ബസിന് തീപിടിച്ചു; 7 പേർ വെന്തുമരിച്ചു

ബസിന് തീപിടിച്ചു; 7 പേർ വെന്തുമരിച്ചു

ബെംഗളൂരു: കർണാടകയിലെ കൽബുർഗി ജില്ലയിലെ കമലാപുരയിൽ ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 7 പേർ വെന്തുമരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. ഡീസൽ ടാങ്കിലെ ചോർച്ചയെ തുടർന്ന് ബസിന് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 29 പേരാണ് ബസിൽ ഉണ്ടായിരുന്നത്. 22 പേർ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഗോവയിൽ നിന്ന് ഹൈദരാബാദിലേക്കു പോയവരാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. ബസ് പൂർണമായും കത്തിനശിച്ചു.

എൽപിജി പാചകവാതക സിലിണ്ടറിന് 134 രൂപ കുറച്ചു

എൽപിജി പാചകവാതക സിലിണ്ടറിന് 134 രൂപ കുറച്ചു

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന് (19 കിലോഗ്രാം) 134 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ വില 2223.50 രൂപയായി. ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റമില്ല. വാണിജ്യസിലിണ്ടറിന് മേയ് ഒന്നിന് 103 രൂപയും ഏപ്രിൽ ഒന്നിന് 256 രൂപയും മാർച്ചിൽ 106 രൂപയും കൂട്ടിയിരുന്നു. വിമാനങ്ങൾക്കുള്ള ഏവിയേഷൻ ഇന്ധനത്തിന്റെ വിലയിൽ 1.3% കുറവുവരുത്തി. 10 തവണയായുള്ള നിരക്ക് വർധനയ്ക്കു ശേഷമാണ് വില കുറയുന്നത്.

മദ്യപാനത്തിനിടെ വാക്കേറ്റം, ഒടുവിൽ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

മദ്യപാനത്തിനിടെ വാക്കേറ്റം, ഒടുവിൽ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

തിരുവനന്തപുരം: വഴയില ഇരട്ടകൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ് എന്ന മണിച്ചനെ (34) ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് മദ്യപാന സദസിൽ പാടിയ പാട്ടിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളായ ദീപക് ലാൽ, അരുൺ ജി.രാജീവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതികളല്ലെന്നു പൊലീസ് പറഞ്ഞു. അരുൺ ക്ഷേത്രത്തിലെ പൂജാരിയാണ്.

വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. 31–ാം തീയതി മുതൽ മണിച്ചനും സുഹൃത്തുക്കളും മുറിയെടുത്ത് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ പാട്ടുപാടിയത് മണിച്ചന് ഇഷ്ടമായില്ല. തുടർന്ന് വാക്കേറ്റമായി. പ്രതികളെ ആറുമാസം മുൻപ് മണിച്ചൻ മർദിച്ചിരുന്നു. ഇതിന്റെയെല്ലാം വാശിയിൽ അടിപിടിയുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ മണിച്ചനേയും ഹരിയേയും ആക്രമിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. റൂറൽ എസ്പി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഗുണ്ടാപകയല്ല കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഷ്ണുരൂപിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

അയിലം ഗവൺമെൻറ് ഹൈസ്കൂളിൽ താൽക്കാലിക ഒഴിവുകൾ

അയിലം ഗവൺമെൻറ് ഹൈസ്കൂളിൽ താൽക്കാലിക ഒഴിവുകൾ

ആറ്റിങ്ങൽ: അയിലം ഗവൺമെൻറ് ഹൈസ്കൂളിൽ എൽപിഎസ്ടി 10 മണി, എച്ച്എസ്ടി (ഹിന്ദി) 11മണി, എച്ച്എസ്ടി (മലയാളം) 12 മണി, എച്ച്എസ്ടി (ഫിസിക്കൽ സയൻസ്) 12.30 ന്, എഫ്ടിഎം 1 മണി എന്നീ താൽക്കാലിക ഒഴിവിലേക്ക് ഇൻറർവ്യൂ നടത്തുന്നു.

യോഗ്യരായ ഉദ്യോഗാർഥികൾ 03.06.2022 വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ ആവശ്യമായ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം

ഭക്ഷ്യ വിഷ ബാധയേറ്റെന്ന് ആരോപിച്ച് ഹോട്ടലുടമയിൽ നിന്ന് പണം ആവശ്യപ്പെട്ടവർ അറസ്റ്റിൽ

ഭക്ഷ്യ വിഷ ബാധയേറ്റെന്ന് ആരോപിച്ച് ഹോട്ടലുടമയിൽ നിന്ന് പണം ആവശ്യപ്പെട്ടവർ അറസ്റ്റിൽ

മലപ്പുറം: ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച് ഹോട്ടലുടമയിൽ നിന്ന് നഷ്ടപരിഹാരമായി പണം ആവശ്യപ്പെട്ട അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് സംഭവം. പൂച്ചോലമാട് സ്വദേശികളായ ഇബ്രാഹിം, അബ്ദുറഹ്മാന്‍, റമീസ്, സുധീഷ്, താട്ടയില്‍ നാസിം എന്നിവരെയാണ് വേങ്ങര പൊലീസ് പിടികൂടിയത്. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയ്ക്ക് അഡ്മിറ്റായെന്ന് പറഞ്ഞാണ് ഇവർ ഹോട്ടലുടമയോട് പണം ചോദിച്ചത്. 40000 രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഇവർ ഭക്ഷണം കഴിച്ചിരുന്നു. ബ്രോസ്റ്റഡ് ചിക്കൻ ആണ് കഴിച്ചത്. ബാക്കി വന്ന ഭാഗം ഇവർ പാഴ്സലായി കൊണ്ടുപോയി. പിന്നീടാണ് സംഭവങ്ങളുടെ തുടക്കം. ഹോട്ടലുടമയെ വിളിച്ച ശേഷം തങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും ചികിത്സയിലാണെന്നും അറിയിച്ചു. പരാതി നൽകാതിരിക്കാൻ 40000 രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീടിത് 25000 രൂപയിലേക്ക് കുറച്ചു. എന്നാൽ ഹോട്ടലുടമ പണം നൽകാൻ തയ്യാറായില്ല. ഇദ്ദേഹം വിവരം പൊലീസിൽ അറിയിച്ചു. ഇതോടെയാണ് അഞ്ചംഗ സംഘം കുടുങ്ങിയത്. ഇവർ നേരത്തെയും സമാന കുറ്റകൃത്യം ചെയ്തതായാണ് പൊലീസ് നൽകുന്ന വിവരം.