കേരള സർവകലാശാലയിൽ എം.എ സംസ്‌കൃതം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഐഫുന നുജൂം

പാലോട്: കേരള സർവകലാശാല എം.എ സംസ്കൃതത്തിൽ ഒന്നാം റാങ്ക് നേടിയിരിക്കുകയാണ് തിരുവനന്തപുരം പാലോട് കരിമാൻകോട് ജന്നത്ത് മൻസിലിൽ ഐഫുന നുജൂം. ഐഫുനയ്ക്ക് ഇത് ആദ്യ റാങ്ക് നേട്ടമല്ല, ബി എ സംസ്കൃതത്തിലും ഒന്നാം റാങ്ക് ഈ മിടുക്കി സ്വന്തമാക്കിയിരുന്നു.

സംസ്കൃതം പഠിക്കാനുള്ള മകളുടെ ആഗ്രഹത്തിനൊപ്പമായിരുന്നു ഐഫുനയുടെ പിതാവ് എൻ. നുജൂമുദ്ദീനും മാതാവ് എസ്. നബീസത്ത് ബീവിയും. അഞ്ചാം ക്ലാസ് മുതലാണ് ഐഫുന സംസ്കൃതം പഠിച്ചു തുടങ്ങിയത്. അതുവരെ അറബിയും മലയാളവുമായിരുന്നു ഐഫുന പഠിച്ചത്. എന്നാൽ അഞ്ചാം ക്ലാസിൽ സംസ്കൃതം പഠിപ്പിക്കാനെത്തിയ ബാബു എന്ന അധ്യാപകൻ ചെലുത്തിയ സ്വാധീനമാണ് ആ ഭാഷ പഠിക്കുന്നതിൽ ഉറച്ചുനിന്നത്. പത്താം ക്ലാസ് വരെ സംസ്കൃതം പഠിച്ചു. തുടർന്നും സംസ്കൃതം പഠിക്കാനാണ് ഐഫുന ആഗ്രഹിച്ചത്. അങ്ങനെ ബിരുദത്തിനു സംസ്‌കൃതം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തു. ഒന്നാം റാങ്കോടെ തന്നെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കി. ഇപ്പോൾ എംഎയ്ക്കും വിജയ കഥ തുടർന്നു.

ഐച്ഛിക വിഷയമായി സംസ്‌കൃതം എടുത്ത മുസ്ലീം സമുദായത്തിൽപ്പെട്ട ഐഫുനയോട് പലരും എന്തിനാണ് സംസ്കൃതം പഠിക്കുന്നതെന്ന് ചോദിച്ചിരുന്നു. അവർക്കെല്ലാം ഇരട്ട റാങ്ക് നേട്ടത്തോടെ മറുപടി കൊടുത്തിരിക്കുകയാണ് ഐഫുന നുജൂം.

ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വർഷികാഘോഷ പരിപാടികളുമായി തപസ്യ കലാസാഹിത്യ വേദി

ആറ്റിങ്ങൽ: ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വർഷികാഘോഷത്തോടനുബന്ധിച്ച് തപസ്യ കലാസാഹിത്യ വേദി ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ആഘോഷ പരിപാടികൾ നടത്തുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ 17 ഞായറാഴ്ച്ച ആറ്റിങ്ങൽ വീരകേരളപുരം ക്ഷേത്രം ഹാളിൽ വച്ച് ഉച്ചക്ക് 2:30ന് ചരിത്രസെമിനാർ സംഘടിപ്പിക്കും. ICHR അംഗം ഡോ.സി ഐ ഐസക് സെമിനാർ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചരിത്രകാരൻ ഡോ.ടി പി ശങ്കരൻകുട്ടി സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തും.

ആറ്റിങ്ങൽ കലാപത്തിന്റെ ചരിത്രം രചിച്ച കെ മോഹൻലാൽ എന്നിവർ ചടങ്ങിൽ പ്രഭാഷണം നടത്തും. തപസ്യകലാ സാഹിത്യ വേദി സംസ്ഥാന സെക്രട്ടറി തിരൂർ രവീന്ദ്രൻ, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ പ്രചാർ പ്രമുഖ് വി സി അഖിലേഷ്, ചിത്രകാരൻ കൊളാഷ് സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ആറ്റിങ്ങൽ കലാപത്തിന്റെ ചരിത്രത്തിൽ ഗവേഷണം നടത്തിയവരും പുസ്തകരചന നടത്തിയവരുമായ പ്രമുഖ വ്യക്തികളെയും ആറ്റിങ്ങലിലെ കലാസാഹിത്യ സംസ്കാരിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെയും ചടങ്ങിൽ ആദരിക്കും.

പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവം; കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐജി

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പിങ്ക് പൊലീസ് വിചാരണ ചെയ്ത സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥക്കെതിരെ പരമാവധി ശിക്ഷ നൽകിയെന്ന് ഐജി. ആരോപണവിധേയയായ ഉദ്യോഗസ്ഥ രജിത കൂടുതൽ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്നും ഐജി ഹർഷിത അട്ടല്ലൂരി ഡിജിപിക്ക് റിപ്പോർട്ട് നൽകി.

മൊബൈൽ കാണാതായപ്പോൾ പൊലീസുകാരി ജാഗ്രത പുലർത്തിയില്ല. അച്ഛനോടും മകളോടും ഇടപെടുന്നതിനും വീഴ്‌ച സംഭവിച്ചു. മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും അതേസമയം തെറ്റുപറ്റിയത് അറിഞ്ഞ് ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പിടിയിൽസംഭവത്തെ തുടർന്ന് ഇവരെ ജില്ലയിൽ നിന്ന് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. ആറ്റിങ്ങലില്‍വച്ചാണ് പിങ്ക് പൊലീസിൽ നിന്ന് എട്ടുവയസുകാരിക്കും അച്ഛനും ദുരനുഭവമുണ്ടായത്. മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡിൽ ചോദ്യം ചെയ്തതാണ് വിവാദമായത്.

മൊബൈൽഫോൺ സ്വന്തം വാഹനത്തിൽ നിന്നുതന്നെ കിട്ടിയിട്ടും രജിത ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. സംഭവത്തെ തുടർന്ന് ജയചന്ദ്രൻ ഡിജിപിയെ കണ്ട് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണച്ചുമതല ഹർഷിത അട്ടല്ലൂരിക്ക് കൈമാറിയത്.

വിദ്യാഭ്യാസ ഗ്രാന്റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2021-2022 വർഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 20നകം www.labourwelfarefund.in മുഖേന അപേക്ഷിക്കണം.

21-2022 അദ്ധ്യയന വർഷത്തിൽ 8, 9, 10, എസ്എസ്എൽസി ക്യാഷ് അവാർഡ് പ്ലസ് വൺ/ബി.എ/ബി.കോം/ബി.എസ്‌സി/എം.എ/എം.കോം/(പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ല്യു/ എം.എസ്‌സി/ ബി.എഡ്/ പ്രൊഫഷണൽ കോഴ്‌സുകളായ എൻജിനിയറിങ്/ എം.ബി.ബി.എസ്/ ബി.ഡി.എസ്/ഫാംഡി/ ബി.എസ്‌സി നഴ്‌സിംഗ് / പ്രൊഫഷണൽ പി.ജി കോഴ്‌സുകൾ / പോളിടെക്‌നിക് ഡിപ്ലോമ/ റ്റി.റ്റി.സി/ ബി.ബി.എ/ ഡിപ്ലോമ ഇൻ നഴ്‌സിംഗ്/ പാരാ മെഡിക്കൽ കോഴ്‌സ്/ എം.സി.എ/ എം.ബി.എ/ പി.ജി.ഡി.സി.എ/ എൻജിനിയറിങ് (ലാറ്ററൽ (എൻട്രി) അഗ്രികൾച്ചറൽ/ വെറ്റിനറി/ ഹോമിയോ/ ബി.ഫാം/ ആയുർവേദം/ എൽ.എൽ.ബി (3 വർഷം, 5 വർഷം) ബി.ബി.എം/ ഫഷറീസ്/ ബി.സി.എ/ ബി.എൽ.ഐ.എസ്.സി/ എച്ച്.ഡി.സി ആന്റ് ബി.എം/ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്/ സി.എ. ഇന്റർമീഡിയേറ്റ്, മെഡിക്കൽ എൻജിനിയറിങ് എൻട്രൻസ് കോച്ചിംഗ്, സിവിൽ സർവീസ് കോച്ചിംഗ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്നവർക്ക് 20 മുതൽ അപേക്ഷിക്കാം.

ഗ്രാജ്വേറ്റ് ഇന്റേണുകളെ നിയമിക്കുന്നു

ഹാർബർ എൻജിനിയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേണിനെ (സിവിൽ & ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവിൽ (ഡിസൈൻ), (വർക്‌സ്) ഇലക്ട്രിക്കൽ ഇന്റേണുകളെയാണ് നിയമിക്കുന്നത്.

സിവിൽ ഡിസൈൻ ഇന്റേണുകൾക്ക് സ്ട്രക്ചറൽ എൻജിനിയറിങ് എം.ടെക്കും സിവിൽ വർക്‌സിൽ സിവിൽ ഏൻജിനിയറിങ് ബി.ടെക്കും ഇലക്ട്രിക്കൽ ബ്രാഞ്ചിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് ബി.ടെക്കും വേണം. പ്രതിമാസം 12,500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.

അപേക്ഷകൾ (ബയോഡാറ്റ) വെള്ളക്കടലാസിൽ തയ്യാറാക്കി പാസ്‌പോർട്ട് സൈസ് ഫോട്ടോയോടൊപ്പം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം നവംബർ 12ന് മുൻപ് ചീഫ് എൻജിനിയർ, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട്.പി.ഒ, തിരുവനന്തപുരം, പിൻ- 695009 എന്ന മേൽവിലാസത്തിൽ ലഭിക്കണം.