ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ. വിദ്യാർത്ഥിനിയ്ക്ക് ദേശീയ ജൂനിയർ ത്രോബോൾ മത്സരത്തിൽ ചരിത്രനേട്ടം

ആറ്റിങ്ങൽ: ഉത്തർപ്രദേശിലെ ഖൊരക്പൂരിൽ വച്ചു നടന്ന ദേശീയ ജൂനിയർ ത്രോബോൾ മത്സരത്തിൽ വെങ്കല മെഡലോടെ ചരിത്ര വിജയം നേടിയ കേരള ടീമിലെ അംഗമാണ് ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ. ഇലക്ട്രോപ്ലേറ്റർ ട്രേഡിലെ വിദ്യാർത്ഥിനിയായ ദേവേന്ദു. കേരളം ആദ്യമായാണ് ദേശീയ ജൂനിയർ ത്രോബോൾ പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ മെഡൽ നേടുന്നത്. ദേവേന്ദു മാത്രമാണ് തിരുവനനന്തപുരം ജില്ലയിൽ നിന്നും ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നെടുമങ്ങാട് ഇരിഞ്ചയം തിരുവാതിര ഭവനിൽ ഷിബുവിന്റെയും ദിവ്യയുടെയും മകളാണ്.

ന്യൂനമർദം രൂപംകൊണ്ടു; വരും ദിനങ്ങളിൽ മഴ ശക്തമാവും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നിന്ന് ഏകദേശം 850 കി.മി അകലെ ന്യൂനമര്‍ദം രൂപം കൊണ്ടു. ഇതിൻ്റെ ഫലമായി 29 മുതല്‍ നവംബര്‍ 5 വരെ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത. അടുത്ത 10 ദിവസം കേരളത്തില്‍ മിക്കയിടങ്ങളിലും സാധാരണയില്‍ കൂടുതല്‍ മഴക്ക് സാധ്യതയുണ്ട്.

കിഴക്കന്‍ മലയോരത്തും മറ്റും താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ഉച്ചയ്ക്ക് ശേഷം കനത്ത മഴ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. വെള്ളിയാഴ്ച തെക്കന്‍ ജില്ലകളിലാണ് മഴ സാധ്യത. ശനിയാഴ്ച മുതല്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ മഴ കൂടുതൽ ശക്തമായേക്കും.

അഞ്ചുതെങ്ങിൽ എസ്എഫ്ഐയുടെ ‘കത്തിനുള്ളിൽ’ പരിപാടി സംഘടിപ്പിച്ചു

അഞ്ചുതെങ്ങ്: സിപിഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തിന് വിദ്യാർത്ഥികളുടെ പിന്തുണ അഭ്യർത്ഥിച്ചു കൊണ്ട് എസ്എഫ്ഐ കത്തെഴുതി. എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് “കത്തിനുള്ളിൽ” എന്ന പരിപാടി സംഘടിപ്പിച്ചത്.

സമ്മേളനത്തിന്റെ പ്രാധാന്യം വിവരിച്ചു കൊണ്ട് എല്ലാ യൂണിറ്റു കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കത്തുകൾ അയച്ചു.
കോവിഡ് പ്രോട്ടോകോൾ കാരണം നേരിട്ട് വീടുകളിൽ എത്താനുള്ള ബുദ്ധിമുട്ട് കണക്കാക്കിയാണ് കത്തുകൾ അയക്കുന്നത്. അതോടൊപ്പം തപാൽ സർവീസിന്റെ പഴയകാല പ്രതാപം വിദ്യാർത്ഥികളെ ഓർമിപ്പിക്കാനും ഈ പരിപാടിയിലൂടെ എസ്എഫ്ഐ ലക്ഷ്യമിടുന്നു.

പരിപാടിയുടെ ഉദ്ഘാടനം എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ വിഷ്ണു രാജ് ഉദ്ഘാടനം ചെയ്‌തു. സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.ജെറാൾഡ്, എസ്.പ്രവീൺ ചന്ദ്ര, പി.സുനി, നിത്യരാജ്, അഭയ്‌ എന്നിവർ സംസാരിച്ചു. എസ്എഫ്ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയ് വിമൽ സ്വാഗതവും ജിതിൻശ്രീറാം നന്ദിയും പറഞ്ഞു. പ്രസിഡന്റ്‌ നവ്യ എസ് രാജ് അധ്യക്ഷ ആയിരുന്നു.

ഇന്ധനവിലയിൽ ഇന്നും വർധനവ്

തിരുവനന്തപുരം: ഇന്നും ഇന്ധനവിലയിൽ വർധന. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ഇന്ന് കൂട്ടി. ഇതോടെ ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില 120 കടന്നു. രാജസ്ഥാനിലെ ഗംഗാ നഗറിൽ ഇന്ന് പെട്രോൾ വില 120 രൂപ 10 പൈസയാണ്. ഡീസൽവില 110 രൂപയും കടന്നു. കേരളത്തിൽ തിരുവനന്തപുരം: പെട്രോൾ 110.45 , ഡീസൽ 103.91. കോഴിക്കോട്: പെട്രോൾ 108.62 ഡീസൽ 102.44. കൊച്ചി: പെട്രോൾ 108.12 ഡീസൽ 102.10.ഒരു മാസത്തിൽ ഡീസലിന് കൂടിയത് 8.20 രൂപയാണ്. പെട്രോളിന് ഒരു മാസത്തിൽ കൂടിയത് 6.45 രൂപയും.

കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂര്‍ 427, പത്തനംതിട്ട 392, മലപ്പുറം 336, ആലപ്പുഴ 318, ഇടുക്കി 274, വയനാട് 166, കാസര്‍ഗോഡ് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 79,122 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,762 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,197 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8565 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 614 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 74,456 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 51 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 341 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 29,355 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6791 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 276 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6960 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 598, കൊല്ലം 1047, പത്തനംതിട്ട 283, ആലപ്പുഴ 303, കോട്ടയം 113, ഇടുക്കി 92, എറണാകുളം 1298, തൃശൂര്‍ 963, പാലക്കാട് 250, മലപ്പുറം 362, കോഴിക്കോട് 720, വയനാട് 239, കണ്ണൂര്‍ 525, കാസര്‍ഗോഡ് 167 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 74,456 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,24,745 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.4 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,52,30,544), 49.1 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,31,36,018) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,74,710)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 7163 പുതിയ രോഗികളില്‍ 6179 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1599 പേര്‍ ഒരു ഡോസ് വാക്‌സിനും 2609 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1971 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 17 മുതല്‍ 23 വരെയുള്ള കാലയളവില്‍, ശരാശരി 82,389 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 2630 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 16%, 13%, 30%, 12%, 11%, 15% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.