by liji HP News | Jul 7, 2023 | Latest News, ദേശീയ വാർത്ത
ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിലെത്തി. പരിമിത ഓവർ മത്സരങ്ങൾക്കായാണ് ഇന്ത്യ ധാക്കയിലെത്തിയത്. വിവരം ബിസിസിഐ തന്നെ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു. മൂന്ന് വീതം ടി-20, ഏകദിന മത്സരങ്ങളാണ് ഇന്ത്യ ബംഗ്ലാദേശ് പര്യടനത്തിൽ കളിക്കുക. ഈ മാസം 9ന് ടി-20 പരമ്പരയോടെ പര്യടനം ആരംഭിക്കും. മലയാളി താരം മിന്നു മണി ടി-20 ടീമിൽ ഇടം നേടിയിട്ടുണ്ട്.
ആദ്യമായാണ് കേരളത്തിൽ നിന്നൊരു വനിതാ താരം ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്നത്. കേരള ജൂനിയർ, സീനിയർ ടീമുകൾക്കായി മത്സരിച്ചിട്ടുള്ള മിന്നു ഇന്ത്യ എ ടീമിലും ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായും കളിച്ചു.
24 കാരിയായ താരം വയനാട് തൃശ്ശിലേരി സ്വദേശിയാണ്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ പരിശീലനത്തിനിടയാണ് താരം ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതറിയുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും നടത്തിയ മികച്ച പ്രകടനങ്ങളാണ് താരത്തെ ഇന്ത്യൻ ടീമിലെത്തിച്ചത്.
ഇന്ത്യൻ വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദന, ദീപ്തി ശർമ, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, സബ്ബിനേനി മേഘ്ന, പൂജ വസ്ട്രകാർ, മേഘ്ന സിങ്, അഞ്ജലി സർവാനി, മോണിക പട്ടേൽ, റാഷി കനോജിയ, അനുഷ ബറേദി, മിന്നു മണി.
by liji HP News | Jul 7, 2023 | Latest News, ജില്ലാ വാർത്ത
സർക്കാരിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായി പ്രതിമ നിർമ്മിച്ച് ശിൽപി പെരുവഴിയിലായ സംഭവത്തിൽ സഹായവുമായി സുരേഷ് ഗോപി. ശിൽപി ജോൺസ് കൊല്ലകടവിന്റെ ബാങ്ക് കുടിശികയാണ് സുരേഷ് ഗോപി ഏറ്റെടുത്തിരിക്കുന്നത്.
കായംകുളം ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ശിൽപി ജോൺസ് കൊല്ലകടവ് മത്സ്യകന്യകയുടെ ശിൽപ്പം നിർമ്മിച്ചത്. എന്നാൽ സൃഷ്ടി പൂർത്തിയാക്കുന്നതിനായി സർക്കാർ കൊടുത്ത പണം തികയാതെ വന്നിരുന്നു. ഇതോടെ ശിൽപ്പി സ്വന്തം വീടും വസ്തുവും ബാങ്കിൽ പണയം വെച്ച് 3,60,000 രൂപ വായ്പയെടുത്തു. പിന്നീട് ഈ തുക ഉപയോഗിച്ചാണ് അദ്ദേഹം നിർമ്മാണം പൂർത്തീകരിച്ചത്. എന്നാൽ ശിൽപ്പിയ്‌ക്ക് ഉടൻ പണം നൽകാമെന്ന് ടൂറിസം അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇത് പാഴ്‌വാക്കാകുകയായിരുന്നു. ഒടുവിൽ സംസ്ഥാന അവാർഡ് ജേതാവായ ശിൽപ്പിയ്‌ക്ക് ലഭിച്ചത് ബാങ്കിൽ നിന്നുമുള്ള ജപ്തി നോട്ടീസ് ആയിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട സുരേഷ് ഗോപി വിഷയത്തിൽ ഇടപെടുകയായിരുന്നു.
സുരേഷ് ഗോപിയുടെ വാക്കുകൾ…
‘ഞാൻ ഇന്ന് വാർത്ത കണ്ടപ്പോഴാണ് ജോൺസന്റെ കാര്യം അറിയുന്നത്. നമ്മുടെ ടൂറിസം പ്രമോഷനും മാനസിക ഉല്ലാസത്തിനും വേണ്ടി ഇത്തരം കേന്ദ്രങ്ങളിലെത്തുന്നവർക്ക് കൗതുകകരമായ കാഴ്ചയൊരുക്കുന്നതിനായി സർക്കാർ ചില കാര്യങ്ങൾ ചെയ്തു. എന്നാൽ അതിലെന്തോ വീഴ്ച പോലെയുണ്ടായി എന്നേ ഞാൻ വിചാരിക്കുന്നുള്ളു. ആ കലാകാരൻ പെരുവഴിയിലാകരുതെന്നേ തീരുമാനിച്ചുള്ളു.’
by liji HP News | Jul 7, 2023 | Latest News, കേരളം
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് വേണ്ടിയുള്ള അപേക്ഷ നാളെ മുതൽ സമർപ്പിക്കാം. രാവിലെ 10 മണി മുതൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒൻപത് മണി മുതൽ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാകും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കോ, അലോട്ട്മെന്റ് ലഭിച്ചിട്ട് ഹാജരാകാത്തവർക്കോ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാനാവില്ല. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടത് മൂലം പ്രവേശനം നേടാനാകാതെ പോയവർക്ക് വേണ്ട തിരുത്തലുകൾ വരുത്തിയും അപേക്ഷ നൽകാവുന്നതാണ്.
ഈ മാസം അഞ്ചിനാണ് സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിച്ചത്. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളായിരുന്നു പ്രവേശനം നേടിയത്. വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 22,145 പേർ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകളിലുള്ള അപേക്ഷിക്കാനുള്ള കാലാവധി 12 ന് അവസാനിക്കും.
by liji HP News | Jul 7, 2023 | Latest News, കേരളം
തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്ന് മാസമോ അതിലധികമോ റേഷന്‍ വാങ്ങാത്ത 59,035 കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനേതര നോണ്‍ സബ്‍സിഡി വിഭാഗത്തിലേക്ക് (എന്‍പിഎന്‍എസ്) മാറ്റി. പൊതുവിതരണ വകുപ്പിന്റെ വെബ്‍സൈറ്റില്‍ ഇത് സംബന്ധിച്ച വിശദമായ കണക്കുകളും വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടപടിയില്‍ പരാതിയുള്ളവര്‍ക്ക് താലൂക്ക് സപ്ലെ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കാം. ഇതിന്മേല്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമായിരിക്കും തീരുമാനം എടുക്കുക.
മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് 48,523 കാര്‍ഡുകളും എഎവൈ വിഭാഗത്തില്‍ നിന്ന് 6247 കാര്‍ഡുകളും എന്‍പിഎസ് വിഭാഗത്തില്‍ നിന്ന് 4265 കാര്‍ഡുകളുമാണ് എന്‍പിഎന്‍എസ് വിഭാഗത്തിലേക്ക് മാറ്റിയിരിക്കുന്നത്. ഇവയുടെ ജില്ല തിരിച്ചും താലൂക്ക് സപ്ലെ ഓഫീസുകള്‍ തിരിച്ചുമുള്ള കണക്കുകള്‍ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഓരോ വിഭാഗത്തിലെയും കാര്‍ഡ് ഉടമകളുടെ പേരും കാര്‍ഡ് നമ്പറും പരിശോധിക്കാം. ഏതൊക്കെ മാസം മുതല്‍ എപ്പോള്‍ വരെയാണ് റേഷന്‍ വാങ്ങാതിരുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡ് എന്‍പിഎന്‍എസ് വിഭാഗത്തിലേക്ക് മാറ്റപ്പെട്ട തീയ്യതിയും വെബ്‍സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് ഏറ്റവുമധികം പേര്‍ പുറത്തായത് എറണാകുളം ജില്ലയിലും (7424 കാര്‍ഡുകള്‍) എഎവൈ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പേരെ വെള്ള കാര്‍ഡിലേക്ക് മാറ്റിയത് തിരുവനന്തപുരം ജില്ലയിലുമാണ് (858 കാര്‍ഡുകള്‍). സബ്‍സിഡി ഇതര വിഭാഗത്തില്‍ നിന്ന് (നീല കാര്‍ഡ്) ഏറ്റവും കൂടുതല്‍ പേരെ വെള്ള കാര്‍ഡിലേക്ക് മാറ്റിയത് ആലപ്പുഴ ജില്ലയിലാണെന്നും (975 കാര്‍ഡുകള്‍) കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ പുറത്താക്കപ്പെട്ടവര്‍ക്ക് പകരം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ അര്‍ഹയുള്ള നീല, വെള്ള കാര്‍ഡ് ഉടമകളില്‍ നിന്ന് അപേക്ഷ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന് ഈ മാസം 18 മുതല്‍ അപേക്ഷ ക്ഷണിക്കും. അര്‍ഹതയുള്ളവര്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ കൂടി സമര്‍പ്പിക്കണം.
by liji HP News | Jul 7, 2023 | Latest News, കേരളം
ആലപ്പുഴ ജില്ലയിൽ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് കേസ് റിപ്പോർട്ട് ചെയ്തു. 15 വയസ് പ്രായമുള്ള പാണാവള്ളി സ്വദേശിയാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. പനി,തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. 2017 ലാണ് ഇതിന് മുൻപ് ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം ബാധിച്ചയാളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡിഎംഒ അറിയിച്ചു.
നെഗ്ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അപൂർവ അണുബാധയ്ക്ക് കാരണം. നെഗ്ളേറിയ ഫൗലെരി അമീബയുടെ സാന്നിധ്യമുള്ള നദികളിലോ തടാകങ്ങളിലോ നീന്തുന്നതിനിടയിൽ മൂക്കിലൂടെ അണുക്കൾ ശരീരത്തിലെത്തിയാണ് സാധാരണയായി ആളുകൾക്ക് അണുബാധ ഉണ്ടാവാറുള്ളത്.
Recent Comments