by liji HP News | Jul 22, 2023 | Latest News, കേരളം
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകന് എറണാകുളം നോര്‍ത്ത് പൊലീസ് ഇന്ന് നോട്ടീസ് നൽകും. ഏഴ് ദിവസത്തിനുള്ളിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും വിനായകൻ എത്താതിരുന്നതിനെ തുടർന്നാണ് പൊലീസ് നടപടി. വിനായകന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് അറിയിച്ചു. കലാപ ആഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.
by liji HP News | Jul 22, 2023 | Latest News, ദേശീയ വാർത്ത
ഇംഫാൽ: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ പൂർണ നഗ്നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനു ഇരയാക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. യുംമ്ലെംബം യുങ്സിതോയ് (19) ആണ് പിടിയിലായത്. നേരത്തെ പിടിയിലായ നാല് പേർക്കെതിരെ പീഡനത്തിനും കൊലക്കുറ്റത്തിനുമാണ് കേസെടുത്തത്. സംഭവത്തില്‍ പ്രധാന പ്രതി നേരത്തെ പിടിയിലായിരുന്നു. മുഖ്യസൂത്രധാരനായ ഹെര്‍ദാസ് (32) എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.
മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വീഡിയോയില്‍ പച്ച ടീഷര്‍ട്ട് ധരിച്ച ഇയാളുടെ ദൃശ്യം വ്യക്തമായിരുന്നു. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതികളെ കണ്ടെത്താനായി 12 പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. തട്ടിക്കൊണ്ടുപോകല്‍, കൂട്ട ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
by liji HP News | Jul 22, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: യാത്രക്കിടെ ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയേയും സഹോദരിയേയും കൊണ്ടു ബസിന്റെ ഉൾവശം കഴുകിച്ച സംഭവത്തിൽ ഡ്രൈവറെ കെഎസ്ആർടിസി ജോലിയിൽ നിന്നു ഒഴിവാക്കി. നെയ്യാറ്റിൻകര ഡിപ്പോയിലെ താത്കാലിക ഡ്രൈവർ എസ്എൻ ഷിജിയെയാണ് പരാതിയെ തുടർന്നു ജോലിയിൽ നിന്നു നീക്കിയത്.
വ്യാഴാഴ്ചയാണ് കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ചതിന് പെൺകുട്ടിയേയും സഹോദരിയേയും തടഞ്ഞുവച്ച് ബസ് കഴുകിച്ചത്. വൈകീട്ട് മൂന്നിനു വെള്ളറട ഡിപ്പോയിലായിരുന്നു സംഭവം. ആശുപത്രിയിൽ പോയി തിരിച്ചുവരികയായിരുന്ന സഹോദരിമാർക്കാണ് കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് മോശം അനുഭവമുണ്ടായത്.
നെയ്യാറ്റിൻകര ഡിപ്പോയിലെ ആർഎൻസി 105 –ാം നമ്പർ ചെമ്പൂര് വെള്ളറട ബസിലാണ് പെൺകുട്ടിയും സഹോദരിയും യാത്ര ചെയ്തിരുന്നത്. ഡ്രൈവറിന്റെ സീറ്റിന് പിന്നിലായാണ് ഇരുവരും ഇരുന്നിരുന്നത്. പല്ലിന് രോഗബാധയുള്ളതിനാൽ പെൺകുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനു മുന്നോടിയായി മരുന്നും കഴിച്ചിരുന്നു. തുടർന്ന് യാത്രയ്ക്കിടെ പെൺകുട്ടി ഛർദിക്കുകയായിരുന്നു.
സംഭവം അറിഞ്ഞതു മുതൽ ഡ്രൈവർ ഇവരോടു കയർത്തു സംസാരിച്ചെന്നു പെൺകുട്ടികൾ പറഞ്ഞു. വെള്ളറട ഡിപ്പോയിൽ ബസ് നിർത്തിയപ്പോൾ ഇരുവരും ഇറങ്ങുന്നതിനു മുൻപു തന്നെ ഡ്രൈവർ പെൺകുട്ടികളോടു ‘വണ്ടി കഴുകിയിട്ടിട്ട് പോയാൽ മതി ’എന്നു പറയുകയായിരുന്നു. തുടർന്ന് മൂത്ത സഹോദരി വെഹിക്കിൾ സൂപ്രണ്ടിന്റെ അടുത്തെത്തി ബക്കറ്റ് ആവശ്യപ്പെട്ടു. സമീപത്തെ വാഷ് ബെയ്സണിൽ നിന്ന് കപ്പിൽ വെള്ളം പിടിച്ച് ഇരുവരും ചേർന്ന് ബസ് കഴുകി വൃത്തിയാക്കുകയായിരുന്നു. അതിനു ശേഷമാണ് ഇവരെ പോവാൻ അനുവദിച്ചത്. കെഎസ്ആർടിസി ഡ്രൈവറിന്റെ മക്കളാണ് ഇരുവരും. ബസ് വൃത്തിയാക്കാൻ ഡിആർഎൽ സ്റ്റാഫ് ഉള്ളപ്പോഴാണ് ജീവനക്കാർ പെൺകുട്ടികളെ തടഞ്ഞു നിർത്തി ബസ് കഴുകിച്ചത്.
by liji HP News | Jul 22, 2023 | Latest News, ജില്ലാ വാർത്ത
കോവളത്ത് തെരുവുനായ ആക്രമണം. ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കടിയേറ്റു. കോവളം തീരത്തുവെച്ചാണ് നായകളുടെ ആക്രമണം ഉണ്ടായത്. ബീച്ചില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന സുകു, കളിപ്പാട്ട കട നടത്തുന്ന മുത്താര്‍ തുടങ്ങി നിരവധി പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സഞ്ചാരികളായി എത്തിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കടിയേറ്റതായി പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് 11 പേര്‍ക്ക് ഇന്ന് തെരുവ് നായയുടെ അക്രമത്തില്‍ കടിയേറ്റതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടകരയില്‍ ഏഴ് പേര്‍ക്കും തളിപ്പറമ്പില്‍ മൂന്ന് പേര്‍ക്കും തൃശൂരില്‍ ഒരാള്‍ക്കുമാണ് ഇന്ന് നായയുടെ ആക്രമണം ഉണ്ടായത്. വടകര നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. വടകരയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കും മറ്റ് അഞ്ച് പേര്‍ക്കുമാണ് കടിയേറ്റത്.
by liji HP News | Jul 22, 2023 | Latest News, ദേശീയ വാർത്ത
പാരിസ്: വിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു. 74 വയസായിരുന്നു. ജൂലൈ 13 ന് പാരീസില്‍ വച്ചായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു.
ചാര്‍ളി ചാപ്ലിന്റെ 11 മക്കളില്‍ ആറാമത്തെ ആളായിരുന്നു ജോസഫൈന്‍. ചാപ്ലിന്റേയും അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യ ഊന ഒനെയിലിന്റെ മകളായി കാലിഫോര്‍ണിയയിലെ സാന്റ മോണിക്കയില്‍ 1949 മാര്‍ച്ച് 28നാണ് ജനനം. മൂന്നു വയസില്‍ തന്നെ ജോസഫൈന്‍ സിനിമയില്‍ എത്തി. 1952ലാണ് അച്ഛനൊപ്പം അഭിനയത്തിലേക്ക് അരങ്ങേറ്റം നടത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ വേഷമിട്ടു. പീയര്‍ പവോലോ പസ്സോളിനിയുടെ ദി കാന്റര്‍ ബറി ടെയില്‍സ്, ലോറന്‍സ് ഹാര്‍വി നായകനായി എത്തിയത് എസ്‌കേപ് ടു ദി സണ്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഷാഡോമാന്‍ എന്ന ക്രൈം ത്രില്ലറിലൂടെയാണ് പ്രശസ്തിനേടുന്നത്. രണ്ട് തവണ വിവാഹിതയായ ജോസഫൈന് മൂന്ന് മക്കളുണ്ട്.
Recent Comments