by liji HP News | Jun 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: എഐ ക്യാമറയുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനായി നമ്പർ പ്ലേറ്റുകൾ മറച്ച് ഉപയോഗിച്ച മൂന്ന് ഇരുചക്രവാഹനങ്ങൾ കൊല്ലം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പിടികൂടി കേസെടുത്തു. കൊല്ലത്ത് പുതുതായി സ്ഥാപിച്ച എ ഐ ക്യാമറകളുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിക്കുന്നത്. ചെമ്മക്കാട് ഓവർ ബ്രിഡ്ജിന് സമീപം വാഹന പരിശോധന നടത്തവെ മുൻവശത്ത് നമ്പർ പ്ലേറ്റ് ഇല്ലാതെയും പുറകുവശത്ത് നമ്പർ പ്ലേറ്റ് ഉള്ളിലേക്ക് മടക്കിവെച്ചും നമ്പർ പ്ലേറ്റ് മാസ്ക് വെച്ച് മറച്ചുവെച്ച നിലയിലും കണ്ടെത്തിയ ബൈക്ക് കസ്റ്റഡിയിലെടുത്തു. വാഹനം അഞ്ചാലുംമൂട് പൊലീസിന് കൈമാറി.
മറ്റൊരു ബൈക്ക് നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാത്ത നിലയിൽ സൈലൻസർ മാറ്റിവെച്ച് അമിത ശബ്ദം പുറപ്പെടുവിച്ച് ഓടിച്ചതിനാണ് പിടികൂടിയത്. പുറകിൽ നമ്പർ പ്രദർശിപ്പിക്കാത്ത മറ്റൊരു ബൈക്കും പിടിച്ചെടുത്ത് വെസ്റ്റ് പൊലീസിന് കൈമാറി. കൊല്ലം ആർടിഒ എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു എൻ.കുഞ്ഞുമോൻ എഎംവിഐമാരായ ലീജേഷ്. വി, ബിജോയ്. വി, റോബിൻ മെൻഡസ് എന്നിവർ വാഹന പരിശോധനയിൽ പങ്കെടുത്തു. വാഹന ഉടമകൾ ബോധപൂർവം നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയും നമ്പർ പ്ലേറ്റ് പൂർണമായും ഭാഗികമായും മറച്ചുവെച്ചും വാഹനങ്ങൾ ഓടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ വരും ദിവസങ്ങളിലും കർശനമായ വാഹന പരിശോധന നടത്തുമെന്ന് കൊല്ലം എൻഫോഴ്സ്മെന്റ് ആർടിഒ എച്ച്. അൻസാരി അറിയിച്ചു.
by liji HP News | Jun 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: 1000 ആയുഷ് യോഗ ക്ലബ്ബുകളുടേയും അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 21ന് രാവിലെ 7.15ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
യോഗയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്നാണ് ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമ, നഗര വ്യത്യാസങ്ങളില്ലാതെ എല്ലായിടങ്ങളിലും യോഗയുടെ സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഒരു വാര്‍ഡില്‍ ചുരുങ്ങിയത് 20 പേര്‍ക്ക് ഒരേ സമയം യോഗ പരിശീലനത്തിനുള്ള വേദി ഉറപ്പാക്കുകയും അവിടെ ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുകയും ചെയ്യും.
എല്ലാ ജില്ലകളിലും യോഗ ദിനാചരണത്തിന്റെ ഭാഗമായി സമൂഹ യോഗ പരിശീലനപരിപാടി ഒരുക്കിയിട്ടുണ്ട്. എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് ലഹരി ഉപയോഗത്തിനെതിരെയുള്ള യോഗ പരിശീലനവും കൗണ്‍സിലിംഗും യോഗ ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്നു. ഇതുകൂടാതെ ജില്ലകളില്‍ മാസ് യോഗ പരിപാടികള്‍, തീരദേശ മേഖലയിലെ യോഗ പരിപാടി, അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുളള യോഗ പരിശീലനം, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ള പരിശീലന പരിപാടി, എംഎല്‍എസ്പി മാര്‍ക്കുള്ള യോഗ പരിശീലനം, എന്‍എച്ച്എം-മായി സഹകരിച്ചുള്ള യോഗ പരിശീലന പരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
by liji HP News | Jun 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അറസ്റ്റ് തടയണമെന്ന മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സക്കറിയയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല അദ്ദേഹത്തിന്റെത് എന്ന് കോടതി പരാമര്‍ശിച്ചു. മുന്‍കൂര്‍ ജാമ്യപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചാണ് ഹരിജി പരിഗണിച്ചത്.
വി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയിലാണ് നടപടി. വ്യാജ വാര്‍ത്തയുണ്ടാക്കി തന്നെ അധിക്ഷേപിച്ചുവെന്നാണ് പരാതിയുടെ ഉള്ളടക്കം.
by liji HP News | Jun 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: മെച്ചപ്പെട്ട പലിശ ലഭിക്കുന്ന, പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലാശ് ഡെപ്പോസിറ്റ് പദ്ധതിയുടെ കാലാവധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. 400 ദിവസം കാലാവധിയുള്ള പദ്ധതിയില്‍ ചേരുന്നതിനുള്ള സമയപരിധി ജൂണ്‍ 30ന് അവസാനിക്കും. നേരത്തെ ഇതിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിന് വീണ്ടും അവസരം ഒരുക്കി സമയപരിധി നീട്ടുകയായിരുന്നു.
മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനം വരെ പലിശ ലഭിക്കുന്നതാണ് പദ്ധതി. മറ്റുളളവര്‍ക്ക് 7.10 ശതമാനമാണ് പലിശ. തദ്ദേശീയര്‍ക്കും പ്രവാസികള്‍ക്കും ഒരേ പോലെ ചേരാവുന്നതാണ് ഈ പദ്ധതി.
ബാങ്കിന്റെ ശാഖയില്‍ പോയോ, യോനോ ആപ്പ് വഴിയോ നിക്ഷേപ പദ്ധതിയില്‍ ചേരാവുന്നതാണ്. രണ്ടുവര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപ പദ്ധതിക്ക് ഏഴുശതമാനത്തിന് മുകളിലാണ് പലിശയായി എസ്ബിഐ നല്‍കുന്നത്. നേരത്തെ ഇത് 6.75 ശതമാനമായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ അമൃത് കലാശ് കൂടുതല്‍ ആകര്‍ഷണീയമാണെന്നാണ് ബാങ്ക് പറയുന്നത്.റിസര്‍വ് ബാങ്ക് മുഖ്യപലിശ നിരക്ക് തുടര്‍ച്ചയായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ നിക്ഷേപനിരക്കിലും മാറ്റം വരുത്തിയത്.
by liji HP News | Jun 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: പ്രമേഹം കൂടിയതിനെത്തുടർന്ന് കാൽ മുറിച്ചുമാറ്റണമെന്ന് ഡോക്ടർ പറഞ്ഞതിന്റെ മനോവിഷമത്തിൽ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച 60കാരനെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ, അവിടെ നിന്ന് ‘മുങ്ങിയ’ വരാപ്പുഴ സ്വദേശി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. ഇടതുകാലിന് മുറിവുപറ്റി കളമശ്ശേരി എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇയാൾ. പഴുപ്പ് പാദത്തിൽ കയറിയതോടെയാണ് ഈ ഭാഗം മുറിച്ചുമാറ്റണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന മകൻ മരുന്ന് വാങ്ങാൻ പോയ സമയത്താണ്, ആശുപത്രിയിൽ നിന്ന് പുറത്തേയ്ക്ക് കടന്നത്. മകന്റെ വണ്ടിയുമായി വരാപ്പുഴ പാലത്തിൽ എത്തിയ വരാപ്പുഴ സ്വദേശി, ആശുപത്രിയിൽ ഡ്രിപ് നൽകുന്നതിന് ഇട്ടിരുന്ന സൂചി അടക്കം കൈയിലിരിക്കെയാണ് പുഴയിൽ ചാടിയത്.
മത്സ്യത്തൊഴിലാളിയായ കുരിശുവീട്ടിൽ വർഗീസും മറ്റ് നാട്ടുകാരും ചേർന്നാണ് പുഴയിൽനിന്ന് രക്ഷപ്പെടുത്തിയത്. തുടർന്ന്, മഞ്ഞുമ്മൽ സെൻറ് ജോസഫ്സ് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Recent Comments