by admin | Oct 8, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ ജാതി സര്‍ട്ടിഫിക്കറ്റ് കൂടിയായി പരിഗണിക്കാമെന്ന പുതിയ തീരുമാനവുമായി കേരള സര്‍ക്കാര്‍. എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് മറ്റ് വിദ്യാഭ്യാസ രേഖയില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് വില്ലേജ് ഓഫീസര്‍/തഹസില്‍ദാര്‍ നല്‍കുന്ന ജാതിസര്‍ട്ടിഫിക്കറ്റിനു പകരമായുള്ള അടിസ്ഥാനരേഖയായി പരിഗണിക്കും.
അച്ഛനമ്മമാര്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണെങ്കില്‍ അവരുടെയോ അവരിലൊരാളുടെയോ എസ്.എസ്.എല്‍.സി. ബുക്ക് അല്ലെങ്കില്‍ മറ്റ് വിദ്യാഭ്യാസ രേഖയില്‍ രേഖപ്പെടുത്തിയിട്ടുള്ള ജാതിയും തെളിവായി പരിഗണിക്കും.

അതേ സമയം ഭാര്യയുടെയും ഭര്‍ത്താവിന്റെയും എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ അല്ലെങ്കില്‍ വിദ്യാഭ്യാസ രേഖയില്‍ ജാതി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നതിനോടൊപ്പം സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നല്‍കിയിട്ടുള്ള വിവാഹസര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ അത് മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റിനുപകരമുള്ള രേഖയായും സ്വീകരിക്കും. ഇതോടൊപ്പം വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുകയും സത്യവാങ്മൂലവും നിഷ്‌കര്‍ഷിക്കുകയും ചെയ്യും.



by admin | Oct 8, 2021 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം :- കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ നബിദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. കെ ടി സി ടി പ്രസിഡന്റ് ഇ. ഫസിലുദ്ദീൻ കടുവയിൽ ജുമാ മസ്ജിദിന് മുന്നിൽ പതാക ഉയർത്തിയതോടെയാണ് നബിദിനാചരണത്തിന് തുടക്കമായത്. കെ ടി സി ടി ജനറൽ സെക്രട്ടറി എ എം എ റഹിം അധ്യക്ഷത വഹിച്ചു. ദിനാചരണാരംഭത്തോടനുബന്ധിച്ച് നടന്ന പ്രാർത്ഥനാ സമ്മേളനത്തിന് കടുവാപ്പള്ളി ചീഫ് ഇമാം അബൂ റബീഹ് സദക്കത്തുള്ള, അസിസ്റ്റന്റ് ഇമാം അൻസാരി ബാഖവി എന്നിവർ നേതൃത്വം നൽകി.

മൗലൂദ് പാരായണം, കെ ടി സി ടി സ്വലാഹിയ യൂണിവേഴ്സിറ്റി – മദ്രസാ വിദ്യാർത്ഥികളുടെ ഓൺലൈൻ കലാസാഹിത്യമത്സങ്ങൾ, ദുആ സമ്മേളനം, അവാർഡ് ദാനം, നബിദിന സന്ദേശസദസ്സ് തുടങ്ങിയ പരിപാടികളോടെ ഈ മാസം പത്തൊൻപതാം തീയതി ചടങ്ങുകൾക്ക് സമാപനമാകും. എല്ലാ ചടങ്ങുകളും കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്ന് ജനറൽ സെക്രട്ടറി എ എം എ റഹിം അറിയിച്ചു. ഉദ്ഘാടന സദസ്സിൽ ഡോ. പി ജെ നഹാസ്, എം എസ് ഷെഫീർ, എ നഹാസ്, എൻ മുഹമ്മദ് ഷെഫീഖ്, യു. അബ്ദുൽ ഖലാം, മുനീർ മൗലവി, ജെ ബി നവാസ്, എ താഹ, നവാസ് മൈലാടുംപാറ, സജീർ ഊന്നുകൽ തുടങ്ങിയവർ സംസാരിച്ചു.




by admin | Oct 8, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: തിരുവനന്തപുരത്ത് നിന്ന് സ്വന്തം മണ്ഡലമായ ഒറ്റപ്പാലത്തേക്കുള്ള യാത്രാമധ്യേയാണ് എം.എൽ.എ പ്രേംകുമാർ നഗരസഭയിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിൽ എത്തി ഉച്ചഭക്ഷണം കഴിച്ചത്. തുടർന്ന് കുടുംബശ്രീ യൂണിറ്റ് സന്ദർശിച്ച് സി.ഡി.എസ് ചെയർപേഴ്സൻ എ.റീജ, കൗൺസിലർ എസ്.സുഖിൽ എന്നിവരുമായി സംസാരിച്ചു. പാചകവാതകത്തിന്റെ വില ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സാധാരണക്കാരന്റെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് സംസ്ഥാന സർക്കാർ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത്.

ഒരു നേരത്തെ വിശപ്പടക്കാൻ മതിയാവോളം ഉള്ള ഭക്ഷണമാണ് ജനകീയ ഹോട്ടലുകളിലൂടെ 20 രൂപക്ക് വിതരണം ചെയ്യുന്നത്. സർക്കാരിന്റെ ജനക്ഷേമ പരമായ പദ്ധതികൾ അട്ടിമറിക്കുന്നതിന് വേണ്ടിയാണ് രാഷ്ട്രീയ എതിരാളികൾ ഇത്തരം നുണ പ്രചരണങ്ങൾ പടച്ചുവിടുന്നതെന്നും എം.എൽ.എ പ്രേംകുമാർ അറിയിച്ചു. നഗരസഭാങ്കണത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഐ.സി.ഡി.എസ് ത്രിദിന പ്രദർശനമേളയും സന്ദർശിച്ച് പ്രവർത്തകരോടൊപ്പം മധുരം പങ്കുവച്ച ശേഷമാണ് എം.എൽ.എ മടങ്ങിയത്.




by admin | Oct 8, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം മത്സ്യകൃഷി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കർഷകസമിതി അംഗങ്ങൾ മീമ്പാട്ട് കുളം വൃത്തിയാക്കിയത്. പ്രവർത്തകർ നിർമ്മിച്ച ചങ്ങാടം 80 സെന്റിൽ സ്ഥിതി ചെയ്യുന്ന കുളത്തിൽ ഇറക്കി പൂർണമായി ശുചീകരിച്ചു. മത്സ്യകൃഷിക്കായി മൂവായിരത്തോളം മത്സ്യ കുഞ്ഞുങ്ങളെയും ഇവിടെ നിക്ഷേപിച്ചു. സമീപത്ത് സ്ഥിതി ചെയ്യുന്ന അഞ്ചര ഏക്കർ ഏലായിലെ നെൽകൃഷിക്കും ഈ കുളത്തിൽ നിന്നുള്ള വെള്ളത്തെയാണ് ആശ്രയിക്കുന്നത്.
നഗരസഭ വൈസ് ചെയർമാനും മുതിർന്ന കർഷകനുമായ ജി. തുളസീധരൻ പിള്ള ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സമിതി പ്രസിഡന്റ് പ്രഭാകരൻ, സെക്രട്ടറി ശശി, ഭാരവാഹികളായ ബാലൻപിള്ള, അശോക് കുമാർ, സുഗതൻ, ഗിരീജൻ തുടങ്ങിയവരാണ് ശുചീകരണത്തിന് നേതൃത്വം വഹിച്ചത്.





by admin | Oct 8, 2021 | Latest News, ജില്ലാ വാർത്ത
നാവായിക്കുളം: കെ റെയിൽ പദ്ധതിക്കെതിരെ നാവായിക്കുളം പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ സമിതി രക്ഷാധികാരി ആലുമുട്ടിൽ അലിയാർകുഞ്ഞു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നസീറുദീൻ മരുതിക്കുന്നു സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതി അംഗം ഇ. വി പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ല സമിതി കൺവീനർ രാമചന്ദ്രൻ കരവാരം മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചു കൊണ്ട് നിസാം (inc മണ്ഡലം പ്രെസിഡന്റ്) അനു സി (bsp വനിതാ സമിതി), ജില്ലാ കൺവീനർ എ.ഷൈജു,സജീർ ( intuc)എന്നിവർ സംസാരിച്ചു. രാജു കൊട്ടറക്കോണം നന്ദി പറഞ്ഞു.

യാതൊരുവിധ ആധികാരിക പഠനവും നടത്താതെ, വിനാശകരമായ കെ റെയിൽ പദ്ധതിയ്ക്കു വേണ്ടി ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സർക്കാർ എത്രയും വേഗം ഈ പദ്ധതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും സമര സമിതി നേതാക്കൾ പറഞ്ഞു.

തട്ടുപാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിലും ധർണ്ണയിലും നിരവധി ആളുകൾ പങ്കെടുത്തു. ധർണ്ണയ്ക്ക് ശേഷം പഞ്ചായത്ത് അധികൃതർക്ക് നിവേദനവും നൽകി. ഒക്ടോബർ 10 മുതൽ പദയാത്രയും തുടർന്ന് സെക്രട്ടേറിയറ്റ് മാർച്ചും അടക്കമുള്ള ശക്തമായ സമര പരിപാടികൾ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.



Recent Comments