by admin | Oct 12, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെല്‍പ് ലൈന്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്. ഇ-ഹെല്‍ത്ത് വഴി ദിശ ടീമിന് വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും ദിശയുടെ സേവനം ലഭ്യമാണ്. പരിചയ സമ്പന്നരായ സോഷ്യല്‍വര്‍ക്ക് പ്രൊഫഷണലുകളുടെയും ഡോക്ടമാരുടെയും ഒരു ഏകോപനമാണ് ദിശ. വിവിധ സേവനങ്ങള്‍ക്കായി 25 ഡെസ്‌കുകളാണ് പ്രവര്‍ത്തിക്കുന്നത്. 75 ദിശ കൗണ്‍സിലര്‍മാര്‍, 5 ഡോക്ടര്‍മാര്‍, 1 ഫ്‌ളോര്‍ മാനേജര്‍ എന്നിവരാണ് സേവനമനുഷ്ഠിക്കുന്നത്. പ്രതിദിനം 4000 കോളുകള്‍ വരെ കൈകാര്യം ചെയ്യാന്‍ ദിശയ്ക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രളയം, ഓഖി, നിപ വൈറസ് തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളെ നേരിടുമ്പോള്‍ ജനങ്ങള്‍ക്ക് സഹായകമായി ദിശ ഉണ്ടായിരുന്നു. ഈ കോവിഡ് കാലത്തും വലിയ സേവനങ്ങളാണ് ദിശ നല്‍കി വരുന്നത്. ടെലിമെഡിക്കല്‍ സഹായം നല്‍കുന്നതിന് ഓണ്‍ ഫ്‌ളോര്‍ ഡോക്ടര്‍മാരും ഓണ്‍ലൈന്‍ എംപാനല്‍ഡ് ഡോക്ടര്‍മാരും അടങ്ങുന്ന ഒരു മള്‍ട്ടിഡിസിപ്ലിനറി ടീം പ്രവര്‍ത്തിക്കുന്നുണ്ട്. മാനസികാരോഗ്യ സഹായം നല്‍കുന്നതിന് സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരുടെ ഒരു ശൃംഖലയും ദിശയിലുണ്ട്. ഈ സേവനങ്ങള്‍ക്ക് പുറമേയാണ് കോവിഡ് 19 മരണത്തിനുള്ള അപ്പീലിന്റെ ഹെല്‍പ്പ് ലൈനായി ദിശയെ ചുമതലപ്പെടുത്തിയത്.
ഇ-ഹെല്‍ത്ത് കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ (https://covid19.kerala.gov.in/deathinfo) മുഖേനയാണ് അപേക്ഷകള്‍ അയയ്‌ക്കേണ്ടത്. ഐ.സി.എം.ആര്‍. പുറത്തിറക്കിയ പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, ഇതുവരെ പ്രഖ്യാപിക്കപ്പെട്ട കോവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവര്‍ക്കും പുതിയ സംവിധാനം വഴി അപ്പീല്‍ നല്‍കാനാകും.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റര്‍ വഴിയോ ആവശ്യമായ രേഖകള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അവര്‍ക്കുള്ള അപേക്ഷ ഫോം കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുന്നതാണ്. വിജയകരമായി സമര്‍പ്പിച്ച അപേക്ഷ പ്രോസസിംഗിനായി മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും തുടര്‍ന്ന് അംഗീകാരത്തിനായി ജില്ലാ കോവിഡ് മരണ നിര്‍ണയ സമിതിക്കും (സിഡിഎസി) അയക്കുന്നു. പുതിയ ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് സിഡിഎസി അംഗീകാരത്തിന് ശേഷം പുതിയ ഐ.സി.എം.ആര്‍. മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ വഴി നല്‍കിയ അപേക്ഷയുടെ സ്ഥിതിയറിയാനും സാധിക്കുന്നു.
ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍ക്ക് ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി വരുന്നുണ്ട്. ആനുകൂല്യങ്ങള്‍ക്ക് ആ സര്‍ട്ടിഫിക്കറ്റ് മതിയാകും. ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ളവര്‍ക്ക് മാത്രമേ ഐസിഎംആര്‍ മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ കഴിയൂ. ഇത് ആവശ്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.



by admin | Oct 12, 2021 | Latest News, ജില്ലാ വാർത്ത
കിഴുവിലം: കനത്ത മഴയിൽ കിഴുവിലം ഗ്രാമ പഞ്ചായത്തിലെ 18 ,19 വാർഡുകളിലെ പ്രദേശങ്ങളിൽ വെള്ളം കയറി. ഇതേ തുടർന്ന് 15 കുടുംബങ്ങളെ പടനിലം ഗവ.യു പി എസിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നിലവിൽ 32 പേരാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം എ എസ് ശ്രീകണ്ഠൻ, ചിറയിൻകീഴ് ഡെപ്യൂട്ടി തഹസിൽദാർ പ്രസി, വില്ലജ് ഓഫീസർ ഷിബു, എച്ച്.ഐ പ്രമോദ്, ജെ എച്ച് ഐ ഹരീഷ്, വനിതാ ശിശു വികസന വകുപ്പിലെ ഹർഷ കുമാർ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും അവശ്യ സാധനങ്ങൾ എത്തിക്കുകയും ചെയ്തു.





by admin | Oct 12, 2021 | Latest News
തിരുവനന്തപുരം: സംസ്ഥാനത്ത് നാലുദിവസം കൂടി കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. അറബികടലിൽ രൂപംകൊണ്ട ചക്രവാതചുഴി അടുത്ത രണ്ടുദിവസം കൂടി നിലനിൽക്കും. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നാളെയോടെ ന്യൂനമർദം രൂപപ്പെട്ടേക്കും. തെക്കൻ കേരളത്തിൽ ശക്തമായിരുന്ന പടിഞ്ഞാറൻ കാറ്റ് വടക്കൻ കേരളത്തിലേക്കും വ്യാപിച്ചതോടെ സംസ്ഥാനത്ത് 16 വരെ മഴ തുടരും.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മരണം മൂന്നായി. കരിപ്പൂരില്‍ വീട് തകർന്ന് രണ്ട് കുട്ടികളും കൊല്ലം തെന്മല നാഗമലയില്‍ വയോധികന്‍ തോട്ടില്‍ വീണും മരിച്ചു. തിരുവനന്തപുരം ജില്ലയിൽ രാത്രി മുഴുവൻ മഴ തുടർന്നു. പേപ്പാറ ഡാമിന്‍റെ നാലു ഷട്ടറുകളും ഉയർത്തി. അരുവിക്കര ഡാമിന്‍റെ ആറു ഷട്ടറുകളിൽ നാലെണ്ണം ഉയർത്തി. നെയ്യാർ ഡാമിന്‍റെയും നാല് ഷട്ടറുകൾ ഉയർത്തി. വിഴിഞ്ഞത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകുന്നത് വിലക്കി.

കനത്ത മഴയിൽ മലപ്പുറം കരിപ്പൂരിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് കുട്ടിയെന്നയാളുടെ വീടാണ് തകർന്നത്. ഇദ്ദേഹത്തിൻ്റെ മകൾ സുമയ്യ – അബു ദമ്പതികളുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7 മാസം) എന്നീ കുട്ടികളാണ് മരിച്ചത്. കോഴിക്കോട് കനത്ത മഴ തുടരുകയാണ്. നിരവധിയിടങ്ങളിൽ വെള്ളം കയറി. മിഠായി തെരുവിലെ നിരവധി കടകളിൽ വെള്ളം കയറി. നടക്കാവ് കാട്ടുവയൽ കോളനിയിൽ 40 ലധികം വീടുകളിലാണ് വെള്ളം കയറിയത്.


by admin | Oct 12, 2021 | Latest News, ജില്ലാ വാർത്ത
വര്‍ക്കല: വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വർക്കല കുറക്കണ്ണി ശോഭന മന്ദിരത്തിൽ ഷാജി ശ്രീധരൻ (63) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഭാര്യ കൈരളി. മക്കൾ: അരവിന്ദ് കെ ഷാജി, ആനന്ദ് കെ ഷാജി, അപ്പു കെ ഷാജി.
വർക്കല ഹെലിപ്പാടിന് സമീപം കല്ലായിയിൽ സ്വകാര്യവ്യക്തിയുടെ പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന് പുറകു വശത്തായാണ് ഇന്ന് രാവിലെ 5 ന് മൃതദേഹം കണ്ടത്തിയത്. ചവറുകൂനയിൽ തീ കത്തിപ്പടരുന്നതായാണ് പ്രദേശവാസികൾ ആദ്യം കാണുന്നത്. അവർ തീ അണയ്ക്കാൻ ശ്രമിക്കുമ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. ഉടനെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ പൂർണമായും അണച്ച ശേഷം മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വർക്കല ഡിവൈഎസ്പി നിയാസ്, എസ് എച്ച് ഒ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്‌ദ്ധരെത്തി സംഭവസ്ഥലത്ത് പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട് എന്നും മൊഴികളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന് മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്നാണ് പോലീസിന്റെ വിശദീകരണം.




by admin | Oct 12, 2021 | Latest News
കടയ്ക്കാവൂർ: കടയ്ക്കാവൂർ വിളയിൽ മൂല ജംഗ്ഷനിൽ വീടിനടുത്തുള്ള റോഡരികിൽ നിന്ന സുധാകരനെയും മകനെയും മാരകായുധങ്ങളുമായി ആക്രമിച്ചു പരിക്കേൽപ്പിച്ച പ്രതികളെ കടയ്ക്കാവൂർ പോലീസ് പിടികൂടി. 10/10/2021 രാത്രി 7 മണിയോടുകൂടി മോട്ടോർസൈക്കിളിൽ വന്ന പ്രതികൾ റോഡരികിൽനിന്ന് അച്ഛനെയും മകനെയും ആക്രമിക്കുന്നത് കണ്ടു പിടിച്ചു മാറ്റാനായി വന്ന മകനായ രാഹുലിനെ ആണ് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ചത്. കിഴുവിലം വില്ലേജിൽ ചിറ്റാറ്റിൻകര ചിത്തിര നിവാസിൽ രാമചന്ദ്രന്റെ മകൻ 22 വയസ്സുള്ള നന്ദുവിനെ സംഭവസ്ഥലത്തുനിന്ന് പോലീസ് പിടികൂടി.

സംഭവത്തിനു ശേഷം ഒളിവിൽ പോയ ശാർക്കര ക്ഷേത്രത്തിനുസമീപം ദൈവകൃപയിൽ വിഷ്ണുനാഥിന്റെ മകൻ 21 വയസ്സുള്ള അഗറസ്, ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം എസ് ബി നിവാസിൽ അശോക്കുമാർ മകൻ 21 വയസ്സുള്ള ദീപു എന്ന് വിളിക്കുന്ന അരുണിനെയും വർക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി. SHO അജേഷ് വി, SI ദീപു എസ്, ASI ജയകുമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ജിജു,വിഷ്ണു,സിയാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ ഇതിനുമുൻപ് അടിപിടിക്കേസിലെ പ്രതികളായിരുന്നു. പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും മോട്ടോർസൈക്കിൾ പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



Recent Comments