by liji HP News | Mar 6, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ( ബുധന്‍, വ്യാഴം) ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ എന്നി ജില്ലകളില്‍ 37°C വരെയും കാസര്‍കോട് ജില്ലയില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by liji HP News | Mar 6, 2024 | Latest News, കേരളം
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നു. ഇന്ന് 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 47,760 രൂപയായി. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 5970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 20 ദിവസത്തിനിടെ 2200 രൂപയിലധികമാണ് ഉയര്‍ന്നത്. ഇന്നലെ പവന് 47,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. ഇതാണ് ഇന്ന് തിരുത്തി പുതിയ ഉയരം കുറിച്ചത്.
by liji HP News | Mar 6, 2024 | Latest News, കേരളം
തിരുവനന്തപുരം: അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ വിമാനത്തിലെ ടോയിലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ടുകോടി രൂപയുടെ സ്വര്‍ണം കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ 10.30-ന് ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ ടോയ്ലറ്റിൽ നിന്നാണ് കുഴമ്പ് രൂപത്തിലാക്കിയ മൂന്നരക്കിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത് കണ്ടെത്തിയത്. സ്വര്‍ണം പൊടിച്ചെടുത്ത് പ്രോട്ടീന്‍ പൗഡറുമായി കൂട്ടിച്ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കിയാണ് സൂക്ഷിച്ചിരുന്നതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഷാര്‍ജയില്‍നിന്ന് വരുന്ന വിമാനത്തില്‍ സ്വര്‍ണം കടത്തുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റും ഡിആര്‍ഐയും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.
by liji HP News | Mar 6, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിൽ മാർച്ച് 29,30,31 തീയതികളിൽ തിരുവനന്തപുരം വർക്കലയിൽ നടക്കും. സർഫിംഗ് ഫെസ്റ്റിവലിന്റെ ലോഗോയുടെ പ്രകാശനം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
2024 വർഷത്തെ ആദ്യത്തെ ദേശീയ സർഫിംഗ് ഫെസ്റ്റിവലാണ് വർക്കലയിൽ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്) തിരുവനന്തപുരം ഡി.ടി.പി.സി.യുമായി സഹകരിച്ച്, സർഫിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, അന്താരാഷ്ട്ര സർഫിംഗ് അസോസിയേഷൻ (ഐ.എസ്.എ) എന്നിവരുടെ സാങ്കേതിക പിന്തുണയോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
by liji HP News | Mar 6, 2024 | Latest News, സിനിമ
കൊച്ചി: സെന്‍സര്‍ ബോര്‍ഡ് ഇടപെടലിനെ തുടര്‍ന്ന് ഭാരതം എന്ന പേര് ഉപേക്ഷിച്ച് ‘ഒരു സർക്കാർ ഉത്പന്നം’ എന്ന് പേര് മാറ്റിയ ചിത്രത്തിന്‍റെ തിരക്കഥകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. ചിത്രം വെള്ളിയാഴ്ച റിലീസാകാനിരിക്കെയാണ് തിരക്കഥകൃത്തിന്‍റെ വിയോഗം. പത്തനംതിട്ട കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു. 49 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.
പത്തനംതിട്ടയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അതേസമയം ‘ഒരു സർക്കാർ ഉത്പന്നം’ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ടി വി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്.
ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ലാല്‍ ജോസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുബീഷ് സുധിയാണ് ചിത്രത്തിലെ പ്രധാന നടന്‍. ഷെല്ലിയാണ് നായിക. അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
അൻസാർ ഷാ ആണ് ഛായാഗ്രഹണം. രഘുനാഥ് വർമ്മ ക്രിയേറ്റീവ് ഡയറക്ടർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാഗരാജ്, എഡിറ്റർ ജിതിൻ ടി കെ, സംഗീതം അജ്മൽ ഹസ്ബുള്ള, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, ആർട്ട് ഷാജി മുകുന്ദ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ, നിതിൻ എം എസ്, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ രാമഭദ്രൻ ബി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, സ്റ്റിൽസ് അജി മസ്‌കറ്റ്, ഡിസൈൻ യെല്ലൊ ടൂത്ത്. പി ആർ& മാർക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Recent Comments