ഓടിക്കൊണ്ടിരുന്ന വാഹനത്തിനു തീ പിടിച്ചു

ഓടിക്കൊണ്ടിരുന്ന വാഹനത്തിനു തീ പിടിച്ചു

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് എം സി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു . വാഹനത്തിലുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു . ഇന്നലെ (23 .12.2021 ) വൈകുന്നേരം 3 .45 ഓടുകൂടി വെമ്പായം വെഞ്ഞാറമൂട് എംസി റോഡിൽ വെമ്പായം പെട്രോൾപമ്പിന് സമീപം കല്ലമ്പലം റിയൽ ബോർമ്മ കമ്പനിയുടെ ബേക്കറി സാധനങ്ങൾ വിതരണം ചെയ്യുന്ന ഇക്കോ  വാഹനത്തിലാണ് തീ പിടിച്ചത്. വാഹനത്തിന്റെ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിക്കാൻ കാരണമായത് . ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന ഡ്രൈവർ ഫൈസലും സെയിൽസ്മാൻ സലീമും  അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാഹനം കത്താൻ തുടങ്ങിയപ്പോൾ തന്നെ ഇരുവരും വാഹനത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു . വിവരം അറിഞ്ഞ ഉടൻ തന്നെ വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്റ്റേഷനിൽനിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ റ്റി ജോർജിന്റെ നേതൃത്വത്തിലുള്ള  ഉദ്യോഗസ്ഥർ എത്തി തീ അണക്കാനുള്ള ശ്രമം തുടങ്ങി . തൊട്ടുപിന്നാലെ നെടുമങ്ങാട് ഫയർഫോഴ്സ് സ്റ്റേഷനിൽനിന്നും ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഇരുകൂട്ടരും ചേർന്ന് വാഹനത്തിന്റെ തീ അണച്ചു. ഏറെ നേരം ഗതാഗതം തടസ്സപ്പെടും ജനങ്ങളൾ പരിഭ്രാന്തരാവുകയും ചെയ്തിരുന്നു.

സുധീഷ് വധക്കേസ്; മുഖ്യപ്രതി രാജേഷ് പിടിയിൽ

സുധീഷ് വധക്കേസ്; മുഖ്യപ്രതി രാജേഷ് പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യ പ്രതിയായ ഒട്ടകം രാജേഷ് തമിഴ്നാട്ടിൽ നിന്ന് ആണ് പോലീസ് പിടിയിൽ, തമിഴ്നാട് കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.ഇന്ന് രാവിലെയാണ് രാജേഷ് പോലീസ് പിടിയിലാകുന്നത്. ഇതോടെ ഈ കേസിലെ മുഴുവൻ പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു, ഈ പ്രതി കായൽ തുരിത്തിൽ ഒളിവിൽ കഴിയുന്നു എന്നാ സംശയത്തിൽ ബോട്ടിൽ അന്വേഷണം നടത്താൻ ഇറങ്ങിയ പോലീസ് സംഘം യാത്ര ചെയ്ത വള്ളം മറിഞ്ഞു SAP ക്യാമ്പ് ലെ പോലീസ് ആയിരുന്ന ആലപ്പുഴ സ്വദേശി ബാലു മുങ്ങി മരിച്ചിരുന്നു

ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ജനുവരി 13 നും 21 നും

പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജനുവരി 13, 21 തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തും.

ആംഡ് പോലീസ് ബറ്റാലിയന്‍, പോലീസ് ആസ്ഥാനം, കേരള പോലീസ് അക്കാദമി, പോലീസ് ട്രെയിനിംഗ് കോളേജ്, റെയില്‍വേസ് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജനുവരി 13 നാണ് പരിഗണിക്കുന്നത്. പരാതികള്‍ ഡിസംബര്‍ 24 ന് മുമ്പ് പോലീസ് ആസ്ഥാനത്ത് ലഭിക്കണം. വിജിലന്‍സ് ആന്‍റ് ആന്‍റികറപ്ഷന്‍ ബ്യൂറോയിലെ പരാതികള്‍ ജനുവരി 21 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി ആറാണ്. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.

വി.പി.പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടര്‍

കേരളത്തില്‍ ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം 300, കണ്ണൂര്‍ 212, കൊല്ലം 200, പത്തനംതിട്ട 172, മലപ്പുറം 135, ആലപ്പുഴ 106, വയനാട് 102, ഇടുക്കി 86, പാലക്കാട് 74, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,570 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,586 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,37,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3841 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 209 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 31,901 കോവിഡ് കേസുകളില്‍, 8.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 43 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 175 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 44,407 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 132 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3609 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 485, കൊല്ലം 273, പത്തനംതിട്ട 313, ആലപ്പുഴ 74, കോട്ടയം 216, ഇടുക്കി 175, എറണാകുളം 633, തൃശൂര്‍ 262, പാലക്കാട് 29, മലപ്പുറം 117, കോഴിക്കോട് 521, വയനാട് 159, കണ്ണൂര്‍ 287, കാസര്‍ഗോഡ് 65 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 31,901 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,37,619 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 97.2 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,59,72,705), 73.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,97,04,536) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (12,79,494)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 3297 പുതിയ രോഗികളില്‍ 2794 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 249 പേര്‍ ഒരു ഡോസ് വാക്‌സിനും 1737 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 808 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഡിസംബര്‍ 9 മുതല്‍ 16 വരെയുള്ള കാലയളവില്‍, ശരാശരി 36,768 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 6377 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 21 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 13%, 10%, 11%, 13%, 10%, 14% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

വാഹനങ്ങളുടെ ഓണ്‍ലൈന്‍ സേവനം പ്രവര്‍ത്തനസജ്ജം

തിരുവനന്തപുരം : സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായി. ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, ഫാക്ടറി നിര്‍മിത ബോഡിയോടു കൂടിയുള്ള വാഹന രജിസ്ട്രേഷന്‍, സ്റ്റേജ് കാരിയേജ് ഒഴികെയുള്ള വാഹന പെര്‍മിറ്റ് എന്നിവ നേരത്തെ ഓണ്‍ലൈനായിരുന്നു.

ഇനി മുതല്‍ ആധാര്‍ നമ്പര്‍ അടിസ്ഥാനമാക്കി ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഓഫീസിലെത്തി രേഖകള്‍ സമര്‍പ്പിക്കാതെ തന്നെ സേവനങ്ങള്‍ ലഭ്യമാകും. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികയുള്ള മറ്റെല്ലാ സേവനങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാകും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം തിരുത്തല്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്റെ എന്‍.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷന്‍ റദ്ദ് ചെയ്യല്‍, ഹൈപ്പോത്തിക്കേഷന്‍ എന്‍ഡോഴ്സ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ ഡിസംബര്‍ 24 മുതല്‍ ഓണ്‍ലൈനായി ലഭിക്കും. വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കുന്നതിന് മൊബൈല്‍ ഓതെന്റിക്കേഷന്‍ മാത്രം മതി എന്നും തീരുമാനിച്ചിട്ടുണ്ട്.

വാഹനം കൈമാറ്റം ചെയ്യുമ്പോള്‍ പഴയ ഉടമ ഒറിജിനല്‍ ആര്‍.സി. പുതിയ ഉടമക്ക് നല്‍കി രസീത് വാങ്ങി സൂക്ഷിക്കണം. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അതിവേഗം ലഭ്യമാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

എലിപ്പനി ബാധിച്ച് ഗൃഹനാഥൻ മരിച്ചു

എലിപ്പനി ബാധിച്ച് ഗൃഹനാഥൻ മരിച്ചു

കിളിമാനൂർ: എലിപ്പനി ബാധിച്ച് കൂലിപ്പണിക്കാരനായ ഗൃഹനാഥൻ മരിച്ചു. കിളിമാനൂർ മഹാദേവേശ്വരം ചലുവിള വീട്ടിൽ അപ്പു ചെട്ടിയാർ വസന്ത ദമ്പതികളുടെ മകൻ സന്തോഷ് (39) ആണ് മരിച്ചത്. കുറച്ചു ദിവസമായി ചെറിയ തോതിൽ പനിയും ശരീരം വേദനയും ഉണ്ടായിരുന്ന സന്തോഷിന് രണ്ട് ദിവസം മുമ്പ് അസുഖം കലശലാവുകയായിരുന്നു. മഞ്ഞപിത്തമാണെന്ന് കരുതി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോയ സന്തോഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധയിലിൽ എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് എലിപ്പനിക്കുള്ള ചികിൽസ നടത്തികെങ്കിലും ഇന്ന് വൈകുന്നേരം അഞ്ച് മണിയോടു കൂടി മരണം സംഭവിക്കുകയായിരുന്നു. ഭാര്യ കവിത മക്കൾ വൈഷ്ണവ് , വൈഗ . കുഞ്ഞുമോൾ , അനീഷ് എന്നിവർ സഹോദരങ്ങളാണ്.