ദീപിക ചീഫ് സബ് എഡിറ്റർ അനിൽ സർക്കാരിന്റെ അമ്മ പ്രൊഫ. കൃഷ്ണകുമാരി അന്തരിച്ചു

ദീപിക ചീഫ് സബ് എഡിറ്റർ അനിൽ സർക്കാരിന്റെ അമ്മ പ്രൊഫ. കൃഷ്ണകുമാരി അന്തരിച്ചു

അടൂർ: അടൂർ ദേവീകൃപയിൽ റിട്ട. പ്രഫ. എ൦. അർജുനൻ പിള്ളയുടെ ഭാര്യ കൃഷ്ണ കുമാരി(ശ്രീദേവി-74) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (10-7-2022) രാവിലെ 11ന്.
മക്കൾ- അനിൽ സർക്കാർ (ദീപിക, തിരുവനന്തപുരം), അനൂപ്, ലക്ഷ്മി. മരുമക്കൾ- പ്രീതാകുമാരി, ശ്രീലക്ഷ്മി, പ്രജിത്ത്(ഷാർജ).

ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു

ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു

ഇടുക്കി:കാടിനുള്ളില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന്‍ എന്നയാളാണ് മരിച്ചത്.മൂന്നാര്‍ പോതമേട്ടിലാണ് സംഭവം.
നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് മഹേന്ദ്രന്‍ മരിച്ചതെന്ന് പോലീസ് പറയുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ പോതമേട് വനത്തില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സംഘം സ്ഥിരമായി നായാട്ടിന് പോകാറുണ്ടായിരുന്നു. അത്തരത്തില്‍ നായാട്ടിന് പോയപ്പോഴാണ് അപകടം സംഭവിച്ചത്. സംഘത്തിലുണ്ടായിരുന്ന മഹേന്ദ്രന് അബദ്ധത്തില്‍ വെടിയേറ്റു. നായാട്ട് നിയമവിരുദ്ധമായതിനാല്‍ പിടിക്കപ്പെടുമെന്ന് കരുതി സംഘത്തിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് മഹേന്ദ്രന്റെ മൃതദേഹം കാടിനുള്ളില്‍ തന്നെ മറവ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി മഹേന്ദ്രനെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും മഹേന്ദ്രന്റെ വിവരം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികള്‍ പോലീസില്‍ കീഴടങ്ങിയത്. ഇതോടെയാണ് നായാട്ടിനായി പോയ കാര്യവും തുടര്‍ന്ന് അബദ്ധത്തില്‍ വെടിയേറ്റതിനെക്കുറിച്ചും പോലീസിന് വിവരം ലഭിക്കുന്നത്.

പുതിയ വൈദ്യുതി കണക്ഷൻ: കെഎസ്‌ഇബി നടപടിക്രമങ്ങള്‍ ലഘൂകരിച്ചു

പുതിയ വൈദ്യുതി കണക്ഷൻ: കെഎസ്‌ഇബി നടപടിക്രമങ്ങള്‍ ലഘൂകരിച്ചു

പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബർ‍ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരം ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നു.

ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയൽ‍ രേഖ
രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ.

തിരിച്ചറിയൽ‍ രേഖയായി ഇലക്ടറൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് / ഏജൻസി/ പബ്ലിക്ക് സെക്റ്റർ യൂട്ടിലിറ്റി നൽകുന്ന ഫോട്ടോ ഉൾപ്പെട്ട കാർഡ്, പാൻ, ആധാർ, വില്ലേജിൽ നിന്നോ മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.

അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് ബിൽഡിംഗിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപെടുത്തിയ പകർപ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫീസർ/KSEBL ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും), നടപ്പ് വർഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാരനെങ്കിൽ വാടകകരാറിന്റെ പകർപ്പും മേൽപ്പറഞ്ഞ രേഖകളിൽ ഏതെങ്കിലും ഒന്നും, മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന താമസക്കാരൻ എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.

വിക്രം മേക്കിങ് വിഡിയോയും മാസ്

വിക്രം മേക്കിങ് വിഡിയോയും മാസ്

കമൽഹാസന്റെ സൂപ്പർഹിറ്റ് ചിത്രം വിക്രത്തിന്റെ മേക്കിങ് വിഡിയോ പുറത്ത്. ചിത്രം ഒടിടി റിലീസ് ആയതിനു പിന്നാലെയാണ് മേക്കിങ് വിഡ‍ിയോ പുറത്തുവന്നത്. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ആറ് മിനിറ്റുളള മേക്കിങ് വിഡിയോ എത്തിയത്. സൂപ്പർ താരങ്ങൾക്ക് സംവിധായകൻ ലോകേഷ് കനകരാജ് നിർദേശങ്ങൾ നൽകുന്നത് മാസ് സീനുകളുടെ ഷൂട്ടിങ്ങുമെല്ലാം വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആക്ഷന് പ്രധാന്യം നൽകിക്കൊണ്ടുള്ളതാണ് മേക്കിങ് വിഡിയോയും. അൻപ് അറിവ് സഹോദരങ്ങളുടെ നേതൃത്വത്തിലുള്ള ആക്‌ഷൻ രംഗങ്ങളുടെ ചിത്രീകരിക്കുന്നതും കാണാം. കൂടാതെ വലിയ വൈറലായി മാറിയ കമൽഹാസന്റെ പുഷ് അപ്പും വിഡിയോയിലുണ്ട്. റോളക്സായി സൂര്യയുടെ എൻട്രിയും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ചിത്രത്തിലെ അണിയറ പ്രവർത്തകരും വിഡിയോയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. വിക്രം തീം മ്യൂസിക്കിനൊപ്പമാണ് മേക്കിങ് വിഡിയോ എത്തിയത്.

https://youtu.be/qug2_937xc0

കമൽഹാസനൊപ്പം ഫഹദ് ഫാസിൽ വിജയ് സേതുപതി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ജൂൺ മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. ഇന്നലെ ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടി റിലീസ് ചെയ്തത്. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യവാരം 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒട്ടനവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്.

ശ്രീലങ്കയില്‍ കലാപം: 33 പേര്‍ക്ക് പരിക്ക്, പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ പിടിച്ചെടുക്കുന്നു

ശ്രീലങ്കയില്‍ കലാപം: 33 പേര്‍ക്ക് പരിക്ക്, പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ പിടിച്ചെടുക്കുന്നു

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍, ലങ്കന്‍ പ്രസിഡന്‍റ് ഗോത്തബയ രജപക്സെയുടെ വസതി പ്രക്ഷോഭകര്‍ കയ്യേറി. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. വസതിയിലെ കിടപ്പുമുറിയും അടുക്കളയും പ്രക്ഷോഭകര്‍ കയ്യേറി. ഇതോടെ ഗോത്തബയ രജപക്സെ വസതി വിട്ടു. ഗോത്തബയ രാജ്യം വിട്ടെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ പ്രസിഡന്‍റ് സൈനിക ആസ്ഥാനത്തുണ്ടെന്നും ചില സൂചനകളുണ്ട്.

സൈനികരുടെ ബാരിക്കേഡുകൾ തകർത്ത് കൊളംബോയിൽ ജനപ്രളയം മുന്നേറുകയാണ്. പ്രക്ഷോഭം ശക്തി പ്രാപിക്കവേ 33 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. ലങ്കയില്‍ പലയിടങ്ങളിലും പൊലീസുകാരും കായിക താരങ്ങളും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. സനത് ജയസൂര്യ അടക്കമുള്ള കായിക താരങ്ങള്‍ പ്രക്ഷോഭനിരയിലുണ്ട്. കൂടുതല്‍ പ്രക്ഷോഭകാരികൾ ട്രെയിനിൽ കൊളംബോയിലേക്ക് തിരിച്ചതായും വിവരമുണ്ട്. കാൻഡി റെയിൽവേ സ്റ്റേഷൻ സമരക്കാർ പൂർണമായും പിടിച്ചെടുത്തു.