കരിമ്പുവിളയിൽ കൂറ്റൻ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

കരിമ്പുവിളയിൽ കൂറ്റൻ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

നാവായിക്കുളം കരിമ്പുവിളയിൽ കൂറ്റൻ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. രാവിലെ 7.30 ഓടെ ആയിരുന്നു സംഭവം കേരള കൗമുദി ലേഖകനും പത്ര ഏജന്റുമായ സുനിൽകുമാർ, വിതരണക്കാരനായ നജീബ് അത്ഭുതകരമായി രക്ഷപെട്ടു. സ്‌കൂട്ടിയിൽ യാത്ര ചെയ്യുകയായിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ലോട്ടറി കച്ചവടക്കാരന് ദാരുണമായി പരിക്കേറ്റു.

മടവൂർ അംബിക വിലാസത്തിൽ കാർത്തികേയ (57)നാണ് പരിക്കേറ്റത്. വളരെ വൈകിയും ആംബുലൻസുകൾ ലഭിക്കാതെ വന്നതോടെ ഇയാളെ സ്വകാര്യ വാഹനത്തിൽ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ ഭീതിയിലാണ്. സമാനമായ നിരവധി സംഭവങ്ങൾ നടന്നിട്ടും പഞ്ചായത്ത്‌ അധികൃതരുടെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടാകാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.

കവലയൂർ ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ ഒന്നാം പ്രതിഷ്‌ഠാ വാർഷികം ഏപ്രിൽ 26 ന്

ചരിത്ര പ്രസിദ്ധമായ കവലയൂർ ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ ഒന്നാം പ്രതിഷ്ഠ വാർഷികം ഏപ്രിൽ 26 ബുധനനാഴ്ച നടക്കും. വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 26ന് രാവിലെ 5 ന് നിർമ്മാല്യ ദർശനം തുടർന്ന് മഹാഗണപതിഹോമത്തോടെ പുന:പ്രതിഷ്ഠ വാർഷിക പൂജകൾക്ക് തുടക്കം കുറിക്കുന്നു. “രാവിലെ 7.30 മുതൽ നാഗർകോവിൽ ആനന്ദ് & പാർട്ടിയുടെ വിൽപ്പാട്ട്, തുടർന്ന് പ്രായശ്ചിത്ത കലശം പൂജ, പ്രതിഷ്ഠ കലശപൂജ, വിശേഷാൽ നാഗർ പൂജ, 12 ന് അന്നദാനം, വൈകുന്നേരം അലങ്കാര ദീപാരാധന, പുഷ്പാഭിഷേകം, കളമെഴുത്തുംപാട്ടും കൂടാതെ മുത്തുമാരിയമ്മയ്ക്കൊരു നിത്യവിളക്ക് മേയ് ഒന്ന് മുതൽ ആരംഭിക്കുന്നു. നിത്യവിളക്കിൻ്റെയും 2023 ആഗസ്റ്റ് 17 ചിങ്ങം ഒന്നിന് നടക്കുന്ന ഇളനീർ അഭിഷേകത്തിൻ്റെയും രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നുവെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

‘ആലിപ്പഴം 2023’ ദ്വിദിന സഹവാസക്യാമ്പ് ആരംഭിച്ചു

‘ആലിപ്പഴം 2023’ ദ്വിദിന സഹവാസക്യാമ്പ് ആരംഭിച്ചു

കിളിമാനൂർ ബി ആർ സി യുടെ ചുമതലയിൽ പൈവേലി ഡി. വി എൽ. പി. എസിൽ പ്രവർത്തിച്ചു വരുന്ന പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ ആലിപ്പഴം 2023 എന്ന ദ്വിദിന സഹവാസക്യാമ്പ് ആരംഭിച്ചു. കിളിമാനൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സാബു മുഖ്യാതിഥി ആയിരുന്ന ചടങ്ങിന്റെ ഉദ്ടഘാനം പള്ളിക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ഹസീന നിർവഹിച്ചു.

പള്ളിക്കൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മാധവൻ കുട്ടി പ്രതിഭകേന്ദ്രത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. പ്രഥമാധ്യാപിക എസ്. ആർ കല അധ്യക്ഷ പ്രസംഗവും ക്ലസ്റ്റർ കോർഡിനേറ്ററായ കവിത, സ്വാഗതവും ക്ലസ്റ്റർ കോർഡിനേറ്റർമാരായ ബിജു, സനൽ, സ്കൂൾ എസ് ആർ ജി കൺവീനർ സുബി എന്നിവർ ആശംസാ പ്രസംഗവും നടത്തി. പ്രതിഭാ കേന്ദ്രം വിദ്യാ വോളന്റിയർ ആതിര നന്ദി പറഞ്ഞു.

ക്യാമറ തന്നെ നിയമലംഘനം; എഐ ക്യാമറകൾ സ്വകാര്യത ‌ലംഘിക്കുന്നതായി നിയമജ്ഞർ

ക്യാമറ തന്നെ നിയമലംഘനം; എഐ ക്യാമറകൾ സ്വകാര്യത ‌ലംഘിക്കുന്നതായി നിയമജ്ഞർ

സ്വകാര്യ ഇടങ്ങളിൽ വ്യക്തിയുടെ അവകാശങ്ങൾ സംബന്ധിച്ച നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താതെ പൊതുനിരത്തുകളിൽ എഐ ക്യാമറകൾ സ്ഥാപിച്ചു മുഴുവൻ വാഹനയാത്രക്കാരുടെയും ദൃശ്യങ്ങൾ‌ പകർത്തുന്നതു നിയമപ്രശ്നങ്ങൾക്കു വഴിയൊരുക്കുമെന്നു നിയമവിദഗ്ധർ പറയുന്നു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരുടെയോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെയോ ദൃശ്യങ്ങൾ റോഡിൽ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകൾ പകർത്തി ആ ദൃശ്യങ്ങളെ തെളിവായി ഹാജരാക്കുന്നതിൽ നിയമപ്രശ്നങ്ങളുണ്ടാവില്ല. എന്നാൽ‌, നിയമം അനുസരിച്ചു യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങളും എഐ ക്യാമറ ശേഖരിക്കുന്നത് അവരുടെ സ്വകാര്യ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാകാമെന്നാണ് വിലയിരുത്തൽ.

സ്വകാര്യ വാഹനത്തിന്റെ ഉൾഭാഗം സ്വകാര്യ ഇടമായതിനാൽ വാഹനത്തിലുള്ളവരുടെ അറിവോടും സമ്മതത്തോടും കൂടി വേണം ദൃശ്യങ്ങൾ എടുക്കാനെന്നാണ് വാദം. സ്വകാര്യ വാഹനത്തിനുള്ളിൽ ദമ്പതികളുടെ സ്നേഹപ്രകടനങ്ങൾ അവരുടെ അറിവില്ലാതെ പകർത്തുന്നത് ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം കുറ്റകൃത്യമാണ്.

കേരളത്തിൽ ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകളെ യഥാർഥ നിർമിത ബുദ്ധി ക്യാമറകൾ എന്നു പറയണമെന്നുണ്ടെങ്കിൽ പൊതുനിരത്തുകളിൽ സംഭവിക്കുന്ന നിയമലംഘനങ്ങളെ വേറിട്ടു തിരിച്ചറിയാനുള്ള ശേഷി അതിനു വേണം. അത്തരം സന്ദർഭങ്ങളെ സ്വയം തിരിച്ചറിഞ്ഞു നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ മാത്രം പകർത്താനുള്ള ‘ഔചിത്യബോധം’ പ്രകടിപ്പിക്കാൻ ശേഷിയുള്ള ആൽഗരിതം അനുസരിച്ചു പ്രവർത്തിക്കുന്ന ക്യാമറകൾ വരുമ്പോൾ മാത്രമേ അതിനെ സമ്പൂർണ എഐ ക്യാമറയെന്നു വിശേഷിപ്പിക്കാൻ കഴിയുകയുള്ളവെന്ന് ഐടി വിദഗ്ധരും പറയുന്നു.

കേരള പൊലീസ് ആക്ട് വകുപ്പ് 119(ബി) അനുസരിച്ചു സ്ത്രീകളെ അവരുടെ സ്വകാര്യതയെ മാനിക്കാതെ നേരിട്ടും ക്യാമറകളിലൂടെയും നിരീക്ഷിക്കുന്നതും അവരുടെ ദൃശ്യങ്ങൾ അവരുടെ അനുവാദമില്ലാതെ പകർത്തുന്നതും 3 വർഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇന്ത്യൻ ‌ശിക്ഷാ നിയമം വകുപ്പ് 354(സി) അനുസരിച്ചു സ്വകാര്യ ഇടങ്ങളിൽ അവരവർക്ക് ഇഷ്ടമുള്ള, കുറ്റകരമല്ലാത്ത പ്രവൃത്തികൾ ചെയ്യുന്നവരെ നേരിട്ടോ ക്യാമറ ഉപയോഗിച്ചോ ഒളിഞ്ഞുനോക്കുന്നതും അവരുടെ അറിവില്ലാത്ത ദൃശ്യങ്ങൾ പകർത്തുന്നതും ഒരു വർഷം മുതൽ 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ഐടി നിയമം വകുപ്പ് 67 അനുസരിച്ചു ഒരു വ്യക്തിയുടെ സ്വകാര്യ ഇടത്തിലുള്ള ദൃശ്യങ്ങൾ അനുവാദമില്ലാതെ പകർത്തുന്നതും ശേഖരിച്ചുവയ്ക്കുന്നതും ദുരുപയോഗം ചെയ്യുന്നതും കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ചു 3 വർഷം വരെ തടവും 2 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. എഐ ക്യാമറകൾ പകർത്തുന്ന ഏതെങ്കിലും ചിത്രങ്ങളോ ദൃശ്യങ്ങളോ ഇതിലേതെങ്കിലും നിയമം ലംഘിച്ചതായുള്ള ഹർജികളിൽ മറിച്ചു സ്ഥാപിക്കാനുള്ള നിയമപരമായ ബാധ്യത മോട്ടർ വാഹന വകുപ്പിനുണ്ടാവും.

ആഘോഷമാക്കി അമ്പലമുക്കിൽ എ ഡി എസ് വാർഷികം

ആഘോഷമാക്കി അമ്പലമുക്കിൽ എ ഡി എസ് വാർഷികം

ആറ്റിങ്ങൽ: കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാമത് വാർഷികാഘോഷം ആറ്റിങ്ങൽ നഗരസഭ അമ്പലമുക്ക് ആഘോഷമാക്കി. അവനവഞ്ചേരി ദാറുസ്സലാം ഹാളിൽ നടന്ന വാർഷിക ആഘോഷത്തിൽ അമ്പലമുക്കു വാർഡിലെ കുടുംബശ്രീ അംഗങ്ങളുടെയും, കുട്ടികളുടെയും കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും കലാപരിപാടികളിലെ വിജയികൾക്കുള്ള സമ്മാനദാനവും ആറ്റിങ്ങൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ എ. നാജാം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ കെ. ജെ. രവികുമാർ, നഗരസഭ സി. ഡി. എസ്. ചെയർപേർസൺ റീജ, വാർഡ് എ. ഡി. എസ്. എ.അജിതകുമാരി, വാർഡ് വികസനകമ്മിറ്റി അംഗം പി. ജയചന്ദ്രൻ നായർ, റെസിഡൻസ്‌ ഭാരവാഹികളായ രാജേഷ് കൈപ്രത്ത്, റിജു, ആശവർക്കർ ഷൈലദാസ് തുടങ്ങിയവർ സംസാരിച്ചു.