ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

ആറ്റിങ്ങൽ : ബാർ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബാർ അസോസിയേഷൻ പ്രസിഡന്റായി ഷഹീർ എ, സെക്രട്ടറി വെള്ളല്ലൂർ ജയകുമാർ, ട്രഷറർ മടവൂർ സുരേഷ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.

എം എം മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

എം എം മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

തൊടുപുഴ: മുന്‍മന്ത്രി എംഎം മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. കൊല്ലം കൊട്ടാരക്കര സിഗ്നലിന് സമീപത്തായിരുന്നു അപകടം.ഇന്നലെ രാത്രിയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം; പനി പലതരം

ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം; പനി പലതരം

വൈക്കം: സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിവസവും കൂടുന്നു. കോവിഡ് കൂടുന്നുണ്ടെങ്കിലും പനി ബാധിതരെ ആശുപത്രികളില്‍ കോവിഡ് ടെസ്റ്റിനു നിര്‍ബന്ധിക്കുന്നില്ല. കോവിഡ് ലക്ഷണങ്ങളോടെ എത്തുന്നവര്‍ക്കു മാത്രമാണ് ടെസ്റ്റ് നടത്തുന്നത്. എന്നാല്‍ കോവിഡ് ലക്ഷണങ്ങള്‍ അവഗണിക്കുന്നവര്‍ ഏറെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഡെങ്കിപ്പനി, എലിപ്പനി എന്നിവയും സ്ഥിരീകരിക്കുന്നുണ്ട്. സമാന ലക്ഷണങ്ങളാണ് പനി ബാധിച്ച മിക്കവര്‍ക്കും. വിദഗ്ധ പരിശോധനയിലൂടെയേ ഏത് പനിയാണെന്ന് സ്ഥിരീകരിക്കാനാവൂ. സ്വയം ചികിത്സ നടത്തെരുതെന്ന് ഡോകടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്.

ഇപ്പോള്‍ പടരുന്ന പനികള്‍ക്കും കോവിഡിനുമെല്ലാം സമാന ലക്ഷണങ്ങളാണ് കാണുന്നതെന്ന് കോട്ടയം ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ പി.എന്‍. വിദ്യാധരന്‍ പറഞ്ഞു. രോഗലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്താണ് രോഗം തിരിച്ചറിയുന്നത്. കോവിഡ് ആണെന്ന് സംശയം തോന്നിയാല്‍ ടെസ്റ്റ് നടത്തി ഉറപ്പാക്കും. അതുപോലെ തന്നെയാണ് മറ്റ് പനികളും.

കോവിഡ്

പനി, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടല്‍.

വൈറല്‍ പനി

തൊണ്ടവേദനയോടു കൂടിയ ശക്തമായ പനി. മൂന്നുദിവസംവരെ പനി ഉണ്ടാകാം. ഒപ്പം ശക്തമായ തലവേദന, മൂക്കടപ്പ്, ക്ഷീണം, ചുമ.

ഡെങ്കിപ്പനി

ശരീരവേദന, സന്ധിവേദന, ക്ഷീണം, വിറയല്‍, ശക്തമായ തലവേദന

എലിപ്പനി

ശക്തമായ വിറയല്‍, പനി, തളര്‍ച്ച, കുളിര്, ശരീരവേദന, ഛര്‍ദി, മനംപുരട്ടല്‍, കണ്ണിന് ചുവപ്പ്, വെളിച്ചത്ത് നോക്കാന്‍ പ്രയാസം, കണങ്കാലില്‍ വേദന

എച്ച്1എന്‍1

പനി, ശരീരവേദന, ഛര്‍ദി, തൊണ്ടവേദന, വിറയല്‍, ക്ഷീണം

മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കോവിഡില്‍നിന്നു മാത്രമല്ല, വൈറല്‍ പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളില്‍നിന്നും രക്ഷനേടാന്‍ ഉപകരിക്കും. പനി ഉണ്ടെന്നുതോന്നിയാല്‍ ഡോക്ടറുടെ സഹായം തേടണം.

വ്യക്തി ശുചിത്വം പാലിക്കുന്നതും പ്രധാനം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

 

ഭാര്യയുടെ പരാതി: കസ്റ്റഡിയിലെടുക്കാൻ പോലീസ് കാത്തുനിൽക്കെ ഭർത്താവ് തൂങ്ങിമരിച്ചു

ഭാര്യയുടെ പരാതി: കസ്റ്റഡിയിലെടുക്കാൻ പോലീസ് കാത്തുനിൽക്കെ ഭർത്താവ് തൂങ്ങിമരിച്ചു

കൊല്ലം: ഭാര്യയുടെ പരാതിയെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ആളെ തൊട്ടു പിന്നാലെ ‍വീടിനുള്ളിൽ‌ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെറ്റിദ്ധരിപ്പിച്ച് വീടിനുള്ളിൽ കടന്നയാൾ തിരികെ വരു‌ന്നതും കാത്ത് പൊലീസ് പുറത്തു നിൽക്കുമ്പോഴാണ് ജീവനൊടുക്കിയത്. പനവേലി മടത്തിയറ ആദിത്യയിൽ ശ്രീഹരി(45) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. പൊലീസ് പീഡനം ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ പൊലീസ് ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു

പ്രവാസിയായിരുന്ന ശ്രീഹരി പനവേലി ജംക്‌ഷനു സമീപം സ്റ്റേഷനറിക്കട നടത്തിവരികയായിരുന്നു. ക്രൂരമായി മർദിച്ചെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് ശ്രീഹരിക്ക് എതിരെ കഴിഞ്ഞ ദിവസം കേസെടുത്തു. 2 ദിവസമായി ശ്രീഹരിയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.

കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂട്ടറിൽ പോകവേ ശ്രീഹരിയെ പൊലീസ് സംഘം ജീപ്പിൽ പിന്തുടർന്നതു നാട്ടുകാർ കണ്ടിരുന്നു. ഇന്നലെ വൈകിട്ട് മൂന്നോടെ വീടു വളഞ്ഞ് പൊലീസ് ശ്രീഹരിയെ പിടികൂടി. ജീപ്പിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കവേ വളർത്തു മൃഗങ്ങൾ‍ക്ക് വെള്ളം നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് അനുവാദത്തോടെ ജീപ്പിൽ നിന്നു പുറത്തിറങ്ങിയ ശ്രീഹരി വീടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. കതകടച്ച് ഉള്ളിലേക്കു പോയ ശ്രീഹരി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്കു വന്നില്ല.

സംശയം തോന്നിയ പൊലീസ് സംഘം നടത്തിയ തിരച്ചിലിന് ഒടുവിലാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശ്രീഹരി കൊല്ലം കലക്ടറേറ്റിലെ താൽക്കാലിക ജീവനക്കാരിയായ ഭാര്യ അസാലയെ ഉപദ്രവിക്കുമായിരുന്നെന്നാണു പരാതി. പരാതി നൽകിയ ശേഷം മക്കളുമായി അസാല കഴിഞ്ഞ ദിവസം കുടുംബവീട്ടിലേക്കു പോയിരുന്നു. എന്നാൽ ശ്രീഹരിയെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണു കൊട്ടാരക്കര പൊലീസ് പറയുന്നത്.

വീട്ടിൽ നിന്നു വസ്ത്രങ്ങളും മറ്റു സാധനങ്ങളും എടുക്കുന്നതിനു സംരക്ഷണം തേടി ഭാര്യ കൊട്ടാരക്കര പൊലീസിനെ സമീപിച്ചിരുന്നു. ശ്രീഹരിയുടെ ഭാര്യയ്ക്ക് ഒപ്പമാണ് വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ശ്രീഹരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. മക്കൾ: ആദിത്യ, കാർത്തിക്.

വാടക ഗർഭധാരണം: 36 മാസത്തെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം

വാടക ഗർഭധാരണം: 36 മാസത്തെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം

ഡൽഹി: ഗർഭപാത്രം വാടകയ്ക്കു നൽകാൻ തയാറാകുന്ന സ്ത്രീക്ക്, ഗർഭധാരണം ആവശ്യമുള്ള ദമ്പതികൾ 36 മാസത്തെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണം എന്നതുൾപ്പെടെയുള്ള വാടക ഗർഭധാരണം (സറഗസി) ചട്ടങ്ങൾ നിലവിൽ വന്നു. ഗർഭകാലയളവിൽ സംഭവിക്കാവുന്ന മുഴുവൻ സങ്കീർണതകളും പ്രസവശേഷം ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളും കണക്കിലെടുത്തുള്ള പരിരക്ഷയാണു നൽകേണ്ടത്. അംഗീകൃത കമ്പനിയുടേതാകണം ഇൻഷുറൻസ് എന്നും ആരോഗ്യമന്ത്രാലയം നിഷ്കർഷിക്കുന്നു.

മറ്റു വ്യവസ്ഥകൾ

  • ∙ വാടക ഗർഭധാരണം ആവശ്യമുള്ള ദമ്പതികൾ കലക്ടർക്കു മുന്നിലോ ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുന്നിലോ സത്യവാങ്മൂലം നൽകണം.
  • ∙ വാടക ഗർഭധാരണ ശ്രമം ഒരു സ്ത്രീയിൽ 3 തവണയിൽ കൂടുതൽ നടത്താൻ പാടില്ല.
  • ∙ ഗർഭഛിദ്ര നിയമത്തിലെ (1971) വ്യവസ്ഥകൾക്കു വിധേയമായി മാത്രമേ ഗർഭധാരണത്തിനു തയാറാകുന്ന സ്ത്രീകളിൽ ഗർഭഛിദ്രം അനുവദിക്കൂ.
  • ∙ സറഗസി ക്ലിനിക്കിൽ റജിസ്റ്റർ ചെയ്യാൻ നടപടിക്രമം പാലിക്കണം. 2 ലക്ഷം രൂപ അപേക്ഷാ ഫീസുണ്ട്. ഇതു തിരികെ ലഭിക്കില്ല. അതേസമയം, അധികൃതർ അപേക്ഷ മടക്കിയാൽ വീണ്ടും അപേക്ഷിക്കുമ്പോൾ പുതുതായി ഫീസ് നൽകേണ്ട.
  • വാടക ഗർഭപാത്രം ആശ്രയിക്കാവുന്നവർ

ഗർഭപാത്രം ഇല്ലാത്ത സ്ത്രീകൾ, ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം നീക്കം ചെയ്തവർ, ചികിത്സ ഉൾപ്പെടെ പല രീതിയിൽ ശ്രമിച്ചിട്ടും ഗർഭധാരണത്തിനു സാധിക്കാത്തവർ, ആരോഗ്യകാരണങ്ങളാൽ പലവട്ടം ഗർഭം അലസിപ്പോയവർ, രോഗം മൂലം ഗർഭം ധരിക്കുന്നതിനു ബുദ്ധിമുട്ടുള്ളവർ.

 

അഫ്ഗാനില്‍ ഭൂചലനം; 255 പേര്‍ മരിച്ചു

അഫ്ഗാനില്‍ ഭൂചലനം; 255 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്താനില്‍ ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ വന്‍നാശനഷ്ടം. 255 പേര്‍ മരിച്ചതായാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

155 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്

റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.