കിഴുവിലം ഗ്രാമപഞ്ചായത്തിലെ നാലു വാർഡുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ

കിഴുവിലം ഗ്രാമപഞ്ചായത്തിലെ 1, 3, 18, 19 വാർഡുകളിൽ ഇന്നലെ പെയ്ത മഴയിൽ കക്കോട് മൂല, തകരപ്പറമ്പ്, വൈദ്യന്റെ മുക്ക്, അടി കലം, എന്നീ സ്ഥലങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. ഒന്നാം വാർഡായ പുറവൂരിൽ നിന്നും 16 കുടുംബങ്ങളിൽ നിന്നായി 72 പേർ പേരും, മൂന്നാം വാർഡിലെ തകര പറമ്പിൽ 13 കുടുംബങ്ങളിൽ നിന്നായി 44 പേരും പുരവൂർ എസ് വി യു പി എസിലെ ദുരിതാശ്വാസ ക്യാമ്പിലും, 18, 19 വാർഡുകളി ലെ വൈദ്യന്റെമുക്ക്,അടികലം സ്ഥലങ്ങളിൽ നിന്നായി അഞ്ച് കുടുംബങ്ങളിലെ 25 പേർ പടനിലം എൽ പി എസ് ലെ ദുരിതാശ്വാസ ക്യാമ്പിലും കഴിഞ്ഞു വരുകയാണ്.

വെള്ളപ്പൊക്ക ഭീഷണി നേരിട്ട സ്ഥലങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മനോമണി, വൈസ് പ്രസിഡണ്ട് അഡ്വ. R ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകണ്ഠൻ, ജനപ്രതിനിധികളായ ആശ, വിനീത, ചിറയിൻകീഴ് താലൂക്ക് തഹസിൽദാർ മനോജ്, കിഴുവിലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്റ്റാർ ലി, കിഴുവിലം വില്ലേജ് ഓഫീസർ ഷിബു, മുൻ ജനപ്രതിനിധികളായ ഉണ്ണികൃഷ്ണൻ, ദീപു, കിഴുവിലം കോ-ഓപ്പറേറ്റീവ് ബോർഡ് മെമ്പർ ദേവരാജൻ, ആറ്റിങ്ങൽ- ചിറയിൻകീഴ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തുകയും അടിയന്തര നടപടികൾ കൈക്കൊള്ളുകയും ചെയ്തു.

ആറ്റിങ്ങലിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം കയറുന്നു; സർവ്വ സന്നാഹങ്ങളുമായി നിലയുറപ്പിച്ച് നഗര ഭരണകൂടം

ആറ്റിങ്ങൽ: നഗരത്തിലെ നദീതീര വാർഡുകളിലാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിലും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ഇതിൽ പനവേലിപറമ്പ് ജനവാസ മേഖലയിലേക്ക് വെള്ളം കയറിയതിനാൽ താമസക്കാരെ സുരക്ഷിതമായി ഇന്നലെ രാത്രി തന്നെ മാറ്റി പാർപ്പിച്ചു. കൊട്ടിയോട്, പൂവമ്പാറ, മീമ്പാട്ട് തുടങ്ങിയുള്ള സ്ഥലങ്ങളിൽ ജനവാസ മേഖല ചുറ്റപ്പെട്ട രീതിയിൽ വെള്ളം കയറിയിട്ടുണ്ട്. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷീജ, കൗൺസിലർ എസ്. സുഖിൽ, നിതിൻ, ടൗൺ സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് എം.മുരളി, പൊതു പ്രവർത്തകരായ സി. ദേവരാജൻ, വിശ്വംഭരൻ, വൽസൻദേവ്, വോളന്റിയർമാർ തുടങ്ങിയവർ അർധരാത്രിയോടു കൂടി തന്നെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നിലയുറപ്പിച്ചിട്ടുണ്ട്. പോലീസ്, ഫയർഫോഴ്സ്, റവന്യൂ വകുപ്പും സജീവമായി രംഗത്തുണ്ട്. കൂടാതെ പൂർണമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജനങ്ങളെ സുരക്ഷിതമായി മാറ്റി പാർപ്പിക്കാൻ കുന്നുവാരം സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പും സജ്‌ജമാണെന്ന് നഗരസഭാധ്യക്ഷ അറിയിച്ചു.

കൊട്ടിയോട് ഐറ കന്നുകാലി ഫാമിൽ വെള്ളം കയറി ; മുപ്പതോളം പശുക്കളെ യുവ കൗൺസിലർമാരുടെ നേതൃത്വത്തിൽ സുരക്ഷിതമായി മാറ്റി

ആറ്റിങ്ങൽ: കൊട്ടിയോട് വാഴപ്പള്ളി ലൈനിൽ ബാബുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഐറ കന്നുകാലി ഫാമിലാണ് ശക്തമായ മഴയെ തുടർന്ന് വെള്ളം കയറിയത്. വിവരമറിഞ്ഞതിനെ തുടർന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ചെയർപേഴ്സന്റെ നിർദ്ദേശ പ്രകാരം യുവ കൗൺസിലർമാരായ എസ്.സുഖിൽ, വി.എസ്.നിതിൻ വോളന്റിയർമാരായ പ്രശാന്ത് മങ്കാട്ട്, വിനീഷ്, ശരത്, അഖിൽ തുടങ്ങിയവർ മുട്ടോളം പൊങ്ങിയ വെള്ളക്കെട്ടിലൂടെ മുപ്പതോളം പശുക്കളെ സുരക്ഷിതമായി ഫാമിൽ നിന്ന് സമീപത്തെ ഉയർന്ന പ്രദേശത്തേക്ക് മാറ്റി പാർപ്പിച്ചു. മറ്റ് സ്ഥലങ്ങളിലും അടിയന്തിര രക്ഷാ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ അധികാരികളും പ്രവർത്തകരും സജ്ജമാണ്.

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡിലേക്ക് നിലവിലുള്ള ഒൻപത് അംഗങ്ങളടക്കം 11 പേരെ തിരഞ്ഞെടുത്തു

ശിവഗിരി: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡിലേക്ക് നിലവിലുള്ള ഒൻപത് അംഗങ്ങളടക്കം 11 പേരെ തിരഞ്ഞെടുത്തു. നിലവിലെ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും ബോർഡ് അംഗം സ്വാമി ശിവസ്വരൂപാനന്ദയും പരാജയപ്പെട്ടു. സ്വാമി ശുഭാംഗാനന്ദയും സ്വാമി സച്ചിദാനന്ദയുമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ. ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയ്ക്കാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്.

സ്വാമി സൂക്ഷ്‌മാനന്ദ, സ്വാമി പരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി സദ്രൂപാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി ബോധി തീർത്ഥ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റംഗങ്ങൾ.പതിനൊന്നംഗ ബോർഡിലേക്ക് 21 പേരാണ് മത്സരിച്ചത്. 43 സ്വാമിമാർക്കാണ് വോട്ടവകാശം. എല്ലാവരും വോട്ട് രേഖപ്പെടുത്തി. അഞ്ചു വർഷമാണ് ബോർഡിന്റെ കാലാവധി.
ബ്രഹ്മവിദ്യാലയത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ടു മണിവരെ നടന്ന വോട്ടെടുപ്പിനു ശേഷം വൈകിട്ടോടെ ഫലം പ്രഖ്യാപിച്ചു. സ്വാമി ശാരദാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി ബോധി തീർത്ഥ, സ്വാമി നിത്യസ്വരൂപാനന്ദ എന്നിവർ 21വോട്ടുകൾ വീതം നേടി സമനിലയിലെത്തി യതോടെ നറുക്കിട്ട് ഒരാളെ ഒഴിവാക്കുകയായിരുന്നു. വോട്ട് തുല്യമായി വന്നാൽ മൂന്നു തവണ നറുക്കിട്ട് അതിൽ രണ്ടു പ്രാവശ്യം നറുക്കു വീഴുന്നവരെ തിരഞ്ഞെടുക്കുമെന്നാണ് വ്യവസ്ഥ. അതിന്റെ അടിസ്ഥാനത്തിൽ നറുക്കിട്ടപ്പോൾ സ്വാമി നിത്യസ്വരൂപാനന്ദ പുറത്താവുകയായിരുന്നു.

ഓരോ അംഗത്തിനും ലഭിച്ച വോട്ടുകളുടെ എണ്ണം: ശുഭാംഗാനന്ദ(26), സ്വാമി ഗുരുപ്രസാദ് (25), സ്വാമി സദ്രൂപാനന്ദ (24), സ്വാമി സൂക്ഷ്‌മാനന്ദ (24) , സ്വാമി പരാനന്ദ (23), സ്വാമി വിശാലാനന്ദ (23), സ്വാമി സച്ചിദാനന്ദ (23), സ്വാമി ഋതംഭരാനന്ദ (22), സ്വാമി ബോധി തീർത്ഥ (21), സ്വാമി ശാരദാനന്ദ (21), സ്വാമി വിശുദ്ധാനന്ദ (21).നിലവിലെ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതിനഞ്ചു ദിവസത്തിനകം നോട്ടീസ് നൽകി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ യോഗം വിളിച്ച് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരെ തിരഞ്ഞെടുക്കും.സ്വാമി ഋതംഭരാനന്ദ മുൻ ജനറൽ സെക്രട്ടറിയാണ്. സ്വാമി വിശാലാനന്ദ, സ്വാമി പരാനന്ദ എന്നിവർ മുൻട്രഷററും സ്വാമി ശാരദാനന്ദ നിലവിലെ ട്രഷററുമാണ്.

ന്യൂനമര്‍ദം ദുര്‍ബലമാകുന്നു; തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും

തിരുവനന്തപുരം: ന്യുന മർദം ദുർബലമായതോടെ കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയുടെ(Heavy rain) തീവ്രത കുറയുന്നു. വടക്കൻ കേരളത്തിൽ ഉച്ചവരെ മഴ തുടരും(rain alert). തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യുന മർദം ദുർബലമായതോടെ അറബികടലിൽ കാറ്റിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് പ്രവചനം. മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴയുടെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ തുടരുന്നുണ്ട്. കോട്ടയം ജില്ലയിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലിൽ പുലർച്ചെയും മഴയുണ്ട്.

ഉരുൾപൊട്ടലുണ്ടായ കൊക്കയാറിലും മഴ ശമിച്ചിട്ടില്ല. ഇവിടെ എട്ട് പേരെയാണ് കാണാതായത്. കൊക്കയാറിൽ രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങൾ ഉണ്ടാകും. കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും.