ഡിപ്ലോമ ഇൻ ഫയർ ആന്‍ഡ്‌ സേഫ്റ്റി കോഴ്‌സ്

ഡിപ്ലോമ ഇൻ ഫയർ ആന്‍ഡ്‌ സേഫ്റ്റി കോഴ്‌സ്

കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള കേരള സർക്കാർ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ & സേഫ്റ്റി കോഴ്‌സിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. എസ്.എസ്.എൽ.സി/പ്ലസ് ടു/ഐറ്റിഐ/ഡിപ്ലോമ ആണ് യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ടാകും. അപേക്ഷ ഫോം http://ksg.keltron.in വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് കെൽട്രോൺ നോളജ് സെന്റർ മേധാവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7561866186, 9388338357

തിരുപ്പതിയില്‍ ദര്‍ശനത്തിന് എത്തിയ മൂന്നുവയസുകാരനെ പുലി കടിച്ചു; ഗുരുതര പരിക്ക്

തിരുപ്പതിയില്‍ ദര്‍ശനത്തിന് എത്തിയ മൂന്നുവയസുകാരനെ പുലി കടിച്ചു; ഗുരുതര പരിക്ക്

തിരുമല: തിരുപ്പതി ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം എത്തിയ മൂന്നുവയസുകാരനെ പുലി ആക്രമിച്ചു. ക്ഷേത്ര നടപ്പാതയില്‍ വച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്. ആളുകള്‍ കല്ലെറിഞ്ഞെതിനെ തുടര്‍ന്ന് പുലി കുട്ടിയെ ഉപേക്ഷിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മുഖത്ത് അടക്കം സാരമായി പരിക്കേറ്റ മൂന്ന് വയസുകാരനെ അമരാവതിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പതി ദര്‍ശനത്തിനിടെ വിശ്രമിക്കുന്നതിനായി സമീപത്തുളള ഹനുമാന്‍ പ്രതിമയ്ക്കരികില്‍ ഇരിക്കുകയായിരുന്നു കുടുംബം. അല്‍പം മാറിയിരുന്ന് കുട്ടി കളിക്കുന്നതിനിടെ കാട്ടില്‍ നിന്ന് പുലി ചാടിവീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് ഭക്തരും സുരക്ഷ ഉദ്യോഗസ്ഥരും ബഹളം വയ്ക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടില്‍ മറയുകയായിരുന്നു.

നായ്ക്കളെ വന്ധ്യംകരിക്കാനുള്ള എ.ബി.സി കേന്ദ്രം തുടങ്ങാനുള്ള ചട്ടങ്ങൾ  നിയമപരമായി ചോദ്യം ചെയ്യും

നായ്ക്കളെ വന്ധ്യംകരിക്കാനുള്ള എ.ബി.സി കേന്ദ്രം തുടങ്ങാനുള്ള ചട്ടങ്ങൾ നിയമപരമായി ചോദ്യം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യം തള്ളൽ സ്പോട്ടുകളായി തിരിച്ചറിഞ്ഞ 5567 കേന്ദ്രങ്ങളിൽ 4711 സ്പോട്ടുകളിലേയും മാലിന്യം നീക്കം ചെയ്തതായി തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. 84.89 ശതമാനം മാലിന്യവും നീക്കം ചെയ്തു കഴിഞ്ഞു. ബാക്കിയുള്ളവ ഉടൻ നീക്കം ചെയ്യും. പകർച്ചപ്പനി പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ, ആരോഗ്യ, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിമാരുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സംയുക്ത യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മാലിന്യ നിർമാർജ്ജനത്തിൽ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. മാലിന്യം തള്ളൽ കേന്ദ്രങ്ങളിൽ നിന്ന് അവ നീക്കം ചെയ്ത ശേഷവും വീണ്ടും അവിടെ മാലിന്യം തള്ളുന്ന സംഭവങ്ങളുണ്ട്. ഇത് ഗൗരവമുള്ള പ്രശ്നമാണ്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുരത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നു തവണയാണ് ഇങ്ങനെ വൃത്തിയാക്കേണ്ടി വന്നത്. മാലിന്യം തള്ളുന്നത് തടയാനും വാഹനങ്ങൾ പിടിച്ചെടുക്കാനും പിഴ ഈടാക്കാനുമുള്ള എൻഫോഴ്സ്മെൻറ് നടപടികൾ ശക്തിപ്പെടുത്തിയതായി തദ്ദേശ സ്വയംഭരണ മന്ത്രി അറിയിച്ചു.

ഓരോ ജില്ലയിലും രണ്ട് എൻഫോഴ്സ്മെൻറ് സ്‌ക്വാഡുകൾ വീതം ഏപ്രിൽ മുതൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിജിലൻസ് സ്‌ക്വാഡും സജീവമാണ്. മാലിന്യം തള്ളുന്ന സ്പോട്ടുകൾ കണ്ടെത്തി അവ വകുപ്പിന്റെ പോർട്ടലിൽ രേഖപ്പെടുത്തേണ്ടതുണ്ട്. അവിടെനിന്നും മാലിന്യം നീക്കം ചെയ്താലും അക്കാര്യം പോർട്ടൽ വഴി അറിയിക്കണം.

മഴക്കാലത്തിനു മുന്നോടിയായി മാലിന്യം നീക്കം ചെയ്യുന്നതിന്റെ ഭാഗമായി നേരത്തെതന്നെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രചാരണ പരിപാടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 5592 വാർഡുകൾ സീറോ വേസ്റ്റ് വാർഡുകളായി പ്രഖ്യാപിച്ചു. 99.14 ശതമാനം വാർഡുകൾ വെളിയിട വിസർജ്ജന മുക്ത (ഒ.ഡി.എഫ്) പദവി കൈവരിച്ചു. മെയ് മാസം മാത്രം 5355 മെട്രിക് ടൺ മാലിന്യമാണ് ക്ലീൻ കേരള കമ്പനി വഴി മാത്രം നീക്കം ചെയ്തത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 43 ശതമാനം കൂടുതലാണ്. കഴിഞ്ഞ വർഷത്തേക്കാൾ 63 ശതമാനം കൂടുതൽ പ്ലാസ്റ്റിക് മാലിന്യവും നീക്കം ചെയ്തിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായിരുന്നു എന്ന് തെളിയിഞ്ഞതായും പ്രചാരണ പ്രവർത്തനങ്ങൾ നിരന്തരം നടത്തുമെന്നും മന്ത്രി രാജേഷ് വ്യക്തമാക്കി.

തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്യാനുള്ള എ.ബി.സി കേന്ദ്രങ്ങൾ കൂടുതലായി തുടങ്ങാൻ കഴിയാത്തത് കർശനമായ കേന്ദ്ര ചട്ടങ്ങൾ മൂലമാണെന്ന് മന്ത്രി വ്യക്തമാക്കി. 2,000 ത്തോളം നായകളെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഉണ്ടെങ്കിൽ മാത്രമേ എ.ബി.സി കേന്ദ്രത്തിന് അംഗീകാരം നൽകാവൂ എന്നതാണ് ഇത്തരത്തിൽ ഒരു ചട്ടം. ഇത്തരം ചട്ടങ്ങൾ പാലിച്ച് എ.ബി.സി കേന്ദ്രം തുടങ്ങൽ വിഷമകരമാണ്. നിയമത്തിന്റെ പരിമിതിക്കുള്ളിൽ നിന്നേ സർക്കാറിന് ഈ വിഷയത്തിൽ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. എ.ബി.സി കേന്ദ്രം തുടങ്ങാനുള്ള കേന്ദ്ര ചട്ടങ്ങൾ നിയമപരമായി ചോദ്യം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു.

പകര്‍ച്ചവ്യാധി ആശങ്കയില്‍ കേരളം; ഇന്നലെ ചികിത്സ തേടിയത് 13,409 പേര്‍

പകര്‍ച്ചവ്യാധി ആശങ്കയില്‍ കേരളം; ഇന്നലെ ചികിത്സ തേടിയത് 13,409 പേര്‍

തിരുവനന്തപുരം: പകര്‍ച്ചപ്പനിയുടെ പിടിയിലമര്‍ന്ന സംസ്ഥാനത്ത്, ഇന്നലെ ചികിത്സ തേടിയെത്തിയത് 13,409 പേര്‍. 53 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 282 പേര്‍ക്ക് ഡെങ്കിപ്പനിയെന്ന് സംശയിക്കുന്നു. ഏഴ് പേര്‍ക്ക് എലിപ്പിനി ബാധയും സ്ഥിരീകരിച്ചു. കൊട്ടാരക്കരയില്‍ ഡെങ്കിപനി ബാധിച്ച് 72കാരന്‍ മരിച്ചു. കോട്ടാത്തല സ്വദേശി അജയബാബുവാണ് മരിച്ചത്. രണ്ട് ദിവസത്തിനിടെ കൊല്ലത്ത് മാത്രം സ്ഥിരീകരിക്കുന്ന നാലാമത്തെ ഡെങ്കി മരണമാണിത്.

പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് ജില്ലാതലത്തിലും തദ്ദേശ സ്ഥാപനതലത്തിലും പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ജൂലൈയില്‍ പകര്‍ച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഗുരുതര രോഗികള്‍ ഒരേ സമയം ആശുപത്രികളിലെത്തിയാല്‍ ആശുപത്രി സംവിധാനത്തിന് താങ്ങാന്‍ പറ്റില്ല. അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാന്‍ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.

പ്രണയാഭ്യർത്ഥന നിരസിച്ചു, യുവതിയ്ക്കുനേരെ തോക്കുചൂണ്ടി ഭീഷണി

പ്രണയാഭ്യർത്ഥന നിരസിച്ചു, യുവതിയ്ക്കുനേരെ തോക്കുചൂണ്ടി ഭീഷണി

മൂവാറ്റുപുഴ: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തലക്കോട് മലയൻകുന്നേൽ രാഹുൽ (26) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ കോടതി വളപ്പിലുള്ള അഭിഭാഷക ഓഫിസിൽ ക്ലർക്കായി ജോലി ചെയ്യുന്ന യുവതിയെയാണ് ഭീഷണിപ്പെടുത്തിയത്. ഇയാളിൽ നിന്ന് പൊലീസ് എയർ​ഗൺ പിടിച്ചെടുത്തു.

ബുധനാഴ്ച വൈകിട്ട് യുവതി മാത്രം ഓഫിസിൽ ഉള്ളപ്പോഴാണ് രാഹുൽ എത്തിയത്. യുവതിക്കുനേരെ തോക്കുചൂണ്ടി ഒരുമിച്ച് ജീവിക്കാൻ തയാറായില്ലെങ്കിൽ യുവതിയേയും ബന്ധുക്കളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയെ ഓഫിസിന് പുറത്തെത്തിച്ച് കാറിൽ കയറ്റി. എന്നാൽ യുവതി ബഹളംവെച്ച് കാറിൽ നിന്ന് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. ആളുകൾ കൂടിയതോടെ രാഹുൽ കടന്നുകളഞ്ഞു.

ആംബുലൻസ് ഡ്രൈവറായ ഇയാൾ മുൻപും ഭീഷണിയുമായി എത്തിയിട്ടുണ്ട് എന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ആംബുലൻസ് ഇടിച്ച് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ഒരു മാസത്തോളമായി യുവതിയെ രാഹുൽ പിന്തുടർന്നിരുന്നു. കച്ചേരിത്താഴത്ത് നിന്നാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്.