by liji HP News | Nov 13, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില് ശക്തമായ മഴ. വിതുര, പൊന്മുടി, നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളില് ശക്തമായ മഴ തുടരുകയാണ്. കനത്ത പല സ്ഥലത്തും വലിയ നാശനഷ്ടമുണ്ടായി. നെയ്യാറ്റിന്കര കൂട്ടപ്പനയില് മരുത്തൂര് പാലത്തിന്റെ പാര്ശ്വഭിത്തി തകര്ന്നു. പാലത്തിന്റെ ഒരു വശത്തുള്ള റോഡും ഭാഗികമായി ഇടിഞ്ഞു താഴ്ന്നു. പാലത്തിന്റെ തകരാർ കാരണം തിരുവനന്തപുരത്തേക്കും നാഗര്കോവിലിലേക്കുമുള്ള വാഹനങ്ങള് ഓലത്താന്നി വഴി തിരിച്ചുവിടുകയാണ്. അതേസമയം ജലനിരപ്പ് ഉയര്ന്നതിനെത്തുടര്ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള് 220 സെന്റിമീറ്റര് ഉയര്ത്തി.
ജില്ലയിലെ തീരദേശ മേഖലയിലും കനത്ത മഴ തുടരുകയാണ്. വിഴിഞ്ഞത്ത് ഇന്നലെ രാത്രി മുതല് പെയ്യുന്ന മഴയില് പരക്കേ നാശനഷ്ടങ്ങളുണ്ടായി. ശക്തമായ മഴയില് വിഴിഞ്ഞം ഫിഷറീസ് ലാന്ഡിന് സമീപത്ത് വെള്ളം കയറി നിരവധി കടകള് വെള്ളത്തിലായി. മത്സ്യബന്ധന ഉപകരണങ്ങള്ക്കും കാര്യമായ കേടുപാടുകളുണ്ടായി.

നാഗര്കോവിലിന് സമീപം ഇരണിയിലില് റെയില്വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. ഇതോടെ തിരുവനന്തപുരം-നാഗര്കോവില് റൂട്ടിലുള്ള ട്രെയിന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
ശക്തമായ മഴയുണ്ടാകാന് സാധ്യതയുള്ളതിനാല് തിരുവനന്തപുരത്ത് ജാഗ്രത പുലര്ത്തണമെന്ന് ജില്ലാ കളക്ടര് നിര്ദേശം നല്കി. അത്യാവശ്യമല്ലാത്ത യാത്രകള് ഒഴിവാക്കണമെന്നും കളക്ടര് നിർദേശിച്ചു.
അതേസമയം അടുത്ത 12 മണിക്കൂറിനുള്ളില് ആന്ഡമാനില് പുതിയ ന്യൂനമര്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില് ന്യൂനമര്ദം മധ്യ-കിഴക്കന് ബംഗാള് ഉള്ക്കടലില് എത്തിച്ചേരും. ശക്തികൂടി ഇത് തീവ്ര ന്യൂനമര്ദമാകാന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അറബിക്കടലില് ഇപ്പോഴും ചക്രവാതച്ചുഴി നിലനില്ക്കുകയാണ്. തെക്കന് കേരളത്തില് കൂടുതല് ജാഗ്രത വേണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
by liji HP News | Nov 13, 2021 | Latest News, ജില്ലാ വാർത്ത
കൊച്ചി: മുന് മിസ് കേരള അന്സി കബീര് അടക്കം മൂന്നുപേര് മരിക്കാനിടയായ വാഹനാപകടത്തില് നിര്ണായക വെളിപ്പെടുത്തല്. ഹോട്ടലില് നിന്നും ഔഡി കാര് പിന്തുടര്ന്നതാണ് അപകട കാരണമെന്ന് അപകടത്തില്പ്പെട്ട കാറിന്റെ ഡ്രൈവര് പോലീസിന് മൊഴി നല്കി.
പാര്ട്ടിക്ക് ശേഷം ഈ കാര് തങ്ങളെ പിന്തുടരുകയായിരുന്നുവെന്നും ഡ്രൈവര് അബ്ദുള് റഹ്മാന് മൊഴി നല്കിയിട്ടുണ്ട്. ഡ്രൈവര്ക്കെതിരെ പോലീസ് മനപ്പൂര്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
അപകടത്തിന്റെ ചില സി.സി.ടി.വി ദൃശ്യങ്ങള് പോലീസിന് ലഭിച്ചിരുന്നു. അതില് ഒരു കാറ് പിന്തുടരുന്നതിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പാര്ട്ടി നടന്ന ഹോട്ടലിലേക്കെത്തുകയും കാറുമായി ബന്ധപ്പെട്ട വിവരങ്ങള് പോലീസിന് ലഭിക്കുകയും ചെയ്തത്.
അപകടം നടന്ന ശേഷം പിന്തുടര്ന്ന കാറില് നിന്ന് ഒരാള് ഇറങ്ങി വരികയും കാര്യങ്ങള് നിരീക്ഷിച്ച് മടങ്ങുകയും ചെയ്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ഹോട്ടല് ഉടമയായ റോയി ആണ് എന്നാണ് പോലീസിന് സംശയമുള്ളത്. എന്നാല് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള് കണ്ടെടുക്കാന് കഴിഞ്ഞിരുന്നില്ല. ഹോട്ടലിന്റെ ഉടമ ഈ സി.സി.ടി.വി ദൃശ്യങ്ങള് നശിപ്പിച്ചുവെന്ന് ഉടമയുടെ ഡ്രൈവര് പോലീസിന് മൊഴിനല്കിയിരുന്നു.
റോയിയും ഡ്രൈവറും മറ്റൊരാളും കാറിലുണ്ടായിരുന്നതായാണ് പോലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം. അപകടത്തില്പ്പെട്ട കാറിന്റെ ഡ്രൈവര് മദ്യപിച്ചിരുന്നുവെന്നും ഇത് പറയാനാണ് പിന്നാലെ പോയതെന്നുമാണ് റോയിയുടെ ഡ്രൈവര് മെല്വിന്റെ മൊഴി. ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഡി.ജെ പാര്ട്ടി നടന്ന സമയത്ത് ഇവരുമായി എന്തെങ്കിലും വാക്കേറ്റമുണ്ടായിട്ടുണ്ടോ അതിനെ തുടര്ന്ന് പിന്തുടര്ന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് സംശയിക്കുന്നത്.

ഒക്ടോബര് 31-ന് രാത്രി നടന്ന പാര്ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അന്സി കബീര്, അന്ജന ഷാജന്, ആഷിഖ്, അബ്ദുള് റഹ്മാന് എന്നിവര് സഞ്ചരിച്ച കാര് അപകടത്തില്പ്പെട്ടത്. മുന് മിസ് കേരള വിജയികളായ അന്സി കബീറും അന്ജന ഷാജനും തല്ക്ഷണം മരിച്ചു. ചികിത്സയിലായിരുന്ന ആഷിഖും പിന്നീട് മരിച്ചു. കാര് ഓടിച്ചിരുന്ന അബ്ദുള് റഹ്മാനെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തിരുന്നു. രാത്രി വൈകിയും മദ്യം വിറ്റെന്ന് കണ്ടെത്തിയതിനെ തുടര്ന്ന് പാര്ട്ടി നടന്ന ഹോട്ടല് എക്സൈസ് അധികൃതര് പൂട്ടിക്കുകയും ചെയ്തിരുന്നു.
by liji HP News | Nov 13, 2021 | Latest News, ജില്ലാ വാർത്ത
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില് സംസ്ഥാന-ജില്ലാ കേന്ദ്രങ്ങളില് സംഘടിപ്പിക്കുന്ന ശിശുദിനാഘോഷങ്ങളുടെ ഒരുക്കങ്ങള് പൂര്ത്തിയായതായി സമിതി ജനറല് സെക്രട്ടറി ഡോ. ഷിജൂഖാന് അറിയിച്ചു. തൈക്കാട് സമിതി ആസ്ഥാനത്ത് നടക്കുന്ന ശിശുദിന സമ്മേളനം 14ന് രാവിലെ 11.30ന് ആരംഭിക്കും.
രാവിലെ 11ന് തൈക്കാട് ഗവ. മോഡല് എല്.പി സ്കൂള് അങ്കണത്തില് നിന്ന് പോലീസിന്റെ തുറന്ന ജീപ്പില് ഇത്തവണത്തെ കുട്ടികളുടെ നേതാക്കള്, സമിതി ഭാരവാഹികളുടെ അകമ്പടിയോടെ ശിശുക്ഷേമ സമിതി ഹാളില് പ്രവേശിക്കും. തുടര്ന്ന് കുട്ടികളുടെ നേതാക്കളുടെ പൊതുസമ്മേളനം ആരംഭിക്കും. കുട്ടികളുടെ പ്രസിഡന്റ് ഉമ. എസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില് മിന്ന രഞ്ജിത് സ്വാഗതം പറയും. കുട്ടികളുടെ പ്രധാനമന്ത്രി നിധി പി.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്പീക്കര് ദേവകി ഡി.എസ് മുഖ്യപ്രഭാഷണം നടത്തും. ധ്വനി ആഷ്മി നന്ദി പറയും. മുഖ്യമന്ത്രി പിണറായി വിജയന്റെ ശിശുദിന സന്ദേശം ചടങ്ങില് വായിക്കും. വനിതാ ശിശുവികസന മന്ത്രി വീണാ ജോര്ജ് ശിശുദിനസ്റ്റാമ്പ് പ്രകാശനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തും.

മേയര് ആര്യാ രാജേന്ദ്രന്, വനിതാ ശിശുവികസന വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി റാണി ജോര്ജ്, സമിതി ട്രഷറര് ആര്. രാജു തുടങ്ങിയവര് സമ്മേളനത്തില് പങ്കെടുക്കും. പരിപാടി ഓണ്ലൈനായി വീക്ഷിക്കാന് ക്രമീകരണങ്ങള് ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ ശിശുദിന സ്റ്റാമ്പിന്റെ ചിത്രം വരച്ച കൊല്ലം പ്രാക്കുളം എന്.എസ്.എസ് ഹയര് സെക്കന്ററി സ്കൂളിലെ അക്ഷയ്. ബി. പിള്ളയ്ക്കും സ്കൂളിനുമുള്ള ഉപഹാരങ്ങള് ചടങ്ങില് നല്കും. ശിശുദിനാഘോഷത്തോടനുബന്ധിച്ച് സമിതി സംഘടിപ്പിച്ച സാഹിത്യ രചനാ മത്സരങ്ങള്ക്കുള്ള സമ്മാനങ്ങള് ചടങ്ങില് വിതരണം ചെയ്യും.
by liji HP News | Nov 13, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച തീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. ഇന്നും നാളെയും അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

ഞായറാഴ്ച അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം തുറന്നേക്കും. നിലവിൽ ഡാമിൽ ഓറഞ്ച് മുന്നറിയിപ്പാണുള്ളത്.ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ശനിയാഴ്ച വൈകിട്ടോ ഞായറാഴ്ച രാവിലെയോ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടറിലൂടെ വെള്ളം തുറന്നുവിടും. ചെറുതോണി അണക്കെട്ടിന്റെ തഴെയുള്ളവരും പെരിയാറിന്റെ തീരത്തുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ല കലക്ടർ അറിയിച്ചു.
by liji HP News | Nov 10, 2021 | Latest News, ജില്ലാ വാർത്ത
കേരള സംസ്ഥാന യുവജനക്ഷേമ ബോര്ഡ് ഡിസംബര് മാസത്തില് ജില്ലയില് വച്ച് യുവ മാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവ പത്രപ്രവര്ത്തക വിദ്യാര്ത്ഥികള്ക്ക് പങ്കെടുക്കാം. ജില്ലയില് നിന്ന് 15 പേര്ക്കാണ് പങ്കെടുക്കാന് അവസരം. താല്പ്പര്യമുള്ളവര് നവംബര് 15 ന് മുമ്പായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്ഡ്, ജില്ലാ യുവജന കേന്ദ്രം, ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തിലേക്ക് അപേക്ഷ അയക്കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര് അറിയിച്ചു. കൂടുതല് വിവരങ്ങള്ക്ക്- 0471 2555740.

Recent Comments