പ്രശസ്ത കാർട്ടൂണിസ്റ്റ് സി.ജെ.യേശുദാസൻ അന്തരിച്ചു

എറണാകുളം: കേരള കാർട്ടൂണിസ്റ്റുകളുടെ കുലപതി സി.ജെ.യേശുദാസൻ (83) അന്തരിച്ചു. കൊവിഡ് ബാധിതനായി ഏതാനും ആഴ്‌ചകൾക്കു മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാഴ്‌ച മുമ്പ് കൊവിഡ് നെഗറ്റീവ് ആവുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും ചെയ്‌തിരുന്നു. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ബുധനാഴ്‌ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.

യേശുദാസന്‍റെ വരകളിലൂടെയാണ് കേരളത്തിൽ കാർട്ടൂണുകൾ ജനകീയമായത്.
കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിന്‍റെ രചയിതാവും, മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റുമായിരുന്നു അദ്ദേഹം.

1955ല്‍ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മാസികയില്‍ ദാസ് എന്ന പേരിലാണ് വരച്ച് തുടങ്ങിയത്. ചിരിയും ചിന്തയും പകരുന്ന അദ്ദേഹത്തിന്‍റെ വരകൾ എൺപത്തിമൂന്നാം വയസിലും തുടരുകയായിരുന്നു. ജനയുഗത്തിലെ കിട്ടുമ്മാവന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണിലൂടെയാണ് അദ്ദേഹം ജനശ്രദ്ധ നേടിയത്.

വനിതയിലെ മിസിസ് നായർ ഉൾപ്പടെയുള്ള കാർട്ടൂൺ പംക്തികളിലൂടെ കാർട്ടൂണുകളെ മലയാളിയുടെ ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റാനും യേശുദാസന് കഴിഞ്ഞു. അദ്ദേഹത്തിന്‍റെ വരയിലൂടെയുള്ള വിമർശനത്തിന് വിധേയരാകാത്ത രാഷ്ട്രീയക്കാരും ഭരണകർത്താക്കളും കേരത്തിൽ വിരളമായിരിക്കും.

എഞ്ചിനീയറാവാന്‍ ആഗ്രഹിച്ച് കാര്‍ട്ടൂണിസ്റ്റായി മാറിയ ആളാണ് യേശുദാസന്‍. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് കാർട്ടൂൺ രംഗത്ത് സജീവമായത്. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാനും, കേരള ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാനുമായിരുന്നു അദ്ദേഹം.

പതിവ് തെറ്റിയില്ല; ഇന്ധന വിലയിൽ ഇന്നും വർദ്ധനവ്

തിരുവനന്തപുരം: ഇന്ധനവില (Fuel price)ഇന്നും വർധിപ്പിച്ചു. പെട്രോളിന് (Petrol) ലിറ്ററിന് 30 പൈസയും ഡീസലിന് (Diesel) 37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105.18 ആയി വില. ഡീസലിന് 98 രൂപ 38 പൈസയാണ് ഇന്നത്തെ വില.

കൊച്ചിയിൽ പെട്രോളിന് 103.12 ഉം ഡീസലിന് 92. 42മാണ് വില. കോഴിക്കോട് പെട്രോൾ 103.42, ഡീസൽ 96.74 എന്നാണ് നിലവിലെ വില. എട്ട് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് ഒന്നര രൂപയിലേറെയാണ് വർധിച്ചത്. ഡീസലിന് ഒമ്പത് ദിവസത്തിനിടെ രണ്ടര രൂപ വർധിച്ചു.

പാചക വാതക വിലയും കൂടിയിട്ടുണ്ട്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറിന് 15 രൂപ കൂടി. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. നേരത്തെ 891 രൂപ 50 പൈസയായിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വില 2 രൂപ കുറഞ്ഞു. 1726 രൂപയാണ് കൊച്ചിയിലെ വില.

പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയരാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.

ആറ്റിങ്ങൽ നഗരത്തിൽ 85 പേർ കൊവിഡ് ബാധിതർ

ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 85 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 79 പേർ ഹോം ഐസൊലേഷേനിലും, 4 പേർ ആശുപത്രിയിലും, 2
പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 7 പേർ രോഗമുക്തരായി. കൂടാതെ ഇന്ന് പട്ടണത്തിൽ പുതിയതായി 9 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ ഇതുവരെ 62 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൂടാതെ ഇന്ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ നിന്നും ആകെ 185 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ഇതിൽ 135 പേർ നഗരസഭാ പരിധിയിൽ നിന്നുള്ളവരും, 50 പേർ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവരാണെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.

*വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം*

വാർഡ് 1 ൽ 1 ആൾ
വാർഡ് 2 ൽ 0 പേർ
വാർഡ് 3 ൽ 3 പേർ
വാർഡ് 4 ൽ 1 ആൾ
വാർഡ് 5 ൽ 3 പേർ
വാർഡ് 6 ൽ 2 പേർ
വാർഡ്‌ 7 ൽ 3 പേർ
വാർഡ് 8 ൽ 1 ആൾ
വാർഡ് 9 ൽ 0 പേർ
വാർഡ് 10 ൽ 1 ആൾ
വാർഡ് 11 ൽ 1 ആൾ
വാർഡ് 12 ൽ 5 പേർ
വാർഡ് 13 ൽ 2 പേർ
വാർഡ് 14 ൽ 6 പേർ
വാർഡ് 15 ൽ 9 പേർ
വാർഡ് 16 ൽ 2 പേർ
വാർഡ് 17 ൽ 13 പേർ
വാർഡ് 18 ൽ 1 ആൾ
വാർഡ് 19 ൽ 6 പേർ
വാർഡ് 20 ൽ 0 പേർ
വാർഡ് 21 ൽ 5 പേർ
വാർഡ് 22 ൽ 1 ആൾ
വാർഡ് 23 ൽ 2 പേർ
വാർഡ് 24 ൽ 4 പേർ
വാർഡ് 25 ൽ 0 പേർ
വാർഡ് 26 ൽ 1 ആൾ
വാർഡ് 27 ൽ 3 പേർ
വാർഡ് 28 ൽ 3 പേർ
വാർഡ് 29 ൽ 2 പേർ
വാർഡ് 30 ൽ 0 പേർ
വാർഡ് 31 ൽ 4 പേർ

വിദ്യാർഥികൾക്കുള്ള യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാകുന്നില്ല; ആർ.ടി.ഒയ്ക്ക് പരാതി നൽകി കെ.എസ്.യു

ആറ്റിങ്ങൽ – കിളിമാനൂർ പ്രദേശങ്ങളിൽ ഓടുന്ന സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കുള്ള യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാകുന്നില്ല എന്ന് വ്യാപക പരാതി ഉയർന്ന് വരുന്ന സാഹചര്യത്തിൽ കെ എസ് യു കെ.എസ്.യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി ആറ്റിങ്ങൽ ആർ.റ്റി.ഒ, ആറ്റിങ്ങൽ ഡി.വൈ.എസ്.പി, ആറ്റിങ്ങൽ എസ്എച്ച്ഒ, കിളിമാനൂർ എസ്എച്ച്ഒ, തുടങ്ങിയവർക്ക് കമ്മിറ്റി പരാതി നൽകി.

കോവിഡ് മൂലം സാമ്പത്തികമായി പരാധീനതകൾ അനുഭവിക്കുന്ന കുടുംബങ്ങളിൽനിന്നും കോളേജുകളിലേക്കും സ്കൂളുകളിലേക്കും പോകേണ്ട വിദ്യാർത്ഥികൾക്ക് വലിയൊരു തുക യാത്ര കൂലിയായി ചെലവഴിക്കേണ്ടി വരികയാണ്. അതിനാൽ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് വിദ്യാർഥികൾക്ക് ST ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള കർശന നിർദ്ദേശങ്ങൾ ഉണ്ടാകണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

വരും ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, കെ.എസ്.യു ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ജിഷ്ണു മോഹൻ, വൈസ് പ്രസിഡന്റ് യാസീൻ ഷരീഫ് തുടങ്ങിയവർ അറിയിച്ചു.

കോളേജ് വിദ്യാർത്ഥികൾക്ക് എസ്.ടി അനുവദിക്കാത്തതിൽ എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു

ആറ്റിങ്ങൽ: കോളേജ് തുറന്നിട്ട് ഇതുവരേയും വിദ്യാർത്ഥികൾക്ക് എസ്.ടി നൽകാത്ത പ്രൈവറ്റ് ബസ് നടപടികൾക്കെതിരെ എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കൺസക്ഷൻ നൽകാതെയും വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയും വിവേചന പൂർണമായ നടപടിയാണ് പല പ്രൈവറ്റ് ബസ്സുകളും ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം എസ്.എൻ കോളേജ് വർക്കലയിലെ വിദ്യാർഥിനിക്ക് നേരിടേണ്ടിവന്ന ദുരവസ്ഥ അപമാനകരമാണ്. വിദ്യാർത്ഥികളുടെ അവകാശമായ ബസ്സ്‌ കൺസക്ഷനുകൾ വിദ്യാർത്ഥികൾക്ക് അനുവദിക്കുവാനും വിദ്യാർത്ഥികളോട് മാന്യമായി ഇടപെടുവാനും ബസ് ജീവനക്കാർ തയ്യാറാകാണം. വിദ്യാർത്ഥിനിയെ അപമാനിച്ച പ്രൈവറ്റ് ബസ് ജീവനക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് SFI ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു . അല്ലാത്തപക്ഷം ശക്തമായ സമര നടപടികളിലേക്ക് എസ്എഫ്ഐ കടക്കുമെന്നും ഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു.