ജേർണലിസ്റ്റ് ട്രെയിനികളെ തേടുന്നു

ജേർണലിസ്റ്റ് ട്രെയിനികളെ തേടുന്നു

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപനത്തിലേക്ക് ജേർണലിസ്റ്റ് ട്രെയിനികളെ തേടുന്നു. ജേർണലിസത്തിൽ ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ ഉള്ളവർക്ക് മുൻഗണന. വാർത്താ അഭിരുചിയുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം. പ്രായം:20-30 നും മദ്ധ്യേ.

അവസാന തീയതി: ഡിസംബർ 15
അപേക്ഷകർ ബയോഡാറ്റ അയക്കേണ്ട ഇമെയിൽ വിലാസം: hridayapoorvamnews@gmail.com
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9446378910

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 124.96 കോടി പിന്നിട്ടു

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 124.96 കോടി പിന്നിട്ടു

ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിൽ 80,35,261 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 124.96 കോടി (1,24,96,19,515) കടന്നു. 1,29,79,828 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,548 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,40,37,054 ആയി. ദേശീയരോഗമുക്തി നിരക്ക് 98.35%.
 
കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി 158 ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000ത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായിരോഗം സ്ഥിരീകരിച്ചത് 9,765 പേർക്കാണ്.
 
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 99,763 പേരാണ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.29 ശതമാനമാണ് – മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്.
 
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,98,611 പരിശോധനകൾ നടത്തി. ആകെ 64.35 കോടിയിലേറെ (64,35,10,926) പരിശോധനകളാണ് ഇതുവരെ നടത്തിയത്.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.85 ശതമാനമാണ്. 18 ദിവസമായി 1% ത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.89% ശതമാനമാണ്. കഴിഞ്ഞ 59 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 94 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.

കിളിക്കൊഞ്ചല്‍ അങ്കണവാടി തീം അധിഷ്ഠിത പിക്ചര്‍ ബുക്ക്‌ലെറ്റ് പുറത്തിറക്കി

കിളിക്കൊഞ്ചല്‍ അങ്കണവാടി തീം അധിഷ്ഠിത പിക്ചര്‍ ബുക്ക്‌ലെറ്റ് പുറത്തിറക്കി

തിരുവനന്തപുരം: ‘കിളിക്കൊഞ്ചല്‍’ അങ്കണവാടി തീം അധിഷ്ഠിത പിക്ചര്‍ ബുക്ക്‌ലെറ്റിന്റെ പ്രകാശനം ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. അങ്കണവാടികളില്‍ പഠിക്കുന്ന 3 മുതല്‍ 6 വയസുവരെയുള്ള കുട്ടികള്‍ക്ക് അവരുടെ പ്രീസ്‌കൂള്‍ പഠനത്തിന്റെ ഭാഗമായി വിവിധ പഠന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ആയതിലൂടെ അവര്‍ ഈ പ്രായത്തില്‍ ആര്‍ജിക്കേണ്ട സമഗ്ര വികാസം സാധ്യമാവുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ അങ്കണവാടികളില്‍ എത്തി ഈ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അവരുടെ വീടുകളില്‍ തന്നെ രക്ഷിതാക്കളുടെ സഹായത്തോടെ ഈ പഠനാനുഭവങ്ങള്‍ നല്‍കുന്നതിനാണ് ഈ ബുക്ക്‌ലെറ്റ് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടികളിലൂടെ ഏകദേശം 4 ലക്ഷം കുട്ടികള്‍ക്ക് ബുക്ക് ലെറ്റ് വിതരണം ചെയ്യും. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ പങ്കെടുത്തു.

സഹകരണ സമാശ്വാസ പദ്ധതിയിൽ 22.33 കോടി അനുവദിച്ചു

സഹകരണ സമാശ്വാസ പദ്ധതിയിൽ 22.33 കോടി അനുവദിച്ചു

തിരുവനന്തപുരം: സഹകരണ അംഗ സമാശ്വാസ പദ്ധതിയിൽ നിന്ന് 22.33 കോടി രൂപ അനുവദിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള 11,060 അപേക്ഷകർക്കാണ് 22,93,50,000 രൂപ അനുവദിച്ചത്. ഗുരുതര രോഗങ്ങൾ ബാധിച്ച സഹകരണ സംഘം അംഗങ്ങൾക്കാണ് സമാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുന്നത്. ഇതുവരെയുള്ള അപേക്ഷകൾ മുഴുവൻ തീർപ്പാക്കിയതായി സഹകരണ മന്ത്രി വി.എൻ. വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ടാം തവണയാണ് സമാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നത്. ആദ്യ ഘട്ടത്തിൽ 11,194 പേർക്ക് 23,94,10,000 കോടി രൂപ അനുവദിച്ചിരുന്നു.

അർബുദം, വൃക്കരോഗം, കരൾ രോഗം, പരാലിസിസ്, അപകടത്തിൽ കിടപ്പിലായവർ, എച്ച്.ഐ.വി, ഗുരുതരമായ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, ബൈപ്പാസ്, ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾക്ക് വിധേയരായവർ, മാതാപിതാക്കൾ മരിച്ചു പോയ സാഹചര്യത്തിൽ അവർ എടുത്ത ബാദ്ധ്യത പേറേണ്ടി വരുന്ന കുട്ടികൾ എന്നിവർക്കാണ് സമാശ്വാസ സഹായം നൽകുന്നത്. സഹകരണ സംഘങ്ങൾ കേരള സഹകരണ അംഗം സമാശ്വാസ നിധിയിലേക്ക് അടയ്ക്കുന്ന വിഹിതത്തിൽ നിന്നാണ് സഹായധനം നൽകുന്നത്.

തൃശ്ശൂർ ജില്ലയിൽ നിന്നാണ് ഏറ്റവും അധികം അപേക്ഷകൾ ലഭിച്ചത്. 2,222 പേർ വിവിധ വിഭാഗങ്ങളിലായി അപേക്ഷ നൽകി. 4,51,70,000 രൂപ സമാശ്വാസമായി അനുവദിച്ചു.

മറ്റ് ജില്ലകളിൽ നിന്നുള്ള അപേക്ഷകളുടെ വിശദാംശം ജില്ല, അപേക്ഷകരുടെ എണ്ണം, തുക എന്ന ക്രമത്തിൽ: തിരുവനന്തപുരം 322- 71,75,000, കൊല്ലം 1021- 2,14,15,000, പത്തനംതിട്ട 640- 1,25,70,000, ആലപ്പുഴ 775- 1,59,80,000, കോട്ടയം 1372- 2,79,10,000, എറണാകുളം 1279- 2,69,90,000, പാലക്കാട് 611-1,28,70,000, കോഴിക്കോട് 360- 75,75,000, മലപ്പുറം 583- 1,24,50,000, വയനാട് 462- 1,01,25,000, കണ്ണൂർ 973- 2,05,55,000, കാസർകോട് 410- 82,25,000 രൂപ.

എൻആർഇജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

എൻആർഇജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഇടയ്ക്കോട് ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആർ പി നന്ദു രാജിന്റെ വിജയത്തിനായി എൻആർഇജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. കിഴുവിലം പഞ്ചായത്തിലെ നൈനാൻ കോണത്ത് ചേർന്ന കൺവെൻഷൻ യൂണിയന്റെ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, സിപിഐഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം ആർ സരിത, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഹരീഷ് ദാസ്, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബു സ്ഥാനാർത്ഥി ആർ.പി നന്ദു രാജ് എന്നിവർ സംസാരിച്ചു. തൊഴിലാളികളുടെ ജോലിസ്ഥലങ്ങളിലും , വീടുകളിലും സ്ഥാനാർത്ഥിയുടെ വിജയത്തിനായി സ്കോഡ് പ്രവർത്തനങ്ങൾ നടത്താൻ കൺവെൻഷൻ തീരുമാനിച്ചു.