by liji HP News | Apr 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: രാജ്യത്തെ തന്നെ ആദ്യത്തെ വാട്ടര്‍ മെട്രോ സര്‍വീസായ കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും. ജലഗതാഗതത്തില്‍ കൊച്ചിയുടെ സ്വപ്‌നങ്ങള്‍ക്ക് പുതുതുടക്കം കുറിക്കുകയാണ് മെട്രോ സര്‍വീസ്. കൊച്ചി നഗരത്തേയും സമീപത്തുള്ള പത്തു ദ്വീപുകളെയും ബന്ധിപ്പിച്ചുകൊണ്ടാണ് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നത്. പുതിയ കാലത്തിന് ചേര്‍ന്ന വിധം ജലഗതാഗതം നവീകരിക്കുകയാണ് പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്നു പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുമെങ്കിലും നാളെ മുതലാകും പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് തുടങ്ങുക. ഹൈക്കോടതി- വൈപ്പിന്‍ റൂട്ടിലാണ് നാളെ സര്‍വീസ് ആരംഭിക്കുന്നത്. 27 ന് (മറ്റന്നാള്‍) വൈറ്റില- കാക്കനാട് റൂട്ടിലും സര്‍വീസ് തുടങ്ങും.
രാവിലെ ഏഴു മണി മുതല്‍ രാത്രി എട്ടു മണി വരെ സര്‍വീസ് ഉണ്ടാകും. 15 മിനുട്ട് ഇടവിട്ട് ബോട്ടുകള്‍ സര്‍വീസ് നടത്തും. വൈറ്റില-കാക്കനാട് റൂട്ടില്‍ ബോട്ടു സര്‍വീസിന്റെ സമയക്രമം തീരുമാനിച്ചിട്ടില്ല. കൊച്ചി കപ്പല്‍ശാല നിര്‍മ്മിച്ച ഒരു ബോട്ടു കൂടി ലഭിച്ചതോടെ, സര്‍വീസിനുള്ള ബോട്ടുകള്‍ ഒമ്പതായി. കൂടുതല്‍ ബോട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് മറ്റു റൂട്ടുകളിലും സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
2016 ലാണ് വാട്ടര്‍ മെട്രോ പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങിയത്. 20 രൂപയാണ് കുറഞ്ഞ നിരക്ക്. ഉയര്‍ന്ന നിരക്ക് 40 രൂപയാണ്. വൈപ്പിനിലേക്ക് 20 രൂപയും, വൈറ്റില-കാക്കനാട് റൂട്ടില്‍ 30 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വണ്‍ ആപ്പു വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാനാകും.
മെട്രോ സ്റ്റേഷനുകള്‍ക്ക് സമാനമായാണ് ബോട്ട് ടെര്‍മിനലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എഎഫ്സി ഗേറ്റുകള്‍, വേലിയേറ്റ വേലിയിറക്ക സമയങ്ങളില്‍ ബോട്ടുമായി ഒരേ ലെവല്‍ നിലനിര്‍ത്താനാകുന്ന ഫ്‌ലോട്ടിംഗ് പോണ്ടൂണുകളും വാട്ടര്‍ മെട്രോയുടെ പ്രത്യേകതകളാണ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 10 ദ്വീപുകളിലായി 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വീസിനുണ്ടാകും. വാട്ടര്‍ മെട്രോ രാജ്യത്തെ മാത്രമല്ല, ഏഷ്യയിലെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
by liji HP News | Apr 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് ഇനി കേരളത്തിലൂടെ ചൂളം വിളിച്ചു പായും. കേരളത്തിന് ലഭിച്ച വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
10.50 ഓടെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രി നേരെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെത്തി. തുടര്‍ന്ന് വന്ദേഭാരത് ട്രെയിനിന് അകത്തേക്ക് മോദി കയറി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുമായി അല്‍പ്പനേരം സംവദിച്ചു. ഇതിനു ശേഷമായിരുന്നു വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ്. വന്ദേഭാരതിലെ ഉദ്ഘാടന യാത്രയിലെ യാത്രക്കാരെ മോദി അഭിവാദ്യം ചെയ്തു. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും അല്‍പ്പം വൈകി 10. 24 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, മന്ത്രി ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി വിപി ജോയി, തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.


തുടര്‍ന്ന് കനത്ത സുരക്ഷാ വലയത്തില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തമ്പാനൂരിലേക്ക് തിരിച്ചു. പ്രധാനമന്ത്രിയെ ഒരു നോക്കുകാണാന്‍ നിരവധി പേരാണ് റോഡരികില്‍ തടിച്ചു കൂടിയിരുന്നത്. വാഹനത്തിന്റെ ഡോര്‍ തുറന്ന് റോഡരികില്‍ കൂടി നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തമ്പാനൂരിലേക്ക് പോയത്.

വന്ദേഭാരതിലെ ഉദ്ഘാടന യാത്രയിൽ മത രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും അടക്കം തെരഞ്ഞെടുക്കപ്പെട്ടവരാണ് യാത്ര ചെയ്തത്. ആദ്യയാത്രയിൽ 14 സ്റ്റേഷനുകളിലാണ് വന്ദേഭാരത് നിർത്തുന്നത്. ട്രെയിൻ സ്ഥിരമായി സർവീസ് നടത്തുമ്പോൾ 8 സ്റ്റോപ്പുകളാണ് ഉള്ളത്. സ്ഥിരം സ്റ്റോപ്പുകളില്ലാത്ത കായംകുളം,ചെങ്ങന്നൂർ തിരുവല്ല, ചാലക്കുടി,തിരൂർ, തലശ്ശേരി തുടങ്ങിയ സ്റ്റേഷനുകളിലും വന്ദേഭാരത് ഇന്ന് നിർത്തും. ഈ സ്റ്റേഷനുകളിലെല്ലാം ട്രെയിനിന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. നാളെ മുതലാണ് വന്ദേഭാരത് സർവീസ് ആരംഭിക്കുന്നത്.
by liji HP News | Apr 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ വർദ്ധിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 320 രൂപയുടെ ഇടിവുണ്ടായിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44680 രൂപയാണ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. വിപണി വില 5585 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. വിപണി വില 4640 രൂപയാണ്.
by liji HP News | Apr 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തിരുവനന്തപുരത്തേയ്ക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് ബി.ജെ.പി. ആറ്റിങ്ങൽ മുനിസിപ്പൽ ഏര്യയിൽ ഇരുചക്ര വാഹന വിളമ്പര ജാഥ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സന്തോഷ്, വൈസ് പ്രസിഡന്റ് അജിത് പ്രസാദ് , ജന: സെക്രട്ടറി സുജി ട .നിഷാദ്, ഈസ്റ്റ് ഏര്യാ പ്രസിഡന്റ് ജീവൻ ലാൽ മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ദീപ്തി തുടങ്ങിയവർ നേതൃത്വം നൽകി.
by liji HP News | Apr 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: റിസോർട്ടിൽ വിവാഹത്തോടനുബന്ധിച്ച് നടന്ന പാർട്ടിയിൽ എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം മരട് കൂടാരപ്പള്ളിൽ ഷാരോണി (27) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരൂർ പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും ഒരുഗ്രാം എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അരൂർ ശ്മശാനം റോഡിന് സമീപത്തെ റിസോർട്ടിൽ കഴിഞ്ഞ ദിവസമാണ് കല്യാണ പാർട്ടി നടന്നത്. പാർട്ടിയിൽ നിരവധി പേർ ലഹരി ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇവരുടെ വിശദവിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുകയാണ്. യുവതികളടക്കം പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് സൂചന. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Recent Comments