് ടീം ആഗ്രഹിക്കുന്നത്’- കോൺസിസാവോ കൂട്ടിച്ചേർത്തു.

ആദ്യ മത്സരത്തിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം വലിയ തിരിച്ചു വരവിനൊരുങ്ങുകയാണ് പോർച്ചുഗൽ. ചൊവ്വാഴ്ച ഹൂസ്റ്റണിൽ നടക്കുന്ന ഗ്രൂപ്പ് കെ യിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ പോർച്ചുഗൽ ഉസ്ബെകിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് പോരാട്ടം. ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചെത്താൻ ഈ മത്സരം ജയിച്ച് 3 പോയിന്റുകൾ നേടുക പോർച്ചുഗലിന് അനിവാര്യമാണ്. ജയത്തിലൂടെ നോക്കൗട്ടിലെത്താനുള്ള ദൂരം അതിവേ​ഗം കുറയ്ക്കുകയാണ് അവർ ലക്ഷ്യമിടുന്നത്.

ജയിക്കാൻ 92 വർഷം കാത്തിരുന്നു ഈജിപ്റ്റ്!

ജയിക്കാൻ 92 വർഷം കാത്തിരുന്നു ഈജിപ്റ്റ്!

വാൻകൂവർ: ഒരു ​ഗോളിനു പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ 3 ​ഗോളുകൾ തിരിച്ചടിച്ച് ഈജിപ്റ്റ് ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ​ഗ്രൂപ്പ് ജി പോരാട്ടത്തിൽ അവർ ന്യൂസിലൻഡിനെ 1-3നു വീഴ്ത്തി ചരിത്രമെഴുതി. ജയത്തോടെ ​ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയ അവർ നോക്കൗട്ട് പ്രതീക്ഷകളും സജീവമാക്കി. ​ഗ്രൂപ്പ് ജിയിൽ ഇത്തവണ ആദ്യ ജയം സ്വന്തമാക്കുന്ന ടീമും ഈജിപ്റ്റ് തന്നെ.

1934 മുതൽ ലോകകപ്പ് കളിക്കുന്ന ഈജിപ്റ്റ് ചരിത്രത്തിലാദ്യമായാണ് വിശ്വ പോരാട്ടത്തിൽ ജയം സ്വന്തമാക്കുന്നത്. കാത്തിരുന്നത് ഒന്നും രണ്ടും വർഷം അല്ല നീണ്ട 92 വത്സരങ്ങൾ വേണ്ടി വന്നു അവർക്ക് ലോകകപ്പിൽ ഒരു മത്സരം ജയിക്കാൻ‌!

മുസ്തഫ സികോ, മുഹമ്മദ് സല, മഹ്‌മൂദ് ട്രെസഗെ എന്നിവരാണ് ഈജിപ്റ്റിനായി വല ചലിപ്പിച്ചത്. ഫിന്‍ സര്‍മാന്റെ ഗോളില്‍ 15ാം മിനിറ്റില്‍ തന്നെ ന്യൂസിലന്‍ഡ് കളിയില്‍ ലീഡെടുത്തിരുന്നു. 58, 67, 82 മിനിറ്റുകളിലാണ് ഈജിപ്റ്റിന്റെ മറുപടി ഗോളുകള്‍.

ഇരു ഭാഗത്തു നിന്നും പ്രസ്സിങ്ങും കൗണ്ടർ പ്രസ്സിങ്ങുമായാണ് മത്സരം ആരംഭിച്ചത്. 57ാം മിനിറ്റ് വരെ ഈജിപ്റ്റ് പിന്നിലായിരുന്നു. പിന്നീടാണ് അവർ തിരിച്ചു വന്നത്. ആദ്യ 10 മിനിറ്റിൽ ന്യൂസിലൻഡും ഈജിപ്റ്റും തുടരെ ആക്രമണങ്ങളുമായി കളം നിറഞ്ഞു. കാര്യമായ ഗോളവസരങ്ങൾ ഒരുക്കാനായില്ലെന്നു മാത്രം,

14ാം മിനിറ്റിലാണ് ന്യൂസിലൻഡിന് മത്സരത്തിലെ ആദ്യത്തെ മികച്ച അവസരം ലഭിച്ചത്. ഇലിജ ജസ്റ്റിന്റെ ഷോട്ട് ഈജിപ്റ്റ് ഗോളി മുസ്തഫ ഷോബിർ രക്ഷപ്പെടുത്തിയത് ഏറെ പ്രയാസപ്പെട്ട്. ഇതിന് ലഭിച്ച കോർണറിൽ നിന്നാണ് ആദ്യ ഗോളിന്റെ പിറവി. ടിം പൈനെ എടുത്ത കോർണർ ഒരു ബുള്ളറ്റ് ഹെഡറിലൂടെ വലയിലാക്കി ഫിൻ സർമാനാണ് ന്യൂസിലൻഡിന് ലീഡ് സമ്മാനിച്ചത്.

ഗോൾ നേടിയതോടെ ന്യൂസിലൻഡ് തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഫലപ്രദമായി പ്രതിരോധിച്ച് ഈജിപ്ഷ്യൻ പ്രതിരോധം പിടിച്ചു നിന്നു. ആദ്യ പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ഈജിപ്റ്റ് കഠിന പ്രയ്ത്‌നം നടത്തിയെങ്കിലും ന്യൂസിലൻഡും പ്രതിരോധം കടുകട്ടിയാക്കി നിന്നു. ഒന്നാം പകുതിയിൽ ന്യൂസിലൻഡ് ലീഡുമായി പിരിഞ്ഞു.

രണ്ടാം പകുതിയിൽ ഈജിപ്റ്റ് ജയം പിടിക്കണമെന്നു കൃത്യമായി കണക്കുകൂട്ടി തന്നെയാണ് ഇറങ്ങിയത്. പന്തിൽ നിയന്ത്രണം കൂടുതൽ നിർത്തുക എന്നതായിരുന്നു ഈജിപ്റ്റിന്റെ തന്ത്രം. അവർ ഏതാണ്ട് അക്കാര്യത്തിൽ വിജയിക്കുകയും ചെയ്തു. പിന്നീട് ഈജിപ്റ്റ് കളം നിറയുകയായിരുന്നു. 58ാം മിനിറ്റിൽ മുസ്തഫ സിക്കോയിലൂടെ അവർ ഗോൾ മടക്കി. മുഹമ്മദ് ഹാനി ബോക്‌സിലേക്ക് നൽകിയ ലോങ് ബോൾ സിക്കോ മിന്നും ഹെഡറിലൂടെ വലയിലാക്കി.

67ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സല ടീമിനു രണ്ടാം ​ഗോൾ സമ്മാനിച്ചു. സിക്കോയുമൊത്തുള്ള ഒരു വൺ ടു മുന്നേറ്റത്തിനൊടുവിൽ ബോക്‌സിൽ വച്ച് പന്ത് സ്വീകരിച്ച സല അനായാസം സ്കോർ ചെയ്തു. ലീഡ് പിടിച്ചതോടെ ഈജിപ്റ്റ് ​ഗോൾ ശ്രമം തുടരുന്നത് നിർത്തിയില്ല. പിന്നാലെ 82ാം അതിന്റെ ഫലവും വന്നു. ഇത്തവണ മഹ്‌മൂദ് ട്രെസെഗെ വല ചലിപ്പിച്ചതോടെ ന്യൂസിലൻ‍ഡിന്റെ തിരിച്ചു വരവ് അസാധ്യമായി.

ഒടുവിൽ, നെയ്മർ ഇറങ്ങുന്നു! പൂർണ സ‍ജ്ജനെന്ന് ആഞ്ചലോട്ടി

ഒടുവിൽ, നെയ്മർ ഇറങ്ങുന്നു! പൂർണ സ‍ജ്ജനെന്ന് ആഞ്ചലോട്ടി

വാഷിങ്ടൺ: ഫിഫ ലോകകപ്പിൽ ഹെയ്തിക്കെതിരായ പോരാട്ടത്തിൽ 3-0ത്തിനു തകർപ്പൻ ജയം സ്വന്തമാക്കി ബ്രസീൽ വിജയ വഴിയിൽ തിരിച്ചെത്തിയതിനു പിന്നാലെ ആരാധകർക്ക് ആവേശം നിറയ്ക്കുന്ന വെളിപ്പെടുത്തലുമായി പരിശീലകൻ കാർലോ ആഞ്ചലോട്ടി. പരിക്കിനെ തുടർന്നു ബ്രസീലിന്റെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ സൂപ്പർ താരം നെയ്മർ ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ക​ളിക്കാനുള്ള സാധ്യത കൂടി. ബുധനാഴ്ച മയാമി ഗാർഡൻസിൽ സ്കോട്ലൻഡിനെതിരെ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നെയ്മർ കളിക്കളത്തിലേക്ക് തിരിച്ചെത്തും.

നെയ്മർ ശനിയാഴ്ച ഒറ്റയ്ക്ക് പ്രത്യേക പരിശീലനം നടത്തും. തുടർന്ന് തിങ്കളാഴ്ചയോടെ ടീമിനൊപ്പം പൂർണ പരിശീലനത്തിലും പങ്കുചേരും. സ്കോട്ലൻഡിനെതിരെയുള്ള ബ്രസീലിന്റെ അവസാന മത്സരത്തിൽ താരം കളിക്കാൻ പൂർണ സജ്ജനായിരിക്കും- ആഞ്ചലോട്ടി വ്യക്തമാക്കി. ആൻസലോട്ടി സ്ഥിരീകരിച്ചു.

മെയ് 17ന് സാന്റോസ് എഫ്സിക്ക് വേണ്ടി കളിക്കുന്നതിനിടെയാണ് നെയ്മർക്കു പരിക്കേറ്റത്. വലതു കാലിലെ പേശിക്കേറ്റ പരിക്കാണ് നെയ്മറെ അലട്ടിയിരുന്നത്. കൂടാതെ 2023 ഒക്ടോബറിൽ ഉണ്ടായ എസിഎൽ പരിക്കിൽ നിന്നു താരം പൂർണമായി മുക്തനായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ലോകകപ്പ് ടീമിലേക്കു ആഞ്ചലോട്ടി നെയ്മറെ ഉൾപ്പെടുത്തിയിരുന്നെങ്കിലും താരത്തെ ​ഗ്രൂപ്പ് ഘട്ടത്തിൽ കളിപ്പിക്കാൻ സാധിക്കുമെന്ന പൂർണ വിശ്വാസം അദ്ദേഹത്തിനുമുണ്ടായിരുന്നില്ല. നോക്കൗട്ട് മുതൽ താരത്തിന്റെ സാന്നിധ്യം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ആഞ്ചലോട്ടി ആദ്യ രണ്ട് മത്സരങ്ങളിലും നെയ്മർക്കു വിശ്രമം നൽകിയത്.

മൂന്നാം പോരാട്ടത്തിലും നെയ്മർ കളിക്കാൻ സാധ്യത കുറവാണെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ അടുത്ത മത്സരം മുതൽ നെയ്മർ ബ്രസീൽ ടീമിലുണ്ടാകുമെന്നു ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

129 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ നെയ്മറുടെ തിരിച്ചുവരവ്, നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുന്ന കാനറികൾക്ക് വലിയ ആത്മവിശ്വാസം നൽകും. സ്കോട്ലൻഡിനെതിരെ വിജയം തുടർന്ന് ഗ്രൂപ്പ് ഘട്ടം മികച്ച രീതിയിൽ അവസാനിപ്പിക്കാനാണ് ബ്രസീൽ ലക്ഷ്യമിടുന്നത്. നെയ്മറുടെ അനുഭവസമ്പത്തും ക്രിയേറ്റിവിറ്റിയും ടീമിന് കൂടുതൽ കരുത്ത് പകരുമെന്നാണ് കരുതപ്പെടുന്നത്

വീണ്ടും ആ മഞ്ഞക്കടലിരമ്പം; മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രസീൽ ഹെയ്തിയെ തകർത്തു

വീണ്ടും ആ മഞ്ഞക്കടലിരമ്പം; മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രസീൽ ഹെയ്തിയെ തകർത്തു

ഫിലാഡൽഫിയ: വീണ്ടുമൊരിക്കൽ കൂടി അലയൊലിയായ ആ മഞ്ഞക്കടലിരമ്പം ഫിലാഡെൽഫിയ സ്റ്റേഡിയത്തെ ആവേശത്തിൽ മുക്കി. ലോകകപ്പ് ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ അഞ്ചുതവണ ലോകചാംപ്യൻമാരായ ബ്രസീൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഹെയ്തിയെ തോൽപ്പിച്ചു. കാനറികൾക്ക് വേണ്ടി മാത്യൂസ് ക്യൂഞ്ഞ രണ്ടു ഗോളുകളും വിനീഷ്യസ് ജൂനിയർ ഒരു ഗോളും നേടി. ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. ഈ വിജയത്തോടെ ഗ്രൂപ്പ് സിയിൽ നാല് പോയിന്‍റുമായി ബ്രസീൽ ഒന്നാമതെത്തി. മൊറോക്കോയ്ക്കും നാല് പോയിന്‍റ് ഉണ്ടെങ്കിലും ഗോൾവ്യത്യാസത്തിലെ മികവ് ബ്രസീലിനെ ഒന്നാമതെത്തിക്കുകയായിരുന്നു. അതേസമയം രണ്ട് മത്സരം തോറ്റതോടെ ഹെയ്തി ഏറെക്കുറെ പുറത്തായി കഴിഞ്ഞു. അവസാന മത്സരങ്ങളിൽ ബ്രസീൽ സ്കോട്ട്ലൻഡിനെയും ഹെയ്തി മൊറോക്കോയെയും നേരിടും.
മത്സരത്തിന്‍റെ തുടക്കം മുതൽ മഞ്ഞപ്പട ആധിപത്യം പുലർത്തിയെങ്കിലും ചില നല്ല നീക്കങ്ങളുമായി ഹെയ്തിയുടെ സാന്നിധ്യമറിയിച്ചു. വമ്പൻമാർക്കെതിരെയാണ് മത്സരിക്കുന്നതെന്ന അങ്കലാപ്പ് ഇല്ലാതെ ഹെയ്തി താരങ്ങൾ കളംപിടിക്കുന്നത് കാണാമായിരുന്നു. നാലാം മിനിട്ടിൽ ബ്രസീൽ താരത്തെ ഫൗൾ ചെയ്തതിന് ഹെയ്തിയുടെ കാർലെൻസ് ആർക്കസിന് മഞ്ഞ കാർഡ് ലഭിച്ചു. കളിയുടെ തുടക്കം മുതൽ ബ്രസീൽ ആധിപത്യം പുലർത്തിയെങ്കിലും ചില നല്ല നീക്കങ്ങൾ ഹെയ്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. 14ആം മിനിട്ടിൽ റഫീഞ്ഞ്യ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 21ആം മിനിട്ടിൽ ലൂക്കാസ് പാക്വെറ്റയുടെ പാസിൽനിന്ന് വിനീഷ്യസ് ജൂനിയറിന് മികച്ച ഒരു ഗോളവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല.

23ആം മിനിട്ടിൽ ബ്രസീൽ ആരാധകർ കാത്തിരുന്ന ഗോൾ എത്തി. വിനീഷ്യസ് ജൂനിയർ ഡ്രിബിൾ ചെയ്ത് ബോക്സിലേക്ക് നടത്തിയ നീക്കമാണ് ഗോളിൽ കലാശിച്ചത്. റീബൌണ്ട് ചെയ്തുവന്ന പന്ത് മാത്യൂസ് ക്യൂഞ്ഞ ഒരവസരം പോലും നൽകാതെ വലയിലാക്കുകയായിരുന്നു. ഈ സമയം ഹെയ്തി ഗോൾ കീപ്പർ ജോണി പ്ലാസിഡ് വെറും കാഴ്ചക്കാരൻ മാത്രമായിരുന്നു. 36ആം മിനിട്ടിൽ ഒരു ത്രൂപാസ് പിടിച്ചെടുത്ത് മാത്യൂസ് ക്യൂഞ്ഞ ബ്രസീലിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി.

ചില പ്രത്യാക്രമണങ്ങൾ ഹെയ്തി നടത്തിയെങ്കിലും അവയ്ക്ക് മൂർച്ഛ പോരായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വിനീഷ്യസ് ജൂനിയർ മനോഹരമായ മറ്റൊരു ഗോളിലൂടെ മഞ്ഞപ്പടയുടെ ലീഡ് മൂന്നാക്കി ഉയർത്തുകയായിരുന്നു. ഹെയ്തിയുടെ മധ്യനിരയെയും പ്രതിരോധത്തെയും വകഞ്ഞ് മുന്നേറിയ വിനീഷ്യസ് ലക്ഷ്യം തെറ്റാതെ അനായാസം പന്ത് വലയിലാക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ കൂടുതൽ ഉണർവോടെ കളിക്കുന്ന ഹെയ്തിയെയാണ് കാണാനായത്. ഡൊമിനിക് സൈമൻ ഗോളിന് തൊട്ടരികിൽ എത്തിയെങ്കിലും ആലിസൺ രക്ഷകനായി മാറി. പിന്നീട് വിനീഷ്യസ് ജൂനിയർ ചില നല്ല അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളായില്ല. 73ആം മിനിട്ടിൽ ബ്രസീൽ താരം എൻഡ്രിക്ക് ഗോൾ നേടിയെങ്കിലും അത് ഓഫ് സൈഡ് ഫ്ലാഗിൽ കുടുങ്ങി. ആശ്വാസഗോൾ കണ്ടെത്താൻ ഹെയ്തി കിണഞ്ഞുപരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തകർപ്പനൊരു ഷോട്ട് ആലിസൺ തട്ടിയകറ്റി രക്ഷപ്പെടുത്തി. കളിയുടെ അവസാന നിമിഷം വരെ ബ്രസീലിനും ചില അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം അകലെയായിരുന്നു

മത്സരത്തിൽ 57 ശതമാനത്തോളം ബോൾ പൊസെഷൻ നിലനിർത്തിയത് ബ്രസീൽ ആയിരുന്നു. ഹെയ്തി പോസ്റ്റിലേക്ക് ബ്രസീൽ നാല് തവണയാണ് ഓൺ ടാർജറ്റ് ഷോട്ടുകൾ ഉതിർത്തത്. രണ്ട് ഓൺ ടാർജറ്റ് ഷോട്ടുകൾ ഹെയ്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. രണ്ട് ഹെയ്തി താരങ്ങളാണ് ആദ്യ പകുതിയിൽ മഞ്ഞ കാർഡ് കണ്ടത്. ബ്രസീൽ താരം ഡഗ്ലസ് സാന്‍റോസ് 65ആം മിനിട്ടിൽ മഞ്ഞ കാർഡ് കണ്ടു.

ആദ്യ പകുതിയിൽ സൂപ്പർ താരം റഫീഞ്ഞ്യ പരുക്ക് മൂലം പുറത്തായത് ബ്രസീലിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. റയാൻ ആണ് പകരക്കാരനായി മൈതാനത്തേക്ക് എത്തിയത്. ഇന്നും സൂപ്പർതാരം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്.

പറങ്കിപ്പടയെ വിറപ്പിച്ച് ആഫ്രിക്കന്‍ ‘പുള്ളിപ്പുലികള്‍’! നിറം മങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സമനിലപ്പൂട്ട്

പറങ്കിപ്പടയെ വിറപ്പിച്ച് ആഫ്രിക്കന്‍ ‘പുള്ളിപ്പുലികള്‍’! നിറം മങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സമനിലപ്പൂട്ട്

ഹൂസ്റ്റണ്‍: ‘പുള്ളിപ്പുലികള്‍’ എന്നൊരു പേരുണ്ട് കോംഗോ ഫുട്‌ബോള്‍ ടീമിന്. അക്ഷരാർഥത്തിൽ ആ വിളിപ്പേരിന്റെ പൊരുൾ പോർച്ചു​ഗൽ ശരിക്കും അറിഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം ലോകകപ്പ് വീണ്ടും കളിക്കാനെത്തിയ അവര്‍ അമ്പരപ്പിക്കുന്ന പോരാട്ടമാണ് മൈതാനത്ത് പുറത്തെടുത്തത്. ലോക കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളുടെ കൂട്ടത്തില്‍ ആരാധകര്‍ ഇത്തവണ എഴുതി ചേര്‍ത്ത പേരാണ് പോര്‍ച്ചുഗലിന്റേത്. എന്നാല്‍ അതൊന്നും ചരിത്രത്തില്‍ രണ്ടാം തവണ ലോകകപ്പിനെത്തിയ കോംഗോ ടീമിനെ ബാധിക്കുന്നതേ ആയിരുന്നില്ല. കരുത്തരായ പോര്‍ച്ചുഗലിനെ അവര്‍ 1-1നു സമനിലയില്‍ തളച്ചു. കളിയുടെ ആറാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയിട്ടും ഉജ്ജ്വല പോരാട്ടം കാഴ്ച്ച വച്ച കോംഗോലീസ് വീറോടെ സമനില പൊരുതി വാങ്ങി. ആക്രമണത്തിലും പ്രതിരോധത്തിലും അവര്‍ പോര്‍ച്ചുഗലിനെ അടിമുടി വിറപ്പിച്ചു.

നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തീര്‍ത്തും നിറം മങ്ങിയ പോരില്‍ ആദ്യ പകുതിയില്‍ താരം ഒരു തവണ മാത്രമാണ് എതിര്‍ ബോക്‌സില്‍ നിന്നു പന്ത് തൊട്ടത്. രണ്ടാം പകുതിയില്‍ രണ്ട് മികച്ച അവരങ്ങള്‍ ലഭിച്ചിട്ടും അതൊന്നും മുതലെടുക്കാന്‍ താരത്തിനു സാധിച്ചതുമില്ല.

മികച്ച ആത്മവിശ്വാസവുമായാണ് പോര്‍ച്ചുഗല്‍ കളി തുടങ്ങിയത്. കിക്കോഫിനു പിന്നാലെ തന്നെ അവര്‍ ആക്രമണവും തുടങ്ങി. ആറാം മിനിറ്റില്‍ തന്നെ അതിന്റെ ഫലവും വന്നു. ഇടതു വിങ്ങില്‍ നിന്നു പെഡ്രോ നെറ്റോ ക്രോസ് ചെയ്തു നല്‍കിയ പന്തിനെ ക്ലിനിക്കല്‍ ഹെഡ്ഡിലൂടെ ജാവോ നെവസ് വലയിലാക്കി.

ഈ ഗോള്‍ വഴങ്ങിയത് കോംഗോയ്ക്ക് ഉപകാരമായെന്നു പിന്നീട് അവരുടെ കളി കണ്ടവര്‍ പറഞ്ഞിട്ടുണ്ടാകും. ആറാം മിനിറ്റിലെ ഗോളിനു പിന്നാലെയാണ് അവര്‍ കളിയില്‍ താളം കണ്ടെത്തിയത്. പതിയെ പ്രത്യാക്രമണ തന്ത്രത്തിലേക്ക് അവരും കടന്നതോടെ കളി ചൂടുപിടിച്ചു.

പലപ്പോഴും അവര്‍ പോര്‍ച്ചുഗല്‍ ബോക്‌സിലേക്ക് അതിവേഗം കയറിയെങ്കിലും ഫിനിഷിങ് പോരായ്മകള്‍ വഴി തടഞ്ഞു. യൊവാന്‍ വിസ്സ, സെഡ്രിക്ക് ബെക്കാംബു എന്നിവര്‍ ലോങ് റേഞ്ചുകള്‍ പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല.

കളി ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്തേക്ക് നീങ്ങിയപ്പോള്‍ ലോകകപ്പിലെ അവരുടെ ചരിത്ര ഗോളും പിറന്നു. ഒന്നാം പകുതിയുടെ അവസാന ഘട്ടത്തില്‍ കോംഗോയ്ക്ക് അനുകൂലമായി ഒരു കോര്‍ണര്‍. ആര്‍തുര്‍ മസ്വാക്കു കോര്‍ണറില്‍ നിന്നു നല്‍കിയ പന്തിനെ യൊവാന്‍ വിസ്സ പോര്‍ച്ചുഗല്‍ താരങ്ങള്‍ക്കിടയിലൂടെ ഉയര്‍ന്നു പൊങ്ങി ഉജ്ജ്വലമായ ഹെഡ്ഡറില്‍ വലയിലേക്കിട്ട് അവരെ ഞെട്ടിച്ചു. ഒപ്പം ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോളെന്ന നേട്ടവും അവര്‍ സ്വന്തം രാജ്യത്തിന്റെ പേര്‍ക്കെഴുതി. യൊവാന്‍ വിസ്സ ഒറ്റ ഹെഡ്ഡറിലൂടെ ലോകകപ്പില്‍ കോംഗോയ്ക്കായി ഗോള്‍ നേടുന്ന ആദ്യ താരമെന്ന കോംഗോളീസ് ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്റെ പേര് മായ്ക്കാന്‍ കഴിയാത്ത വിധം എഴുതി ചേര്‍ക്കുകയും ചെയ്തു.

രണ്ടാം പകുതിയില്‍ ബെര്‍ണാര്‍ഡോ സില്‍വയ്ക്കു പകരം ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സാവോയെ കളത്തിലിറക്കിയാണ് പോര്‍ച്ചുഗല്‍ തുടങ്ങിയത്. ആദ്യ പകുതിയില്‍ സില്‍വ മഞ്ഞ കാര്‍ഡ് വാങ്ങിയിരുന്നു. കോണ്‍സെയ്‌സാവോയുടെ വരവ് വലത് വിങ്ങില്‍ കാര്യമായ മാറ്റം കൊണ്ടു വന്നു. രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ കൂടുതല്‍ ആക്രമണം പുറത്തെടുത്തു. കോണ്‍സെയ്താവോയുടെ മുന്നേറ്റങ്ങള്‍ കോംഗോയ്ക്ക് തലവേദനയുണ്ടാക്കിക്കൊണ്ടിരുന്നു. എന്നാല്‍ അപ്പോഴും അവര്‍ പ്രതിരോധക്കോട്ടയില്‍ വിള്ളന്‍ വീഴ്ത്താന്‍ അനുവദിച്ചതുമില്ല.

സമനില പിടിച്ചതിന്റെ വര്‍ധിത വീര്യം കോംഗോയും പുറത്തെടുത്തതോടെ ആദ്യ പകുതിയേക്കാള്‍ ആക്രമണ പ്രത്യാക്രമണങ്ങള്‍ രണ്ടാം പകുതിയില്‍ കണ്ടു. എഡോ കായെംബയും സാമുവല്‍ മൗറ്റോസ്മ്മിയും നോവ സദിക്കിയും മുന്നേറ്റ നിരയിലേക്ക് തുടരെ തുടരെ പന്തുകള്‍ എത്തിച്ചു.

അതിനിടെ 54ാം മിനിറ്റില്‍ ജാവോ കാന്‍സലോയുടെ ഒരു അക്രോബാറ്റിക് കിക്ക് കോംഗോ വലയില്‍ കയറിയെങ്കിലും അത് ഓഫ് സൈഡായി മാറി. പിന്നാലെ കോംഗോ ഗോളിനടുത്തെത്തി. പോര്‍ച്ചുഗല്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് കിട്ടിയ സെഡ്രിക്ക് ബെക്കാംബു അത് വലയിലേക്ക് അടിക്കാന്‍ ശ്രമിച്ചെങ്കിലും ബാറില്‍ തട്ടി മടങ്ങി.

മത്സരം വമ്പന്‍ ആക്രമണങ്ങളാല്‍ സജീവമായതോടെ പല പോര്‍ച്ചുഗല്‍ താരങ്ങളും അസ്വസ്ഥതരായിരുന്നു. പലപ്പോഴും കളി കൈയാങ്കളിയിലേക്ക് നീങ്ങുമെന്ന പ്രതീതിയുമുണ്ടായി. 68, 73 മിനിറ്റുകളില്‍ കിട്ടിയ സുവര്‍ണാവസരങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്തേക്ക് വലിച്ചടിച്ച് കളയുകയും ചെയ്തതോടെ അവര്‍ അടിമുടി നിരാശയിലായി.

അവസാന ഘട്ടം വരെ കോംഗോ ഉജ്ജ്വലമായി തന്നെ പോര്‍ച്ചുഗല്‍ ആക്രമണങ്ങളെ പ്രതിരോധിച്ചു. തഞ്ചം കിട്ടിയപ്പോഴൊക്കെ അവര്‍ എതിര്‍ പോസ്റ്റിലേക്ക് ആക്രമണം അഴിച്ചുവിടുകയും ചെയ്തു. പതിവ് ആഫ്രിക്കന്‍ ടീമുകളുടെ കളിയില്‍ നിന്നു വ്യത്യസ്തമായി കളം മുഴുവന്‍ സാധ്യമായ എല്ലാ രീതിയിലും എതിരാളികളെ കുരുക്കിയിടാന്‍ അവര്‍ക്കായി.

ഒടുവില്‍ 52 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ലോകകപ്പിലേക്കുള്ള തിരിച്ചു വരവില്‍ പോര്‍ച്ചുഗലെന്ന കരുത്തരെ വിജയത്തോളം പോന്ന സമനിലയില്‍ കുരുക്കി അവര്‍ കളം വിട്ടു. 1974ലാണ് കോംഗോ ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ചത്. അതിനു ശേഷം ഇപ്പോഴാണ് അവരുടെ രണ്ടാം വരവ്.