അവസാനത്തേതും ചത്തു; സിംഹമില്ലാത്ത ലോകത്തെ ആദ്യത്തെ സിംഹ പാർക്കായി നെയ്യാര്‍ ഡാമിലെ സഫാരി

തിരുവനന്തപുരം: ഏഷ്യയിലെ ആദ്യത്തെ സിംഹപാര്‍ക്കെന്ന വിശേഷണത്തില്‍ നിന്ന് സിംഹമില്ലാത്ത ലോകത്തെ ആദ്യത്തെ സിംഹ പാര്‍ക്ക് എന്ന നാണക്കേടിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് നെയ്യാര്‍ ഡാമിലെ സഫാരി പാര്‍ക്ക്. അവസാനത്തെ സിംഹവും ചത്തിട്ട് നാല് മാസമായെങ്കിലും പകരം സിംഹത്തെ എത്തിക്കാന്‍ നടപടിയില്ല. ഇതോടെ ഇരുപതേക്കറോളം വരുന്ന പാര്‍ക്കിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സൗകര്യങ്ങളെല്ലാം നശിക്കുകയാണ്.

പ്രകൃതി സൗന്ദര്യത്തിന്റെ കയ്യൊപ്പുണ്ട് നെയ്യാര്‍ഡാമില്‍. വന്യസൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികള്‍ ഓടിയെത്തുന്നയിടം. 1985ല്‍ തുടങ്ങിയ പാര്‍ക്കില്‍ ഒരുകാലത്ത് 16 സിംഹം വരെയുണ്ടായിരുന്നു. കാട്ടിലൂടെ വിഹരിക്കുന്ന സിംഹങ്ങളെ അടുത്ത് കാണാനാവുന്ന പാര്‍ക്കിലേക്ക് സഞ്ചാരികളും ഒഴുകിയെത്തി. 2005ല്‍ സിംഹങ്ങളെ വന്ധ്യംകരിച്ചതോടെ പാര്‍ക്കിന്റെ നാശം തുടങ്ങി. ഒന്നൊന്നായി ചത്ത് ഒടുവില്‍ ജൂണ്‍ 2ന് അവസാനത്തെ അംഗമായിരുന്നു ബിന്ദുവും പോയി. ഇപ്പോളെത്തുന്ന സഞ്ചാരികള്‍ കാട് കണ്ട് മടങ്ങണം.

മൃഗശാലകളില്‍ നിന്നൊ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ സിംഹത്തെ എത്തിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം പരാജയപ്പെട്ടു.. ഇരുപതേക്കറോളം വലിപ്പമുള്ള പാര്‍ക്ക്, അവിടെ സഞ്ചരിക്കാനുള്ള വാഹനങ്ങള്‍, മൃഗങ്ങളുടെ കൂടുകള്‍ അങ്ങിനെ സിംഹമില്ലാത്ത പാര്‍ക്കില്‍ ഇപ്പോള്‍ എല്ലാം നശിക്കുകയാണ്. ഒപ്പം നെയ്യാര്‍ ഡാമിന്റെ പേരും പെരുമയും.

വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഇനി റേഷന്‍ കാര്‍ഡ് കിട്ടാന്‍ എളുപ്പം

സംസ്ഥാനത്ത് വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഇനി റേഷന്‍ കാര്‍ഡ് കിട്ടാന്‍ എളുപ്പം. ഇനി മുതല്‍ റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന മതിയെന്നും വാടകക്കരാര്‍ പരിഗണിക്കേണ്ടെന്നും സര്‍ക്കാര്‍ ഉത്തരവായി.

വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. നിലവില്‍ സാധുവായ വാടകക്കരാറിന്റെയോ കെട്ടിട ഉടമയുടെ സമ്മത പത്രത്തിന്റെയോ അടിസ്ഥാനത്തിലാണ് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്. എന്നാല്‍ വാടക വീട്ടില്‍ മറ്റൊരു റേഷന്‍ കാര്‍ഡുണ്ടെങ്കിലോ കെട്ടിട ഉടമ സമ്മതപത്രം നല്‍കിയില്ലെങ്കിലോ റേഷന്‍ കാര്‍ഡ് ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്.

ബിജെപിയില്‍ അഴിച്ചുപണി: 5 ജില്ലാ പ്രസിഡന്റുമാരെ മാറ്റി

തിരുവനന്തപുരം: അഞ്ച് ജില്ലാ അധ്യക്ഷന്മാരെ മാറ്റി ബിജെപിയില്‍ അഴിച്ചുപണി. പത്തനംതിട്ട, കോട്ടയം പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ തന്നെ തുടരും. അധ്യക്ഷന് പുറമേ ജനറല്‍ സെക്രട്ടറിമാര്‍ക്കും മാറ്റമില്ല.

നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം ഇതാദ്യമായാണ് ബിജെപിയില്‍ പുന:സംഘടന നടക്കുന്നത്. പത്ത് വൈസ് പ്രസിഡന്റുമാരും ആറ് ജനറല്‍ സെക്രട്ടറിമാരും പത്ത് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന ഭാരവാഹി പട്ടികയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചത്‌.

വക്താവായ ബി ഗോപാലകൃഷ്ണനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി. ട്രഷററായിരുന്ന ജെ.ആര്‍ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി. എഎന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. ഇ കൃഷ്ണദാസാണ് ട്രഷറര്‍. നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സില്‍ അംഗമാക്കി. എം ഗണേഷ് തന്നെ സംഘടനാ സെക്രട്ടറി സ്ഥാനത്ത് തുടരും. ഓഫീസ് സെക്രട്ടറിയായിരുന്ന ഗിരീശനെ ദേശീയ കൗണ്‍സില്‍ അംഗമാക്കി.

സന്ദീപ് വചസ്പതി, കെ.വി.എസ് ഹരിദാസ്, ടിപി സിന്ദുമോള്‍ എന്നിവരെ വക്താക്കളായി ഉള്‍പ്പെടുത്തി. ജി രാമന്‍നായര്‍, എംഎസ് സമ്പൂര്‍ണ എന്നിവരേ ദേശീയ കൗണ്‍സിലിലേക്കും ഉള്‍പ്പെടുത്തി. ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയ പലരേയും സംസ്ഥാന സെക്രട്ടറിമാരായും വൈസ് പ്രസിഡന്റുമാരായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആലംകോട് ജംഗ്ഷനിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടം

ആറ്റിങ്ങൽ: ആലംകോട് ജംഗ്ഷനിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് കാറിന്റെ ഒരു വശം പൂർണ്ണമായും തകർന്നു . ദേശീയപാതയിൽ കൊല്ലം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോയ ആംബുലൻസും ആറ്റിങ്ങൽ ഭാഗത്തുനിന്നും വന്ന് കിളിമാനൂർ റോഡിലേക്ക് തിരിഞ്ഞ കാറുമാണ് അപകടത്തിൽപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ വട്ടം കറങ്ങി റോഡിന്റെ മധ്യഭാഗത്തെ ഡിവൈഡറിലേക്ക് ഇടിച്ചു കയറി. ആർക്കും പരിക്കില്ല.

കോളേജുകൾ തുറന്നിട്ടും വിദ്യാർഥികൾക്ക് പ്രൈവറ്റ് ബസുകളിൽ എസ്.ടി അനുവദിക്കുന്നില്ലെന്ന് പരാതി

ആറ്റിങ്ങൽ: സംസ്ഥാനത്ത് ഒരിട വേളയ്ക്ക് ശേഷം കോളേജുകൾ തുറന്നപ്പോൾ വിദ്യാർത്ഥികൾക്ക് ബസുകളിൽ എസ്.ടി അനുവദിക്കുന്നില്ലെന്ന പരാതി ശക്തം. നാമമാത്രമായി ചില വാഹനങ്ങൾ എസ്.ടി അനുവദിക്കുന്നുണ്ടെങ്കിലും ഒട്ടുമിക്ക പ്രൈവറ്റ് ബസുകളിലും വിദ്യാർത്ഥികളെ വിവേചന മനോഭാവത്തോടെ കാണുകയും എസ്.ടി ചോദിക്കുന്ന വിദ്യാർത്ഥികളെ ജീവനക്കാർ അസഭ്യം പറയുകയും പകുതി വഴിയിൽ ഇറക്കി വിടുകയും ചെയ്യുന്നതായും പരാതി ഉയരുന്നു. ബസ് ജീവനക്കാരുടെ ഇത്തരം പ്രവർത്തികൾക്കെതിരെ ബന്ധപ്പെട്ട അധികൃതർ എത്രയും വേഗം നടപടികൈക്കൊള്ളണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.