കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,221 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,48,515 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4706 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 282 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 43,663 കോവിഡ് കേസുകളില്‍, 7.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 158 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 40,132 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4393 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 292 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5370 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 696, കൊല്ലം 358, പത്തനംതിട്ട 472, ആലപ്പുഴ 243, കോട്ടയം 385, ഇടുക്കി 242, എറണാകുളം 813, തൃശൂര്‍ 656, പാലക്കാട് 264, മലപ്പുറം 191, കോഴിക്കോട് 427, വയനാട് 201, കണ്ണൂര്‍ 361, കാസര്‍ഗോഡ് 61 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 43,663 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,57,368 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 96.1 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,56,83,011), 64.8 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,73,13,579) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (12,04,405)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 4723 പുതിയ രോഗികളില്‍ 4077 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 532 പേര്‍ ഒരു ഡോസ് വാക്‌സിനും 2289 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1256 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· നവംബര്‍ 23 മുതല്‍ 29 വരെയുള്ള കാലയളവില്‍, ശരാശരി 49,323 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 6694 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 17 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 19%, 10%, 30%, 8%, 6%, 13% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വയോജന ക്ലബ്ബിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി

പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വയോജന ക്ലബ്ബിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി

കല്ലമ്പലം: പള്ളിക്കൽ ഗ്രാമ ഞ്ചായത്ത്‌ വയോജന ക്ലബ്ബിൽ ആയുർവേദ മെഡിക്കൽ പരിശോധനയും ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തി. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഹസീന ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ എം മാധവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ഷീബ എസ്‌, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ബിജു എസ് എസ്‌, വാർഡ് മെമ്പർ നൂർജഹാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്‌ ആയുർവേദ ഡോക്ടർ ഡോക്ടർ ഈന.ഡി വയോജനങ്ങളെ പരിശോധിക്കുകയും ആരോഗ്യബോധവത്കരണ ക്ലാസ് എടുക്കുകയും ചെയ്തു. വയോജന ക്ലബ്‌ കെയർടേക്കർ എൻ ഷെറീന നന്ദി രേഖപെടുത്തി.

‘പെരുമാതുറ കൂട്ടായ്മ’ വിദ്യാർത്ഥികളെ അനുമോദിച്ചു

‘പെരുമാതുറ കൂട്ടായ്മ’ വിദ്യാർത്ഥികളെ അനുമോദിച്ചു

പെരുമാതുറ: ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ പെരുമാതുറ മേഖലയിൽ നിന്നും വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും പെരുമാതുറ കൂട്ടായ്മ അനുമോദിച്ചു. പെരുമാതുറ കൂട്ടായ്മ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനം പെരുമാതുറ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്‌ എം.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ജി.സി.സി പെരുമാതുറ കൂട്ടായ്മ ചെയർമാൻ എം.യു.ഇർഷാദ് അധ്യക്ഷനായി.

പ്രതികൂല സാഹചര്യത്തിലും സാഹചര്യങ്ങളോട് പോരാടി വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിൽ പെരുമാതുറ കൂട്ടായ്മയ്ക്ക് അതിയായ ചരിതാർഥ്യമുണ്ടെന്ന് ജി.സി.സി ചെയർമാൻ പറഞ്ഞു. നേരത്തേ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പെരുമാതുറ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ അനുമോദിച്ചിരുന്നു.
അന്ന് പ്രഖ്യാപിച്ചിരുന്നതാണ് വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കുമെന്നത്. അത് ഇന്ന് യഥാർഥ്യമായിരിക്കുന്നു. കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു എന്നും അതിനായി പരിശ്രമിച്ച നാട്ടിലെ കമ്മിറ്റി അംഗങ്ങളെ അഭിനന്ദിക്കുന്നതായും ചെയർമാൻ പറഞ്ഞു.

‘വിദ്യ കൊണ്ട് പ്രബുദ്ധരാവുക’ എന്ന വിഷയത്തിൽ ഗാന്ധിയൻ എം.എം.ഉമ്മർ സാർ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു.
അഴൂർ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ അയണിമൂട്, വാർഡംഗം
നെസിയ സുധീർ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗങ്ങളായ
അൻസിൽ അൻസാരി, ഫാത്തിമ ശാക്കിർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

അതാത് വാർഡുകളിലെ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം വാർഡ് മെമ്പർമാർ നിർവഹിച്ചു. ചേരമാൻതുരുത്ത്, പുതുക്കുറിച്ചി വാർഡുകളിലെ വിദ്യാർത്ഥികൾക്കായുള്ള അനുമോദന സമ്മേളനം പുതുക്കുറിച്ചി കടപ്പുറത്ത് വെച്ച് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. അനുമോദന സമ്മേളനത്തിൽ ഒമാൻ പെരുമാതുറ കൂട്ടായ്മ സെക്രട്ടറി അൻസർ കമറുദ്ധീൻ സ്വാഗതവും പെരുമാതുറ കൂട്ടായ്മ ജോയിന്റ് സെക്രട്ടറി അൻസർ മാടൻവിള നന്ദിയും പറഞ്ഞു.

വർക്കല നഗരസഭയിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം

വർക്കല നഗരസഭയിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം

വർക്കല നഗരസഭയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു. വയോമിത്രം പദ്ധതിയിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ ക്ഷാമം പരിഹരിക്കുക, പാപനാശത്തു നടത്തുന്ന അനധികൃത പാർക്കിംഗ് ഫീസ് ഈടാക്കുന്നവർക്ക് എതിരെ നടപടിയെടുക്കുക, 660 sqftന് താഴെയുള്ള വീടുകളുടെ 2015 മുതലുള്ള കരകുടിശിഖ ഒഴിവാക്കുക, കറുന്നിലക്കോട് ഹെൽത്ത്‌ സെന്ററിന്റെ പ്രവർത്തനം പുനസ്ഥാപിക്കുക, എൻ എച്ച് എം ഫണ്ടുകൾ വാർഡുകളിൽ അടിയന്തരമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചത്.

ആവശ്യങ്ങൾ നഗരസഭ സെക്രട്ടറിയുമായി കൗൺസിലർമാർ ചർച്ച ചെയ്തപ്പോൾ അറിയാൻ സാധിച്ചത് വായോമിത്രം മരുന്നുകൾ സംസ്ഥാന സർക്കാർ കെഎംസിക്ക് 30 കോടിയോളം രൂപ നൽകാൻ ഉള്ളത് കൊണ്ടാണ് മരുന്ന് വിതരണം മുടങ്ങിയത് എന്നാണ്. ആയതിനാൽ മരുന്ന് വിതരണത്തിനായി ബദൽ സംവിധാനം ഉടൻ നടപ്പിലാക്കാം എന്ന് സെക്രട്ടറി ഉറപ്പു നൽകി.

കൗൺസിലർ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ പരിഹരിക്കാമെന്നു സെക്രട്ടറി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. പാർലമെന്റ്റി പാർട്ടി ലീഡർ അഡ്വ, ആർ അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ കൗൺസിലർമാരായ വിജി R.V, ഉണ്ണികൃഷ്ണൻ പ്രിയഗോപൻ, ഷീനഗോവിന്ദ്, രാഖി, സിന്ധു.V, A.R. അനീഷ്, സിന്ധു വിജയൻ, അശ്വതി, അനു.K.L എന്നിവർ പങ്കെടുത്തു.

നദീജലം പിൻവലിഞ്ഞു; ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർ വീടിന്റെ പടി ചവിട്ടി

നദീജലം പിൻവലിഞ്ഞു; ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർ വീടിന്റെ പടി ചവിട്ടി

ആറ്റിങ്ങൽ: ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ 2 ദിവസമായി നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവരെ ഇന്ന് വൈകിട്ടോടെ തിരികെ വീട്ടിലെത്തിച്ചു. പനവേലിപറമ്പ് ഭാഗത്തെ താമസക്കാരായ 3 കുടുംബങ്ങളിലെ 9 പേരാണ് ക്യാമ്പിൽ കഴിഞ്ഞത്. ഇന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയും റവന്യൂ അധികൃതരും വെള്ളം കയറിയ പ്രദേശം സന്ദർശിച്ച് ദുരന്ത ഭീഷണി തരണം ചെയ്തു എന്നുറപ്പ് വരുത്തിയ ശേഷമാണ് നഗരസഭാ വാഹനത്തിൽ ഇവരെ സുരക്ഷിതമായി വീടുകളിലെത്തിച്ചത്.

നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ, കൗൺസിലർ സുഖിൽ, ഡപ്യൂട്ടി തഹൽസീദാർ അജിത, വില്ലേജ് ഓഫീസർ മനോജ്, വില്ലേജ് അസി. മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.അഭിനന്ദ് എന്നിവരുടെ സംഘമാണ് ക്യാമ്പിൽ കഴിഞ്ഞവരെ വീടുകളിലെത്തിച്ചത്.

വാടക വീട്ടിൽ താമസിക്കുന്ന  നിർധന കുടുംബത്തിന് വസ്തു വാങ്ങി നൽകി തൊളിക്കുഴി കൂട്ടായ്മ

വാടക വീട്ടിൽ താമസിക്കുന്ന നിർധന കുടുംബത്തിന് വസ്തു വാങ്ങി നൽകി തൊളിക്കുഴി കൂട്ടായ്മ

കിളിമാനൂർ:സ്വന്തമായി ഒരു സെന്റ് ഭൂമിപോലും ഇല്ലാതെ തൊളിക്കുഴിയിൽ വാടകവീട്ടിൽ താമസിക്കുന്ന കുടുംബത്തിന് വീട് നിർമ്മിക്കാൻ ഭൂമി വാങ്ങി നല്കി തൊളിക്കുഴി കൂട്ടായ്മ. തൊളിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അബ്ദുൽ വാഹിദിനും കുടുംബത്തിനുമാണ് അഞ്ച് സെന്റ് ഭൂമി 285000 (രണ്ട് ലക്ഷത്തി എൺപത്തിഅയ്യായിരം രുപയ്ക്ക് വാങ്ങി നൽകി തൊളിക്കുഴി കൂട്ടായ്മ വാങ്ങി നല്കിയത്.നിർധന കുടുംബം മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് തൊളിക്കുഴിയിൽ വാടകയ്ക്ക് താമസമാരംഭിച്ചത്. സ്കൂളിൽഎട്ടിലും, പത്തിലും പഠിക്കുന്ന രോഗികളായ രണ്ടു പെൺമക്കളാണ് കൂടെയുള്ളത്. ഇവരുടെ രോഗിയായിരുന്ന മാതാവ് മാസങ്ങൾക്കുമുമ്പ് മരിച്ചിരുന്നു.അബ്ദുൽ വാഹിദും രോ​ഗാതുരനാണ്.ലോട്ടറി കച്ചവടം നടത്തി കിട്ടുന്ന വരുമാനം ആണ് ആകെയുള്ള ജീവിതമാർഗം. നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന സഹായങ്ങൾ ഉപയോഗിച്ചാണ് ഇദ്ദേഹത്തിന്റെ ചികിത്സ നടത്തി വരുന്നത്.
കുടുംബത്തിന്റെ ദയനീയസ്ഥിതി മനസ്സിലാക്കിയ തൊളിക്കുഴി വാട്സാപ്പ് കൂട്ടായ്മ,തൊളിക്കുഴി പ്രവാസി സൗഹൃദ വേദി, പ്രവാസി സാന്ത്വനം കൂട്ടായ്മ എന്നിവർ സംയുക്തമായി അംഗങ്ങളിൽ നിന്ന് തുക കണ്ടെത്തി രണ്ടു ലക്ഷത്തി എൺപത്തി അയ്യായിരം രൂപയ്ക്ക് അഞ്ച് സെന്റ് സ്ഥലം തൊളിക്കുഴിക്ക് സമീപം വാങ്ങിനൽകുകയായിരുന്നു.കൂട്ടായ്മയിലെ അംഗങ്ങളായ എ സൈഫുദ്ദീൻ, എ എം ഇർഷാദ്, എം തമീമുദ്ദീൻ, എ അനസ്, എം ഷംനാദ്, എ ആർ ഷമീം,എസ് ഫൈസി, എ ഷെഫീഖ്. എം ഫസിലുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ തൊളിക്കുഴിയിൽ വെച്ച് വസ്തുവിന്റെ പ്രമാണം കൈമാറി.
ലൈഫ് പദ്ധതിയിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ ഒരു ഭവനം കൂടി കുടുംബത്തിന് ഒരുക്കി കൊടുക്കുന്നതിനുള്ള പരിശ്രമത്തിലാണ് തൊളിക്കുഴി കൂട്ടായ്മ