by admin | Oct 13, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കെഎഎസ് സ്ക്രീൻ രണ്ടിൽ അൻപതാം റാങ്കും എസ്.സി വിഭാഗത്തിൽ രണ്ടാം റാങ്ക് നേടി കെ ബിജിമോൾ. ആരോഗ്യവകുപ്പിൽ ഡിഎംഒ ഓഫീസിൽ ഡിവിസി യൂണിറ്റ് ഫീൽഡ് വർക്കർ ആണ്. 2016- 18 വരെ കേരള പോലീസിൽ വനിതാ സിവിൽ പോലീസ് ഓഫീസർ ആയിരുന്നു. കിഴുവിലം കാട്ടുംപുറം കെ ബി ഭവനിൽ കുമാരനെയും ബേബിയുടെയും മകളാണ്. ഭർത്താവ്: ബിജു (സിആർപിഎഫ്, കണ്ണൂർ). സഹോദരൻ: ബിനുമോൻ കെ ബി.





by admin | Oct 13, 2021 | Latest News, ജില്ലാ വാർത്ത
പെരുമാതുറ: വിവിധ മേഖലകളിൽ തിളങ്ങിയ പ്രതിഭകളെ ‘പെരുമാതുറ കൂട്ടായ്മ’ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. പെരുമാതുറ മുസ്ലിം ജമാഅത്ത് ഹാളിൽ നടന്ന പുരസ്‌കാര സമ്മേളനം തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. പെരുമാതുറ കൂട്ടായ്മ പ്രസിഡന്റ് ഷാജഹാൻ അയണിമൂട് അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി മുഖ്യാതിഥിയായിരുന്നു.

കോവിഡ് കാലത്ത് അഞ്ച് മാസത്തിൽ അഞ്ചു പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഡോ. സലിൽ ഹസ്സൻ, ചിത്ര രചനയിലൂടെ ഇതേ പുരസ്‌കാരം ലഭിച്ച ഫർസാന ഫാറൂഖ്, ദേശീയതലത്തിൽ റാങ്ക് ജേതാക്കളായ ഹിബ പർവീൻ, ആഷ്‌ന മുഹ്സിൻ, ബിസ്മി നിസാർ അഹമ്മദ് എന്നിവരെ മന്ത്രി ആദരിച്ചു. ഷഹീർ സലിം പ്രതിഭകളെ പരിചയപ്പെടുത്തി. തുടർന്ന് പെരുമാതുറ മേഖലയിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് മന്ത്രി വിദ്യാഭ്യാസ അവാർഡ് നൽകി.

കൂട്ടായ്മയുടെ പഠനോപകരണ വിതരണം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി നിർവഹിച്ചു. പെരുമാതുറ സ്കൂളിലേക്കുള്ള പഠനോപകരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സരിതയും, പ്രാദേശിക പ്രതിഭാകേന്ദ്രത്തിലേക്കുള്ള പഠനോപകരണം സെന്റർ ഇൻചാർജ് ഷഹന ടീച്ചറും ഏറ്റുവാങ്ങി.
ഐ.എൻ.എൽ ജില്ലാ സെക്രട്ടറി എം.ബഷറുള്ള, ഗാന്ധിയൻ എം.എം.ഉമ്മർ, കഠിനംകുളം ഗ്രാമപഞ്ചായത്തംഗം ബി.കബീർ, അഴൂർ ഗ്രാമപഞ്ചായത്തംഗം നെസിയ സുധീർ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗം ഫാത്തിമ ശാക്കിർ, എ.ആർ. നൗഷാദ് എന്നിവർ സംസാരിച്ചു. കൂട്ടായ്മ സെക്രട്ടറി നസീർ സിറാജുദ്ദീൻ സ്വാഗതവും എ.എം.ഇക്ബാൽ നന്ദിയും പറഞ്ഞു.



by admin | Oct 13, 2021 | Latest News, ജില്ലാ വാർത്ത
ചെറുന്നിയൂർ: സിപിഐഎം ചെറുന്നിയൂർ ലോക്കലിന് കീഴിലുള്ള കാറാത്തല ബ്രാഞ്ച് സമ്മേളനത്തോടനുബഡിച്ച് മുൻ എം.എൽ.എ അഡ്വ.ബി സത്യനെ ആദരിച്ചു. ചെറുന്നിയൂർ പഞ്ചായത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുന്നതിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൊണ്ട് ചെറുന്നിയൂർ പഞ്ചായത്തിലെ കാറാത്തല, അച്ചുമ്മാമുക്ക്, തെറ്റിക്കുളം ഭാഗത്തെ മരാമത്ത് റോഡുകളും, കാറാത്തല പാലവും, കോളനിയിലെ കുടിവെള്ള പദ്ധതിയും, ചെറുന്നിയൂർ സ്ക്കൂളിന് പുതിയ മന്ദിര നിർമാണം, ആശുപത്രി കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതും, വെന്നിക്കോട് പണയിൽകടവ് അപ്രോച്ച് റോഡിന്റെ പൂർത്തീകരണം ഉൾപ്പെടെ ഒട്ടനവധി വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി.

ഈ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിൽ അഭിനന്ദിച്ച് കൊണ്ടാണ് കാറാത്തല ബ്രാഞ്ച് സമ്മേളത്തിൽ വെച്ച് സി.പി.ഐ എം ഏര്യാ കമ്മറ്റി അംഗം ഷിബു തങ്കൻ ആദരിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം ശിവകുമാർ ,എസ്. എം.ഇർഫാൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമനാ , ശ്രീകുമാർ, ഷിനുതങ്കൻ എന്നിവർ സംസാരിച്ചു.




by admin | Oct 13, 2021 | Latest News
കല്ലമ്പലം: പരിസ്ഥിതിയെ തകർക്കരുതെന്നും കേരളത്തെ കടക്കെണിയിലാക്കുന്ന വിനാശ പദ്ധതിയായ കെ-റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന കെ-റെയിൽ വിരുദ്ധ ജനകീയ സമിതി നടത്തുന്ന പദയാത്രയുടെ മണമ്പൂർ പഞ്ചായത്ത് തല ഉദ്ഘാടനം കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ കൺവീനർ രാമചന്ദ്രൻ കരവാരം അധ്യക്ഷനായിരുന്നു. ചാത്തമ്പറ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പദയാത്രയ്ക്ക് സമരസമിതി നേതാക്കളായ സംസ്ഥാന ജനറൽ സെക്രട്ടറി ശൈവ പ്രസാദ്, സംസ്ഥാന സെക്രട്ടറി രാജീവ്, ഡോ.പി ജെ നഹാസ്, അസീസ് കിനാലുവിള, അമീറുദ്ദീൻ, മുഹമ്മദ്, കണ്ണൻ, സമീർ വലിയവിള തുടങ്ങിയവർ നേതൃത്വം നൽകി. വൈകുന്നേരം മണനാക്കിൽ ജാഥ സമാപിച്ചു.




by admin | Oct 13, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പൂജപ്പുരയിൽ മരുമകന്‍റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. മുടവൻമുകൾ സ്വദേശികളായ സുനിൽ, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ സുനിലിന്‍റെ മരുമകൻ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലയ്ക്ക് കാരണം എന്ന് പൊലീസ് അറിയിച്ചു.ചൊവ്വാഴ്‌ച രാത്രിയോടെയാണ് സംഭവം. അരുണിന്‍റെ മദ്യപാനവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതേതുടർന്ന് അരുണിന്‍റെ ഭാര്യ അപര്‍ണ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി.

ഭാര്യയെ തിരിച്ചുവിളിക്കാൻ എത്തിയതാണ് അരുൺ. എന്നാല്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. മകളെ ഒപ്പം വിടാൻ താൽപര്യമില്ലെന്ന് സുനിൽ പറഞ്ഞതോടെ ഇയാള്‍ വഴക്കിടുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്‌തു.
എന്നാല്‍ രാത്രി എട്ടരയോടെ വീണ്ടുമെത്തി വഴക്കിടുകയും ആക്രമിക്കുകയുമായിരുന്നു. അഖിലിന്‍റെ നെഞ്ചിലാണ് ആദ്യം കുത്തേറ്റത്. തടയാന്‍ ശ്രമിക്കവെ സുനിലിന്‍റെ കഴുത്തിലും നെഞ്ചിലും കുത്തേറ്റു. പൊലീസ് എത്തി ഇരുവരെയും മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി.




Recent Comments