സ്‌കൂളുകളില്‍ ശനിയാഴ്ചയും ക്ലാസ്‌; വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കും- വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ക്ലാസ് ഉച്ചവരെ മാത്രമായിരിക്കും, ശനിയാഴ്ച പ്രവർത്തി ദിവസമാക്കുമെന്നും മന്ത്രി അറിയിച്ചു. അധ്യാപകർക്കും അനധ്യാപകർക്കും വാക്സീനേഷൻ ഉറപ്പുവരുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി.

കൊവിഡ് മാനദണ്ഡം പാലിച്ച് ഉച്ചഭക്ഷണവും നൽകും. പിടിഎ അതിനുള്ള നടപടികൾ സ്വീകരിക്കും. ഫിറ്റ്നസ് ഇല്ലാത്ത സ്കൂളുകളിലെ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ ക്ലാസ് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. എൽപി ക്ലാസ്സിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികളെ മാത്രമേ ഇരുത്തുകയുള്ളൂവെന്നും ശിവൻകുട്ടി പറഞ്ഞു.

ഓട്ടോറിക്ഷയിൽ പരമാവധി മൂന്ന് കുട്ടികളെ മാത്രം കയറ്റണം. വിദ്യാർത്ഥി കൺസെഷൻ്റെ കാര്യത്തിൽ സ്വകാര്യ ബസ് ഉടമകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തന്നെ തുടങ്ങും. ക്ലാസുകൾ എങ്ങനെ വേണമെന്നത് സംബന്ധിച്ച കരട് മാർഗരേഖ ആയിക്കഴിഞ്ഞു.

എഞ്ചിനീയറിങ്, ഫാർമസി എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള എഞ്ചിനീയറിങ്, ഫാർമസി, ആർകിടെക്‌ചർ പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. തൃശൂർ വടക്കാഞ്ചേരി സ്വദേശി ഫയിസ് ഹാഷിം ഒന്നാം റാങ്ക് കരസ്ഥമാക്കി. കോട്ടയം പൂവക്കുളം സ്വദേശി ഹരിശങ്കർ എം രണ്ടാം റാങ്കും കൊല്ലം സ്വദേശി നയൻ കിഷോർ നായർ മൂന്നാം റാങ്കും നേടി.

റാങ്ക് പട്ടികയിൽ ഇടംപിടിച്ച ആദ്യ അഞ്ച് പേരും ആൺകുട്ടികളാണ്. എസ്‌.സി വിഭാഗത്തിൽ തൃശൂർ സ്വദേശി അമ്മു ഒന്നാം റാങ്കും മലപ്പുറം സ്വദേശി അക്ഷയ് നാരായണൻ രണ്ടാം റാങ്കും കരസ്ഥമാക്കയപ്പോൾ എസ്.ടി വിഭാഗത്തിൽ ജോനാഥൻ ഡാനിയേൽ ഒന്നാം റാങ്കും ശബരിനാഥ് രണ്ടാം റാങ്കും നേടി.

വാര്‍ത്താസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. ഫാർമസി വിഭാഗത്തിൽ ഫാരിസ് തൃശൂർ സ്വദേശി അബ്‌ദുൽ നാസർ ഒന്നാം റാങ്കും തേജസ്വിനി വിനോദ് രണ്ടാം റാങ്കും നേടി. ആർകിടെക്‌ചർ പരീക്ഷയിൽ ഒന്നാം റാങ്ക് കണ്ണൂരിലെ തേജസ് ജോസഫിനും രണ്ടാം റാങ്ക് അമ്രീൻ കല്ലായിക്കുമാണ്.

എഞ്ചിനീയറിങ് കീം പരീക്ഷ റാങ്ക് പട്ടികയിൽ ഇടംനേടിയ ആദ്യ നൂറ് പേരിൽ 22 പേർ പെൺകുട്ടികളും 78 പേർ ആൺകുട്ടികളുമാണ്. ഇതിൽ 64 പേർ ആദ്യമായി പരീക്ഷയെഴുതിയവരാണ്. എറണാകുളം-21, തിരുവനന്തപുരം-17, കോഴിക്കോട്-11 എന്നിങ്ങനെയാണ് ആദ്യ നൂറ് പേരിൽ ഇടംപിടിച്ചത്.

സംസ്ഥാനത്തിന് അകത്തും പുറത്തുമായി 418 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 73,977 കുട്ടികൾ എഞ്ചിനിയറിങ് പരീക്ഷ എഴുതി. ഇവരിൽ യോഗ്യത നേടിയത് 51031 പേരാണ്. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് തന്നെ വിദ്യാര്‍ഥികളുടെ സ്കോര്‍ അനുസരിച്ചുള്ള ഓപ്ഷന്‍ രജിസ്ട്രേഷന്‍ തുടങ്ങിയിരുന്നു. സിബിഎസ്‌ഇ ഇപ്രൂവ്മെന്‍റ് പരീക്ഷ എഴുതിയവര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന കോടതി ഉത്തരവ് മൂലം പട്ടിക പ്രസിദ്ധീകരിക്കാന്‍ വൈകിയെന്നായിരുന്നു എന്‍ട്രന്‍സ് കമ്മീഷണറുടെ വിശദീകരണം.

എഞ്ചിനീയറിങ് പ്രവേശനപരീക്ഷയിലെ ഓരോ പേപ്പറിലും പത്ത് മാര്‍ക്കുവീതം ലഭിച്ചവര്‍ക്കാണ് എഞ്ചിനീയറിങ് റാങ്ക് പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹത. അതേസമയം ഫാര്‍മസി പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്‌കോറിന്‍റെ അടിസ്ഥാനത്തില്‍ പ്രോസ്പെക്‌ടസ് വ്യവസ്ഥ പ്രകാരം കണക്കാക്കുന്ന ഇന്‍ഡക്‌സ് മാര്‍ക്ക് പത്ത് എങ്കിലും ലഭിച്ചവര്‍ക്കാണ് ഫാര്‍മസി റാങ്ക് പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹതയുള്ളത്. എന്നാൽ റാങ്ക് പട്ടികകളില്‍ സ്ഥാനംനേടാന്‍ പട്ടികവിഭാഗക്കാര്‍ക്ക് ഈ മിനിമം മാര്‍ക്ക് വ്യവസ്ഥയില്ല.

കേരള എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്‌കോര്‍ ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സ്‌കോര്‍ പരിശോധിക്കാം.

കിഴുവിലം മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ കോവിഡ് ബാധിച്ചു മരിച്ചു; ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു

കിഴുവിലം: 2005-2010 കാലഘട്ടത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ ആയിരുന്ന മുടപുരം ചുമടുതാങ്ങി സ്വദേശി സി എസ് മന്ദിരത്തിൽ സുദർശനൻ (74) കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ് വരവേ മരണപ്പെട്ടു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ എസ് ശ്രീകണ്ഠന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു.

കോവിഡാനന്തര ബുദ്ധിമുട്ടുകൾ കൂടുതലായതിനാൽ തുടർ ചികിത്സയ്ക്കായി സുദർശനനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മൃതദേഹം ഗ്രാമപഞ്ചായത്ത് H I പ്രമോദ്, JHI ഹരീഷ് എന്നിവരുടെ സാന്നിധ്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ എസ് ശ്രീകണ്ഠൻ ഏറ്റുവാങ്ങി വീട്ടുവളപ്പിൽ ശവ സംസ്കാരം നടത്തി. പരേതൻ കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പറും , കിഴുവിലം സഹകരണസംഘത്തിലെയും, കിഴുവിലം റസിഡൻസ് വെൽഫെയർ സഹകരണ സംഘത്തിലെയും ബോർഡ് മെമ്പറും ആയിരുന്നു.

സുദർശനന്റെ ഭാര്യയും മുൻ കിഴുവിലം ഗ്രാമ പഞ്ചായത്ത് മെമ്പറും ആയിരുന്ന റീത്താ സുദർശനനും കോവിഡ് ബാധിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരികയായിരുന്നു. ജർമ്മനിയിൽ ജോലി നോക്കി വരുന്ന സൂരജ്, കുവൈറ്റിൽ ജോലി നോക്കി വരുന്ന സജിത്ത് എന്നിവർ മക്കളാണ്.

ശവസംസ്കാര ചടങ്ങുകൾക്ക് ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ വിശ്വനാഥൻ നായർ, മുൻ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അൻസാർ, കാട്ടുംപുറം മേഖല യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് പ്രസാദ് എന്നിവർ നേതൃത്വം നൽകി.

കിഴുവിലം ഗ്രാമപഞ്ചായത്തിൽ നാളിതുവരെ 67 പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടു പോയി. കിഴുവിലം ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിൽ നിരവധിപേർ കോവിഡ് ബാധിച്ചു വീടുകളിലും, കോവിഡ് സെന്റർ കളിലും ചികിത്സയിൽ കഴിഞ്ഞു വരികയാണ്.

ഇന്ധനവിലയിൽ ഇന്നും വർധനവ്

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 105 കടന്നു. ഇന്ന് 105.48 രൂപയാണ് വില, ഡീസലിന് 98.78 രൂപയായി. കൊച്ചിയിൽ പെട്രോളിന് 103.42 രൂപയുംഡീസലിന് 96.80 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 103.72 രൂപയായി. ഡീസൽ വില 97.14 രൂപയാണ്.

ആറ്റിങ്ങൽ നഗരത്തിൽ 72 പേർ കൊവിഡ് ബാധിതർ

ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 72 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 66 പേർ ഹോം ഐസൊലേഷേനിലും, 5 പേർ ആശുപത്രിയിലും, 1
പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 20 പേർ രോഗമുക്തരായി. കൂടാതെ ഇന്ന് പട്ടണത്തിൽ പുതിയതായി 5 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ ഇതുവരെ 63 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൂടാതെ ഇന്ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ നിന്നും ആകെ 128 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ഇതിൽ 50 പേർ നഗരസഭാ പരിധിയിൽ നിന്നുള്ളവരും, 78 പേർ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവരാണെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.

*വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം*

വാർഡ് 1 ൽ 1 ആൾ
വാർഡ് 2 ൽ 0 പേർ
വാർഡ് 3 ൽ ഫലം ലഭ്യമല്ല
വാർഡ് 4 ൽ 1 ആൾ
വാർഡ് 5 ൽ 3 പേർ
വാർഡ് 6 ൽ 1 ആൾ
വാർഡ്‌ 7 ൽ 3 പേർ
വാർഡ് 8 ൽ 1 ആൾ
വാർഡ് 9 ൽ 2 പേർ
വാർഡ് 10 ൽ 1 ആൾ
വാർഡ് 11 ൽ 1 ആൾ
വാർഡ് 12 ൽ 4 പേർ
വാർഡ് 13 ൽ 0 പേർ
വാർഡ് 14 ൽ 6 പേർ
വാർഡ് 15 ൽ 7 പേർ
വാർഡ് 16 ൽ 2 പേർ
വാർഡ് 17 ൽ 4 പേർ
വാർഡ് 18 ൽ 1 ആൾ
വാർഡ് 19 ൽ 6 പേർ
വാർഡ് 20 ൽ 1 ആൾ
വാർഡ് 21 ൽ 5 പേർ
വാർഡ് 22 ൽ 0 പേർ
വാർഡ് 23 ൽ 4 പേർ
വാർഡ് 24 ൽ 4 പേർ
വാർഡ് 25 ൽ 0 പേർ
വാർഡ് 26 ൽ 1 ആൾ
വാർഡ് 27 ൽ 3 പേർ
വാർഡ് 28 ൽ 2 പേർ
വാർഡ് 29 ൽ 3 പേർ
വാർഡ് 30 ൽ 0 പേർ
വാർഡ് 31 ൽ 4 പേർ

*നഗരസഭ വാർഡ് 3 (പൂവമ്പാറ) ലെ കൊവിഡ് പ്രതിദിന കണക്ക് വാർഡിലെ ആരോഗ്യ പ്രവർത്തക റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ പ്രസ്തുത വാർഡിലെ ഇന്നത്തെ കൃത്യമായ കൊവിഡ് ഫലം പ്രസിദ്ധീകരിക്കാൻ സാധ്യമല്ല*