വിദ്യാർഥിനിയുടെ രക്ഷാ പ്രവർത്തനത്തിന് എട്ട് വർഷങ്ങൾക്കു ശേഷം നാട്ടുകാരുടെ ആദരം

വിദ്യാർഥിനിയുടെ രക്ഷാ പ്രവർത്തനത്തിന് എട്ട് വർഷങ്ങൾക്കു ശേഷം നാട്ടുകാരുടെ ആദരം

ആറ്റിങ്ങൽ: ബിഡിഎസ് രണ്ടാംവർഷ വിദ്യാർഥിനിയായ ആറ്റിങ്ങൽ താഴെയിളമ്പ സ്വദേശിനി അക്ഷയയെ ആറ്റിങ്ങൽ പള്ളിയറ ക്ഷേത്രത്തിലെ ഉത്സവത്തിന് പഞ്ചായത്തിൻറെ നേതൃത്വത്തിൽ ആദരിച്ചു. കൂട്ടുകാരനെ ഗുണാകേവിൽനിന്ന് രക്ഷിച്ച സുഹൃത്തുക്കളുടെ കഥപറഞ്ഞ മഞ്ഞുമ്മൽ ബോയ്സ് ഹിറ്റായതോടെ കൂട്ടുകാരനെ രക്ഷിച്ച അക്ഷയയെയും ഇപ്പോൾ നാട്ടുകാർ ഓർക്കുകയാണ്.

ഇന്നും ആ ദിവസം തെളിഞ്ഞ ഓർമയാണ് അക്ഷയയ്ക്.‌ തോട്ടിലെ ഒഴുക്കിൽപ്പെട്ട സഹപാഠിയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ ദിവസം. ആറാംക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം. മേയ് മാസത്തിൽ മഴപെയ്ത് നിറഞ്ഞുകിടക്കുന്ന തോടിനരികിൽക്കൂടി ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടക്കുകയായിരുന്നു അക്ഷയ. മറ്റൊരു ട്യൂഷൻ ക്ലാസിൽനിന്ന് വരുന്ന ഏതാനും കുട്ടികളും മുന്നിലുണ്ട്. അക്ഷയയേക്കാൾ ഒരു വയസ് കുറഞ്ഞ കുട്ടികൾ. തോട്ടുവെള്ളത്തിൽ കുട മുട്ടിച്ച് കളിച്ചുനടന്ന ഒരു വിദ്യാർഥി പെട്ടെന്ന് തെന്നി തോട്ടിൽ വീണു. നല്ല ഒഴുക്കിൽ കുട്ടി മുങ്ങിത്താണ് ഒഴുകിപ്പോകുന്നതാണ് അക്ഷയ കണ്ടത്.

പാലത്തിനടുത്തേക്ക് കുട്ടി ഒഴുകിയെത്താറായപ്പോഴേക്കും പിന്നിലേക്കോടി മറുവശത്തെത്തിയ അക്ഷയ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ ബാഗിൽ പിടിച്ച് കരയിലേക്ക് വലിച്ചുകയറ്റി. 12 വയസാണ് അന്ന് അക്ഷയയ്ക്ക്. രക്ഷപ്പെട്ട കുട്ടിക്ക് പതിനൊന്നും. ആ കുട്ടി ഇപ്പോൾ എൻജിനിയറിങ് രണ്ടാംവർഷ വിദ്യാർഥിയാണ്.

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന് 360 രൂപ ഉയർന്ന് റെക്കോർഡ് വിലയിലേക്ക് എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48640 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6080 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5050 രൂപയാണ്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 2300 രൂപയിലധികമാണ് വര്‍ധിച്ചത്. ചൊവ്വാഴ്ചയാണ് ഒന്‍പതിന് രേഖപ്പെടുത്തിയ 48,600 എന്ന സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് 48,640 എന്നതിലെത്തിയത്.

‘എന്നും എപ്പോഴും സ്വാഗതം’; സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി

‘എന്നും എപ്പോഴും സ്വാഗതം’; സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി

തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി. സുരേഷ് ഗോപിയും താനും വളരെക്കാലമായി സ്‌നേഹബന്ധം പുലര്‍ത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്ക് വരാനോ ആരുടേയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. കലാമണ്ഡലം ഗോപി വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കലാമണ്ഡലം ഗോപി സുരേഷ് ഗോപിയെ ക്ഷണിച്ചത്. എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് എന്നെ കാണാന്‍ എപ്പോഴും വരാമെന്നും ഗോപിയാശാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. സുരേഷ് ഗോപിക്ക് അനുഗ്രഹം നല്‍കണമെന്ന് പറഞ്ഞ് പ്രശസ്തനായ ഒരു ഡോക്ടര്‍ ബന്ധപ്പെട്ടുവെന്നും, നിരസിച്ചപ്പോള്‍ പത്മഭൂഷണ്‍ വാഗ്ദാനം ചെയ്തുവെന്നും കലാമണ്ഡലം ഗോപിയുടെ മകന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയതിലൂടെയാണ് സംഭവം വിവാദമാകുന്നത്.

ഷഹ്നയുടെ ആത്മഹത്യ: ഡോ. റുവൈസിന്റെ തുടര്‍പഠനം തടഞ്ഞു; അച്ചടക്ക നടപടി തുടരാമെന്ന് ഹൈക്കോടതി

ഷഹ്നയുടെ ആത്മഹത്യ: ഡോ. റുവൈസിന്റെ തുടര്‍പഠനം തടഞ്ഞു; അച്ചടക്ക നടപടി തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി ജി വിദ്യാര്‍ത്ഥിനി ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഡോ. റുവൈസിന് തിരിച്ചടി. റുവൈസിന് പഠനം തുടരാമന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. റുവൈസിനെതിരായ അച്ചടക്ക നടപടി തുടരാമെന്നും കോടതി വ്യക്തമാക്കി.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. റുവൈസിന്റെ സസ്‌പെന്‍ഷന്‍ മൂന്നുമാസത്തേക്ക് കൂടി നീട്ടാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാനായി സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

ഈ കമ്മിറ്റി ഒരാഴ്ചയ്ക്കകം അച്ചടക്ക നടപടി പുഃനപരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇതിനു ശേഷം വീണ്ടും സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

അനന്തുവിന്റെ കുടുംബത്തിന് അദാനി നഷ്ടപരിഹാരം നല്‍കണം; സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി

അനന്തുവിന്റെ കുടുംബത്തിന് അദാനി നഷ്ടപരിഹാരം നല്‍കണം; സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് ദാരുണാന്ത്യം സംഭവിച്ച അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിഴിഞ്ഞത്ത് അനന്തുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് സഹായം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബി ഡി എസ് വിദ്യാര്‍ത്ഥിയായ അനന്തു കുടുംബത്തിന്റെ പ്രതീക്ഷയാണ്. അതുകൂടി പരിഗണിച്ചു കൊണ്ടാകണം അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകും. ഒരു കുട്ടിയുടെ കാലു മുറിക്കുന്ന സംഭവം അടക്കം ഇത്തരത്തില്‍ നിരവധി വിഷയങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ല. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

എന്നാല്‍ ഇക്കാര്യത്തില്‍ ജനങ്ങളുടെ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ല. ഉയര്‍ന്നു വന്ന വിഷയങ്ങളെല്ലാം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അനന്തുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.