by liji HP News | Apr 1, 2024 | Latest News, കേരളം
ആലപ്പുഴ: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി പീരുമേട് കൊക്കയാർ വെംബ്ലി വടക്കേമല തുണ്ടിയിൽ അജിത്ത് ബിജു (28) ആണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയയിലൂടെ സൗഹൃദത്തിലായതിനു ശേഷമായിരുന്നു പീഡനം.
ആലപ്പുഴ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിക്കുകയും സ്വകാര്യ വിഡിയോകൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കുകയുമായിരുന്നു. രണ്ട് വർഷം മുൻപു നടന്ന സംഭവത്തിൽ പ്രതി ഇപ്പോഴും ഭയപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ചതോടെയാണ് ആലപ്പുഴ സ്വദേശിയായ യുവതി പരാതി നൽകിയത്.
യുവതികളുമായി ചങ്ങാത്തത്തിലാകുന്ന പ്രതി ഇവരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. അജിത്ത് ബി.കൃഷ്ണ നായർ എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ പോസ്റ്റ് ചെയ്യുന്ന റീൽസിലൂടെയാണ് ഇയാൾ യുവതികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്.പ്രതിക്കെതിരെ മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ജയിൽശിക്ഷ അനുഭവിച്ചതാണ്. ഈ കേസിൽ ജാമ്യമെടുത്ത് പലയിടത്തായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടയിലും ഇയാൾ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പീഡനത്തിന് ഇരയാക്കിയിരുന്നു. കൂടുതൽ യുവതികളെ ഇത്തരത്തിൽ വഞ്ചിച്ചതായി പൊലീസ് സംശയിക്കുന്നു.

by liji HP News | Apr 1, 2024 | Latest News, Uncategorized, കേരളം
കണ്ണൂർ: മുൻ ദേശീയ ബാസ്കറ്റ് ബോൾ താരം താമസസ്ഥലത്ത് മരിച്ച നിലയിൽ. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ കൂടിയായ ചന്ദനക്കാംപാറ വെട്ടത്ത് ബൊബിറ്റ് മാത്യു (42)വിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കണ്ണൂർ സൗത്ത് ബസാർ– കക്കാട് റോഡിൽ പാലക്കാട് സ്വാമി മഠത്തിന് സമീപത്തെ ക്വാർട്ടേഴ്സിലെ കിടപ്പുമുറിയിൽ ഇന്നലെ വൈകിട്ടാണ് മരിച്ച നിലയിൽ കണ്ടത്. ബിഎസ്എൻഎൽ ജനറൽ മാനേജർ ഓഫിസിലെ സ്പോർട്സ് അസിസ്റ്റന്റായിരുന്നു. തനിച്ചായിരുന്നു താമസം. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ത്യൻ ജൂനിയർ ടീമിലും സംസ്ഥാന ടീമിലും അംഗമായിരുന്നു. വിവിധ ടൂർണമെന്റുകളിൽ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി. മാത്യുവിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: ടിന്റു (അയർലൻഡ്). മകൻ: എയ്ഞ്ചലോ.
by liji HP News | Apr 1, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുടിവെള്ളക്കരത്തിലെ വാര്‍ഷിക വര്‍ധന ഇത്തവണയും ഉണ്ടാവില്ല. കേന്ദ്ര നിബന്ധന പ്രകാരം എല്ലാ വര്‍ഷവും ഏപ്രില്‍ മുതല്‍ അഞ്ചുശതമാനം കരം വര്‍ധിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ആയിരം ലിറ്ററിന് പത്തുരൂപ കൂട്ടിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ നടത്തേണ്ട പ്രതിവര്‍ഷ വര്‍ധന നടപ്പാക്കിയിരുന്നില്ല. ഇത്തവണയും വര്‍ധന നടപ്പാക്കേണ്ടെന്നാണ് തീരുമാനമെന്നും ഇത് നേരത്തെ അറിയിച്ചിരുന്നതാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
by liji HP News | Apr 1, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില ഇന്നു മുതല്‍ വര്‍ധിക്കുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ). വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങിയവയുടെ വിലയാണ് വര്‍ധിക്കുന്നത്.
പാരസെറ്റമോള്‍, അസിത്രോമൈസിന്‍, വിറ്റാമിനുകള്‍, കോവിഡ്-19 അണുബാധയെ ചികിത്സിക്കുന്നതിനുള്ള ചില മരുന്നുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവയുള്‍പ്പെടെ 800ലധികം മരുന്നുകളുടെ വിലയാണ് വര്‍ധിക്കുക. അമോക്സിസില്ലിന്‍, ആംഫോട്ടെറിസിന്‍ ബി, ബെന്‍സോയില്‍ പെറോക്സൈഡ്, സെഫാഡ്രോക്സിന്‍, സെറ്റിറൈസിന്‍, ഡെക്സമെതസോണ്‍, ഫ്ലൂക്കോണസോള്‍, ഫോളിക് ആസിഡ്, ഹെപ്പാരിന്‍, ഇബുപ്രോഫെന്‍ തുടങ്ങിയ മരുന്നുകളുടെ വിലയാണ് വര്‍ധിക്കുന്നത്.
മരുന്ന് വില കഴിഞ്ഞ വര്‍ഷം 12 ശതമാനവും 2022ല്‍ 10 ശതമാനവും വര്‍ധിപ്പിച്ചിരുന്നു. 2022-ലെ 2023-ലെ കലണ്ടര്‍ വര്‍ഷത്തിലെ മൊത്തവില സൂചികയിലെ മാറ്റത്തിന് അനുസൃതമായിരിക്കും പുതിയ വില വര്‍ധന. 2024 മാര്‍ച്ച് 27 ലെ അറിയിപ്പ് പ്രകാരം മൊത്തവില സൂചിക അടിസ്ഥാനമാക്കി മരുന്ന് നിര്‍മാതാക്കള്‍ക്ക് എംആര്‍പി വര്‍ദ്ധിപ്പിക്കാം. ഇങ്ങനെ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി ആവശ്യമില്ല.

by liji HP News | Mar 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും. മേയ് മാസം തുറമുഖത്തിന്‍റെ ട്രയൽ റൺ ആരംഭിക്കും. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി നടത്തിവന്ന ആർബിട്രേഷൻ നടപടികൾ ഒത്തുതീർത്തെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ അടിസ്ഥാനത്തിൽ ഡിസംബറിൽ പ്രവർത്തനമാരംഭിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത് എന്നാൽ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ സെപ്റ്റംബറോടെ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് അദാനി വിഴിഞ്ഞം പോർട്ടിന്റെ സിഇഒ ആയി ചുമതല ഏറ്റെടുത്ത പ്രദീപ് ജയരാമൻ പറഞ്ഞു.
വിഴിഞ്ഞത്തു നിന്ന് പ്രവർത്തനം തുടങ്ങാൻ പ്രമുഖ രാജ്യാന്തര ഷിപ്പിംഗ് കമ്പനികളുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണ്. മേയ്- ജൂൺ മാസങ്ങളിൽ തുറമുഖത്തിന്‍റെ ട്രയൽ റൺ നടക്കും. ബാർജിൽ 30 കണ്ടെയ്നറുകൾ എത്തിച്ചാകും തുറമുഖത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നത്. തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണ പ്രവർത്തനം 2028 ൽ പൂർത്തിയാക്കും.
പതിനായിരം കോടിയാണ് അദാനി ഗ്രൂപ്പ് ഇതിനായി നിക്ഷേപിക്കുന്നത്. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിനായി 34 സെൻറ് സ്ഥലം കൂടി ഏറ്റെടുക്കാൻ ഉണ്ട്. ഇത് ഉടൻ പൂർത്തിയാകുമെന്ന് സ്ഥാനമൊഴിയുന്ന സിഇഒ രാജേഷ് ത്സാ പറഞ്ഞു. പുതുതായി തുടങ്ങിയ അദാനി സിമന്‍റ്സിന്‍റെ തലപ്പത്തേക്ക് നിയുക്തനായ രാജേഷ് ത്സാ, അദാനി വിഴിഞ്ഞം പോർട്സിന്‍റെ എംഡി സ്ഥാനത്ത് തുടരും.
Recent Comments