കെ.എസ്.ടി.എ കവലയൂർ ബ്രാഞ്ച് സമ്മേളനം നടന്നു

കെ.എസ്.ടി.എ കവലയൂർ ബ്രാഞ്ച് സമ്മേളനം നടന്നു

കവലയൂർ ഗവ ഹയർസെക്കന്ററി സ്കൂളിലെ എൽ.പി വിഭാഗം സ്കൂളിൽ നിന്ന് മാറ്റണമെന്ന് കെ.എസ്.ടി.എ കവലയൂർ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിലൂടെ എൽ.പി വിഭാഗം കൂടുതൽ ശക്തമാക്കുന്നതിനും കര്യക്ഷമമാക്കുന്നതിനും കഴിയും. സമ്മേളനം കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ആർ സിന്ധു അധ്യക്ഷത വഹിച്ചു.

ബി.യു മനോജ് സ്വാഗതം പറഞ്ഞു. രക്തസാക്ഷ്യ പ്രമേയം അശ്വതി ബി.എൽ ഉം അനുശോചന പ്രമേയം ശാലി എസ്.ആർ ഉം അവതരിപ്പിച്ചു. സബ്ജില്ലാ ട്രഷറർ വിനു എസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സബ്ജില്ലാ എക്സിക്യൂട്ടീവ് സി.ഐ രാജൻ അഭിവാദ്യം ചെയ്തു. പി.എസ് സുരേഷ് മോൻ നന്ദിയും പറഞ്ഞു.പുതിയ സെക്രട്ടറിയായി നയന ആർ ന് തെരഞ്ഞെടുത്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ച പുതിയ അത്യാഹിത വിഭാഗം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. രണ്ടാഴ്ച മുമ്പ് പഴയ അത്യാഹിത വിഭാഗം സന്ദർശിച്ചപ്പോഴുള്ള പോരായ്മകൾ മന്ത്രിക്ക് നേരിട്ട് ബോധ്യമായതിനെ തുടർന്ന് എത്രയും വേഗം പുതിയ അത്യാഹിത വിഭാഗത്തിൽ പ്രവർത്തനം ആരംഭിക്കാൻ നിർദേശം നൽകിയിരുന്നു.

സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഇനി അത്യാഹിത വിഭാഗത്തിൽ തന്നെ ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു. ഏകീകൃത അത്യാഹിത വിഭാഗ ചികിത്സയാണ് സജ്ജമാക്കിയിരിക്കുന്നത്. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾക്കായി വിവിധ വിഭാഗങ്ങളിൽ രോഗിയെ കൊണ്ടു പോകേണ്ടതില്ല. വിപുലമായ ട്രയേജ് സംവിധാനം, എമർജൻസി മെഡിസിൻ വിഭാഗം, ലെവൽ വൺ ട്രോമകെയർ സംവിധാനം എന്നിവ സാധ്യമാക്കുകയാണ് ലക്ഷ്യം. 35 കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ അത്യാഹിത വിഭാഗം സജ്ജമാക്കിയത്. ഇവിടെ 108 ജീവനക്കാരെയും നിയമിച്ചിരുന്നു. മെഡിക്കൽ കോളേജ് പ്രധാന റോഡിനോട് ചേർന്നുള്ള അത്യാഹിത വിഭാഗത്തിലേക്ക് രോഗികളെ വളരെ വേഗത്തിൽ എത്തിക്കുന്നതിനും സാധിക്കും. ജീവനക്കാർക്ക് മികച്ച പരിശീലനം ഉറപ്പ് വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ലോകോത്തര നിലവാരമുള്ള ട്രോമകെയർ സംവിധാനമാണ് ലക്ഷ്യമിടുന്നത്. രോഗത്തിന്റെ ഗുരുതരാവസ്ഥ പരിഗണിച്ച് അതിവേഗം ചികിത്സ ലഭ്യമാക്കാൻ സാധിക്കും. റെഡ് സോൺ, യെല്ലോ സോൺ, ഗ്രീൻ സോൺ എന്നിങ്ങനെ തരം തിരിച്ചാണ് രോഗികൾക്ക് അടിയന്തര ചികിത്സ ഉറപ്പ് വരുത്തുന്നത്. റെഡ് സോണിൽ 12 രോഗികളേയും യെല്ലോ സോണിൽ 40 രോഗികളെയും ഒരേ സമയം ചികിത്സിക്കാനാവും. രണ്ട് ഐ.സി.യു.കളും സജ്ജമാക്കിയിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഓപ്പറേഷൻ തിയേറ്റർ, ഡിജിറ്റൽ എക്സ്റേ, അൾട്രാസൗണ്ട് സ്‌കാനറുകൾ, ഡോപ്ളർ മെഷീൻ, മൂന്നു സിടി സ്‌കാനറുകൾ, എംആർഐ എന്നിവയും അത്യാഹിത വിഭാഗത്തിനോട് അനുബന്ധമായുണ്ട്. സ്ട്രോക്ക് യൂണിറ്റിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതു കൂടി പ്രവർത്തനസജ്ജമാകുന്നതോടെ സമഗ്ര സ്ട്രോക്ക് ചികിത്സയും അത്യാഹിത വിഭാഗത്തിൽ തന്നെ ലഭ്യമാകും.

കോവിഡ് നിയന്ത്രണ വിധേയമാണ്. പൂർണമായും വ്യാപനം അവസാനിക്കും വരെ ജാഗ്രത തുടരേണ്ടതാണ്.

വിഴിഞ്ഞത്ത് പണം വാങ്ങി അവയവം നൽകിയതായുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഗൗരവമുള്ള വിഷയമാണ്. അസ്വാഭാവികവും അസാധാരണവുമായി ഒരു പ്രദേശം കേന്ദ്രീകരിച്ച് ദാതാക്കൾ കൂടുന്നത് പരിശോധിക്കാൻ നിർദേശിച്ചതായി മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, സൂപ്രണ്ട് ഡോ. നിസാറുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.

ജീവകല സാംസ്‌കാരിക മണ്ഡലത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ജീവകല സാംസ്‌കാരിക മണ്ഡലത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വെഞ്ഞാറമൂട്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനായ ജീവകല സാംസ്‌കാരിക മണ്ഡലത്തിന്റെ വാർഷിക പൊതുയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം എച്ച് നിസാർ -പ്രസിഡന്റ്, വി എസ് ബിജുകുമാർ -സെക്രട്ടറി, എസ് ഈശ്വരൻ പോറ്റി -വൈസ് പ്രസിഡന്റ്, പി മധു -ജോയിന്റ് സെക്രട്ടറി, ആർ ശ്രീകുമാർ -ട്രഷറർ, പി എസ് ലാൽ, പുല്ലമ്പാറ ദിലീപ് ,സോണി ടി നായർ, കെ ബിനുകുമാർ, എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ജില്ലയിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ

ജില്ലയിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ

തിരുവനന്തപുരം: നഗരത്തിലും മലയോരമേഖലകളിലും കനത്ത നാശം വിതച്ച് ശക്തമായ മഴ തുടരുകയാണ് തിരുവനന്തപുരം ജില്ലയിൽ ഒട്ടാകെ. ഇന്ന് ജില്ലയിൽ റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

നെയ്യാറ്റിൻകര മാമ്പഴക്കര കുറവോട് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായി. പ്രദേശവാസികളെ ക്യാമ്പിലേക്ക് മാറ്റി. വാമനാപുരം മേലാറ്റൂമുഴിയിൽ മണ്ണിടിച്ചിൽ ഉണ്ടായി, ആളപായമില്ല. പ്രദേശത്തെ 12 കുടുംബങ്ങളെ മേലാറ്റുകുഴി LPട സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രാജൻ എന്നയാളുടെ വീട് തകർന്നു. 35 ആടുകൾ മണ്ണിനടിയിൽപെട്ടു.

നെയ്യാറിൽ നിന്നും ഒഴുകി തേമ്പമുട്ടം പോകുന്ന കനാലിൽ മണ്ണടികോണം ഭാഗത്തും മണ്ണിടിഞ്ഞു . ഇതോടെ കനാലിൽ വെള്ളം നിറഞ്ഞു 60 ഓളം കുടുംബത്തിനും ഇവരുടെ ആശ്രയമായ കൃഷിക്കും നാശമുണ്ടാകും എന്ന ആശങ്കയിലാണ് . ഇപ്പോൾ വെള്ളം നിറഞ്ഞു റോഡിലേക്ക് ഒഴുകി തുടങ്ങി.

അതിതീവ്ര മഴയ്ക്ക് സാധ്യത, തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴയുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

13-11-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
14-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസറഗോഡ്
15-11-2021: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

13-11-2021: എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
14-11-2021: എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
15-11-2021: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
16-11-2021: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്ക് കിഴക്കന്‍ അറബിക്കടലിലും വടക്കന്‍ തമിഴ് നാടിനു മുകളിലും ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിനാല്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്നു. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ/അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ അതിശക്ത മഴ ഉണ്ടായേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.