കോവിഡ് മരണം: ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

കോവിഡ് മരണം: ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

തിരുവനന്തപുരം: കോവിഡ് മൂലം മാതാപിതാക്കള്‍ മരണമടഞ്ഞ കുട്ടികള്‍ക്കുള്ള ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ക്കായി 3 ലക്ഷം രൂപ വീതം സര്‍ക്കാര്‍ ട്രഷറി സേവിംഗ്‌സ് അക്കൗണ്ടില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചതിന്റെ രേഖകള്‍ കുട്ടികളുടെയും അവരുടെ നിലവിലുള്ള രക്ഷിതാവിന്റെയും സാന്നിധ്യത്തില്‍ മന്ത്രി പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നിതാ ദാസിന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

മാതാപിതാക്കള്‍ അല്ലെങ്കില്‍ നിലവിലുള്ള ഏക രക്ഷിതാവ് കോവിഡ് മൂലം മരണപ്പെടുന്ന സാഹചര്യത്തില്‍ ആ കുട്ടികള്‍ക്ക് ഈ ധനസഹായ പദ്ധയുടെ പ്രയോജനം ലഭിക്കുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ ഫിക്‌സഡ് ഡെപ്പോസ്റ്റായി നിക്ഷേപിക്കുകയും 18 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൈമാറുന്നതാണ്. കൂടാതെ പ്രതിമാസ ധനസഹായം എന്ന നിലയില്‍ 2000 രൂപ വീതം ഈ കുട്ടികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ബിരുദതലം വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നല്‍കുകയും ചെയ്യും. കോവിഡ് മൂലം മാതാപിതാക്കള്‍ അല്ലെങ്കില്‍ നിലവിലുള്ള ഏകരക്ഷിതാവ് മരണപ്പെടുന്ന എല്ലാ കുട്ടികള്‍ക്കും ഈ ധനസഹായ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്താകെ 54 കുട്ടികള്‍ക്ക് ഇത്തരത്തില്‍ ധനസഹായം അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ വനിത ശിശു വികസന ഓഫീസര്‍ പി. എം. തസ്‌നിം, കുട്ടികളുടെ ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുത്തു.

നാഷണല്‍ സ്കോളര്‍ഷിപ്പുകളുടെ അവസാന തിയ്യതി ഡിസംബര്‍ 15 വരെ നീട്ടി

നാഷണല്‍ സ്കോളര്‍ഷിപ്പുകളുടെ അവസാന തിയ്യതി ഡിസംബര്‍ 15 വരെ നീട്ടി

പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റി, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റി, ബീഗം ഹസ്രത്ത് മഹല്‍ സ്കോളര്‍ഷിപ്പ്, സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ്, മെറിറ്റ് കം സ്കോളര്‍ഷിപ്പ്, പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് ഫോര്‍ ഡിസാബിലിറ്റി, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ഫോര്‍ ഡിസാബിലിറ്റി,ടോപ്പ് ക്ലാസ് സ്കോളര്‍ഷിപ്പ് ഫോര്‍ എസ്.സി, പി ജി ഇന്ദിര ഗാന്ധി സ്കോളര്‍ഷിപ്പ് ഫോര്‍ സിംഗിള്‍ ഗേള്‍സ് ചൈല്‍ഡ് എന്നീ നാഷണല്‍ സ്കോളര്‍ഷിപ്പുകള്‍ അവസാന തീയതി ഡിസംബര്‍ 15 വരെ നീട്ടി.

കേന്ദ്ര സ്ക്കോളർഷിപ്പ് പോർട്ടലിലേക്ക് കേരളസർക്കാർ നൽകിയ ഡേറ്റയിൽ മുസ്സീം-ഈഴവ-ഒ.ബി.സി വിദ്യാർത്ഥികളുടെ വിവരം വിട്ട് പോയത് കൊണ്ട്‌ ഇത് വരെ ചെയ്യാൻ കഴിയാതിരുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ് പ്രശ്നം പരിഹരിച്ചത് കൊണ്ട്‌ പ്ലസ് ടുവിന് 80% മാര്‍ക്കുള്ള മുസ്സീം-ഈഴവ-ഒ.ബി.സി വിദ്യാർത്ഥികള്‍ക്ക് ഇപ്പോൾ മുതൽ അപേക്ഷിക്കാം.

▫️ പ്രഗതി സ്കോളർഷിപ്പ്
പെൺകുട്ടികൾക്ക് അപേക്ഷ നൽകാം ,ബിരുദ/ഡിപ്ലോമ കോഴ്‌സിന്റെ ഒന്നാം വർഷ കോഴ്‌സിലേക്ക് വിദ്യാർത്ഥി പ്രവേശനം നേടിയിരിക്കണം. സ്കോളർഷിപ് തുക 30,000 രൂപ വരെ .യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥിയെ തിരഞ്ഞെടുക്കുന്നത്,
അവസാന തിയ്യതി : 15.12.2021
—————————————-
▫️ ന്യൂനപക്ഷങ്ങൾക്കുള്ള പ്രീ മെട്രിക് സ്കോളർഷിപ്പ് പദ്ധതി
ഒന്ന് മുതൽ 10 വരെ പഠിക്കുന്ന കുട്ടികൾക്ക്
അവസാന തിയ്യതി : 15.12.2021
—————————————-
▫️ ന്യൂനപക്ഷങ്ങൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് പദ്ധതി
+1 മുതൽ PG വരെ പഠിക്കുന്ന കുട്ടികൾക്ക്
അവസാന തിയ്യതി : 15.12.2021
—————————————-
▫️ പ്രൊഫഷണൽ, ടെക്‌നിക്കൽ കോഴ്‌സുകൾക്കുള്ള സ്‌കോളർഷിപ്പ്
അവസാന തിയ്യതി : 15.12.2021
—————————————-
▫️ മൗലാനാ ആസാദ് സ്കോളർഷിപ്
ന്യുന പക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്ക് , ക്ലാസ്സ് 9,10 : 5000 രൂപ
ക്ലാസ്സ് 11,12 : 6000 രൂപ
അവസാന തിയ്യതി : 15.12.2021
—————————————-
▫️ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് പ്രീ-മെട്രിക് സ്കോളർഷിപ്പ്
അവസാന തിയ്യതി : 15.12.2021
—————————————-
▫️ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പ്
അവസാന തിയ്യതി : 15.12.2021
—————————————
▫️ വികലാംഗരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ്
അവസാന തിയ്യതി : 15.12.2021
—————————————-
▫️ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ്
അവസാന തിയ്യതി : 15.12.2021

കേരളത്തിൽ നിന്നു നഴ്സുമാരുടെ റിക്രൂട്ട്മെന്റ്: ജർമനിയുമായി ധാരണാപത്രം ഒപ്പുവച്ചു

കേരളത്തിൽ നിന്നു നഴ്സുമാരുടെ റിക്രൂട്ട്മെന്റ്: ജർമനിയുമായി ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: കേരളത്തിൽനിന്നു ജർമനിയിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ നോർക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച ട്രിപ്പിൾ വിൻ പദ്ധതിക്കു ധാരണയായി. മുഖ്യന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിക്കുവേണ്ടി കോൺസിൽ ജനറൽ അച്ചിം ബുർക്കാട്ടും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

രാജ്യത്ത് ആദ്യമായാണു സർക്കാർതലത്തിൽ ജർമനിയിലേക്കു റിക്രൂട്ട്മെന്റിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നതെന്നു ധാരണാപത്രം ഒപ്പുവച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. നഴ്സിങ് മേഖലയ്ക്കു പുറമേ ഹോസ്പിറ്റാലിറ്റിയടക്കം മറ്റു മേഖലകളിലേക്കും ഭാവിയിൽ വലിയ സാധ്യതകൾ തുറക്കുന്നതാകും ട്രിപ്പിൾ വിൻ പദ്ധതി. ജർമനിക്കൊപ്പം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും പദ്ധതി വഴിതുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജർമനിയിലേക്കു പോകാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് ഭാഷാ പ്രാവീണ്യത്തിനു കേരളത്തിൽത്തന്നെ സൗജന്യമായി സൗകര്യം ഒരുക്കുന്നതും ട്രിപ്പിൾ വിൻ പദ്ധതിയുടെ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു. ജർമൻ ഭാഷയിൽ ബി2 ലെവൽ യോഗ്യതയാണു നഴ്സായി ജോലി ചെയ്യാൻ വേണ്ടത്. നോർക്ക മുഖേന റിക്രൂട്ട് ചെയ്യപ്പെടുന്നവർക്കു ബി1 യോഗ്യത നേടി ജർമനിയിൽ എത്തിയ ശേഷം ബി2 യോഗ്യത കൈവരിച്ചാൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളവുമായുള്ള ധാരണാപത്രം ഒപ്പുവച്ചതു ചരിത്രപരമായ നടപടിയാണെന്നു കോൺസിൽ ജനറൽ അച്ചിം ബുർക്കാട്ട് പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി 2022 ഓടെ ആദ്യ ബാച്ച് നഴ്സുമാർക്കു ജർമനിയിലേക്ക് എത്താനാകുമെന്നാണു പ്രതീക്ഷ. സാങ്കേതിക വൈദഗ്ധ്യത്തിലും മാനവവിഭവ ശേഷിയിലും ഇന്ത്യയിലെ ആരോഗ്യമേഖല ഏറെ മുൻപന്തിയിലാണ്. ഇതിൽത്തന്നെ മികവും അർപ്പണബോധവും പുലർത്തുന്നവരാണു കേരളത്തിലെ നഴ്സുമാർ. ഇവർക്കു ജർമനിയിൽ വിപുലമായ സാധ്യതകളാണുള്ളത്. കഴിയുന്നത്ര നഴ്സുമാരെ ജർമനിയിലേക്കു റിക്രൂട്ട്ചെയ്യാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനു പുറമേ ജർമൻ എംബസിയിലെ സോഷ്യൽ ആന്റ് ലേബർ അഫേയഴ്‌സ് വകുപ്പിലെ കോൺസുലർ തിമോത്തി ഫെൽഡർ റൗസറ്റി, ജർമൻ ഹോണററി കോൺസൽ സയ്ദ് ഇബ്രാഹിം, ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി(വിദേശകാര്യം) വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ അജിത്ത് കോളശേരി തുടങ്ങിയവരും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ പങ്കെടുത്തു.

കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം∙ ഒരു വർഷം മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പദവി താൽക്കാലികമായി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ ആ സ്ഥാനത്തേക്കു തിരിച്ചെത്തി. കോടിയേരി സംസ്ഥാന സെക്രട്ടറിയായി വീണ്ടും ചുമതലയേറ്റു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. 

2020 നവംബർ 13നാണ് കോടിയേരി ബാലകൃഷ്ണൻ പദവി ഒഴിഞ്ഞത്. ആരോഗ്യ കാരണങ്ങളും മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റും സൃഷ്ടിച്ച പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഈ ഒഴിഞ്ഞുനിൽക്കല്‍. പകരം ചുമതല നൽകിയത് എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായതും മകൻ ബിനീഷ് ജയിൽ മോചിതനായതും പദവിയിലേക്കു മടങ്ങിയെത്തുന്നതിനു വഴിയൊരുക്കി

മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാന്‍ മൊബൈല്‍ ആപ്പുമായി ഹരിത മിഷന്‍

മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാന്‍ മൊബൈല്‍ ആപ്പുമായി ഹരിത മിഷന്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തലത്തില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ‘സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം’ നടപ്പിലാക്കുന്നു. ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍ എന്നിവര്‍ ചേര്‍ന്നാണ് മൊബൈല്‍ ആപ് മുഖേനയുള്ള മോണിറ്ററിംഗ് സംവിധാനം നടപ്പാക്കുന്നത്.

കെല്‍ട്രോണിന്റെ സഹകരണത്തോടെ തയ്യാറാക്കിയിട്ടുള്ള മൊബൈല്‍ ആപ്പിലൂടെ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകര്‍മ്മസേന നടപ്പിലാക്കുന്ന അജൈവ മാലിന്യ ശേഖരണം മോണിറ്ററിംഗ് ചെയ്യാനാകും. ഇതിനായി വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ.ആര്‍ കോഡ് പതിക്കും. അജൈവ മാലിന്യങ്ങള്‍ കൃത്യമായ ശാസ്ത്രീയ സംസ്‌കരണത്തിന് വിധേയമാകുന്നുവെന്ന് തിരിച്ചറിയാനും ഈ ക്യു.ആര്‍ കോഡ് വഴി സാധിക്കും.

ആദ്യഘട്ടത്തില്‍ ജില്ലയില്‍ കാഞ്ഞിരംകുളം, പൂവച്ചല്‍, മുദാക്കല്‍, പാറശാല, ചെറുന്നിയൂര്‍, കാരോട്, ഇല കമണ്‍, പുല്ലമ്പാറ, ചെങ്കല്‍, പാങ്ങോട്, കരകുളം, കൊല്ലയില്‍, മണമ്പൂര്‍, നഗരൂര്‍, നെല്ലനാട്, അഞ്ചുതെങ്ങ്, വക്കം, കാട്ടാക്കട, ചിറയിന്‍കീഴ്, മാണിക്കല്‍, മംഗലപുരം, ഇടവ, വെള്ളാട് ഗ്രാമപഞ്ചായത്തുകളും വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര നഗരസഭകളിലും തിരുവനന്തപുരം കോര്‍പ്പറേഷനിലുമാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപന തലത്തില്‍ മൂന്ന് ഘട്ടമായി മൊബൈല്‍ ആപ്പിന്റെ പരിശീലനം നല്‍കുമെന്നും ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.