by liji HP News | Mar 29, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 50,000 കടന്നു. 1040 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,400 രൂപയായി. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച് 21ന് 49,440 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് ഇട്ടതാണ് ഇതിന് മുന്‍പത്തെ ഉയര്‍ന്ന വില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 49,000ല്‍ താഴെ എത്തിയ ശേഷം വീണ്ടും ഉയരുന്ന കാഴ്ചയാണ് കണ്ടത്.
by liji HP News | Mar 28, 2024 | Uncategorized
ഡല്‍ഹി: വെറും നാലു സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേര്‍ത്തതെന്ന് അരവിന്ദ് കെജരിവാള്‍ ആരോപിച്ചു. ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ നാലു മൊഴികള്‍ മാത്രം മതിയോ എന്ന് അരവിന്ദ് കെജരിവാള്‍ ചോദിച്ചു. കേസില്‍ മാപ്പുസാക്ഷിയായ ശരത് റെഡ്ഡി ബിജെപിക്ക് 50 കോടി നല്‍കി എന്നത് പുറത്തുവന്നിരുന്നു. ഇവരെല്ലാം ചേര്‍ന്ന് കൂട്ടുകച്ചവടം നടത്തുകയായിരുന്നു എന്നതിന് തന്റെ കൈയില്‍ തെളിവുണ്ട്. തനിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി നാലു സാക്ഷികളെയും നിര്‍ബന്ധിച്ചതായും കെജരിവാള്‍ ആരോപിച്ചു. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കെജരിവാള്‍ തന്നെയാണ് ഡല്‍ഹി കോടതി മുന്‍പാകെ വാദമുഖങ്ങള്‍ അവതരിപ്പിച്ചത്.
ആയിരക്കണക്കിന് പേജ് വരുന്ന കുറ്റപത്രത്തില്‍ തന്റെ പേര് നാലുതവണ മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇതില്‍ ഒരെണ്ണത്തില്‍ പേരായി നല്‍കിയിരിക്കുന്നത് സി അരവിന്ദ് എന്നാണ്. സി അരവിന്ദ് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സെക്രട്ടറിയായിരുന്നു. തന്റെ അറസ്റ്റിനുശേഷം കൈക്കൂലിയായി വാങ്ങിയെന്ന് ആരോപിക്കുന്ന 100 കോടി രൂപയില്‍ ഒരു രൂപ പോലും ഇഡി കണ്ടെടുത്തിട്ടില്ല. ഒരു കോടതിയും താന്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയിട്ടുമില്ല. ‘എന്നെ അറസ്റ്റ് ചെയ്തു. പക്ഷേ ഒരു കോടതിയും ഞാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല. സിബിഐ 31,000 പേജുകളും ഇഡി 25,000 പേജുകളുമുള്ള കുറ്റപത്രം ഫയല്‍ ചെയ്തു. അവ ഒരുമിച്ച് വായിച്ചാലും, ചോദ്യം അവശേഷിക്കുന്നു, എന്തിനാണ് എന്നെ അറസ്റ്റ് ചെയ്തത്?’ -കെജരിവാള്‍ കോടതിയില്‍ പറഞ്ഞു.
രാജ്യത്തിന് മുന്നില്‍ എഎപി പ്രവര്‍ത്തകര്‍ അഴിമതിക്കാരാണ് എന്ന പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എഎപിയെ തകര്‍ക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യം. കേസില്‍ ഇഡി അന്വേഷണം നേരിടാന്‍ തയ്യാറാണ്. ഇഡിയുടെ റിമാന്‍ഡ് അപേക്ഷയെ എതിര്‍ക്കുന്നില്ല. എത്രനാള്‍ വേണമെങ്കിലും ഇഡിക്ക് തന്നെ കസ്റ്റഡിയില്‍ വെയ്ക്കാം. എന്നാല്‍ ഇതൊരു തട്ടിപ്പാണെന്നും കെജരിവാള്‍ വാദിച്ചു.
ഗ്യാലറിക്ക് വേണ്ടിയാണ് കെജരിവാള്‍ കളിക്കുന്നത് എന്നതായിരുന്നു ഇഡിയുടെ മറുപടി. ‘ഇഡിയുടെ പക്കല്‍ എത്ര രേഖകളുണ്ടെന്ന് അയാള്‍ക്ക് എങ്ങനെ അറിയാം? ഇതെല്ലാം അദ്ദേഹത്തിന്റെ ഭാവനയുടെ സൃഷ്ടിയാണ് ‘- ഇഡിക്ക് വേണ്ടി ഹാജാരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വാദിച്ചു.

by liji HP News | Mar 28, 2024 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്തേക്ക് ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 50 കിലോയോളം കഞ്ചാവുമായി രണ്ട് പേരെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് കുലശേഖരം ശിവശക്തിയിൽ ശിവകുമാർ(36), വട്ടിയൂര്‍ക്കാവ് കരിമാന്‍കുളം ആശാ നിവാസിൽ ഹരിശങ്കർ(34) എന്നിവരെയാണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസിന്റെ നേതൃത്വത്തിലുള്ള റൂറല്‍ ഡാൻസാഫ് സംഘം പിടികൂടിയത്.

ആന്ധ്രപ്രദേശില്‍ നിന്നും ആണ് ഇവര്‍ കഞ്ചാവ് കടത്തി കൊണ്ട് വന്നത്. ആഡംബര കാറിന്റെ രഹസ്യ അറയിൽ 23 പൊതികളിലായി വളരെ വിദഗ്ധമായി കൊണ്ട് വന്ന കഞ്ചാവ് ആണ് പിടികൂടിയത്. പാർലമെന്റ് ഇലക്ഷന്‍ പ്രമാണിച്ച് ആന്ധ്രയിലും , തമിഴ്നാട്ടിലും പല സ്ഥലങ്ങളിലും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പരിശോധനക്ക് വിധേയമായെങ്കിലും കഞ്ചാവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേരള തമിഴ്നാട് സംസ്ഥാന അതിര്‍ത്തിയായ വെള്ളറടയില്‍ തിരുവനന്തപുരം റൂറല്‍ പൊലീസിന്റെ ആറാട്ടുകുഴി ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വിപണിയില്‍ 25 ലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവാണ് ഇവരില്‍ നിന്നും പിടികൂടിയത്.
വെള്ളറട പോലീസ് ഇന്‍സ്പെക്ടര്‍ ബാബു കുറുപ്പ് സബ്ബ് ഇന്‍സ്പെക്ടര്‍ സുജിത് ഡാൻസാഫ് സബ്ബ് ഇന്‍സ്പെക്ടര്‍ മാരായ ഷിബു, ദിലീപ്, ഷിബുകുമാര്‍ സുനിലാല്‍ ,സാജു സി.പി.ഒ മാരായ സതികുമാര്‍, ഉമേഷ്, അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ആണ് ഇവരെ പിടികൂടിയത്.
by liji HP News | Mar 28, 2024 | Latest News, ദേശീയ വാർത്ത
ഇനി കണ്ടാൽ കണ്ണു കുഴയുന്ന ഡോക്ടറർമാരുടെ കുറിപ്പടികളിലെ കയ്യക്ഷരം സാധാരണക്കാർക്കും നിസാരമായി മനസ്സിലാക്കാം. അതിന് സഹായിക്കുന്ന എഐ ടൂൾ ഇപ്പോൾ തയ്യാറായി കഴിഞ്ഞു. എൻവൈയു ലാംഗോണാണ് ജനറേറ്റീവ് എഐയുടെ സഹായത്തോടെ ഡോക്ടർമാരുടെ മെഡിക്കൽ ഭാഷയുടെ കുരുക്കഴിക്കുന്നത്. ഇതിനായി ഉപയോഗിക്കുന്നത് ചാറ്റ് ജിപിടിയുടെ ജിപിടി-4 ആണ്.
ആദ്യ ഘട്ട പരിക്ഷണത്തിൽ രോഗികളുടെ ഡിസ്ചാർജ് നോട്ടുകളിലെ വിവരങ്ങൾ രോഗികൾക്ക് എളുപ്പം മനസ്സിലാക്കുന്ന സാധാരണ ഭാഷയിലേക്ക് ചാറ്റ് ബോട്ടിന് മാറ്റാന്‍ സാധിച്ചതായി ഗവേഷകര്‍ പറയുന്നു. ജനറേറ്റീവ് നിര്‍മ്മിത ബുദ്ധിയിലൂടെ ഇത്തരം നോട്ടുകളുടെ വായന നിലവാരം പതിനൊന്നാം ഗ്രേഡിന്റെ തോതില്‍ നിന്ന് ആറാം ഗ്രേഡിലേക്ക് താഴ്‌ത്താന്‍ സാധിച്ചെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പരിഭാഷകളിലെ കൃത്യത മനസിലാക്കാൻ ഡോക്ടർമാരെ കൊണ്ടും വിലയിരുത്തി. എഐ ഉപയോഗിച്ച് സാധാരണക്കാരുടെ ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്‌ത 54 ശതമാനം ഡിസ്‌ചാര്‍ജ് നോട്ടുകള്‍ക്കും ഏറ്റവും മികച്ച കൃത്യത റേറ്റിങ്ങാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന നോട്ടുകളുടെ വ്യക്തതയെ സംബന്ധിച്ച് രോഗികളുടെ അഭിപ്രായം കൂടി തേടണമെന്നും അതിനായി പൈലറ്റ് പ്രോഗ്രാമിന് തുടക്കം കുറിച്ചതായും ഗവേഷകർ അറിയിച്ചു.
by liji HP News | Mar 28, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അരവിന്ദ് കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കാന്‍ ചട്ടമില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതില്‍ ജുഡീഷ്യല്‍ ഇടപെടലിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് ജസ്റ്റിസ് മന്‍മോഹന്‍ ചോദിച്ചു. വിഷയം ലഫ്റ്റനന്റ് ഗവര്‍ണര്‍ പരിശോധിച്ചു വരികയാണെന്ന് മാധ്യമങ്ങളില്‍ കണ്ടു. അത് മറ്റൊരു തരത്തിലുള്ള നടപടിക്രമമാണ്.

വിഷയത്തില്‍ ഗവര്‍ണറും രാഷ്ട്രപതിയുമാണ് തീരുമാനമെടുക്കേണ്ടത്. എക്‌സിക്യൂട്ടീവ് തലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയമാണ്. ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമില്ല. അതിനാല്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശിയായ സുര്‍ജിത് സിങ് യാദവ് ആണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. സാമ്പത്തിക അഴിമതി കേസില്‍ അറസ്റ്റിലായ കെജരിവാളിനെ മുഖ്യമന്ത്രി പോലുള്ള പദവിയില്‍ തുടരാന്‍ അനുവദിക്കരുതെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
Recent Comments