പ്രധാനമന്ത്രി തിരുവനന്തപുരത്ത്; ഉത്സവാന്തരീക്ഷത്തില്‍ തലസ്ഥാനം

പ്രധാനമന്ത്രി തിരുവനന്തപുരത്ത്; ഉത്സവാന്തരീക്ഷത്തില്‍ തലസ്ഥാനം

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്യാനും വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് ഉത്സവാന്തരീക്ഷ പ്രതീതിയാണ്. തെയ്യം, കാവടി, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെ മോദിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് തലസ്ഥാനനഗരി. കൊച്ചിയില്‍ നിന്നും രാവിലെ 10.20 നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. രാവിലെ 10 30 നാണ് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരതിന്റെ ഫ്ലാ​ഗ് ഓഫ്.

തുടർന്ന് 10.50 വരെ അവിടെ ചെലവിടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തും. രാവിലെ 11-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങിൽ കൊച്ചി വാട്ടര്‍ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗല്‍ സെക്ഷന്‍ റെയില്‍പ്പാതയും നാടിന് സമര്‍പ്പിക്കും.

റെയിൽവേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി കുമാർ വൈഷ്ണവ്, സംസ്ഥാന മന്ത്രിമാരായ വി അബ്ദുറഹിമാൻ, ആന്റണി രാജു, ശശി തരൂർ എംപി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.

അറിയിപ്പ്: നാളത്തെ പി എസ് സി പരീക്ഷാ സമയത്തിൽ മാറ്റം

അറിയിപ്പ്: നാളത്തെ പി എസ് സി പരീക്ഷാ സമയത്തിൽ മാറ്റം

നാളെ (ഏപ്രിൽ 25) രാവിലെ 10.30 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ച അസിസ്റ്റന്റ് പ്രിസൺ ഓഫിസർ തസ്തികയിലേക്കുള്ള മെയിൻ പരീക്ഷ ഉച്ചക്ക് ശേഷം 2.30 മുതൽ 4.30 വരെ മാറ്റി നിശ്ചയിച്ചു. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾ നിലവിലെ അഡ്മിഷൻ ടിക്കറ്റുമായി പുതിയ സമയക്രമമനുസരിച്ച് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്.

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം; പട്ടികയില്‍ പേരില്ല, പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണറും ഇല്ല

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം; പട്ടികയില്‍ പേരില്ല, പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണറും ഇല്ല

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉണ്ടാവില്ല. മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽ ​ഗവർണറുടെ പേരില്ല. മോദിയെ സ്വീകരിക്കാനായി ഇന്നലെ വൈകീട്ട് വിമാനത്തിൽ കൊച്ചിയിലെത്തിയ ​ഗവർണർ ഇന്ന് രാവിലെ തലസ്ഥാനത്തേയ്ക്ക് മടങ്ങി. റോഡ്ഷോ ഉൾപ്പെടെ കൊച്ചിയിലെ ചടങ്ങ് അനൗദ്യോ​ഗികമാണെന്ന കാരണത്താലാണ് ​ഗവർണർ മടങ്ങുന്നതെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചിയിൽ എത്തുന്നില്ല. മുഖ്യമന്ത്രിക്കു പകരം സർക്കാർ പ്രതിനിധിയായി മന്ത്രി പി രാജീവ് മോദിയെ സ്വീകരിക്കും. തിരുവനന്തപുരത്ത് എത്തുമ്പോൾ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗവർണറും മുഖ്യമന്ത്രിയും ഉണ്ടാകും.

സാധാരണയായി പ്രധാനമന്ത്രി ഒരു സംസ്ഥാനത്ത് വരുമ്പോൾ മുഖ്യമന്ത്രി സ്വീകരിക്കാൻ വരുന്നത് പതിവാണെന്നും എന്തുകൊണ്ടാണ് പിണറായി വിജയൻ വരാത്തത് എന്ന് അറിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.’സാധാരണയായി പ്രധാനമന്ത്രി ഒരു സംസ്ഥാനത്ത് എത്തുമ്പോൾ മുഖ്യമന്ത്രി സ്വീകരിക്കാൻ പോവുന്നത് പതിവാണ്. എന്തുകൊണ്ടാണ് അദ്ദേഹം വരാത്തത് എന്ന് അറിയില്ല? പ്രധാനമന്ത്രി ഏത് പരിപാടിക്ക് വന്നാലും മുഖ്യമന്ത്രി അടക്കമുള്ളവർ എത്താറുണ്ട്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഏത് മന്ത്രി വരുന്നു എന്നത് ഞങ്ങൾക്ക് വിഷയമല്ല. മോദിയുടെ സന്ദർശനം ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. മറ്റു കാര്യങ്ങൾ എല്ലാം അപ്രസക്തമാണ്’ – സുരേന്ദ്രന്റെ വാക്കുകൾ.

വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ ഇന്ന് വൈകീട്ട് 5നാണ് മോദി എത്തുന്നത്. 5.30നു തേവര ജം‌​ഗ്ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തും. 6 ന് ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. 7.45ന് വില്ലിങ്ട്ടൺ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറിൽ തന്നെയാണു താമസവും.

ചൊവ്വാഴ്ച രാവിലെ 9.25ന് കൊച്ചിയിൽനിന്നു പുറപ്പെട്ട് 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയിൽവേ സ്റ്റേഷനിൽ ചെലവഴിക്കും. ട്രെയിനിൽ പ്രധാനമന്ത്രി യാത്ര ചെയ്യില്ല. 11ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സർക്കാർ കേരളത്തിൽ പൂർത്തിയാക്കുന്ന 3,200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും. ഡിജിറ്റൽ സർവകലാശാലയുടെ ഉദ്ഘാടനവും നിർവഹിക്കും.

വന്ദേഭാരതിനു പുറമേ ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ കീഴിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കൊച്ചുവേളി – തിരുവനന്തപുരം – നേമം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു തിരുവനന്തപുരം റെയിൽവേ മേഖലയുടെ സമഗ്ര വികസന പദ്ധതി, നേമം ടെർമിനൽ പദ്ധതി പ്രഖ്യാപനം, തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം, തിരുവനന്തപുരം – ഷൊർണൂർ സെക്‌ഷനിലെ ട്രെയിൻ വേഗം മണിക്കൂറിൽ 110 കിലോമീറ്റർ ആക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. നവീകരിച്ച കൊച്ചുവേളി റെയിൽവേ സ്റ്റേഷനും ദിണ്ടിഗൽ – പളനി – പൊള്ളാച്ചി വൈദ്യുതീകരിച്ച റെയിൽ‍പാതയും നാടിനു സമർപ്പിക്കും. സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ ഒരു മണിക്കൂർ ചെലവഴിക്കുന്ന പ്രധാനമന്ത്രി 12.40നു ഗുജറാത്തിലെ സൂറത്തിലേക്കു പോകും.

വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണം; ആദ്യ ദിനം തന്നെ വെയ്റ്റിങ് ലിസ്റ്റിലായി എക്സിക്യൂട്ടീവ് ക്ലാസ്

വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണം; ആദ്യ ദിനം തന്നെ വെയ്റ്റിങ് ലിസ്റ്റിലായി എക്സിക്യൂട്ടീവ് ക്ലാസ്

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണം. ഇന്നലെ രാവിലെ 8ന് ടിക്കറ്റ് വിൽപന ആരംഭിച്ച് വൈകാതെ
തന്നെ എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റ് വെയ്റ്റ്ലിസ്റ്റായി. മെയ് 1 വരെയുള്ള സർവീസുകളിൽ എക്സിക്യൂട്ടീവ് ക്ലാസിൽ കൺഫേം ടിക്കറ്റ് ലഭ്യമല്ല. ചെയർ കാർ ടിക്കറ്റുകൾക്കും നല്ല ഡിമാൻഡുണ്ട്. 1024 ചെയർകാർ സീറ്റുകളും 104 എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകളുമാണ് ട്രെയിനിലുള്ളത്. മെയ് 1 വരെയുള്ള ദിവസങ്ങളിൽ 200 മുതൽ 300 സീറ്റുകൾ മാത്രമാണ് ചെയർകാറിൽ ബാക്കിയുള്ളത്.

ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. തിരുവനന്തപുരം–കാസർകോട് യാത്രയ്ക്കി ചെയർകാറിൽ 1590 രൂപയും എക്സിക്യൂട്ടീവ് ക്ലാസിൽ 2880 രൂപയുമാണ് നിരക്ക്. തിരികെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ചെയർകാറിൽ 1520, എക്സിക്യൂട്ടീവ് ക്ലാസിൽ 2815 എന്നിങ്ങനെയാണ് നിരക്ക്. ഭക്ഷണത്തിന്റെ നിരക്കും ഇതിൽ ഉൾപ്പെടും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഭക്ഷണം വേണ്ടെന്നു വയ്ക്കാനും അവസരമുണ്ട്. ടിക്കറ്റ് നിരക്കും ഇതിന് ആനുപാതികമായി കുറയും.

രാവിലെ കാസർകോട്ടേക്കുള്ള യാത്രയിൽ ചായ/കോഫി, ബിസ്കറ്റ്, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവയാണുണ്ടാവുക. 3 ഭക്ഷണം ഉൾപ്പെടുന്നതാണ് ടിക്കറ്റ് നിരക്കു കൂടാൻ കാരണം. മടക്കയാത്രയിൽ ഈവനിങ് ഹൈ ടീ, ഡിന്നർ എന്നിവ മാത്രമേയുള്ളൂ എന്നതാണു നിരക്ക് കുറയാൻ കാരണം. ഭക്ഷണം വേണ്ടെങ്കിൽ തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേയ്ക്കും തിരിച്ചും നിരക്കുകൾ തുല്യമാണ് (ചെയർകാർ 1265, എക്സിക്യൂട്ടീവ് ക്ലാസ് – 2500).

രാജധാനിയിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഡൽഹി ആസ്ഥാനമായ വൃന്ദാവൻ ഫുഡ്സിനാണ് വന്ദേഭാരതിലെ ഭക്ഷണ കരാർ ലഭിച്ചിരിക്കുന്നത്. ടിക്കറ്റിനൊപ്പം ഭക്ഷണം വേണ്ടെന്നുവച്ചാലും ട്രെയിനിൽ പണം കൊടുത്തു വാങ്ങാൻ കഴിയും.

രണ്ട് എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകളാണ് 16 കാർ ട്രെയിനുകളിലുള്ളത്. 52 സീറ്റുകൾ വീതം 104 സീറ്റുകളാണുള്ളത്. ഈ ക്ലാസിലെ പ്രധാന ആകർഷണം 180 ഡിഗ്രി തിരിക്കാവുന്ന സീറ്റുകളാണ്. പുറത്തെ കാഴ്ചകൾ കാണാൻ വീതിയേറിയ ഗ്ലാസുകളുമുണ്ട്. വിമാനത്തിലെ ബിസിനസ് ക്ലാസിന് ഒപ്പം നിൽക്കുന്നതാണു വന്ദേഭാരതിലെ എക്സിക്യൂട്ടീവ് ക്ലാസ്. വിമാന മാതൃകയിൽ സീറ്റിന്റെ ആം റെസ്റ്റിനുള്ളിലാണ് സ്നാക് ടേബിളുള്ളത്. ചെയർ കാർ സീറ്റിനേക്കാൾ കുറെക്കൂടി പുറകോട്ടു ചരിക്കാവുന്ന റിക്ലൈനിങ് സീറ്റുകളാണ് എക്സിക്യൂട്ടീവിലേത്. കാലുകൾ ഉയർത്തിവയ്ക്കാൻ റിട്രാക്ടബിൾ ഫുട്റെസ്റ്റുമുണ്ട്. ഇ1, ഇ2 എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് ക്ലാസ് കോച്ചിന്റെ കോഡ്.

പൊലീസ് സ്റ്റേഷൻ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ആഹ്വാനം; രണ്ടുപേർക്ക് എതിരെ കേസ്

പൊലീസ് സ്റ്റേഷൻ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ആഹ്വാനം; രണ്ടുപേർക്ക് എതിരെ കേസ്

കൊല്ലം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊലീസ് സ്റ്റേഷൻ കത്തിക്കാൻ ആഹ്വാനം ചെയ്ത യുവാക്കൾക്ക് എതിരെ കേസ്. എം കെ ഷിഹാബ് അലിയാരുകുഞ്ഞ്, സനൽ പുതുച്ചിറ എന്നിവർക്ക് എതിരെയാണ് കൊട്ടിയം പൊലീസ് കേസെടുത്തത്. പൊലീസ് സ്റ്റേഷൻ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ആയിരുന്നു ആഹ്വാനം.

അലിയാരുകുഞ്ഞ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ‌ ഷിഹാബ് കലാപമുണ്ടാക്കണമന്ന ഉദ്ദേശ്യത്തോടെ പൊലീസ് സ്റ്റേഷൻ കത്തിക്കാൻ ആഹ്വാനം ചെയ്തെന്നാണ് കേസ്. ചെറുപ്പക്കാരെ സംഘടിപ്പിച്ച് കൊട്ടിയം പൊലീസ് സ്റ്റേഷനിലെത്തി നാലുവശത്തും പെട്രോൾ ഒഴിച്ച് കത്തിക്കണമെന്നും ഇനി സ്റ്റേഷൻ അവിടെ വേണ്ട എന്നുമായിരുന്നു കമന്റ് ഇട്ടിരുന്നത്. ഈ കമന്റ് പ്രചരിപ്പിച്ചവർക്ക് എതിരെയും അന്വേഷണം നടക്കുന്നതായി പൊലീസ് വ്യക്തമാക്കി.