ആറ്റിങ്ങൽ ബൈപാസ് നഷ്ടപരിഹാര അദാലത്ത് അഡ്വ.അടൂർ പ്രകാശ് എം.പി സന്ദർശിച്ചു

ആറ്റിങ്ങൽ ടൗൺ യു.പി.എസിൽ സംഘടിപ്പിച്ച ആറ്റിങ്ങൽ ബൈപാസുമായി ബന്ധപ്പെട്ട നഷ്ട പരിഹാര അദാലത്ത് ആറ്റിങ്ങൽ എം.പി അഡ്വ. അടൂർ പ്രകാശ് സന്ദർശിച്ചു. ബൈപ്പാസിന് വേണ്ടി ഭൂമി വിട്ടു നൽകിയവർക്കുള്ള നഷ്ടപരിഹാരം വേഗത്തിൽ നൽകുവാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായാണ് ഇങ്ങനെ ഒരു ആദാലത്ത് സംഘടിപ്പിച്ചത്.

ഭൂമി വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ രേഖകൾ സമർപ്പിക്കുവാൻ തിരുവനന്തപുരം കളക്ടറേറ്റിൽ പോകുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആറ്റിങ്ങലിൽ ഇങ്ങനെ ഒരു അദാലത്ത് സംഘടിപ്പിച്ചത്. അദാലത്തിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. അദാലത്തിൽ പങ്കെടുത്തവരുടെ രേഖകൾ പരിശോധിക്കുന്നതിനും തുടർ നടപടികൾ വേഗത്തിലാക്കും വേണ്ട നിർദ്ദേശങ്ങൾ എം.പി ഉദ്യോഗസ്ഥർക്ക് നൽകുകയുണ്ടായി.

ഇങ്ങനെ ഒരു അദാലത്ത് സംഘടിപ്പിച്ചത് ഭൂമി വിട്ടുനൽകി നഷ്ടപരിഹാരത്തിനു അർഹരായ ഗുണഭോക്താക്കൾക്ക് വളരെ ഗുണകരമായി എന്ന് അദാലത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അദാലത്തിൽ പങ്കെടുക്കുവാൻ എത്തിയവരുമായി ആശയവിനിമയം നടത്തിയും അഭിപ്രായങ്ങൾ ആരാഞ്ഞതിന് ശേഷമാണ് എം.പി മടങ്ങിയത്.

ആറ്റിങ്ങലിൽ ‘മലബാർ കലാപം 100 വർഷം 100 സെമിനാർ’ സംഘടിപ്പിച്ചു

ആറ്റിങ്ങലിൽ ‘മലബാർ കലാപം 100 വർഷം 100 സെമിനാർ’ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ, വർക്കല, കിളിമാനൂർ ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പൂജാ കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന സെമിനാർ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ വൈസ് ചെയർമാനുമായ എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കിളിമാനൂർ ബ്ലോക്ക്‌ സെക്രട്ടറി ജിനേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ സെക്രട്ടറി വിഷ്ണു ചന്ദ്രൻ സ്വാഗതം പറഞ്ഞു.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി.പ്രമോഷ്‌, ജില്ലാ പ്രസിഡന്റ്‌ വിനീത്, ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ.എസ്.അനൂപ്, ആറ്റിങ്ങൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.ബി.ദിനേശ്, കിളിമാനൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ നിയാസ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ വർക്കല ബ്ലോക്ക്‌ സെക്രട്ടറി ലെനിൻ നന്ദി പറഞ്ഞു.

ഗുരുതര ക്രമക്കേടിനെ തുടർന്ന് അഞ്ചുതെങ്ങിലെ റേഷൻ കട സസ്പെൻഡ് ചെയ്തു

അഞ്ചുതെങ്ങ് പ്രദേശത്ത് പ്രവർത്തിക്കുന്ന 414 – ആം നമ്പർ റേഷൻഡിപ്പോ ഗുരുതര ക്രമക്കേടിനെ തുടർന്ന് ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്പെക്ടർ പ്രിൻസി കാർത്തികേയന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തു. 3450 കിലോഗ്രാം കുത്തരി, 852 കിലോഗ്രാം പുഴുക്കലരി, 1198 കിലോഗ്രാം ഗോതമ്പ്, 44 കിലോഗ്രാം പച്ചരി എന്നിവയുടെ കുറവാണ് സ്റ്റോക്കിൽ കണ്ടെത്തിയത്.

ഗുരുതര ക്രമക്കേട് റേഷനിംഗ് ഇൻസ്പെക്ടറെ റിപ്പോർട്ട് ചെയ്തതിനെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫീസർ വി കെ സുരേഷ് കുമാർ 414 നമ്പർ റേഷൻ ഡിപ്പോ സസ്പെൻഡ് ചെയ്തു. 414 – ആം നമ്പർ റേഷൻ ഡിപ്പോയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാർഡുടമകൾക്ക് 115 – ആം നമ്പർ റേഷൻ ഡിപ്പോയിൽ നിന്നും സാധനങ്ങൾ വാങ്ങാം എന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ രണ്ട് സ്കൂൾ മന്ദിരങ്ങളുടെ ഉദ്ഘാടനം ഇന്ന്

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ രണ്ട് സ്കൂൾ മന്ദിരങ്ങളുടെ ഉദ്ഘാടനവും രണ്ട് സ്കൂൾ മന്ദിരങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി . ശിവൻകുട്ടി ഇന്ന് നിർവഹിക്കും. സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കിളിമാനൂർ ഗവ.എൽ.പി.എസ്, പോങ്ങനാട് യു.പി.എസ് എന്നിവിടങ്ങളിൽ നിർമ്മിച്ച മന്ദിരവും, കിഫ് ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് തട്ടത്തുമല ഗവ. എച്ച്.എസ്.എസ്, കിളിമാനൂർ ടൗൺ യു.പി.എസ് എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണ ഉദ്ഘാടനവുമാണ് മന്ത്രി നിർവഹിക്കുന്നതെന്ന് ഒ.എസ്. അംബിക എം.എൽ.എ അറിയിച്ചു.

എംജി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വനിതാ നേതാക്കളെ എസ്എഫ്‌ഐ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ചിറയിൻകീഴിൽ എഐഎസ്എഫ് പ്രകടനം

ചിറയിൻകീഴ്: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ സെനറ്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് കഴിഞ്ഞ ദിവസം എഐഎസ്എഫ് വനിതാ നേതാക്കൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ ആക്രമിച്ച എസ്എഫ്‌ഐക്ക് എതിരായി ചിറയിൻകീഴിൽ എഐഎസ്എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വലിയകട ജംഗ്ഷനിൽ ചേർന്ന പ്രതിഷേധ യോഗം മണ്ഡലം സെക്രട്ടറി അമജേഷ് അധ്യക്ഷത വഹിച്ചു.

എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡണ്ട് അതുൽ രാജ് ഉദ്‌ഘാടനം ചെയ്തു. സിപിഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ അൻവർഷാ AIYF മേഖലാ സെക്രട്ടറി മുഹമ്മദ്‌ ഷാജു, AITUC മണ്ഡലം പ്രസിഡന്റ് സജീർ, AIYF മണ്ഡലം കമ്മിറ്റിയംഗം മനു, AISF മണ്ഡലം പ്രസിഡന്റ് ആദർശ് എന്നിവർ അഭിവാദ്യംചെയ്ത് സംസാരിച്ചു. കിഴുവിലം പുളിമൂട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് AISF മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുകൃത, അഭിജിത്ത്, രാകേഷ്, സൂക്ഷ്മ എന്നിവർ നേതൃത്വം നൽകി.