കേരളത്തില്‍ ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂര്‍ 249, കോട്ടയം 242, കൊല്ലം 229, തൃശൂര്‍ 224, മലപ്പുറം 212, ഇടുക്കി 182, പത്തനംതിട്ട 170, വയനാട് 110, ആലപ്പുഴ 96, കാസര്‍ഗോഡ് 80, പാലക്കാട് 80 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 57,121 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,61,911 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,57,577 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4334 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 196 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 38,361 കോവിഡ് കേസുകളില്‍, 8.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 34 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 109 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,967 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 171 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3856 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 359, കൊല്ലം 179, പത്തനംതിട്ട 298, ആലപ്പുഴ 142, കോട്ടയം 375, ഇടുക്കി 142, എറണാകുളം 606, തൃശൂര്‍ 432, പാലക്കാട് 19, മലപ്പുറം 281, കോഴിക്കോട് 492, വയനാട് 203, കണ്ണൂര്‍ 284, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 38,361 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,12,620 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 97 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,58,82,905), 70.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,88,89,425) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (12,54,146)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 3777 പുതിയ രോഗികളില്‍ 3242 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 343 പേര്‍ ഒരു ഡോസ് വാക്‌സിനും 1855 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1044 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഡിസംബര്‍ 3 മുതല്‍ 9 വരെയുള്ള കാലയളവില്‍, ശരാശരി 42,024 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 836 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 3 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 9%, 6%, 0.1%, 13%, 8%, 4% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

അന്താരാഷ്ട്ര ഡോക്യുമെൻ്ററി-ഹ്രസ്വചിത്ര മേളയ്ക്ക് തുടക്കമായി

അന്താരാഷ്ട്ര ഡോക്യുമെൻ്ററി-ഹ്രസ്വചിത്ര മേളയ്ക്ക് തുടക്കമായി

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെൻ്ററി-ഹ്രസ്വചിത്ര മേളയുടെ സ്ക്രീനിങിന് ഇന്ന് തുടക്കമായി. രാവിലെ 9.30 ന് ഏരീസ് പ്ലക്സിലെ ഓഡിറ്റോറിയം 1ൽ എയിൻ്റ് നോ ടൈം ഫോർ വുമൺ, ബ്ലൈൻഡ് അംബിഷൻ എന്ന ചിത്രമാണ് ആദ്യം പ്രദർശിപ്പിച്ചത്. നാല് സ്ക്രീനുകളിലായി 13 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചിച്ച് കൊണ്ട് ഇന്ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി അടക്കം പങ്കെടുക്കാനിരുന്ന ഉത്ഘാടന ചടങ്ങ് ഒഴിവാക്കി.

ബെയ്റൂത്ത് ഐ ഓഫ് ദ സ്റ്റോം ആണ് ഉദ്ഘാടന ചിത്രം. 19 വിഭാഗങ്ങളിലായി 220 സിനിമകളും വീഡിയോകളുമാണ് മേളയിൽ പ്രദർശിപ്പിക്കുക. വനിതകൾക്കും നവാഗതർക്കും കൂടുതൽ പ്രയോജനപ്പെടുന്ന സിനിമാനയം സർക്കാർ രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഐഡിഎസ്എഫ്എഫ്കെയുടെ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു. സർക്കാർ തിയേറ്ററുകളുടെ എണ്ണം ഇരട്ടിയാക്കി വർധിപ്പിക്കും. സർക്കാരിൻ്റെ ഒടിടി പ്ലാറ്റ്‌ഫോം പ്രവർത്തനമാരംഭിക്കുന്നതോടെ ചെറിയ ചെലവിൽ ചിത്രീകരിച്ച സൂപ്പർസ്റ്റാറുകളുടേതല്ലാത്ത ചിത്രങ്ങൾ ജനങ്ങളിൽ എത്താൻ അവസരമൊരുങ്ങുമെന്നും മന്ത്രി പറഞ്ഞു.

ഷിബു രാജ് (45) നിര്യാതനായി

ഷിബു രാജ് (45) നിര്യാതനായി

ആറ്റിങ്ങൽ കരിച്ചയിൽ പാണൻവിള വീട്ടിൽ പരേതനായ ബാബുവിന്റെ മകൻ
ഷിബു രാജ് (45) നിര്യാതനായി. ഭാര്യ : ശാന്ത, മകൾ : മേഘ, മാതാവ് : വസന്ത. സഞ്ചയനം : 12/12/21 ഞായർ 9 മണി.

സംയുക്ത സേന മേധാവി ഉൾപ്പടെ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് വീണു

സംയുക്ത സേന മേധാവി ഉൾപ്പടെ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് വീണു

കുനൂര്‍: നീലഗിരിയില്‍ സൈനിക ഹെലിക്കോപ്ടര്‍ തകര്‍ന്നു വീണു. സംയുക്തസേനാ മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്ത് അടക്കം 14 ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അപകടത്തില്‍പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്‌.

കുനൂര്‍ കട്ടേരിക്ക് സമീപമായിരുന്നു ഹെലിക്കോപ്ടര്‍ തകര്‍ന്നുവീണത്. കുനൂരില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ്‌ അപകടം സംഭവിച്ചത്. തകർന്ന ഹെലികോപ്റ്ററിൽ 14 പേരുണ്ടായിരുന്നു.

നാലാം ക്ലാസുകാരൻ വീഡിയോ ചെയ്തു; മാലിന്യ പ്രശ്നത്തിന് മണിക്കൂറുകൾക്കുള്ളിൽ പരിഹാരം

നാലാം ക്ലാസുകാരൻ വീഡിയോ ചെയ്തു; മാലിന്യ പ്രശ്നത്തിന് മണിക്കൂറുകൾക്കുള്ളിൽ പരിഹാരം

ആറ്റിങ്ങൽ: നാടിന് ശാപമായി മാറിയ മാലിന്യ പ്രശ്നത്തിന് എതിരെ സ്കൂൾ വിദ്യാർത്ഥിയുടെ വീഡിയോ, മണിക്കൂറുകൾക്കുള്ളിൽ മാലിന്യം നീക്കം ചെയ്ത് പ്രശ്ന പരിഹാരം. ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് ആയ കോട്ടപുറത്ത് എസ്.എൻ.ഡി.പി ഹാളിനു സമീപത്ത് ആണ് സംഭവം. പതിറ്റാണ്ടുകളായി ഉടമകൾ തിരിഞ്ഞു നോക്കാത്ത സ്വകാര്യ വസ്തു പ്രദേശത്ത് ഉണ്ട്. ഇത് നിലവിൽ മാലിന്യ നിക്ഷേപ കേന്ദ്രമാണ്. ഗാർഹിക മാലിന്യങ്ങളും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ചന്തകളിൽ നിന്നും ഉള്ള മാലിന്യങ്ങളും ഇതിലുൾപ്പെടും. കാടും പടർപ്പും മൂടിയ വസ്തുവിൻറെ വലിയൊരുഭാഗം നിലവിൽ മാലിന്യ കൂനയായി മാറിയിരുന്നു.

രൂക്ഷമായ ദുർഗന്ധവും തെരുവുനായ്ക്കളുടെ ശല്യവും കൊതുക് പെരുകുന്നതിനും മാലിന്യ നിക്ഷേപം കാരണമായിട്ടുണ്ട്. പ്ലാസ്റ്റിക് പോളിത്തീൻ മാലിന്യങ്ങളിൽ മഴ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കൊതുക് ശല്യം രൂക്ഷം ആണ്. തദ്ദേശവാസികൾക്ക് വലിയതോതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു മാലിന്യപ്രശ്നം ആണിത്.

മാലിന്യ പ്രശ്നത്തിൽ പൊറുതി മുട്ടി ഇരിക്കുമ്പോൾ ആണ് പഞ്ചായത്ത് സ്ഥാപിച്ച ബോർഡിലെ ‘എൻ്റെ ഗ്രാമം ശുചിത്വ ഗ്രാമം ഹരിത കേരളം’ എന്ന വാക്യം ശാർക്കര ഗവ.യു.പി.എസിലെ നാലാം ക്ലാസ് വിദ്യാർഥിയായ ആര്യൻ ശ്യാമിൻ്റെ ശ്രദ്ധയിൽ പെടുന്നത്. ഇതിൽ കൗതുകവും അതിലേറെ പ്രസക്തിയും തോന്നിയ ആര്യൻ ശ്യാം താൻ പ്രതിദിനം നേരിൽ കാണുന്ന അനുഭവിച്ചു കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നത്തെ പകർത്തി ഇതോ ഹരിത സുന്ദര കേരളം എന്ന് ചോദിച്ച് വീഡിയോ ചെയ്തു. മനോഹരമായ എൻ്റെ ഗ്രാമത്തെ മറ്റൊരു വിളപ്പിൽശാല ആക്കുമോ എന്ന ആശങ്കയും ആര്യൻ പങ്കിട്ടു. ഓൺലൈൻ പഠനത്തിന് ഉപയോഗിച്ചിരുന്ന മൊബൈലിൽ ആണ് വീഡിയോ ചെയ്തത്. വീഡിയോക്ക് വലിയ പ്രചാരം ഒന്നും ലഭിച്ചില്ലെങ്കിലും വാർഡ് മെമ്പർ രാഖിയുടെ ശ്രദ്ധയിൽപെട്ടു.

തൊട്ടടുത്ത ദിവസം തന്നെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ഇവിടെ ശുചീകരണം നടത്താൻ എത്തി. എന്നാല് കാട് മൂടിയ ഭൂമിയിലെ വ്യാപിച്ചു കിടക്കുന്ന മാലിന്യം നീക്കുന്നത് തങ്ങളാൽ കഴിയില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ഇതേ സമയം വിദ്യാർത്ഥി പങ്കു വെച്ച ആശങ്കകൾ അറിയാമായിരുന്ന ഇവർ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജെ.സി.ബി യുടെ സഹായത്തോടെ സ്ഥലം ശുചീകരിച്ചു.

ഒന്നര മിനുട്ട് വീഡിയോ കൊണ്ട് രണ്ടു പതിറ്റാണ്ട് കാലമായി ഉണ്ടായിരുന്ന മാലിന്യങ്ങൾ നീക്കി നാടിനെ രക്ഷിക്കുവാൻ ആര്യൻ ശ്യാമിന് കഴിഞ്ഞു. ശുചീകരണ പ്രവർത്തനത്തിന് ശേഷം വാർഡ് മെമ്പർ രാഖിയുടെ നേതൃത്വത്തിൽ ആര്യൻ ശ്യാമിനെ അനുമോദിക്കുകയും ചെയ്തു.

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് സഹായവുമായി യുവാക്കൾ

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് സഹായവുമായി യുവാക്കൾ

വർക്കല: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് സഹായവുമായി യുവാക്കൾ. നെടുങ്ങണ്ട കോട്ടയ്ക്കഴികം വീട്ടിൽ താമസിക്കുന്ന വസന്തക്കാണ് സഹായവുമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ യുവാക്കൾ എത്തിയത്. രോഗം മൂലം അവശയായ ഇവർ ഒറ്റമുറി കെട്ടിടത്തിലാണ് താമസിക്കുന്നത്. കോൺക്രീറ്റ് മേൽകൂര ആണെങ്കിലും സൺഷേഡ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മഴ പെയ്താൽ വെള്ളം ഒലിച്ചിറങ്ങി വീടിന്റെ അകം മുഴുവൻ വെള്ളത്തിൽ ആകുന്ന അവസ്ഥയാണുള്ളത്. മീറ്റർ, സ്വിച്ച് ബോർഡിലുമൊക്കെ വെള്ളം ഇറങ്ങുന്നതിന്റെ ഭാഗമായി എർത്ത് അടിക്കുന്ന അവസ്ഥയുമുണ്ടായിരുന്നു.

വിവരം അറിഞ്ഞു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ലൈജു, പഞ്ചായത്തംഗം സരിത, സിപിഎം ബ്രാഞ്ച് സെക്രട്ടറി വിജയ് വിമൽ എന്നിവർ സ്ഥലത്തെത്തി. ഇവരുടെ നിർദ്ദേശപ്രകാരം ഡിവൈഎഫ്ഐ പ്രവർത്തകർ എത്തി വീടിന്റെ മുകളിൽ ടാർപ്പ കെട്ടി ചോർച്ച ഒഴിവാക്കി. സിപിഎം ബ്രാഞ്ച് സെക്രട്ടറി വിജയ് വിമൽ, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അജയദേവൻ , അനന്തു, ആദിത്യൻ, അൻസിഫ്,അജീഷ്, അബിൻ എന്നിവർ നേതൃത്വം നൽകി.