റോഡുകള്‍ തകർന്നാല്‍ അറിയിക്കാം; കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും പേരും ഫോൺനമ്പറും പ്രദർശിപ്പിക്കും

തിരുവനന്തപുരം: പരിപാലന കാലാവധിയുള്ള റോഡുകളിൽ ബന്ധപ്പെട്ട കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും പേരും ഫോൺനമ്പറും ഉൾപ്പെടെ ശനിയാഴ്ചമുതൽ പ്രദർശിപ്പിച്ചുതുടങ്ങും. റോഡുകൾ തകർന്നാൽ അക്കാര്യം ജനങ്ങൾക്ക് ബന്ധപ്പെട്ടവരെ അറിയിക്കാം.

റോഡുകളുടെ തുടക്കത്തിലും അവസാനത്തിലും ഇത്തരം ബോർഡുകൾ പ്രദർശിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഒന്പതിന് മാസ്‌കറ്റ് ഹോട്ടലിൽ ചലച്ചിത്രതാരം ജയസൂര്യയും മന്ത്രിയും ചേർന്ന് നിർവഹിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ആദ്യഘട്ടമായി, ഇത്തരം റോഡുകളുടെ വിവരങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2514 പദ്ധതികളിലാണ് പരിപാലന കാലാവധി നിലനിൽക്കുന്നത്. പ്രവൃത്തികൾ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക പരിശോധനാസംഘത്തെ നിയമിക്കും. അതേക്കുറിച്ചു പഠിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗസമിതിയെ ചുമതലപ്പെടുത്തി.

സംസ്ഥാനത്ത് റോഡ് അറ്റകുറ്റപ്പണിക്ക് മഴയാണ് പ്രധാന തടസ്സം. മഴ കഴിഞ്ഞാലുടൻ പണി ആരംഭിക്കും. ഇതിനായി 271.41 കോടി അനുവദിച്ചു.

തങ്ങളുടെ കീഴിലെ റോഡുകളുടെ വിവരം എൻജിനിയർമാർ പരിശോധിച്ച് ഫോട്ടോസഹിതം ചീഫ് എൻജിനിയർമാരെ അറിയിക്കുന്ന സംവിധാനം ഏർപ്പെടുത്തും. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ നിലവാരം പരിശോധിക്കാൻ പുതിയ സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ഷീരകർഷക സബ്സിഡി; ഇനി ഓൺലൈനിൽ അപേക്ഷിക്കാം

ക്ഷീരകർഷക സബ്സിഡി; ഇനി ഓൺലൈനിൽ അപേക്ഷിക്കാം

ക്ഷീരകർഷകർക്ക് സബ്സിഡി സ്‌കീമുകളിൽ അപേക്ഷ നൽകാൻ ഇനി ക്ഷീര സംഘങ്ങളിലോ വകുപ്പിന്റെ ഓഫിസുകളിലോ പോകേണ്ടതില്ല. അപേക്ഷകൾ മൊബൈൽ വഴിയോ ലാപ്ടോപ്പ് ഉപയോഗിച്ചോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ഓൺലൈനായി സമർപ്പിക്കാം. ഇതിനായുള്ള ക്ഷീരശ്രീ പോർട്ടൽ ksheerasree.kerala.gov.in ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നാടിനു സമർപ്പിച്ചു.

ക്ഷീരകർഷകർക്ക് അർഹമായ സേവനങ്ങളും സഹായവും അതിവേഗത്തിൽ സുതാര്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് പോർട്ടൽ തയ്യാറാക്കിയതെന്ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു. പാലിന്റെ ഗുണനിലവാര വർധന, ക്ഷീരസംഘങ്ങളുടെ പ്രവർത്തന ഏകീകരണം, സുതാര്യത, കാര്യക്ഷമത തുടങ്ങിയവ ഉറപ്പാക്കുന്നതിനുള്ള വെബ് അധിഷ്ഠിത ഏകീകൃത സോഫ്റ്റ്വെയറിന്റെ ഭാഗമായാണു പോർട്ടൽ ആരംഭിച്ചത്. നടപ്പു സാമ്പത്തിക വർഷം വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ അപേക്ഷകൾ പോർട്ടൽ വഴി സ്വീകരിക്കും.

ഒരു വർഷം 50 ലക്ഷം രൂപയാണ് ക്ഷീരഗ്രാമം പദ്ധതിക്കായി ഒരു ഗ്രാമത്തിൽ ചെലവാക്കുന്നത്. പാൽ ഉത്പാദനത്തിൽ ഇതു വലിയ മാറ്റമുണ്ടാക്കും. ഇതിന്റെ ചുവടുപിടിച്ച് വരും വർഷങ്ങളിൽ കൂടുതൽ നൂതന പദ്ധതികൾ നടപ്പാക്കാൻ വകുപ്പ് ആലോചിക്കുന്നുണ്ട്. പുതിയ കർഷകരെ ഈ രംഗത്തേക്കു കൊണ്ടുവരണം. തൊഴിലില്ലാത്ത ചെറുപ്പക്കാരെ ആകർഷിക്കണം. പ്രവാസികൾ അടക്കം പലരും ഈ രംഗത്തേക്കു കടന്നുവരുന്നുണ്ട്. പാൽ ഉത്പാദനം വർധിക്കുന്നതോടെ മിച്ചംവരുന്ന പാൽപൊടിയാക്കുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഐ.എം.ജിയിലെ പത്മം ഹാളിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി. സുരേഷ് കുമാർ, നാഷണൽ ഇൻഫർമാറ്റിക് സെന്റർ സ്റ്റേറ്റ് ഇൻഫർമാറ്റിക്സ് ഓഫിസർ പി.വി. മോഹൻകുമാർ, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സി. സുജയ് കുമാർ, ക്ഷീര വികസന വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനിൽ ഗോപിനാഥ്, ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ കെ. ശശികുമാർ എന്നിവർ പങ്കെടുത്തു.

അധ്യാപക നിയമനം: കൂടുതൽ പി.എസ്.സി നിയമനങ്ങൾ സാധ്യമാകും

അധ്യാപക നിയമനം: കൂടുതൽ പി.എസ്.സി നിയമനങ്ങൾ സാധ്യമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ 1653 പ്രൈമറി അധ്യാപകർക്ക് താത്ക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. നിയമക്കുരുക്കിൽപ്പെട്ട പ്രമോഷൻ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി നടപ്പാക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 19 മാസത്തോളം അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുമ്പോൾ സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് നടപടി.

ഈ പ്രൊമോഷനുകൾ നൽകുമ്പോൾ ആയിരത്തിൽപരം തസ്തികകൾ ഒഴിയും. ഈ തസ്തികളിലേക്ക് പി എസ് സി വഴി പുതിയ നിയമനം നടത്താം. 540 തസ്തികകൾ വകുപ്പ് പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെടുകയായിരുന്നു.

‘സുരീലി ഹിന്ദി’ പദ്ധതി കിളിമാനൂർ ഉപജില്ലയിൽ ആരംഭിച്ചു

‘സുരീലി ഹിന്ദി’ പദ്ധതി കിളിമാനൂർ ഉപജില്ലയിൽ ആരംഭിച്ചു

കിളിമാനൂർ: കഥകളും കവിതകളും നാടകങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം ഈ അധ്യയന വർഷത്തെ ‘സുരീലി ഹിന്ദി’ പദ്ധതി കിളിമാനൂർ ഉപജില്ലയിൽ ആരംഭിച്ചു. സമഗ്ര ശിക്ഷാ കേരളം ആണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദി ഭാഷയിലേക്ക് ആകർഷിച്ചുകൊണ്ട് എളുപ്പത്തിൽ ഹിന്ദി പഠിക്കാനും പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 2016 – 17 കാലഘട്ടത്തിൽ ആരംഭിച്ച പദ്ധതിയാണ് സുരീലി ഹിന്ദി. ആദ്യവർഷം അധ്യാപകരെ ശാക്തീകരിക്കാൻ ആണ് പദ്ധതിയിലൂടെ ശ്രമിച്ചത്. തൊട്ടടുത്ത വർഷം ആറാം ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചുള്ള പരിപാടിക്ക് രൂപം നൽകി. 2018 – 19 മുതൽ അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രത്യേക പരിപാടിയായി സുരീലി ഹിന്ദി.

കോവിഡ് മഹാമാരിക്കാലത്തും കുട്ടികളെ ഭാഷാപഠന പാതയിൽ നിലനിർത്താൻ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന സമഗ്രശിക്ഷാ കേരളത്തിനായി. ‘സുരീലി ഹിന്ദി 2020’ എന്ന പദ്ധതിയിലൂടെ തെരഞ്ഞെടുത്ത കവിതകൾ ഈണമിട്ട് ഡിജിറ്റൽ വിഡിയോ കണ്ടന്റുകൾ വികസിപ്പിക്കുകയും അഞ്ചു മുതൽ എട്ടു വരെ ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വിതരണം ചെയ്ത് പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു.
ഇതിന്റെ തുടർച്ചയാണ് സുരീലി ഹിന്ദി 2021 – 22 പദ്ധതി. ഈ വർഷം 5 മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ആനിമേഷനുകൾ,തോൽപ്പാവക്കൂത്ത്, പിക്ചർ ട്രാൻസിഷൻ തുടങ്ങിയ സങ്കേതങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ആർ പി മാരായ ഗിരിജ എൻ,സന്തോഷ് കുമാർ പി, ഷൈനി ജോസ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ബാച്ചുകളിലായി എഴുപതിലധികം അധ്യാപകർക്കാണ് 2 ബാച്ചുകളിലായി ദ്വിദിന പരിശീലനം നൽകുന്നത്.
സുരീലി ഹിന്ദി ഉപജില്ലാതല ഉദ്ഘാടനം തിരുവനന്തപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആൻറ് അഡ്വ. എ ശൈലജ ബീഗം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജി ജി ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ ഇ ഒ പ്രദീപ് വി എസ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് കോഓർഡിനേറ്റർ സാബു വി ആർ സ്വാഗതം പറഞ്ഞു.അധ്യാപക പരിശീലകൻ വിനോദ് ടി നന്ദി പറഞ്ഞു.

മൈമൂനബീവി (70) അന്തരിച്ചു

മൈമൂനബീവി (70) അന്തരിച്ചു

ആലംകോട് ചാത്തൻപറ കളിയിൽ വീട്ടിൽ പരേതനായ കാസ്ട്രോ ബഷീറിന്റെ ഭാര്യയും പബ്ലിക്ക് പ്രോസിക്യൂട്ടർ (പോക്സോ) അഡ്വക്കേറ്റ് മുഹസ്സിന്റെ മാതാവുമായ മൈമൂനബീവി (70) മരണപ്പെട്ടു.