കേരളത്തില്‍ സിനിമാടൂറിസം ആരംഭിക്കും

കേരളത്തില്‍ സിനിമാടൂറിസം ആരംഭിക്കും

കാലം എത്ര കഴിഞ്ഞാലും മനസില്‍ നിന്നും മാഞ്ഞ് പോവാത്ത ചില സിനിമാ ഫ്രെയിമുകളുണ്ട്. നമ്മളെ ഏറെ സ്വാധീനിച്ച ചില സിനിമാ രംഗങ്ങള്‍. നമ്മുടെ ഇത്തരം സിനിമാ ഗൃഹാതുര ഓര്‍മ്മകള്‍ക്ക് നിറം പകരുന്ന പുതിയ പദ്ധതി ആരംഭിക്കാന്‍ ടൂറിസം വകുപ്പ് ഒരുങ്ങുകയാണ്. കിരീടം സിനിമയില്‍ മോഹന്‍ലാലിന്റെ വികാര നിര്‍ഭലമായ രംഗങ്ങള്‍ ചിത്രീകരിച്ച പാലം, ബോംബെ സിനിമയില്‍ ഉയിരെ എന്ന ഗാനം ചിത്രീകരിച്ച ബേക്കല്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ഒരുവട്ടമെങ്കിലും എത്താന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് പദ്ധതി.

സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നത്. സിനിമാ താരങ്ങളെ കൂടി ഉള്‍പ്പെടുത്തി സിനിമാടൂറിസം പദ്ധതി മികവുറ്റതാക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ പ്രമുഖരുമായി ചര്‍ച്ച നടത്തുന്നതാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാനുമായി നടത്തിയ ചര്‍ച്ചയില്‍ ഇരു വകുപ്പുകളും ചേര്‍ന്ന് ഉടന്‍ തന്നെ സിനിമാടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ തീരുമാനിച്ചു.

പൊതുനിരത്തിൽ മാലിന്യം തള്ളിയതിന് കാൽ ലക്ഷം രൂപ പിഴ

പൊതുനിരത്തിൽ മാലിന്യം തള്ളിയതിന് കാൽ ലക്ഷം രൂപ പിഴ

തിരുവനന്തപുരം: നഗരസഭ മെഡിക്കൽ കോളേജ് ഹെൽത്ത് സർക്കിൾ പരിധിയിലെ മെഡിക്കൽ കോളേജ് വാർഡിൽ ഉള്ളൂർ – ആക്കുളം റോഡിൽ കാട്ടിൽ ലൈനിന് സമീപം പൊതുനിരത്തിൽ മെഡിക്കൽ വേസ്റ്റ് അടക്കം നിക്ഷേപിച്ച വ്യക്തിക്ക് മെഡിക്കൽ കോളേജ് സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ കാൽ ലക്ഷം രുപ പിഴ ചുമത്തി. കഴിഞ്ഞ ഞായറാഴ്ച അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ പരിശോധനയ്ക്കിടയിലാണ് മാലിന്യം തള്ളിയ വ്യക്തിയെ പിടി കൂടിയത്.

വീടുകളിൽ പോയി കോവിഡ് ടെസ്റ്റ് അടക്കം ചെയ്തതിൻ്റെ PPE കിറ്റുകൾ, മാസ്കുകൾ, കൈയുറകൾ, സിറിഞ്ചുകൾ, മറ്റ് ബയോമെഡിക്കൽ മാലിന്യം ചാക്കിൽ കൊണ്ടിടുകയായിരുന്നു. പിഴ തുക നഗരസഭ ട്രഷറിയിൽ ഒടുക്കി. കാട്ടിൽ റോഡിൽ മാലിന്യം തള്ളിയ മറ്റ് അഞ്ച് വ്യക്തികൾക്കും 2550 രൂപ പിഴ ചുമത്തുകയുണ്ടായി.

ഹെൽത്ത് ഇൻസ്പെക്ടർ SS മിനു നേതൃത്വം നൽകിയ സ്വകാഡിൽ ജെ.എച്ച് .ഐ മാരായ മുഹമ്മദ് നവാസ് ,കീൻ.എസ് പവിത്രൻ എന്നിവരും ഉണ്ടായിരുന്നു. പൊതുനിരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും രാത്രിയും പകലും പ്രവർത്തിക്കുന്ന ഹെൽത്ത് സ്ക്വാഡിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ് അറിയിച്ചു.

ലോക സാഹിത്യ പാർലമെന്റിൽ ഫസ്റ്റ് മാനേജർ തസ്തികയിൽ നിയമനം ലഭിച്ച് ആറ്റിങ്ങൽ സ്വദേശി

ലോക സാഹിത്യ പാർലമെന്റിൽ ഫസ്റ്റ് മാനേജർ തസ്തികയിൽ നിയമനം ലഭിച്ച് ആറ്റിങ്ങൽ സ്വദേശി

ഇറ്റലിയിലെ റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന, ലോകത്തെ ഏററവും വലിയ സാഹിത്യ കൂട്ടായ്മയായ വേൾഡ് യൂണിയൻ ഓഫ് പോയറ്റ്സ്
(World Parliament of Literature) ന്റെ കോർഡിനേഷൻ ബോഡിയിൽ ആജീവനാന്ത വിശിഷ്ട അംഗത്വവും ഫസ്റ്റ് മാനേജർ, Level 1 എന്ന സ്ഥാനലബ്ധിയും ആറ്റിങ്ങലുകാരനായ ബാലചന്ദ്രൻ നായർ സ്വന്തമാക്കി.

ആറ്റിങ്ങൽ ജനിച്ച് കേരളത്തിലും തമിഴ്നാട്ടിലുമായി ആയിരുന്നു അദ്ദേഹത്തിന്റെ പഠനം. മുപ്പതു വർഷം സൈനിക സേവനമനുഷ്‌ഠിച്ചു. രാജ്യത്ത് ഉടനീളം സഞ്ചരിച്ചു വരിച്ച അനുഭവസമ്പത്ത് പില്കാലത്ത് ഇംഗ്ലീഷിലും മലയാളത്തിലും കവിതകളായും കഥകളായും പങ്കുവക്കാനായി. മൂന്ന് കവിതാ സമാഹാരങ്ങൾ ഇംഗ്ലീഷിലും ഒന്നു മലയാളത്തിലും പ്രസിദ്ധീകരിച്ചു. ലോകമെമ്പാടുനിന്നുമുള്ള നാല്പത്തിയേഴു കവിതാ സമാഹാരങ്ങളിൽ പങ്കാളിത്തം. സമഗ്ര സാഹിത്യ സംഭാവനക്ക് തെലങ്കാന സാഹിത്യ അക്കാദമിയുടെയും ഗുജറാത്ത് സാഹിത്യ അക്കാദമിയുടെയും 2021 ലെ അംഗീകാരങ്ങൾ. ലോകമെമ്പാടും പ്രവർത്തിക്കുന്ന ഒട്ടേറെ സാഹിത്യ സംഘങ്ങളിൽ ഭാരവാഹിത്വം. സാഹിത്യ സംഭാവനകൾക്ക് ഒട്ടനവധി പുരസ്കാരങ്ങൾ. ഹാവെൻ എന്ന ആഗോള സാഹിത്യ പ്ലാറ്റ്ഫോമിൽ വൈസ് പ്രസിഡന്റ്. ഏറ്റവും ഒടുവിലായി ബാലചന്ദ്രൻ നായർക്ക് വേൾഡ് യൂണിയൻ ഓഫ് പൊയറ്റ്സ് എന്ന ലോക സാഹിത്യ പാർലമെന്റിൽ ഫസ്റ്റ് മാനേജർ തസ്തികയിൽ നിയമനവും ലഭിച്ചിരിക്കുന്നു.

എം.എസ്.എം.ഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്റെറിൽ വിവിധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

എം.എസ്.എം.ഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്റെറിൽ വിവിധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: മൂന്നുമുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൈക്രോ സ്മോൾ മീഡിയം എന്റെർപ്രൈസ് ടെക്നോളജി ഡെവലപ്പ്മെന്റ് സെന്റെറിൽ വിവിധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. സോളാർ പിവി ഇൻസ്റ്റാളിംഗ് പരിശീലനവും, സ്റ്റോർ കീപ്പിംഗ് ആൻഡ് ഇൻവെന്റെറി മാനേജ്മെന്റിംഗ് പരിശീലന ക്ലാസുമാണ് സംഘടിപ്പിക്കുന്നത്. ഇതിൽ രണ്ട് ദിവസത്തെ കോഴ്സായ സോളാർ ഇൻസ്റ്റാളിംഗ് പരിശീലന ക്ലാസിൽ പങ്കെടുക്കാൻ പ്രായപരിധി ബാധകമല്ല. സ്റ്റോർ കീപ്പിംഗ് ആൻഡ് ഇൻവെന്റെറി മാനേജ്മെന്റിന്റെ നാല് ദിന പരിശീലന ക്ലാസിൽ പന്ത്രണ്ടാം ക്ലാസോ അതിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർ, ജി.എസ്.ടി പരിശീലകർ തുടങ്ങിയവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക് സൂപ്പർവൈസർ എം.എസ്.എം.ഇ ടെക്നോളജി ഡെവലപ്പ്മെന്റ് കേന്ദ്രം ഫോൺ : 8129988725

മോട്ടോര്‍ തൊഴിലാളികള്‍ ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

മോട്ടോര്‍ തൊഴിലാളികള്‍ ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന മോട്ടോര്‍ തൊഴിലാളികളുടെ വിവരങ്ങള്‍ ഇശ്രം പോര്‍ട്ടലിലൂടെ ശേഖരിക്കുന്നു. ആദായ നികുതി അടയ്ക്കാത്തവരും ഇ.പി.എഫ്, ഇ.എസ്.ഐ എന്നിവയില്‍ അംഗങ്ങള്‍ അല്ലാത്തവരുമായ തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

16നും 59നും ഇടയില്‍ പ്രായമുളള എല്ലാ മോട്ടോര്‍ തൊഴിലാളികളും ഇ ശ്രം രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടുമുപയോഗിച്ച് ഇശ്രം പോര്‍ട്ടലായ www.eshram.gov.in ലൂടെയോ കോമണ്‍ സര്‍വീസ് സെന്റര്‍/അക്ഷയ കേന്ദ്രം വഴിയോ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഫോണ്‍: 0467 2205380