മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു

തൃശൂർ തിരുവില്വാമലയിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിൻറെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. തിരുവില്വാമല പുനർജനി ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിയാണ് മരിച്ച ആദിത്യശ്രീ. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടക്കുന്നത്. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉഗ്രശബ്ദത്തോടെയാണ് ഫോൺ പൊട്ടിത്തെറിച്ചത്. മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റാണ് മരണം. പൊട്ടിത്തെറിച്ച് മൊബൈൽഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡി. കോളജിലേക്ക് മാറ്റി.

ഏലാപ്പുറം- മാമൂട് റോഡിന്റെ നിർമ്മാണോദ്ഘാടനം നടന്നു

ഏലാപ്പുറം- മാമൂട് റോഡിന്റെ നിർമ്മാണോദ്ഘാടനം നടന്നു

ചിറയിൻകീഴ്: കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ ഏലാപ്പുറം- മാമൂട് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ് നിർവഹിച്ചു. ആർ.സുഭാഷിന്റെ ഡിവിഷൻ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം നടക്കുന്നത്. കൂടാതെ 2021-22 സാമ്പത്തിക വർഷത്തിൽ ഈ റോഡ് നിർമ്മാണത്തിന് വേണ്ടി ജില്ലാ പഞ്ചായത്തിൽ നിന്നും 25 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു.

ഇതോടെ 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ റോഡിന്റെ നിർമ്മാണം പൂർത്തീകരിയ്ക്കുന്നത്. പൊതുയോഗം ജില്ലാഞ്ചായത്തംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീല അധ്യക്ഷത വഹിച്ച യോഗത്തിന് വാർഡ് മെമ്പർ എം ഷിജു സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ രാജീവ് , അഞ്ചാം വാർഡ് മെമ്പർ യമുന, സി പി ഐ എം കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.

നേതാജി ഗ്രന്ഥശാല ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു

നേതാജി ഗ്രന്ഥശാല ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു

നിരവധി അംഗീകാരങ്ങൾ നേടിയ “ഇടം” ടെലിഫിലിമിന്റെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും നേതാജി ഗ്രന്ഥശാല ആദരിച്ചു. രാമച്ചംവിള ഗവൺമെന്റ് എൽ.പി.എസിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് പി. അനിൽ കുമാർ അദ്ധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉപഹാരങ്ങൾ നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കൊച്ചുകൃഷ്ണക്കുറുപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി കെ.എസ്.ഗിരി സ്വാഗതവും എം.വിജയകുമാർ നന്ദിയും പറഞ്ഞു. എസ്.സന്തോഷ്കുമാർ സംസാരിച്ചു. സംവിധായകൻ ലാലുരാജ്, നടൻ ഷിബു കെ.ആർ, ബാലതാരം ഗോകുൽകൃഷ്ണ, ഗായകൻ ബാബു കെ.ആർ, നിർമ്മാതാവ് സജിത്ത് എന്നിവർ ആദരവ് ഏറ്റുവാങ്ങി.

തിരുവനന്തപുരത്ത് കനത്ത സുരക്ഷ; ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരത്ത് കനത്ത സുരക്ഷ; ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് കനത്ത സുരക്ഷ. ന​ഗരത്തിൽ ​ഗതാ​ഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി, ട്രെയിന്‍ സര്‍വീസുകളിലടക്കം നിയന്ത്രണം ഏര്‍പ്പടുത്തിയിട്ടുണ്ട്. ശംഖുമുഖം, ഓൾസെയിന്റ്സ്, ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്ക്വയർ, ആർബിഐ, പനവിള, മോഡൽ സ്കൂൾ ജം​ഗ്ഷൻ, അരിസ്റ്റോ ജം​ഗ്ഷൻ, തമ്പാനൂർ വരെയുള്ള റോഡുകളിലും, ബേക്കറി ജം​ഗ്ഷൻ, വാൻ റോസ്, സെൻട്രൽ സ്റ്റേഡിയം വരെയുള്ള റോഡുകളിലും രാവിലെ ഏഴു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ ​ഗതാ​ഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു.

പൊതുപരിപാടികളുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ പ്രധാന റോഡിലോ ഇടറോഡുകളിലോ പാർക്ക് ചെയ്യരുത്. തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനൽ ഇന്നു രാവിലെ എട്ടു മണി മുതൽ രാവിലെ 11 വരെ അടച്ചിടും. ഡിപ്പോയിലെ കടകൾക്കും പ്രവർത്തനാനുമതിയില്ല. 11 മണി വരെ തമ്പാനൂരിൽ നിന്നുള്ള ബസ് സർവീസുകൾ വികാസ് ഭവനിൽ നിന്നാകും ആരംഭിക്കുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ഇന്ന് യാത്രക്കാര്‍ നേരത്തെയെത്തണമെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ അഭ്യർത്ഥിച്ചിട്ടുണ്ട്. ഗതാഗതനിയന്ത്രണം യാത്രയെ ബാധിക്കാതിരിക്കാനാണ് ഈ നിർദേശം. തിരുവനന്തപുരത്തെ പരിപാടികൾ കഴിഞ്ഞ് പ്രധാനമന്ത്രി ​മടങ്ങി പോകുന്നതു വരെ തലസ്ഥാന ന​ഗരിയിൽ ​ഗതാ​ഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കൊച്ചിയിൽ നിന്നും രാവിലെ 10.15 നാണ് ഉദ്ഘാടന പരിപാടികൾക്കായി പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിച്ചേരുക. വിമാനത്താവളത്തിൽ ​ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. ഉദ്ഘാടന പരിപാടികൾക്കു ശേഷം ഉച്ചയ്ക്ക് 12.40 ഓടെ പ്രധാനമന്ത്രി സൂറത്തിലേക്ക് യാത്ര തിരിക്കും.

നടൻ മാമുക്കോയ ആശുപത്രിയിൽ

നടൻ മാമുക്കോയ ആശുപത്രിയിൽ

മലപ്പുറം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടൻ മാമുക്കോയ ആശുപത്രിയിൽ. മലപ്പുറം കാളികാവിൽ ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്തുമണിയോടെയാണ് സംഭവം. കാളികാവ് പൂങ്ങോട് സെവൻസ് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിലാണ് നടൻ ഇപ്പോൾ ചികിത്സയിലുള്ളത്.