ആലംകോട് ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം

ആറ്റിങ്ങൽ: ആലംകോട് ജംഗ്ഷനിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 11.15 ഓടെയാണ് സംഭവം. തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന കാറിനെ പുറകിൽ നിന്ന് വന്ന ടിപ്പർ ഇടിക്കുകയിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് പ്രവേശനം ഇന്ന് മുതൽ

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാമത്തേതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം 7, 12, 16, 20, 21 തീയതികളിൽ നടക്കും. അലോട്ട്‌മെന്റ് വിവരം www.admission.dge.kerala.gov.in ലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ ലഭിക്കും. വെബ്‌സൈറ്റിലെ Candidate Login-SWS ൽ ലോഗിൻ ചെയ്ത് Second Allotment Results എന്ന ലിങ്ക് പരിശോധിക്കാം. ഇതിൽ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ഠ തീയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.

വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ഒന്നാം അലോട്ട്‌മെന്റിൽ താൽക്കാലിക പ്രവേശനം നേടിയവർക്ക് ഈ അലോട്ട്‌മെന്റിൽ മാറ്റമൊന്നും ഇല്ലെങ്കിൽ സ്ഥിരപ്രവേശനം നേടണം. ഉയർന്ന ഓപ്ഷനിലോ പുതുതായോ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ഠ സമയത്ത് സ്ഥിര പ്രവേശനം നേടണം.

പ്രവേശന സമയത്ത് ജനറൽ റവന്യൂവിൽ അടയ്‌ക്കേണ്ട ഫീസ്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം കാൻഡിഡേറ്റ് ലോഗിനിലെ Fee payment എന്ന ലിങ്കിലൂടെ അടയ്ക്കണം. ഓൺലൈനായി ഫീസടക്കാൻ കഴിയാത്തവർക്ക് സ്‌കൂളിൽ ഫീസടയ്ക്കാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം.

അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ഠ സമയത്ത് തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സ്‌പോർട്‌സ് ക്വാട്ട അലോട്ട്‌മെന്റ് റിസൾട്ട് ഏഴിന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും.

ശിശുദിനസ്റ്റാമ്പ് 2021: ചിത്രങ്ങൾ ക്ഷണിച്ചു

കേരള സംസ്ഥാന ശിശുക്ഷേമ സമിതി നവംബർ 14 ശിശുദിനത്തിന് പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പ് 2021നായി ചിത്രങ്ങൾ ക്ഷണിച്ചു. ‘ഇന്ത്യൻ കർഷകൻ-ഒരു നേർക്കാഴ്ച’ എന്ന ആശയത്തിൽ നാലു മുതൽ പ്ലസ്ടുവരെ ക്ലാസ്സുകളിൽ (9 മുതൽ 17 വയസ്സുവരെ) പഠിക്കുന്ന വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ചിത്രങ്ങൾക്ക് ജലഛായം, പോസ്റ്റർ കളർ, ക്രയോൺസ്, ഓയിൽ പെയിന്റ് എന്നിവയിൽ ഒന്ന് ഉപയോഗിക്കാം. 15 x 12 സെന്റീമീറ്റർ അനുപാതത്തിലായിരിക്കണം ചിത്രരചന നടത്തേണ്ടത്.

സ്റ്റാമ്പിന്റെ വലിപ്പമായ 5 x 4 സെന്റീമീറ്ററിലേക്ക് ചിത്രം ചെറുതാക്കേണ്ടതിനാൽ വിശദാംശങ്ങൾ അസ്പഷ്ടമാകാത്തവിധമുള്ള പശ്ചാത്തലവും നിറങ്ങളും രചനാ സാമഗ്രികളും കൊണ്ട് ചിത്രരചന നിർവഹിക്കുന്നതായിരിക്കും ഉചിതം. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം വരയ്ക്കുന്ന വിദ്യാർഥിക്ക് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും നൽകി ശിശുദിന സ്റ്റാമ്പ് പ്രകാശന ചടങ്ങിൽ ആദരിക്കും.

ചിത്രം വരയ്ക്കുന്ന വിദ്യാർഥിയുടെ പേര്, ക്ലാസ്സ്, വയസ്സ്, സ്‌കൂളിന്റെയും വിദ്യാർഥിയുടെ വീടിന്റേയും ഫോൺ നമ്പരോടുകൂടിയ മേൽവിലാസം എന്നിവ ചിത്രത്തിന്റെ പിറകുവശത്ത് എഴുതി പ്രിൻസിപ്പൽ/ ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ്സ് മുദ്ര പതിപ്പിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം.
ചിത്രരചനകൾ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ നേരിട്ടോ നവംബർ 3 വരെ നൽകാം. കവറിനു പുറത്ത് ‘ഇന്ത്യൻ കർഷകൻ-ഒരു നേർക്കാഴ്ച’ എന്ന് എഴുതിയിരിക്കണം.

നിലം നികത്തി നടത്തുന്ന നിർമ്മാണ പ്രവർത്തികൾക്കെല്ലാം മുൻകൂർ അനുമതി വാങ്ങണം: കൃഷിമന്ത്രി

2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് പലപ്പോഴും ബന്ധപ്പെട്ട കമ്മിറ്റികൾക്കും അധികാരികൾക്കും പരിവർത്തനാനുമതിക്കുള്ള അപേക്ഷ നൽകുന്നതെന്നും ഇത് ഒഴിവാക്കണമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.

അത്തരത്തിലുള്ള അനധികൃതവും നിയമവിരുദ്ധമായ പരിവർത്തനങ്ങൾ ആരംഭത്തിൽ തന്നെ തടയുന്നതിനും ഭൂമിയുടെ തരം അതേ നിലയിൽ സംരക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് (23) പ്രകാരമുള്ള നടപടികളും, അച്ചടക്ക നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിയമത്തിന്റെ അന്തസത്ത ഉൾക്കൊണ്ടും വ്യവസ്ഥകൾ പാലിച്ചും പാരിസ്ഥിതിക പ്രാധാന്യമുള്ള നെൽവയലുകളും തണ്ണീർതടങ്ങളും സംരക്ഷിക്കേണ്ടത് പൊതു സമൂഹത്തിന്റെയും, സർക്കാരിന്റെയും കർത്തവ്യമായതിനാൽ വ്യക്തമായ പരിശോധനയ്ക്കു ശേഷം മാത്രമേ പരിവർത്തനാനുമതി നൽകാൻ സാധിക്കുകയുള്ളൂ.

പിറവം നിയോജകമണ്ഡലത്തിൽ രാമമംഗലം – മണീട് പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് കിഴുമുറികടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് വേണ്ടി ഭൂമി രൂപാന്തരപ്പെടുത്തുന്നത് സംബന്ധിച്ച് അനൂപ് ജേക്കബ് എം.എൽ.എ. അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.

സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ക്രിട്ടിക്കൽ കെയർ നഴ്‌സിംഗ്, എമർജൻസി & ഡിസാസ്റ്റർ നഴ്‌സിംഗ്, ഓങ്കോളജി നഴ്‌സിംഗ്, ന്യൂറോ സയൻസ് നഴ്‌സിംഗ്, കാർഡിയോ തൊറാസിക്ക് നഴ്‌സിംഗ്, നിയോനേറ്റൽ നഴ്‌സിംഗ്, നഴ്‌സസ് & മിഡ്‌വൈഫറി പ്രാക്റ്റീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സുകൾക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ ലഭിക്കും. വെബ് സൈറ്റ് വഴി ഓൺലൈനായി നവംബർ ആറ് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.