ഇന്ധനവിലയിൽ ഇന്നും വർധനവ്

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 32 പൈസയും പെട്രൊളിന് 25 പൈസയും ആണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 104.91 രൂപയായും ഡീസൽ വില 98.04 ആയും ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോൾ വില 102.85 രൂപയും ഡീസൽ വില 96.08 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 103.16 രൂപയായും ഡീസൽ വില 96.37 രൂപയായും ഉയര്‍ന്നു.

പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിച്ചു.

സാമൂഹിക മാധ്യമങ്ങള്‍ നിശ്ചലം

ലോകത്തിന്‍റെ പലഭാഗത്തും ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും നിശ്ചലമായതായി റിപ്പോര്‍ട്ട്. വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങൾ രാത്രി ഒമ്പത് മണിയോടെ പ്രവർത്തനരഹിതമായത്. ഫേസ്ബുക്ക് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല, വാട്സാപ്പിൽ മെസേജുകൾ അയക്കാനോ, പുതിയ സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യാനോ സാധിക്കുന്നില്ല.

ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടതില്‍ ഖേദിക്കുന്നുവന്ന് ഫേസ്ബുക്ക് തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് സേവനങ്ങള്‍ തടസ്സപ്പെട്ടതിനെ കുറിച്ച് നിരവധി ആളുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തടസം നേരിട്ടുന്നുണ്ടെന്ന് വാട്സ് ആപ്പും സ്ഥിരീകരിച്ചു. വാട്സ് ആപ്പ് പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് കമ്പനി സ്ഥിരീകരിച്ചത്. പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും ഉപയോക്താക്കളുടെ ക്ഷമയ്ക്ക് നന്ദിയെന്നും വാട്സാപ്പ് ട്വീറ്റ് ചെയ്തു. എന്നാല്‍, സേവനങ്ങള്‍ എപ്പോള്‍ പുനഃസ്ഥാപിക്കപ്പെടും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

മാലിന്യം റോഡരികിൽ വലിച്ചെറിഞ്ഞവർക്ക് എതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് വാർഡ് കൗൺസിലർ

ആറ്റിങ്ങൽ: നഗരസഭ എട്ടാം വാർഡ് കൊച്ചാലുംമൂട് ടോൾമുക്ക് റോഡിലാണ് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ ഹോട്ടൽ മാലിന്യം വലിച്ചെറിഞ്ഞത്. നാട്ടുകാർ പരാതി അറിയിച്ചതിനെ തുടർന്ന് വാർഡ് കൗൺസിലറും ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റുമായ ആർ.എസ്.അനൂപ് സ്ഥലത്തെത്തി മാലിന്യ നിറച്ച കെട്ടുകൾ പരിശോധിച്ചു. ഒഴിഞ്ഞ പാൽ കവറുകളടക്കം ദുർഗന്ധം വമിക്കുന്ന തരത്തിലായിരുന്നു മാലിന്യ കെട്ടുകൾ കണ്ടെത്തിയത്. സമീപത്ത് സ്ഥാപിച്ചിരുന്ന സുരക്ഷാ ക്യാമറയിലൂടെ മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിയെയും കൃത്യത്തിന് ഉപയോഗിച്ച വാഹനവും തിരിച്ചറിഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗത്തിനും പോലീസിനും ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ കൈമാറിയിട്ടുണ്ട്.

പട്ടണത്തിൽ സമ്പൂർണ മാലിന്യ നിർമ്മാർജ്ജനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശുചീകരണ തൊഴിലാളികൾ വീടുകളിലും സ്ഥാപനങ്ങളിലും എത്തി ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുന്ന സംവിധാനമാണ് നഗരസഭ നടപ്പിലാക്കിയിട്ടുള്ളത്. ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കാതെ പൊതു ഇടങ്ങളിൽ ചവറുകൾ നിക്ഷേപിക്കുന്നവർക്ക് എതിരെ കർശന നീയമ നടപടികൾ സ്വീകരിക്കുമെന്നും ആർ.എസ്.അനൂപ് അറിയിച്ചു.

കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376, വയനാട് 105, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,15,489 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,99,228 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,261 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1019 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,28,736 കോവിഡ് കേസുകളില്‍, 11.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 149 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,526 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8368 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 390 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,007 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1731, കൊല്ലം 1104, പത്തനംതിട്ട 847, ആലപ്പുഴ 974, കോട്ടയം 1094, ഇടുക്കി 866, എറണാകുളം 3566, തൃശൂര്‍ 1273, പാലക്കാട് 920, മലപ്പുറം 1360, കോഴിക്കോട് 1734, വയനാട് 656, കണ്ണൂര്‍ 754, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,28,736 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,74,206 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 92.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,47,88,585), 42.1 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,12,55,953) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,09,666)

· 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 60 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 8850 പുതിയ രോഗികളില്‍ 7435 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2519 പേര്‍ ഒരു ഡോസ് വാക്‌സിനും 2372 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2544 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· സെപ്റ്റംബര്‍ 27 മുതല്‍ ഒക്‌ടോബര്‍ 3 വരെയുള്ള കാലയളവില്‍, ശരാശരി 1,44,748 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 31,104 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 26 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 11%, 12%, 24%, 10%, 9%, 13% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

· ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

തെരുവ് വിളക്കുകൾ കത്തുന്നില്ല; പരാതിയുമായി നാട്ടുകാർ

ആറ്റിങ്ങൽ: ആലംകോട് എൽ പി സ്കൂളിന് സമീപത്തെ ഇട റോഡിൽ തെരുവ് വിളക്കുകൾ അണഞ്ഞിട്ട് നാളുകളേറെ. മുപ്പതോളം വീട്ടുകാർ താമസിക്കുന്ന മേഖലയിലാണ് രാത്രി കാലങ്ങളിൽ റോഡിൽ വെളിച്ചമില്ലാതായിരിക്കുന്നത്. അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഒന്നും ഇതുവരെ ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.