രാജ്യത്ത് 18,987 പേർക്ക് കൂടി കോവിഡ് ; 246 മരണം

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 18,987 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,40,20,730 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസം 19,808 രോഗികള്‍ കൂടി സുഖം പ്രാപിച്ചതോടെ കൊവിഡില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 3,33,62,709 ആയി ഉയര്‍ന്നു. നിലവിലെ രോഗമുക്തി നിരക്ക് 98.07 ശതമാനമാണ്. സജീവ കേസുകളുടെ എണ്ണം 2,06,586 ആയി കുറഞ്ഞു.

അതേസമയം, കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും മരണ നിരക്കിലെ വര്‍ധനവ് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 246 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ മരണം 4,51,435 ആയി ഉയര്‍ന്നു.

ആകെ 58,76,64,525 കോടി സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചിട്ടുള്ളത്. അതിൽ 13,01,083 സാമ്പിളുകള്‍ കഴിഞ്ഞ ദിവസമാണ് പരിശോധിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 96.82 കോടി കടന്നു.

ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തനരഹിതമാകുന്നത് തുടർക്കഥയാവുന്നു

ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തനരഹിതമാകുന്നത് തുടർക്കഥയാവുന്നു. സിവിൽ സപ്ലൈസ്, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തുടങ്ങി നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷന്റെ ബഹുനില കെട്ടിടത്തിൽ ദിവസവും അനേകം ആൾക്കാരാണ് എത്തുന്നത്. പ്രായമായവരും ഭിന്നശേഷിക്കാരുമായ ആളുകൾക്ക് ഏറെ ഉപകാര പ്രദമാകേണ്ട ലിഫ്റ്റാണ് പ്രവർത്തനരഹിതമായിരിക്കുന്നത്. എത്രയും വേഗം ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കി ആളുകൾക്ക് സൗകര്യമൊരുക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും കോൺഗ്രസ് നേതാവ് എം എച്ച് അഷറഫ് ആലംകോട് അഭിപ്രായപ്പെട്ടു.

കായിക്കര ആശാൻ സ്മാരകത്തിൽ വിദ്യാരംഭം

കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ നേതൃത്വത്തിൽ വിജയദശമി ദിനത്തിൽ കായിക്കര ആശാൻ സ്മാരകത്തിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നു. കാലത്ത് ഏഴുമണിക്ക് വിദ്യാരംഭ ചടങ്ങ് ആരംഭിക്കും. മുൻ വൈസ് ചാൻസലർ ഡോ.പി. ചന്ദ്രമോഹൻ, ഡോ.ബി.ജയപ്രകാശ്, ഡോ. എം. ജയപ്രകാശ്, ഡോ. ബി ഭുവനേന്ദ്രൻ, ഉണ്ണി ആറ്റിങ്ങൽ, രാമചന്ദ്രൻ കരവാരം എന്നിവർ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ നടക്കുന്നത്.

പിടികിട്ടാപുള്ളി 21 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ

പാലോട്: പാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽ 21 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് നാടുവിട്ടയാളിനെ വടക്കാഞ്ചേരിയിൽ നിന്ന് പാലോട് പോലിസ് അറസ്റ്റ് ചെയ്തു. മടത്തറ വേങ്കോല ബ്ലോക്ക് നമ്പർ 186 ശ്രീലത ഭവനത്തിൽ ഗോപാലൻ മകൻ സജിമോൻ (44) എന്നയാളിനെയാണ് അറസ്റ്റ് ചെയ്തത്. 2000ത്തിൽ വേങ്കോലയിൽ കടകൾ ആക്രമിച്ച കേസിൽ ഉൾപ്പെട്ട ഇയാൾ ഒളിവിൽ പോയതിനാൽ വിചാരണക്കായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.

നാടുവിട്ടതിനു ശേഷം പാലക്കാട്, തൃശൂർ ജില്ലകളിൽ പല സ്ഥലങ്ങളിലായി താമസിച്ച് വന്നിട്ടുള്ളതും ഇപ്പോൾ അവിടെ നിന്ന് വിവാഹം ചെയ്ത് വടക്കാഞ്ചേരിയിൽ താമസിച്ചു വരികയായിരുന്നു. പാലോട് സ്റ്റേഷൻ ഇൻസ്പെക്ടർ CK മനോജ്, Asi അനിൽകുമാർ , CPO വിനിത്. ഡാൻസാഫ് അംഗങ്ങളായ GSi ഷിബു കുമാർ , Asi സജു , എന്നിവരടങ്ങിയ സംഘമാണ് നിരന്തരമായ നിരീക്ഷണത്തിലൂടെ ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്.

വി രവീന്ദ്രൻ (91) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ വട്ടവിള ദീപശ്രീയിൽ റിട്ട.പ്രൊഫസർ വി രവീന്ദ്രൻ (91) അന്തരിച്ചു. വിവിധ എസ് എൻ കോളേജുകളിൽ ഹിന്ദി പ്രൊഫസർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ നാരായണ സാംസ്കാരിക സമിതി, കേരള ശാസ്ത്ര സാഹിത്യ പരിഷത് തുടങ്ങിയവയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: സുമംഗല ദേവി (Rtd HSA),
മക്കൾ: ദിനേശ്(SDE BSNL), ദീപ (HSST)
മരുമക്കൾ: സ്നേഹ (SDE BSNL), സിറാജ് (HSST)