യൂണിഫോം ധരിക്കാത്ത വിദ്യാർത്ഥിയെ  സ്വകാര്യഭാഗത്ത് പിടിച്ചു; പിടിഎ പ്രസിഡന്റിനെതിരെ കേസ്

യൂണിഫോം ധരിക്കാത്ത വിദ്യാർത്ഥിയെ സ്വകാര്യഭാഗത്ത് പിടിച്ചു; പിടിഎ പ്രസിഡന്റിനെതിരെ കേസ്

പത്തനംതിട്ട: സ്‌കൂളില്‍ യൂണിഫോം ധരിക്കാതെ വന്നതിന് പിടിഎ പ്രസിഡന്റ് മോശമായി പെരുമാറിയതായി പരാതി. അടൂരിലാണ് സംഭവം. ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയോടാണ് പിടിഎ പ്രസിഡന്റ് മോശമായി പെരുമാറിയത്. സിപിഐ പ്രാദേശിക നേതാവിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാധാരമായ സംഭവം.

പരാതിക്കാരനായ വിദ്യാര്‍ഥി അന്നേദിവസം സ്‌കൂളില്‍ യൂണിഫോമിന്റെ ഭാഗമായ ഷര്‍ട്ട് അല്ല ധരിച്ചിരുന്നത്. വരാന്തയിലൂടെ പോവുകയായിരുന്ന പിടിഎ പ്രസിഡന്റിനെ ക്ലാസ് എടുക്കുകയായിരുന്ന അധ്യാപിക വിളിച്ചുവരുത്തി, യൂണിഫോം ധരിക്കാത്തവരോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു.

ക്ലാസില്‍ രണ്ടുവിദ്യാര്‍ഥികള്‍ യൂണിഫോം ധരിക്കാതെ വന്നെങ്കിലും പരാതിക്കാരനായ വിദ്യാര്‍ഥിക്ക് നേരെ പിടിഎ പ്രസിഡന്റ് അതിക്രമം കാണിച്ചുവെന്നാണ് പരാതി. സ്വകാര്യഭാഗത്ത് പിടിച്ചുവെന്നും അതിക്രമം കാണിച്ചുവെന്നുമാണ് എഫ്‌ഐആര്‍. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, കുട്ടിയുടെ രക്ഷിതാവ് പിടിഎ പ്രസിഡന്റ് സംസാരിച്ചതിന്റെ ശബ്ദസംഭാഷണം പുറത്തുവെന്നു. കുട്ടിയെ അറിയാവുന്നതുകൊണ്ടാണ് പരിശോധിച്ചതെന്നും തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഇയാള്‍ രക്ഷിതാവിനോട് പറയുന്നതായി ശബ്ദശകലത്തിലുണ്ട്. മകന്റെ പേര് ചോദിച്ച് അവനെ മാത്രം മര്‍ദിക്കുകയായിരുന്നുവെന്ന് രക്ഷിതാവ് ആരോപിച്ചു. ഒരു പിടിഎ പ്രസിഡന്റിന് ഒരിക്കലും ഒരു കുട്ടിയെ ഇങ്ങനെ ചെയ്യേണ്ടകാര്യമില്ലെന്നും രക്ഷിതാവ് പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ആറ് വര്‍ഷം തടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ആറ് വര്‍ഷം തടവ്

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ആറ് വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. അഴീക്കോട് കൊട്ടിക്കല്‍ പണ്ടാരപ്പറമ്പില്‍ ബഷീറിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ശിക്ഷ വിധിച്ചത്. പന്ത്രണ്ടുകാരിയുടെ കുളിമുറി ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

പോക്‌സോ നിയമപ്രകാരം ആറു വര്‍ഷം തടവും 20,000 രൂപ പിഴയും കൂടാതെ കേരള പൊലീസ് ആക്റ്റു പ്രകാരം മൂന്നു വര്‍ഷം തടവും 10000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്.

പിഴ തുക അതിജീവിതയ്ക്ക് നല്‍കണം. പിഴ അടക്കാത്ത പക്ഷം വീണ്ടും ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

12കാരന്റെ കൈ തല്ലിയൊടിച്ച യുവാവ് അറസ്റ്റിൽ

12കാരന്റെ കൈ തല്ലിയൊടിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: ഏഴാം ക്ലാസുകാരനെ മർദിച്ചു കയ്യൊടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചരിപ്പറമ്പ് രഞ്ജിത്തിനെ(33)യാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്‌ച്ച വൈകുന്നേരമാണ് സംഭവം. മർദനമേറ്റ കുട്ടിയും രഞ്ജിത്തിന്റെ മകനും ഒരു സ്കൂളിലാണ് പഠിക്കുന്നത്. ഇരുവരും സ്കൂളിൽ നിന്നും കളിക്കാനായി ക്രിക്കറ്റ് ബാറ്റ് കൊണ്ടുവന്നു.

കളിച്ച ശേഷം രഞ്ജിത്തിന്റെ മകൻ ബാറ്റ് വീട്ടിൽ സൂക്ഷിച്ചു. വൈകിട്ട് വീട്ടിൽ എത്തിയ രഞ്ജിത്ത് ബാറ്റ് എവിടെ നിന്നാണെന്നു തിരക്കി.

സ്കൂളിൽ നിന്ന് ബാറ്റ് എടുത്തു തന്നത് കൂട്ടുകാരനാണെന്നു രഞ്ജിത്തിന്റെ മകൻ പറഞ്ഞു. തുടർന്ന് മകനെയും കൂട്ടി വിദ്യാർഥിയുടെ വീട്ടിലേക്ക് പോയി. മുറിയിൽ പൂട്ടിയിട്ടും മർദിച്ചുവെന്നാണ് പരാതി. സ്കൂളിൽ നിന്നു ബാറ്റ് എടുത്തുകൊണ്ടു വന്നത് എന്തിനെന്നു ചോദിച്ചായിരുന്നു മർദനം.

വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമായി ഡിഎൻഎ പരിശോധന

വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമായി ഡിഎൻഎ പരിശോധന

തൃശൂർ: വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമാണ് ഡിഎൻഎ പരിശോധന നടത്തിയതെന്ന് വനം മന്ത്രി ഏകെ ശശീന്ദ്രൻ. പ്രതികളുടെ വാദം പൊളിഞ്ഞു. മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിക്കേണ്ട ഘട്ടമെത്തിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പ് കേസെടുത്താൽ പ്രതികൾക്ക് 500 രൂപ മാത്രമാണ് പിഴ ചുമത്തുന്നത്. അതുകൊണ്ടാണ് പിഡിപിപി ആക്റ്റ് പ്രകാരം കേസെടുത്ത് നീങ്ങിയതെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. നിലവിൽ വനം വകുപ്പിൽ കെട്ടിക്കിടക്കുന്ന കേസുകൾ ഉണ്ട്. അത് കോടതിയിലെത്തിക്കാൻ സർക്കിൾ തലത്തിൽ പരിശോധന നടത്തും.

ഡിഎൻഎ ടെസ്റ്റ് പ്രകാരം 450കൊല്ലം പഴക്കമുള്ള മരം മുറിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തെന്ന് നേരത്തെ കണ്ടെത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് മാത്രം നടപടികളുമായി മുന്നോട്ടു പോയിരുന്നെങ്കിൽ പ്രതികൾ 500 രൂപ പിഴയടച്ചു രക്ഷപ്പെടുമായിരുന്നുവെന്ന് മന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു.

എസ് ഐ ടി അന്വേഷണം വന്നതിനാൽ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കം കുറ്റങ്ങൾ കോടതിയിൽ എത്തിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞിരുന്നു. ഒരു സർക്കാർ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയിൽ നിന്ന് വ്യാപകമായി മരങ്ങൾ മുറിക്കുക ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്വീകരിക്കുക പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും.

നിയമലംഘനം നടത്തിയവരോട് വിട്ടുവീഴ്ചയില്ല. മരം കൊള്ള സംബന്ധിച്ച ഡിഎൻഎ പരിശോധന ഇന്ത്യയിൽ തന്നെ ആദ്യാണെന്നും മന്ത്രി പറഞ്ഞിരുന്നു. അതിനിടെ, മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുടെ തട്ടിപ്പ് കഥകൾ ശരിയെന്ന് ഭൂവുടമകൾ വ്യക്തമാക്കിയിരുന്നു. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിക്കാൻ സമീപിച്ചത്. എന്നാൽ മരം മുറിക്കാനായി ഒരിടത്തും അപേക്ഷ നൽകിയിരുന്നില്ലെന്നും ആദിവാസികളായ ഭൂവുടമകൾ വ്യക്തമാക്കി.

ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ നിയമനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ നിയമനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആലപ്പുഴ അനന്തനാരായണപുരം ക്ഷേത്രത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായി വിരമിച്ച ജില്ലാ ജഡ്ജി നടരാജനെ നിയമിച്ച ഹൈക്കോടതി നടപടിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, ക്ഷേത്രത്തിന്റെ പണം ഉപയോഗിക്കുന്നത് സംബന്ധിച്ച് നയപരമായ തീരുമാനം അഡ്മിനിസ്‌ട്രേറ്റര്‍ എടുക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കേണ്ട കാര്യമില്ലെന്നാരോപിച്ച് പഴയ ഭരണസമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ തങ്ങളെ തുടരാന്‍ അനുവദിക്കണമെന്നും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സീനിയര്‍ അഭിഭാഷകന്‍ വി. ഗിരി, അഭിഭാഷകന്‍ റോയ് എബ്രഹാം എന്നിവരാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.എന്നാല്‍, അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിര്‍ദേശം നല്‍കി. തടസ്സഹര്‍ജി നല്‍കിയിരുന്ന എതിര്‍ കക്ഷികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ്, അഭിഭാഷകന്‍ ലക്ഷ്മീഷ് കാമത്തും വാദിച്ചു.