‘ഗുഡ്ബൈ റസ്‌ലിങ്ങ്‌’: വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു

‘ഗുഡ്ബൈ റസ്‌ലിങ്ങ്‌’: വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു

പാരിസ്: ഒളിംപിക്‌സ് ഫൈനലിലെ അയോഗ്യതയ്ക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗുസ്തിയോട് വിടപറയുകയാണെന്നും ഇനി മത്സരിക്കാന്‍ ശക്തിയില്ലെന്നും വിനേഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സെമിയില്‍ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൈനലില്‍ എത്തിയത്. എന്നാല്‍ ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെടുകായിരുന്നു.

ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

‘ഗുഡ്ബൈ റസ്‌ലിങ്ങ്‌, ഞാന്‍ തോറ്റു, ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകര്‍ന്നു, ഇതില്‍ കൂടുതല്‍ ശക്തി എനിക്കില്ല. നിങ്ങളോടെല്ലാം ഞാന്‍ എന്നും കടപ്പെട്ടിരിക്കും, ക്ഷമിക്കണം’ എന്നായിരുന്നു എക്‌സില്‍ ഹിന്ദിയില്‍ വിനേഷ് കുറിച്ചത്.

രാഹുലിന് പകരം പന്ത്; പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യ

രാഹുലിന് പകരം പന്ത്; പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യ

കൊളംബോ: രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീം നാളെ നടക്കുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. പരമ്പര കൈവിടാതിരിക്കണമെങ്കില്‍ രോഹിതിനും കൂട്ടര്‍ക്കും വിജയം അനിവാര്യവാര്യമാണ്‌. അതുകൊണ്ടുതന്നെ മത്സരത്തില്‍ മികവുറ്റ പ്രകടനം പുറത്തെടുക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.

ബുധനാഴ്ച കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യരണ്ട് മത്സരങ്ങളിലും മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അതുകൊണ്ടുതന്നെ കഴിഞ്ഞ മത്സരങ്ങളിലെ ടീമില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. നാളെ നടക്കുന്ന മത്സരത്തില്‍ ടീമില്‍ ഇടം പിടിച്ച റിയാന്‍ പരാഗ് ഏകദിനത്തല്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുണ്ട്. 22കാരനായ പരാഗ് മധ്യനിരയില്‍ വിശ്വസ്തനായ ബാറ്ററാണ്. കൂടാതെ നന്നായി പന്തെറിയുമെന്നത് റിയാന് മുന്‍തൂക്കം നല്‍കുന്നു. ശുഭം ദുബെയ്ക്ക് പകരക്കാരായാകും റിയാന്‍ കളിക്കുക. ശ്രീലങ്കയ്‌ക്കെതിരായ ആദ്യടി20യില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് റിയാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുലിന് പകരം ഋഷഭ് പന്ത് നാളത്തെ മത്സരത്തില്‍ കളിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ രാഹുല്‍ പൂജ്യത്തിനാണ് പുറത്തായത്. ആദ്യമത്സരത്തില്‍ ടീമിനെ വിജയിപ്പിക്കാവുന്ന പ്രകടനവും രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല.

പേസ് ബൗളിങില്‍ മുഹമ്മദ് സിറാജും അര്‍ഷ്ദീപും തുടരും. മൂന്നാം ഏകദിനത്തില്‍ കുല്‍ദീപ് അവസരത്തിനൊത്ത് ഉയുരമെന്നാണ് പ്രതീക്ഷ. ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള സിറാജിന് ഇതുവരെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല, അതേസമയം അര്‍ഷ്ദീപിനും മികച്ച ഫോം കണ്ടെത്താനായിട്ടില്ല

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.

രാഹുല്‍ വിക്കറ്റ് കീപ്പര്‍; ഇന്ത്യക്കെതിരെ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും

രാഹുല്‍ വിക്കറ്റ് കീപ്പര്‍; ഇന്ത്യക്കെതിരെ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു.

ഇന്ത്യന്‍ നിരയില്‍ കെഎല്‍ രാഹുലാണ് വിക്കറ്റ് കീപ്പറായി ഇറങ്ങുന്നത്. വാഷിങ്ടന്‍ സുന്ദറും ഇലവനില്‍ ഇടം കണ്ടു. ഇന്ത്യന്‍ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, വാഷിങ്ടന്‍ സുന്ദര്‍, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

വീണ്ടും വിസ്മയം തീര്‍ത്ത് സിമോണ്‍ ബൈല്‍സ്; ആറാം ഒളിംപിക്‌സ് സ്വര്‍ണം, റെക്കോര്‍ഡ്

വീണ്ടും വിസ്മയം തീര്‍ത്ത് സിമോണ്‍ ബൈല്‍സ്; ആറാം ഒളിംപിക്‌സ് സ്വര്‍ണം, റെക്കോര്‍ഡ്

കരിയറിലെ ആറാം ഒളിംപിക്‌സ് സ്വര്‍ണം സ്വന്തമാക്കി അമേരിക്കയുടെ ഇതിഹാസ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈല്‍സ്. വനിതകളുടെ ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സ് ഓള്‍ റൗണ്ട് വിഭാഗത്തിലാണ് താരത്തിന്റെ സ്വര്‍ണം. 59.131 പോയിന്റുകള്‍ നേടിയാണ് ബൈല്‍സിന്റെ സുവര്‍ണ നേട്ടം.

ബ്രസീല്‍ താരം റെബേക്ക അന്‍ഡ്രെയ്ഡിനെ പിന്തള്ളിയാണ് ബൈല്‍സ് നേട്ടത്തിലെത്തിയത്. രണ്ട് പോയിന്റ് വ്യത്യാസമാണ് ഇരുവരും തമ്മില്‍. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 27കാരി പാരിസില്‍ വീണ്ടും വിസ്മയങ്ങള്‍ തീര്‍ക്കുന്നത്.പാരിസില്‍ താരം നേടുന്ന രണ്ടാമത്തെ ജിംനാസ്റ്റിക്‌സ് സ്വര്‍ണമാണിത്. നേരത്തെ ഇതേ ഇനത്തില്‍ ടീം പോരാട്ടത്തിലാണ് ഇത്തവണ ആദ്യ സ്വര്‍ണം ബൈല്‍സ് സ്വന്തമാക്കിയത്. ആകെ ഒളിംപിക്‌സ് മെഡലുകളുടെ എണ്ണം ഒന്‍പതാക്കിയും താരം ഉയര്‍ത്തി. ആറ് സ്വര്‍ണം, ഒരു വെള്ളി, രണ്ട് വെങ്കലം.

എട്ട് വര്‍ഷം മുന്‍പ് റിയോ ഒളിംപിക്‌സിലാണ് താരം ആദ്യമായി ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സ് ഓള്‍ റൗണ്ട് വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണ ടോക്യോ ഒളിംപിക്‌സില്‍ താരം മത്സരിച്ചിരുന്നില്ല. മാനസിക സമ്മര്‍ദ്ദം കാരണം മത്സരിക്കാന്‍ സാധിക്കുന്നില്ലെന്നു വ്യക്തമാക്കിയുള്ള താരത്തിന്റെ പിന്‍മാറ്റം കായിക ലോകത്തെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതിന്റെയെല്ലാം കുറവ് നികത്തിയാണ് ബൈല്‍സിന്റെ മുന്നേറ്റം.ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സ് ഓള്‍ റൗണ്ട് വിഭാഗത്തില്‍ രണ്ട് തവണ ഒളിംപിക്‌സ് സ്വര്‍ണം നേടുന്ന മൂന്നാമത്തെ മാത്രം താരമായും ഇതോടെ ബൈല്‍സ് മാറി. നേരത്തെ സോവിയറ്റ് യൂണിയന്റെ ലാറിസ ലാറ്റിനിന (1956, 60), ചെക്കോസ്ലോവാക്യയുടെ വേര കസ്‌ലാവ്‌സ്‌ക (1964, 68) എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയവര്‍.

ഇന്ത്യക്ക് മൂന്നാം വെങ്കലം; സ്വപ്നം സാധ്യമാക്കി സ്വപ്‌നില്‍ കുസാലെയും

ഇന്ത്യക്ക് മൂന്നാം വെങ്കലം; സ്വപ്നം സാധ്യമാക്കി സ്വപ്‌നില്‍ കുസാലെയും

പാരിസ്: ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡല്‍ നേട്ടം. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലെയാണ് വെങ്കലം നേടിയത്.

ആദ്യ രണ്ട് പൊസിഷനുകളിലും അഞ്ചാം സ്ഥാനത്തായിരുന്നു സ്വപ്‌നില്‍ മൂന്നാം പൊസിഷനിലാണ് മികവോടെ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 451.4 പോയിന്റുകള്‍ നേടിയാണ് സ്വപ്‌നില്‍ ഇന്ത്യക്ക് മൂന്നാം വെങ്കലം സമ്മാനിച്ചത്. പാരിസിലെ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. മൂന്നും ഷൂട്ടര്‍മാര്‍ വെടിവച്ചിട്ടതാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വ്യക്തിഗത പോരാട്ടത്തിലും മനു- സരബ്‌ജോത് സിങ് സഖ്യം ഇതേ ഇനത്തില്‍ മിക്‌സഡ് പോരാട്ടത്തിലുമാണ് നേരത്തെ ഇന്ത്യക്കായി വെങ്കലം നേടിയത്. പിന്നാലെയാണ് സ്വപ്‌നിലിന്റെ നേട്ടം.

ഷൂട്ടിങ്; സ്വപ്‌നില്‍ കുസാലെ ഫൈനലില്‍; പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍

ഷൂട്ടിങ്; സ്വപ്‌നില്‍ കുസാലെ ഫൈനലില്‍; പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍

പാരിസ്: പാരിസ് ഒളിംപിക്‌സ് ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഇനത്തില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെ ഫൈനലില്‍. ശക്തമായ പോരാട്ടത്തിനൊടുവില്‍ ഏഴാം സ്ഥാനക്കാരനായാണ് താരത്തിന്റെ ഫൈനല്‍ പ്രവേശം.

ഇതേ ഇനത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ഐശ്വരി പ്രതാപ് സിങ് തോമര്‍ പുറത്തായി. യോഗ്യതാ റൗണ്ടില്‍ 11-ാം സ്ഥാനത്ത് എത്താനെ ഐശ്വരി പ്രതാപിന് കഴിഞ്ഞുള്ളു. നാളെ ഉച്ചയ്ക്ക് ഒരുമണിക്കാണ് ഫൈനല്‍ മത്സരം. യോഗ്യതാ റൗണ്ടില്‍ 590 പോയിന്റ് നേടിയാണ് സ്വപ്നില്‍ ഏഴാം സ്ഥാനത്തെത്തിയത്. 589 പോയിന്റ് നേടിയെങ്കിലും ഐശ്വരി പ്രതാപ് 11-ാം സ്ഥാനത്തായി. ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍ കടന്നു. എസ്റ്റോണിയന്‍ താരം ക്രിസ്റ്റന്‍ കുബയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. 21-5, 21-10. പുരുഷ വിഭാഗം സിംഗിൾസിൽ ലക്ഷ്യ സെന്നും പ്രീക്വാർട്ടറിൽ കടന്നു. ആവേശകരമായ മത്സരത്തിൽ ലോക നാലാം നമ്പർ താരം ഇന്തോനേഷ്യയുടെ ജൊനാതൻ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയാണ് ലക്ഷ്യയുടെ മുന്നേറ്റം. സ്കോർ: 21-18, 21-12.