സുരക്ഷയിലും കരുത്തിലും വിട്ടുവീഴ്ചയില്ല; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുതിയ രണ്ടു മാനദണ്ഡങ്ങള്‍ കൂടി, വിശദാംശം

സുരക്ഷയിലും കരുത്തിലും വിട്ടുവീഴ്ചയില്ല; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുതിയ രണ്ടു മാനദണ്ഡങ്ങള്‍ കൂടി, വിശദാംശം

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയും പെര്‍ഫോമന്‍സും വര്‍ധിപ്പിക്കുന്നതിന് പുതിയ രണ്ട് മാനദണ്ഡങ്ങള്‍ കൂടി അവതരിപ്പിച്ച് കേന്ദ്രം. ഇലക്ട്രിക് ബാറ്ററിയില്‍ ഓടുന്ന ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ഗുഡ്‌സ് ട്രക്കുകള്‍ എന്നിവയ്ക്ക് ബാധകമായ മാനദണ്ഡങ്ങളാണ് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് കൊണ്ടുവന്നത്.

IS 18590: 2024, IS 18606: 2024 എന്നിവയാണ് പുതിയ രണ്ടു സ്റ്റാന്‍ഡേഡുകള്‍. ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള പവര്‍ട്രെയിന്‍, ( എന്‍ജിനും ട്രാന്‍സ്മിഷനും ഉള്‍പ്പെടുന്ന ഭാഗങ്ങള്‍) ബാറ്ററി എന്നിവയുമായി ബന്ധപ്പെട്ടാണ് മാനദണ്ഡം. പവര്‍ട്രെയിനും ബാറ്ററിയും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ സ്റ്റാന്‍ഡേഡുകള്‍.

കൂടാതെ ബാറ്ററികള്‍ സുരക്ഷിതവും ഗുണമേന്മയുള്ളതാണെന്നും ഉറപ്പുവരുത്തുകയും പുതിയ മാനദണ്ഡങ്ങളുടെ ലക്ഷ്യമാണ്. ‘ഇലക്ട്രിക് കാറുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവ പുതിയ മാനദണ്ഡങ്ങളുടെ കീഴില്‍ വരും. ഇതോടെ ഇവികള്‍ക്കും അവയുടെ ചാര്‍ജിംഗ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആക്സസറികള്‍ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡുകളുടെ ആകെ എണ്ണം 30 ആയി ഉയര്‍ന്നതായി ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ കുറഞ്ഞത് 720 രൂപയാണ് കുറഞ്ഞത്.

54,000ലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവില കഴിഞ്ഞ ദിവസം അതേപടി തിരിച്ചിറങ്ങിയിരുന്നു. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇന്നും വില കുറഞ്ഞത്.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ജനാധിപത്യം തകർന്നു, ഇനിയതുണ്ടാകില്ല’; പാർലമെന്റിലേക്ക് എംപിമാരെ സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി

ജനാധിപത്യം തകർന്നു, ഇനിയതുണ്ടാകില്ല’; പാർലമെന്റിലേക്ക് എംപിമാരെ സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം പിമാരെ പാർലമെന്റിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാ​ഗതം ചെയ്തു. സമ്മേളനത്തിൽ ബിജെപി എംപി ഭർതൃഹരി മഹ്താബ് പ്രോ ടേം സ്പീക്കറായി. പ്രസിഡന്റ് ദ്രൗപതി മുർമുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി അം​ഗങ്ങളെ അഭിസംബോധന ചെയ്ത വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അടിയന്തരാവസ്ഥയെക്കുറിച്ച് എടുത്ത് പറഞ്ഞുകൊണ്ടാണ് മോദി തന്റെ പ്രസം​ഗം അവസാനിപ്പിച്ചത്. നാളെ അടിയന്തരാവസ്ഥയുടെ 50-ാം വാർഷിക ദിനമാണെന്ന് മോദി ഓർമിപ്പിച്ചു. ഇന്ത്യൻ ഭരണഘടന അപ്പാടെ നിരാകരിക്കപ്പെട്ട, ഭരണഘടനയുടെ ഓരോ
ഭാ​ഗങ്ങളും പിച്ചിച്ചീന്തപ്പെട്ട, ജനാധിപത്യം പൂർണമായി അടിച്ചമർത്തപ്പെട്ട ആ കാലത്തെ പുതിയ തലമുറ മറക്കില്ല. ജൂൺ 25 ജനാധിപത്യത്തിന്റെ കളങ്കമായിരുന്നു. അതിനി ആവർത്തിക്കപ്പെടില്ലെന്നും മോദി തന്റെ പ്രസം​ഗത്തിൽ പറഞ്ഞു. മൂന്നാം ഘട്ടത്തിൽ താൻ രാജ്യത്തിനായി കൂടുതൽ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ മഹത്തായ രീതിയിലാണ് ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ഇന്ത്യയിൽ നടന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു. മൂന്നാം വട്ടവും ജനങ്ങൾ തങ്ങളെ തെരഞ്ഞെടുത്തു. തങ്ങളെ സേവിക്കാൻ ജനങ്ങൾ ഞങ്ങളെ ഒരിക്കൽക്കൂടി ഏൽപ്പിച്ചു. അവരുടെ പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് അബദ്ധമല്ല; എല്ലാം ചട്ടപ്രകാരം: ജയിൽ മേധാവിയെ തള്ളി സൂപ്രണ്ട്

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് അബദ്ധമല്ല; എല്ലാം ചട്ടപ്രകാരം: ജയിൽ മേധാവിയെ തള്ളി സൂപ്രണ്ട്

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ പേര് ശിക്ഷാ ഇളവിനുള്ള പട്ടികയിൽ ഉൾപ്പെട്ടതിൽ പരസ്പര വിരുദ്ധ വാദങ്ങളുമായി ജയിൽ മേധാവിയും കണ്ണൂർ ജയിൽ സൂപ്രണ്ടും. അബദ്ധത്തിൽ സംഭവിച്ചതാണെന്ന ജയിൽ മേധാവിയുടെ വാദം തള്ളുകയാണ് ജയിൽ സൂപ്രണ്ട്. ശിക്ഷാ ഇളവിനുള്ള പട്ടിക തയ്യാറാക്കിയത് ചട്ടപ്രകാരമെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. 2022-ലെ ആഭ്യന്തര വകുപ്പിറക്കിയ ചട്ടം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്. അതിൽ ടി പി വധക്കേസ് പ്രതികളുടെ പേരുൾപ്പെട്ടിട്ടുണ്ട്. പൊലീസ്, പ്രൊബേഷൻ റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ അന്തിമ പട്ടിക നൽകൂവെന്നും ജയിൽ സൂപ്രണ്ട് വ്യക്തമാക്കി. പുതുക്കിയ പട്ടികയിൽ ടി പി വധക്കേസ് പ്രതികളില്ലെന്നായിരുന്നു ജയിൽ മേധാവി അറിയിച്ചത്.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തയ്യാറാക്കിയ പട്ടികയിലാണ് പ്രതികളുടെ പേര് ഉൾപ്പെട്ടിരുന്നത്. സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയ്യാറാക്കിയപ്പോള്‍ ടി പി കേസിൽ ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ ഉള്‍പ്പെടുത്തുകയായിരുന്നു. പൊലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാരിന് ഉത്തരവിറക്കാനാകും. അതില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെയാണ് പ്രതികള്‍ക്ക് പുറത്തിറങ്ങാനാവുക. ശിക്ഷാ ഇളവ് നല്‍കാന്‍ ജയില്‍ സുപ്രണ്ട് പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നൽകിയിരുന്നു.

ജൂണ്‍ മാസത്തിലാണ് ഇത്തരമൊരു നീക്കം സർക്കാർ നടത്തിയത്. ജൂണ്‍ 13 നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ട്, സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്തയച്ചത്. സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം തടവുകാര്‍ക്ക് സ്‌പെഷ്യല്‍ റിമിഷന്‍ നല്‍കി വിട്ടയക്കാന്‍ വേണ്ടി തീരുമാനിച്ചെന്നും പ്രതികളുടെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് സഹിതം ഫയലുകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു കത്തില്‍. പട്ടികയില്‍ സൂചിപ്പിക്കുന്ന പ്രതികളുടെ റിമിഷനായി പ്രതികളുടെ ബന്ധുക്കളുടേത് ഉള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിലേക്ക് അയക്കണമെന്നുമായിരുന്നു നിർദേശം.

ഇതിനെതിരെ കെ കെ രമ എംഎല്‍എ രംഗത്തെത്തിയിരുന്നു. . ടി പി കേസിലെ പ്രതികളുടെ സുഖവാസ കേന്ദ്രങ്ങളാണ് ജയില്‍. ജയില്‍സുപ്രണ്ട് സ്വമേധയാ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തില്ല. ആഭ്യന്തര മന്ത്രിയുടെ അറിവില്ലാതെ പട്ടികയില്‍ ടി പി വധക്കേസ് പ്രതികളെ ഉള്‍പ്പെടുത്തില്ലെന്നും കെ കെ രമ റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചിരുന്നു.

ടി പി കേസിലെ പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി ഉത്തരവ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹെെക്കോടതി ശരിവെച്ചത്. പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഐഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വര്‍ഷം കഠിന തടവുമാണ് 2014 ല്‍ വിചാരണക്കോടതി വിധിച്ചത്. പി കെ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ മരിച്ചു.

2012 മെയ് നാലിന് രാത്രി പത്ത് മണിക്കായിരുന്നു ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ടിപി ചന്ദ്രശേഖരനോടുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവരുടെ ആരോപണം.

ഡേവിഡ് വാര്‍ണറെ മറികടന്നു; റണ്‍വേട്ടക്കാരില്‍ നാലാമനായി ജോഷ് ബ്ടലര്‍

ഡേവിഡ് വാര്‍ണറെ മറികടന്നു; റണ്‍വേട്ടക്കാരില്‍ നാലാമനായി ജോഷ് ബ്ടലര്‍

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന നാലാമനെന്ന നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജോഷ് ബട്‌ലര്‍. ഓസിസ് താരം ഡേവിഡ് വാര്‍ണറെയാണ് ബട്‌ലര്‍ മറികടന്നത്. അമേരിക്കയ്ക്ക് എതിരായ മത്സരത്തിലായിരുന്നു ബട്‌ലറുടെ നേട്ടം.

38 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളും എഴ് കൂറ്റന്‍ സിക്‌സറും ഉള്‍പ്പടെ ബട്‌ലര്‍ പുറത്താകാതെ 83 റണ്‍സ് നേടി. ഈ ടി20 ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ ആറാം സ്ഥാനത്താണ് ബട്‌ലര്‍. ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പടെ ഇതിനകം ബട്‌ലര്‍ 191 റണ്‍സ് നേടിയിട്ടുണ്ട്.

2012ലാണ് ബട്‌ലര്‍ ആദ്യമായി ടി20 ലോകകപ്പ് കളിക്കുന്നത്. 34 മത്സരങ്ങളില്‍ നിന്നായി 990 റണ്‍സാണ് ജോഷ് അടിച്ചൂകൂട്ടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടുന്നു. 101 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. വാര്‍ണറാകട്ടെ 40 മത്സരങ്ങളില്‍ നിന്നായി 978 റണ്‍സാണ് നേടിയത്. കുട്ടിക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമത് വിരാട് കോഹ് ലിയാണ്. 32 മത്സരങ്ങളില്‍ നിന്നായി 1207 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. 44 മത്സരങ്ങളില്‍ നിന്നായി 1062 റണ്‍സാണ് രോഹിത് നേടിയത്. മൂന്നാമത് ശ്രീലങ്കന്‍ താരം ജയവര്‍ധനയാണ്.