by liji HP News | Apr 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: പ്രധാനമന്ത്രി 25ന് നാടിനു സമർപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോയിൽ 26 മുതൽ ജനങ്ങൾക്കു യാത്ര ചെയ്യാം. ഹൈക്കോടതി – വൈപ്പിൻ റൂട്ടിലാണ് ആദ്യ സർവീസ്. രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ സർവീസ് ഉണ്ടാവും. വൈറ്റില – കാക്കനാട് റൂട്ടിൽ 27ന് സർവീസ് തുടങ്ങും. 20 രൂപയാണ് വാട്ടർ മെട്രോ കുറഞ്ഞ ചാർജ്. കൂടിയ നിരക്ക് 40 രൂപ. പതിനഞ്ച് മിനിറ്റ് ഇടവിട്ട് ബോട്ടുകളുണ്ടാവും.
നഗരത്തോടുചേർന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള ജലമെട്രോ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. ജർമൻ ബാങ്കായ കെഎഫ്‌ഡബ്ല്യുവിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൂർത്തിയാകുമ്പോൾ 76 കിലോമീറ്റർ റൂട്ടിൽ 38 ടെർമിനലുകളും 78 ബോട്ടുകളുമുണ്ടാകും. ബോട്ടുകളിൽ നൂറുപേർക്ക് സഞ്ചരിക്കാം. ബാറ്ററിയിലും ഡീസൽ ജനറേറ്ററിലുമാണ് ബോട്ടുകൾ പ്രവർത്തിക്കുക. കൊച്ചി കപ്പൽശാല നിർമിക്കുന്ന 23 ബോട്ടുകളിൽ എട്ടെണ്ണം ലഭിച്ചു. ഒരെണ്ണംകൂടി ഉടൻ ലഭിക്കും. ഹൈക്കോടതി, ബോൾഗാട്ടി, വൈപ്പിൻ, വൈറ്റില, കാക്കനാട് ടെർമിനലുകളുടെ ജോലികൾ പൂർണമായി.
by liji HP News | Apr 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിലെ പ്രതികളെ എത്തിച്ച് തെളിവെടുത്തു. പ്രമുഖ റീൽസ് താരവുമായ മീശ വിനീത് എന്ന കിളിമാനൂർ കീഴ്പേരൂർ കിട്ടുവയലിൽ വീട്ടിൽ വിനീത് (26), കൂട്ടാളി കിളിമാനൂർ വെള്ളല്ലൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22) എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്.
ഇവർ തൃശ്ശൂരിലേക്ക് രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു. ഇന്ന് രാവിലെ ആണ് റിമാൻഡിലായിരുന്ന ഇവരെ മംഗലപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയത്. നഗരൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയാണ് ഇവർ കവർച്ച നടത്തിയത്. മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂർ സ്റ്റേഷനിൽ ബലാൽസംഗ കേസിലും പ്രതിയാണ്.
കവർച്ചയ്ക്കു ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട ഇവർ സ്കൂട്ടർ പോത്തൻകോട് ഉപേക്ഷിച്ച ശേഷം ഓട്ടോ റിക്ഷയിലാണ് രക്ഷപ്പെട്ടത് എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പോങ്ങനാട് എത്തി സുഹൃത്തിന്റെ കാർ വാങ്ങി തൃശൂരിലേക്കു കടന്നു. അടുത്ത ദിവസം വിനീത് തിരികെ കിളിമാനൂരിൽ മടങ്ങിയെത്തിയിരുന്നു. ഇതിനായി ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു.
by liji HP News | Apr 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഉമ്മുൽഖുവൈൻ: ഉമ്മുൽഖുവൈനിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി.ടി. ജസീമാണ് (32) മരിച്ചത്. റിട്ട. ഡിവൈ.എസ്.പി ടിടി. അബ്ദുൽ ജബ്ബാറിന്‍റെയും റംലയുടെയും മകനാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. റോഡരികിൽ ഫോണിൽ സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ടു വന്ന വാഹനം ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ദുബൈയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുൽഖുവൈനിൽ ഈദ് ആഘോഷിക്കാൻ എത്തിയതാണ്.
റോഡരികിൽ മാതാവുമായി ഫോണിൽ സംസാരിച്ച് നിൽക്കവെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ദുബൈ റാഷിദിയയിലാണ് താമസം. ഉമ്മുൽഖുവൈൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഹംപാസ് പ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടിലെത്തിക്കാൻ നടപടി പുരോഗമിക്കുന്നു. ഭാര്യ: സീനത്ത്. മക്കൾ: യമിൻ മരക്കാർ, ഫിൽഷ.
by liji HP News | Apr 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,193 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 21 ന് 11,692 പേർക്കാണ് രോഗം കണ്ടെത്തിയത്. ശനിയാഴ്ച 42 മരണങ്ങൾ രേഖപ്പെടുത്തിയതോടെ, രാജ്യത്തെ ആകെ മരണസംഖ്യ 5,31,300 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത് പ്രകാരം രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 67,556 ആണ്. ഏപ്രിൽ 21ന് സജീവ രോഗികളുടെ എണ്ണം 66,170 ആയിരുന്നു. 24 മണിക്കൂറിനിടെ 10,765 പേർ രോഗമുക്തി നേടി. ഇതോടെ 4 കോടി 42 ലക്ഷത്തി 83 ആയിരം 21 പേർ കൊറോണ വിമുക്തരായി. കണക്കുകൾ പ്രകാരം ശനിയാഴ്ച 42 മരണങ്ങളുണ്ടായി. കേരളത്തിൽ മാത്രം പത്ത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യവ്യാപക വാക്‌സിനേഷൻ കാമ്പയിന് കീഴിൽ രാജ്യത്ത് ഇതുവരെ 220.66 കോടി ഡോസ് കൊവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്.
by liji HP News | Apr 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: പൂഞ്ച് ഭീകരാക്രമണം ആസൂത്രിതമെന്ന് വിലയിരുത്തല്‍. ട്രക്ക് കടന്നു പോകാനിരുന്ന റോഡിൽ മരത്തടികൾ വച്ച് ഗതാഗതം തടസപ്പെടുത്തി. മരത്തടികൾ നീക്കം ചെയ്യാൻ ഇറങ്ങിയ രണ്ട് സൈനികരെ ആദ്യം വെടിവെച്ചു. പിന്നാലെ ഗ്രേനേഡ് എറിഞ്ഞതായും വിവരം. ഭീകരരിൽ ചിലർ അതിർത്തി കടന്ന് എത്തിയവരാണ്. ജനുവരിയിൽ ഡാംഗ്രിയിൽ ആക്രമണം നടത്തിയത് ഈ സംഘമെന്നും നിഗമനമുണ്ട്.
അതിനിടെ പുൽവാമയിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് വെളിപ്പെടുത്തിയ ജമ്മുകശ്മീര്‍ മുൻ ഗവർണർ സത്യപാല്‍ മല്ലിക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ. കശ്മീരിലെ റിലൈൻസ് ഇന്‍ഷുറന്‍സ് ആരോപണവുമായി ബന്ധപ്പെട്ട് ഈമാസം 28ന് ഹാജരാനാകാണ് നിർദേശം. പുല്‍വാമയിലെ ഭീകരാക്രമണം സർക്കാരിന്‍റെ വീഴ്ചയാണെന്നും വിമാനം ആവശ്യപ്പെട്ട ജവാന്മാർക്ക് അത് നല്‍കിയില്ലെന്നുമുള്ള വിമർശനങ്ങളാണ് ഒരു അഭിമുഖത്തില്‍ മുൻ ജമ്മുകശ്മീര്‍ ഗവർണർ ഉന്നയിച്ചത്.
പുല്‍വാമ വിഷയത്തിനൊപ്പം തന്നെ ജമ്മുകശ്മീരിലെ റിലൈൻസ് ഇന്‍ഷുറന്‍സ് അഴിമതിയിലും സത്യപാല്‍ മല്ലിക്ക് ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ക്രമവിരുദ്ധമായ ചിലത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത് റദ്ദാക്കിയെന്നും പദ്ധതി നടപ്പാക്കാൻ ബിജെപി നേതാവ് റാം മാധവ് സമ്മർദ്ദം ചെലുത്തിയെന്നുമായിരുന്നു മല്ലിക്കിന്‍റെ വെളിപ്പെടുത്തല്‍. ആരോപണങ്ങളില്‍ വ്യക്തത തേടി തന്നെ സിബിഐ വിളിപ്പിച്ചുവെന്ന് സത്യപാല്‍ മല്ലിക്കും സ്ഥിരീകരിയ്ക്കുന്നുണ്ട്.
Recent Comments