ഏറ്റവും വലിയ സമ്മാന തുകയുമായി ‘തിരുവോണം’ ബമ്പർ ടിക്കറ്റിന്റെ പ്രകാശനം ഇന്ന്

ഏറ്റവും വലിയ സമ്മാന തുകയുമായി ‘തിരുവോണം’ ബമ്പർ ടിക്കറ്റിന്റെ പ്രകാശനം ഇന്ന്

കേരള സർക്കാറിനറെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ഇന്ന് നിർവ്വഹിക്കും. മന്ത്രിമാരായ കെ എൻ ബാലഗോപാലും ആൻ്റണിരാജുവും പങ്കെടുക്കും.
25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം അച്ചടിച്ചതിൽ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു.

തിരുവോണം ബമ്പർ കഴിഞ്ഞതവണത്തെ ഭാ​ഗ്യശാലി തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനൂപായിരുന്നു. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയാണ് അനൂപിന് അന്ന് സ്വന്തമായത്.
ഭ​ഗവതി ലോട്ടറി ഏജൻസിയുടെ പഴവങ്ങാടി ശാഖയിൽ നിന്നുമാണ് സമ്മാനാർഹമായ TJ 750605 എന്ന ടിക്കറ്റ് അനൂപ് എടുത്തത്. അതേസമയം, തിരുവോണം ബംപര്‍ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാര്‍ശ കഴിഞ്ഞ ആഴ്ച ധനവകുപ്പ് തള്ളിയിരുന്നു.
ഒന്നാം സമ്മാനം 25 കോടിയായി തുടരണമെന്നാണ് ധനവകുപ്പ് തീരുമാനിച്ചത്.
അതേസമയം തന്നെ മറ്റ് സമ്മാന ഘടനകളിൽ മാറ്റം വരുത്താനും തീരുമാനമുണ്ടായിരുന്നു.

1 കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി നൽകാനാണ് ധനവകുപ്പിന്‍റെ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാള്‍ക്ക് അഞ്ച് കോടി രൂപയായിരുന്നു. സമ്മാനത്തുക ഉയര്‍ത്തിയാല്‍ ലോട്ടറി വില കൂട്ടേണ്ടി വരുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ ധനവകുപ്പ് തള്ളിയത്. ടിക്കറ്റ് വില 500 രൂപ തന്നെ ആയിരിക്കണമെന്നും ധനവകുപ്പ് തീരുമാനിച്ചിരുന്നു

കെഎസ്ആർടിസി ബസിൻ്റെ അമിത വേഗത: ഒരു ജീവൻ കൂടി പൊലിഞ്ഞു

കെഎസ്ആർടിസി ബസിൻ്റെ അമിത വേഗത: ഒരു ജീവൻ കൂടി പൊലിഞ്ഞു

ചടയമംഗലം കുരിയോട് ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് എതിർശയിൽ വന്ന ബൈക്കിലേക്ക് ഇടിച്ചു കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. കല്ലറ പാങ്ങോട് സ്വദേശിയായ ഷംനാദാണ് (45) മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടു കൂടിയാണ് കുര്യോട് നെട്ടയത്തറയിൽ അപകടം നടന്നത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു വാഹനത്തിനെ മറികടന്ന് കയറിയതാണ് അപകടത്തിന് കാരണമായത്.

അമിത വേഗതയിൽ വന്ന ബസ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കെ.എസ്.ആർ.ടി ബസിൻ്റെ അമിത വേഗതയെപ്പറ്റിയും അതുമൂലമുള്ള അപകടങ്ങളെപ്പറ്റിയും വ്യാപകമായ പരാതിയുണ്ട്. യാത്രക്കാരനെ ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഷംനാദ് റെഡിമിക്സ് വാഹനത്തിന്റെ ഡ്രൈവർ ആയിരുന്നു. ജോലി കഴിഞ്ഞ് ചടയമംഗലത്തെ ഭാര്യ വീട്ടിലേക്ക് പോകും വഴിയാണ് അപകടം . മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ.

അടിമാലിയിൽ അതിക്രൂരമായ ആക്രമണം: യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി, പ്രതി പൊലീസ് പിടിയിൽ

അടിമാലിയിൽ അതിക്രൂരമായ ആക്രമണം: യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി, പ്രതി പൊലീസ് പിടിയിൽ

അടിമാലി: യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയിൽ ഫര്‍ണിച്ചര്‍ ജോലിക്കാരനാണ് വിജയരാജ്.

പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് വിവരം. ഇന്നലെ വൈകിട്ട് 6 മണിയോടെ അടിമാലി പൊളിഞ്ഞപാലം ജംഗ്ഷനിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വിജയരാജിന്റെ കൈപ്പത്തിൽ 80 ശതമാനം അറ്റുപോയി. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി, കൈപ്പത്തി തുന്നിച്ചേർത്തു. വിജയരാജ് അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

എഫ്ബി ലൈവ് പെട്ടെന്നുള്ള പ്രകോപനത്തില്‍, വിനായകനെ ചോദ്യം ചെയ്തു; ഫോണ്‍ പിടിച്ചെടുത്തു

എഫ്ബി ലൈവ് പെട്ടെന്നുള്ള പ്രകോപനത്തില്‍, വിനായകനെ ചോദ്യം ചെയ്തു; ഫോണ്‍ പിടിച്ചെടുത്തു

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ മോശം പരാമര്‍ശത്തില്‍ നടന്‍ വിനായകനെ പൊലീസ് ചോദ്യം ചെയ്തു. ഉമ്മന്‍ ചാണ്ടിക്കെതിരെ മോശം പരാമര്‍ശം നടത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.

ഉമ്മന്‍ ചാണ്ടിക്കെതിരായ മോശം പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ വിനായകന്റെ കലൂരിലെ ഫ്‌ലാറ്റില്‍ എത്തിയാണ് നോര്‍ത്ത് പൊലീസ് ചോദ്യം ചെയ്തത്. പെട്ടെന്നുള്ള പ്രകോപനത്തിലാണ് എഫ്ബി ലൈവ് ഇട്ടതെന്ന് വിനായകന്‍ മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് പൊലീസ് പറയുന്നത്.

അതിനിടെ, തന്റെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കുമെന്ന് വിനായകന്‍ വ്യക്തമാക്കി. മോശം പരാമര്‍ശവുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം തന്നോട് ക്ഷമിച്ചത് കൊണ്ട് താനും പരാതി പിന്‍വലിക്കുന്നുവെന്നാണ് വിനായകന്‍ പറഞ്ഞത്. കഴിഞ്ഞദിവസം ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ വിനായകനെതിരെ കേസ് വേണ്ടെന്ന് പറഞ്ഞിരുന്നു. ഏതെങ്കിലും ഒരു നിമിഷത്തില്‍ വിനായകന്‍ പറഞ്ഞുവെന്നല്ലാതെ അതൊന്നും കാര്യമാക്കേണ്ടതില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

മണിപ്പൂരില്‍ സ്ത്രീകളുടെ പ്രതിഷേധം; ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു, വീണ്ടും സംഘര്‍ഷം

മണിപ്പൂരില്‍ സ്ത്രീകളുടെ പ്രതിഷേധം; ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു, വീണ്ടും സംഘര്‍ഷം

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാലില്‍ സ്ത്രീകള്‍ റോഡ് ബ്ലോക്ക് ചെയ്ത് നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു. ഗാരി മേഖലയിലാണ് സംഘര്‍ഷം രൂപപ്പെട്ടത്. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച സ്ത്രീകള്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാനായി സൈന്യവും രംഗത്തെത്തി.

മെയ് മൂന്നു മുതല്‍ ആരംഭിച്ച വംശീയ കലാപത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്തതടക്കമുള്ള ക്രൂര സംഭവങ്ങള്‍, ഇന്റര്‍നെറ്റ് വിലക്ക് ഭാഗികമായി പിന്‍വലിച്ചതിന് പിന്നാലെയാണ് പുറംലോകമറിഞ്ഞത്. സ്ത്രീകളെ നഗ്നപരേഡ് ചെയ്യിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. യുംമ്ലെംബം യുങ്‌സിതോയ് (19) ആണ് പിടിയിലായത്.നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെ, മെയ് നാലിന് രണ്ട് യുവതികളെ കൂട്ട ബലാത്സംഗം ചെയ്തു കൊന്നു എന്ന വിവരം കൂടി പുറത്തുവന്നു. കുക്കി വിഭാഗത്തില്‍പ്പെട്ട 21ഉം 24ഉം വയസുള്ള യുവതികളാണ് കൊല്ലപ്പെട്ടത്. ഇംഫാലിലെ കാര്‍ വാഷ് കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന യുവതികളെ ഇവിടെ നിന്നു വിളിച്ചിറക്കിയാണ് കലാപകാരികള്‍ ആക്രമിച്ചത്. കാങ്‌പൊക്പിയില്‍ നിന്നുള്ള യുവതികളാണ് മരിച്ചത്.